ഗ്വാട്ടിമാലയില്‍ ഒരു കാല്

കെ. എ. ജയശീലൻ
                                                                                                                                                                     
എനിക്ക് ഗ്വാട്ടിമാലയില്‍
ഒരു കാലുണ്ടെന്ന് വിചാരിക്കുക.
എന്റെയീ കൈകള്‍ പൊക്കാന്‍
കഴിയുന്നതുപോലെയും
വിരലുകള്‍ അനക്കാന്‍ കഴിയുന്നതുപോലെയും
എന്റെ അവിടത്തെ വിരലുകളും
അനക്കാന്‍ കഴിയുന്നെന്നു വയ്ക്കുക.

അല്ലെങ്കില്‍
അനക്കാന്‍ കഴിയില്ലെങ്കിലും
ഇച്ഛാധീനമല്ലെങ്കിലും
അതിന്മേല്‍ ഒരു മഴത്തുള്ളി വീഴുന്നതും
എനിക്ക് അപ്പോള്‍ത്തന്നെ
ഇവിടെ അറിയുന്നെന്നു വയ്ക്കുക.
“എന്റെ കാലിന്മേല്‍ കാറ്റു വീശുന്നു.
എന്റെ കാലിന്മേല്‍ വെയിലടിക്കുന്നു.
ഹായ് ! ഹായ് !
എന്റെ കാലിന്മേല്‍ കട്ടുറുമ്പു കടിക്കുന്നു!”.

ഞാനൊരു ധനികനാണെങ്കില്‍
അതിന്റെ രക്ഷയ്ക്കായി ഗ്വാട്ടിമാലയില്‍
ഞാനൊരു ട്രസ്റ്റ് രൂപീകരിക്കും.
വന്യമൃഗങ്ങള്‍ അതില്‍ കടിയ്ക്കാതിരിക്കാന്‍
ചുറ്റും കമ്പിവേലി കെട്ടിക്കും.
വെയിലും മഴയും കൊള്ളാതിരിക്കാന്‍
കുട ചൂടിപ്പിക്കും
അല്ലെങ്കില്‍ മേല്‍പ്പുര കെട്ടിക്കും.
അതിന്മേല്‍ എണ്ണതൊട്ടുഴിയാനും
കാല്‍വെള്ളയില്‍ ഇക്കിളിയാക്കാനും
ഗ്വാട്ടിമാലക്കാരന്‍ ഭൃത്യനെ നിയമിക്കും.

എനി
പെട്ടെന്നും
നിസ്സഹായമായും
എവിടെയോ കഴിയുന്ന ഒരു ദേഹത്തിന്റെ
സംവേദനങ്ങളൊക്കെ
നിങ്ങള്‍ക്കു ലഭിക്കുന്നെന്നു വിചാരിക്കുക.
‘നിങ്ങള്‍ ’ എന്നത്
പരിനിശ്ചിതമല്ലാതെ
ചുരുങ്ങുകയും വികസിക്കുകയും
ചെയ്യുന്നെന്നു വയ്ക്കുക.
മനോവ്യോമത്തിന്റെ
മറിമായങ്ങള്‍ മൂലം
ഹിമക്കടലിലെ ഒരു മീന്‍പിടുത്തക്കാരനും
നിങ്ങളുമായി
സമാഹരിക്കുന്നെന്നു വയ്ക്കുക.
എവിടെയോ തല്ലിയ ഒരു പശുവിന്റെ
വേദനമൂലം
ആപ്പീസിലിരിക്കുന്ന നിങ്ങള്‍
പിടഞ്ഞുവീഴുന്നെന്നു വിചാരിക്കുക.

സുഹൃത്തേ,
എന്റെ ദു:ഖത്തിന്റെ
കാരണമെന്താണെന്നോ,
എന്റെ ഞരമ്പുകള്‍
എന്റെ വിരല്‍ത്തുമ്പത്തു വന്ന്
അവസാനിക്കുന്നുവെന്നതാണ്.
സുഹൃത്തേ,
നമ്മുടെ അകല്‍ച്ചയുടേയും
ദു:ഖത്തിന്റേയും
നിദാനമെന്താണെന്നോ,
ഒരിക്കല്‍ വിശ്വമാകെപ്പടര്‍ന്നു നിന്ന
ഞരമ്പിന്റെ പടലം
എവിടെവെച്ചോ
എങ്ങനെയോ
ആരെക്കൊണ്ടോ
കോടാനുകോടി ഖണ്ഡങ്ങളായി
മുറിഞ്ഞുപോയിയെന്നതാണ്.

© 1975, കെ. എ. ജയശീലൻ
മൂലകൃതി: ജയശീലന്റെ കവിതകൾ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