ഇനിയില്ല

ലതീഷ് മോഹൻ

ജലത്തിനു മുകളിലെ കുടമാകയാല്‍
ഇടയ്ക്കിടയ്ക്ക്‌ മുങ്ങുകയും
ഇടയ്ക്കിടയ്ക്ക്‌ പൊങ്ങുകയും

മുങ്ങുന്നതിനു മുമ്പ്‌
പുഴയരികിലെ പൂവ്‌
മീന്‍ പിടിക്കുന്നതിനു
തൊട്ടുമുമ്പത്തെ പൊന്‍മാന്‍
പണിയില്ലാപ്പിള്ളേരുടെ
ഉന്നംപിടിക്കലുകള്‍

മുങ്ങിക്കഴിയുമ്പോള്‍
ആഴങ്ങളിലെ തണുപ്പ്‌
നാലു മീനുകള്‍ക്ക്‌ വീട്‌
പൂവിന്റെയും പൊന്‍മാന്റെയും
ഉന്നം തെറ്റിയ ഓര്‍മകള്‍

തുടക്കത്തില്‍ മാത്രമല്ല
ഒടുക്കത്തിലും
ഒന്നുമില്ലായ്മ മാത്രമാണെന്ന്‌
തലയറഞ്ഞ്‌ ചിരിച്ചിരുന്നു
അതിനിടയിലിടയ്ക്കിടെ
എന്റെ പ്രണയബുദ്ധന്‍

എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്‌
ഒന്നിലധികം ആഴങ്ങള്‍
എന്റെ കുടത്തില്‍ നിന്നിപ്പോള്‍

വറ്റിയ പുഴയരികില്‍ നിന്നു പൂവു കൊത്താന്‍
ചത്ത മീനിന്റെ കണ്ണുപൊത്താന്‍
നഷ്ടബോധത്തിന്റെ പൊന്മാന്‍
വരുന്നതിനു മുമ്പ്
പറഞ്ഞിട്ടു താഴുന്നു

ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ

©  ലതീഷ് മോഹൻ
മൂലകൃതി: ചെവികൾ/ചെമ്പരത്തികൾ
പ്രസാധകർ: ഡിസി ബുക്ക്സ്