ഹരിയോർമ്മ

ഹരിയോർമ്മ

സുനിൽ

ഒരു ദിവസം അലസമായ ഫേസ്ബുക്‌ സഞ്ചാരത്തിനിടയിലാണ്‌ അനിലന്റെ (ടി. പി. അനില്‍കുമാര്‍) മെസേജ്‌ കിട്ടിയത്‌. ഹരിയെക്കുറിച്ചെഴുതണം. വ്യക്തിപരമായ കുറിപ്പ്‌. സന്തോഷമല്ല, സങ്കടമാണ്‌ തോന്നിയത്‌. കഴിഞ്ഞ കുറെക്കാലങ്ങള്‍ക്കിടയില്‍ അപകടം, ആത്മഹത്യ, രോഗം മുതലായവയില്‍ കടന്നുപോയ ചില കൂട്ടുകാര്‍ മുന്നിലൂടെ മിന്നി മാഞ്ഞു. പ്രേംകുമാര്‍, പ്രകാശ്‌, കുഞ്ഞുകൃഷ്‌ണന്‍, ജെറി, മാത്യു പണിക്കര്‍, ബാബുച്ചായന്‍, ആഴം മനോജ്‌ നീളുന്ന പരമ്പരയില്‍ ഹരിയും എന്ന മട്ടില്‍.

അല്‌പസമയം കണ്ണടച്ചിരുന്നു
അവന്‍ വന്നെഴുന്നേല്‌പിക്കുന്നു
സുനിലേ,
ഒരെണ്ണം കൂടി ഒഴിച്ചാലോ.
കണ്‍ ചിമ്മി തുറന്നു.
ഒരു ദീര്‍ഘനിശ്വാസം അതിന്റെ വഴിക്ക്‌ പോയി.

ഹരിയോര്‍മ്മയില്‍ പൊതുസന്തോഷം പങ്കിട്ട പാട്ടു തേടി യു ട്യൂബില്‍ പോയി
പാട്ടു കിട്ടി.
പുല്ലാങ്കുഴല്‍ കൊടുത്ത മൂങ്കില്‍കളെ
എങ്കള്‍ പുരുഷോത്തമന്‍ പുകള്‍ പാടുങ്കളെ
വികാരഭാവങ്ങളോടെ ടി.എം.എസ്‌. പാടുന്നു
പിന്നണിയില്‍ പതിഞ്ഞ ശബ്‌ദത്തില്‍ പാട്ടിട്ടു.

അതെ,
എങ്കള്‍ പുരുഷോത്തമന്‍ പുകള്‍
(ഹരികൃഷ്‌ണനെപറ്റി തന്നെ,
പക്ഷെ,
അതെന്നെ
അന്ത പാച്ചാളത്തില്‍ പള്ളി കൊള്ളുന്നവന്‍
എന്നതിലേക്കൊക്കെ കൊണ്ടുപോയി.)
എങ്കിലും
ഓര്‍മ്മകളില്‍ (ല)ഹരി പിടിക്കുന്നതിനാല്‍ കാലം മാറുന്നു.

കാലം: ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ അവസാനം.
സ്ഥലം: ശ്രീനാരായണ കോളജ്‌, കൊല്ലം.

ഓര്‍മ്മകള്‍.

