ഗ്രഹണം

ടി.പി അനിൽകുമാർ

അവന്
നിന്നോടുള്ള പ്രണയവും
നീയും, ദൈവവും
ഒരു നേർരേഖയിൽ
നില്ക്കുന്നനാൾ,
പകൽ തീർന്നെന്നു കരുതി
പക്ഷികൾ നേരത്തേ
ചേക്കേറുന്ന ദിവസം
അന്ന്
ഇലകൾക്കിടിയിലിരുന്ന്
രാത്രിയുടെ പാട്ടുകാർ
വാദ്യങ്ങൾ മുറുക്കും

അപ്പോഴാണ്
വിഷസഞ്ചികളിൽ
തേൻ നിറഞ്ഞ്
പാമ്പുകൾ സംഭ്രമത്തോടെ
മാളങ്ങൾ വിട്ടു പുറത്തുവരിക

അവയുടെ
മധുര ദംശനത്താൽ
ഇളംചെടികൾ പൂവിടും

എണ്ണവിളക്കുകളുടെ
തീയിലേയ്ക്കു പറക്കാതെ
രാത്രിത്തുമ്പികൾ
പൂക്കളിലേയ്ക്കു
വിരുന്നു പാർക്കാൻ
യാത്രയാകുന്ന നേരം
അതീന്ദ്രിയസ്വരത്തിൽ
പാട്ടുയരും

അപ്പോൾ
അവന്റെ പ്രണയത്തിലൂടെ
ദൈവം
നിന്നെക്കാണും

© ടി.പി അനിൽകുമാർ
മൂലകൃതി: രണ്ട് അധ്യായങ്ങളുള്ള നഗരം
പ്രസാധകർ: ഒലീവ് പബ്ലിക്കേഷൻസ്