ഈർപ്പം

എം.പി പ്രതീഷ്
                                                                                                                                                                        
പുറത്തു കടക്കാൻ പഴുതുകളില്ലാതെ
വെള്ളത്തിന്റെ മേൽത്തട്ടിൽ വന്ന് മടങ്ങിപ്പോവുന്ന മീനുകളെപ്പോലെ
ചില്ലിന്മേൽ വന്ന് തട്ടി തിരിച്ചുപോവുന്ന ഈർപ്പം
മുറിയിലെ ചുമരിലെചിത്രത്തെ പുറത്താകെ നനയ്ക്കുന്നു.

കാറ്റിൽ നൂഴ്‌ന്ന്, മരം കൊണ്ടുള്ള ചട്ടത്തിൽ വിടവ്‌ തിരയുന്നു,
ഒരു നേർത്ത പാത കണ്ടെത്തുന്നു.

ചില്ലിനുള്ളിൽ
കൂടുകെട്ടി, നൃത്തം വെച്ച്‌, കുഞ്ഞുങ്ങളെപ്പോറ്റുന്നു,
അമ്മയുടെ മുഖവുമുടലും തിന്നുന്നു,
അനങ്ങാതെ നിന്ന ഭൂതകാലത്തെ നക്കുന്നു.

© എം.പി പ്രതീഷ്