കോളജ്‌ കെട്ടിടത്തിന്റെ വടക്കു കിഴക്കേ കോണിലെ മലയാളവിഭാഗത്തിലെ ഞങ്ങളുടെ ക്ലാസില്‍ എന്റെ ഇരിപ്പിടത്തിന്‌ പിന്നിലെ ജനാല തുറക്കുന്നത്‌ സൈക്കിള്‍ ഷെഡിന്റെ ദൃശ്യത്തിലേക്കാണ്‌. പഠനമുറികളുടെ അധികാരികള്‍ കുട്ടികളാണെന്ന രീതിയില്‍ എപ്പോഴും കയറുകയും ഇറങ്ങുകയും ചെയ്യാവുന്ന കിളിമാനൂര്‍ രമാകാന്തന്‍ സാറിന്റെ ആദ്യ പീരിയഡില്‍ മിക്ക ദിവസവും കാലം തെറ്റിയെത്തി ശേഷിച്ച ഇനിയമാന രാമചരിതം ക്ലാസ്സ്‌ ആസ്വദിച്ച്‌ പതിനൊന്നു മണിയാകുമ്പോള്‍ ഞാന്‍ ജനല്‍ തുറന്ന്‌ സൈക്കിള്‍ ഷെഡിലേക്ക്‌ നോക്കും. അവിടെ ആരുമില്ലേല്‍ അവിടെ പോയിരുന്ന്‌ ഒരു ബീഡി വലിയാണ്‌ ഉദ്ദേശ്യം. അങ്ങനെ ബീഡി വലിച്ചിരിക്കുമ്പോഴാകും സൈക്കിള്‍ ഉടമസ്ഥരായ സംഘത്തിന്റെ വരവ്‌. കോളേജിലേക്ക്‌ സൈക്കിള്‍ ദൂരക്കാരായ ആ സംഘം പ്രദേശത്തുകാരായതിനാല്‍ രാഷ്‌ട്രീയമായ ആക്ഷന്‍ സംഘം കൂടിയായിരുന്നു. അവര്‍ നേതൃത്വം ഏറ്റെടുക്കില്ല. പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച്‌ അടി കൊടുക്കും. പരമാവധി കൊള്ളാതെ നോക്കും. അക്കൂട്ടത്തില്‍ മെലിവില്‍ എന്നോട്‌ മത്സരിക്കുംപോലെ ഒരു ചെക്കന്‍ സൈക്കിള്‍ എടുക്കുന്നതിനിടെ ചിലപ്പോഴൊക്കെ ബീഡി വലിച്ചിരിക്കുന്ന എന്നെ നോക്കി ഒന്നു ചിരിക്കും. രാഷ്‌ട്രീയാവേശത്തിനും മുകളില്‍ ഉള്ളില്‍ കല മുളച്ചിട്ടുള്ളതിനാല്‍, ശല്യക്കാരനല്ലാത്ത സീനിയര്‍ എന്ന സമീപനത്തോടെ സൈക്കിളെടുത്ത്‌ കൂട്ടരോടൊപ്പം പോകും. പുറത്തിറങ്ങുമ്പോഴും ഈ സൈക്കിള്‍വാലയെ കോളേജ്‌ ജംഗ്‌ഷനിലൊക്കെയായി കാണുമെന്നല്ലാതെ സൗഹൃദം സ്ഥാപിച്ചിരുന്നില്ല.

കാലം: ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്‌ കഴിഞ്ഞു.

