ഫലിതവേട്ട

ഹരികൃഷ്ണൻ

ഫലിതസന്ദേശങ്ങള്‍
ഡിലീറ്റ്‌ ചെയ്യുകയാണ്‌.
ഇടയ്ക്കിടെ പതിവുള്ളതാണ്‌.
പുതിയവ പലതും വരും,
സ്റ്റോര്‍ ചെയ്യാനിടം വേണം.

ഫലിതങ്ങള്‍
‍വൈകിയറിയുകയെന്നതേ
വലിയ പോരായ്‌മ.
അറിയാതെ പോകുന്നതോ
ഓര്‍ക്കാനേ വയ്യ.

കാട്ടിലകപ്പെട്ട സര്‍ദാര്‍ജി
കഴുതയെ ഭോഗിക്കാന്‍ ശ്രമിച്ച കഥ
അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സുഹൃത്തിന്റെ മുഖത്തിന്‌
കിടക്കയില്‍ തോറ്റവനെ നോക്കുന്ന
ഭാര്യയുടെ ഛായ.
അതില്‍ പിന്നെയാണ്‌
ഫലിതവേട്ട തുടങ്ങിയത്‌.

ആനുകാലികങ്ങളില്‍ പരതി,
പുസ്തകങ്ങളില്‍ തിരഞ്ഞു.
മഹാശാസ്ത്രജ്ഞന്മാരുടെ മണ്ടത്തരങ്ങളും
കുലസ്ത്രീകളുടെ കുസൃതികളും
ഒരു പോലെ ഹൃദിസ്ഥമാക്കി.

ഗൂഗിളില്‍ തേടി,
ഗോഗൊളിനെ ചുരണ്ടി,
മുല്ലാ നാസറുദ്ദീനും
നമ്പൂതിരിക്കും
പയ്യനും
ചേറപ്പായിക്കുമെല്ലാം
വെവ്വേറെ ഷെല്‍ഫുകളുണ്ടാക്കി,
തലച്ചോറില്‍.

ശ്രീനിവാസന്റെ നിര്‍ദ്ദോഷച്ചിരിയും
ജഗതിയുടെ ദ്വയാര്‍ത്ഥച്ചിരിയും
പ്രിന്റെടുത്ത്‌
മനച്ചുമരില്‍ ഒട്ടിച്ചു വച്ചു.
(ചാപ്ലിന്റെ സങ്കടച്ചിരിയാകട്ടെ,
ആകെ മങ്ങി,
മഞ്ഞച്ചു പോയിരുന്നു.)

കണ്ണീര്‍ സിനിമകള്‍ വര്‍ജ്ജിച്ചു.
കവിതവായന പൂര്‍ണ്ണമായും നിറുത്തി.
പാരഡികളെ തരം തിരിച്ചു.
'ചൊറിച്ചുമല്ലല്‍' സമാഹാരം
സമാന്തരമായി വച്ചു.

അങ്ങനെയങ്ങനെ
ഉള്ളിലൊരു ഫലിതക്കടല്‍ തുളുമ്പിയപ്പോള്‍
ഓരോ തുടം വീതംപുറത്തേക്ക്‌ വിളമ്പി:
ഉച്ചയൂണിന്റെ ഇടവേളയില്‍,
ജോലിക്കിടയിലെ അലസനിമിഷങ്ങളില്‍,
വെറുതെയൊരു പുക നുണയുമ്പോള്‍,
മദ്യം മുന്നിലുമുള്ളിലും ഒരു പോലെ നുരയുമ്പോള്‍.

ഏറ്റു വാങ്ങിയ ഓരോ ചിരിയും
പുതിയൊരൂര്‍ജ്ജമായ്‌
ഉള്ളിലേക്കൊഴുകി.
നര്‍മ്മധാരയ്ക്കൊരു രീതിശാസ്ത്രമുണ്ടെന്നറിഞ്ഞു.
വിസര്‍ജ്ജനത്തിന്റെ ശാന്തിമുഹൂര്‍ത്തത്തില്‍
ഉൂണുമേശയില്‍ വിളമ്പാനുള്ള നര്‍മ്മശകലത്തെ
മനസ്സിലാവാഹിച്ചു.
ഭോഗനേരത്ത്‌
ജാരകഥയോര്‍ത്ത്‌ ഊറിച്ചിരിച്ചു.
മരണവീട്ടിലും
മര്‍മ്മമറിഞ്ഞു നര്‍മ്മം വിളമ്പി.
വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക്‌
സദസ്സുകളില്‍ നിന്ന് സദസ്സുകളിലേക്ക്‌
നര്‍മ്മതാരോദയകഥ പരന്നൊഴുകി.

എത്രയെത്ര കഥകള്‍
നാലുവരി ഫലിതസന്ദേശങ്ങളായി
ചുരുക്കിപ്പൊലിപ്പിച്ചു.
എത്രയെത്ര സന്ദേശങ്ങള്‍
നിറം ചേര്‍ത്തു കഥകളാക്കി മാറ്റി.

വിരല്‍ത്തുമ്പ്‌ കൊണ്ട്‌
ചുരുക്കിപ്പറത്തിയവയെത്ര!
വിരല്‍ത്തുമ്പ്‌ കൊണ്ട്‌ തന്നെ
തുറന്നെടുത്തവയെത്രയോ!
ദിവസം പല നേരംനിറഞ്ഞു ചിരിക്കയാല്‍
മൊബൈല്‍ ഫോണിനു ദീര്‍ഘായുസ്സുറപ്പ്‌!
നിലയ്ക്കാത്ത ചിരിയുടെ
നിരന്തരപ്രവാഹം
നെറ്റ്‌വര്‍ക്കുകള്‍ക്ക്‌ തേജസ്സ്‌!

.................................

ഇപ്പോള്‍,
മെമ്മറിയില്‍ നിറഞ്ഞു കവിഞ്ഞു
ശ്വാസം മുട്ടി
മരിച്ചു മണം പോയ
ഫലിതങ്ങള്‍
ഒന്നൊന്നായി ഡിലീറ്റു ചെയ്യുന്നു.
ആവശ്യത്തിനുള്ള സ്പേസ്‌
ആയിക്കഴിഞ്ഞു.

നമ്പര്‍ ഓര്‍മ്മയുണ്ടല്ലോ, അല്ലേ?