ശ്രീനാരായണ കലാലയം ഞങ്ങളെയൊക്കെ പുറത്തിറക്കി വിട്ടു. പഠനകാലത്ത്‌ രാത്രി കോളേജില്‍ തങ്ങുമായിരുന്ന എനിക്ക്‌ അത്‌ ഒഴിവാക്കേണ്ടി വന്നപ്പോള്‍ കൊല്ലം രാത്രികളില്‍ ഉറങ്ങാന്‍ ഒരു സ്ഥലം ആവശ്യമായി വന്നു. അങ്ങനെ പല ലോഡ്‌ജുകള്‍ മാറി മറിഞ്ഞ്‌ ചെറിയ വാടകയ്‌ക്ക്‌ (അന്ന്‌ പ്രതിമാസം എഴുപത്‌ രൂപ) കിട്ടിയ മുണ്ടയ്‌ക്കലിലെ വിജയവിലാസം ലോഡ്‌ജില്‍ താമസമാക്കി. ലഹരിയും വായനയുമൊക്കെയായി കൂട്ടുകാരുടെ സന്ദര്‍ശനങ്ങള്‍. അവിടുത്തെ സംസാരങ്ങളില്‍ പ്രധാന ചാലകശക്തിയായിരുന്നു സന്തോഷ്‌ കണ്ണാലത്ത്‌. ഷിറാസ്‌ അലി, മാത്യു പണിക്കര്‍, കണ്ണന്‍ ഷണ്മുഖമൊക്കെ സന്ദര്‍ശകര്‍. അക്കാലത്ത്‌ ഇപ്പോള്‍ കൊല്ലം ബാറിലെ പ്രസിദ്ധ വക്കീലായ ബി.എന്‍. ഹസ്‌കര്‍ സോപാനം എന്നൊരു ചെറുമാസിക തുടങ്ങുന്നു. ക്രമേണ അതിന്റെ പ്രീ പ്രസ്‌ വര്‍ക്കുകള്‍ വിജയവിലാസത്തിലായി. എന്റെ ഒരു ചെറുകഥയുമൊക്കെയായി കെട്ടിലും മട്ടിലും അപക്വമായ ഒന്നായി ഒന്നാം ലക്കം പുറത്തിറങ്ങി. രണ്ടാം ലക്കം പണികള്‍ തുടങ്ങിയ കാലം. വരയും ലേ ഔട്ടുമൊക്കയായി കെട്ടിലും മട്ടിലും മെച്ചപ്പെടുത്താന്‍ ഒരു ദിവസം സന്തോഷ്‌ കണ്ണാലത്ത്‌ ഒരു ചങ്ങാതിയെ കൂട്ടി വന്നു. പരിചയപ്പെടുത്തി. ഹരികൃഷ്‌ണന്‍. എസ്‌.എന്‍.കോളേജ്‌ സൈക്കിള്‍വാലയെ എനിക്കറിയാമായിരുന്നു. അത്‌ ഹരികൃഷ്‌ണനാണെന്ന്‌ അപ്പോഴാണറിയുന്നത്‌. ക്രമേണ സോപാനം രണ്ടാം ലക്കത്തിലെ വരകളും കുറസോവയെക്കുറിച്ചുള്ള എഴുത്തുമായി ഹരി എന്നില്‍ ഒരു സാന്നിധ്യമാവുകയായിരുന്നു. പല ദിവസങ്ങളിലും ഞങ്ങള്‍ ഒന്നിച്ചായി. ഹരി വര തുടങ്ങി. ഞാന്‍ മോഡലായി. ഫൈന്‍ ആര്‍ട്‌സ്‌ കോളജില്‍ പഠനത്തിന്‌ ചേരണമെന്ന ആഗ്രഹം ഹരിയെ ഡിഗ്രിയെടുക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ആസിഫ്‌ എന്ന ചങ്ങാതിയ്‌ക്കൊപ്പം, ശ്രീനാരായണ കോളേജില്‍ ഉപേക്ഷിച്ചുപോന്ന ഗണിതശാസ്‌ത്രബിരുദപഠനം സജീവമാക്കി. ഞാന്‍ വിജയവിലാസം വിട്ട്‌ കാര്യവട്ടത്തേക്ക്‌ പോയി. വിജയവിലാസം മുറി ഹരി ഏറ്റെടുത്തു.

തൊണ്ണൂറുകളുടെ ആദ്യകാലം.

കൊല്ലം വൈ.എം.സി.എ. റസ്റ്റാറന്റ്‌ കേന്ദ്രീകരിച്ച്‌ ഞങ്ങള്‍ 'കുടിയരശു'കളുടെ സായാഹ്നസമ്മേളനങ്ങള്‍ സജീവമാക്കി. സന്തോഷ്‌ കണ്ണാലത്ത്‌, ഫോട്ടോഗ്രാഫര്‍ കണ്ണന്‍ ഷണ്മുഖം, ജോസ്‌ കോശി, ചിത്രകാരന്മാര്‍ കൃഷ്‌ണ ജനാര്‍ദ്ധന, പാരീസ്‌ എന്ന ആശ്രാമം സന്തോഷ്‌, അയ്യ എന്ന കരിക്കോട്‌ സന്തോഷ്‌, ജബ്ബാര്‍ എന്ന വിശാഖ്‌ ശങ്കര്‍, ചെസ്‌ മാസ്റ്റര്‍ സുദര്‍ശനന്‍, മുരളിച്ചേട്ടന്‍, കവി ഷിറാസ്‌ അലി, ഉണ്ണി എല്ലാവരും കുടിയരശില്‍ കൂടി സല്ലപിച്ചു പോയി. ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ പ്രവേശനം കിട്ടാതെ തഴയപ്പെട്ട ഹരി ഇംഗ്ലീഷ്‌ സാഹിത്യപഠനത്തിന്‌ ചേര്‍ന്നു. ഒപ്പം സ്വന്തമായി വര പരിശീലനവും. അപ്പോഴേക്കും മോഡലായി എന്നെക്കൂടാതെ ഷീജ പങ്കാളിയായെത്തി. അങ്ങനെ എക്‌സിബിഷനോളം എത്തിച്ചേര്‍ന്ന കുറെ ചിത്രങ്ങളുണ്ടായി. പഠനം കഴിഞ്ഞപ്പോള്‍ തന്നെ പ്രത്യേകവരുമാനമൊന്നുമില്ലാതെ വിപ്ലവകരമായ വിവാഹത്തില്‍ ഇടപെട്ടതോടെ ഹരി കുടുംബപ്രാരാബ്‌ധങ്ങളിലായിത്തുടങ്ങി. കൊല്ലത്തെ വാടകവീടുകളില്‍ സ്‌ക്രീന്‍ പ്രിന്റ്‌ കാല ജീവിതം. പ്രവേശനപാസ്‌ കിട്ടാന്‍ പ്രയാസം നേരിട്ട ഒരു തിരുവനന്തപുരം അന്താരാഷ്‌ട്രഫിലിം ഫെസ്റ്റിവലില്‍ കയറിക്കൂടാന്‍ ഹരിയുടെ സ്‌ക്രീന്‍ പ്രിന്റിംഗ്‌ വൈദഗ്‌ധ്യം ഞങ്ങള്‍ നൂറ്റമ്പതോളം ചങ്ങാതികള്‍ക്ക്‌ നന്നായി തുണയായി. നൂറ്റാണ്ട്‌ അവസാനമായപ്പോഴേക്കും ഏറിയ കുടുംബപ്രാരാബ്‌ധങ്ങള്‍ ഹരിയെ തൊഴില്‍ ചെയ്യാനായി കോയമ്പത്തൂരെത്തിച്ചു. എന്റെ അലസസഞ്ചാരങ്ങള്‍ എന്നെ പലപ്പോഴും ഹരിയെ കാണാന്‍ കോയമ്പത്തൂരേക്ക്‌ പ്രേരിപ്പിച്ചു. പലപ്പോഴും ഞാന്‍ കോയമ്പത്തൂരില്‍ ഹരിയുടെ കുടുംബസന്ദര്‍ശകനായി. അങ്ങനെ ഞാന്‍ മൂത്ത മകന്‍ ആദിയുടെ ബസ്റ്റ്‌ ഫ്രണ്ടായി. കുടുംബത്തിലെ അംഗമായി. ഇളയ മകന്‍ അഭിയും പരിഗണിക്കുന്ന ആളായി. പലപ്പോഴായി പലകാലം അവിടെ തങ്ങി. ഓരോ വീടു മാറുമ്പോഴും ഹരി എന്നെ അവിടേക്ക്‌ വിളിച്ചുകൊണ്ടിരുന്നു. സന്ദര്‍ശനങ്ങളില്‍ ഹരിയും ഒന്നിച്ച്‌ ഓഫീസില്‍ പോയി, സുഹൃത്തുക്കളെ കണ്ടു. ടൈംസിലെ ചാക്കോ, ജാഹിര്‍, സിറാജേട്ടന്‍, സുരേഷ്‌, വിജയന്‍, രമണന്‍, അജി, കൃഷ്‌ണന്‍, സ്റ്റീവ്‌, രണ്ട്‌ വിഷ്‌ണുമാര്‍ (ഫോട്ടോഗ്രാഫര്‍ വിഷ്‌ണു കുടമാളൂര്‍, ഗ്രാഫിക്‌ ഡിസൈനര്‍ വിഷ്‌ണു കൊല്ലം), രാജു ഇവരെല്ലാം കോയമ്പത്തൂരില്‍ എനിക്ക്‌ ഹരി തന്ന കൂട്ടുകാരാണ്‌. രാത്രി മദ്യവും ഭക്ഷണസാധനങ്ങളുമായി വീട്ടിലെത്തി. വെളുക്കുവോളം നീളുന്ന മദ്യപാനം. ഓര്‍മ്മകള്‍, വിശകലനങ്ങള്‍, ചര്‍ച്ചകള്‍, പ്രതീക്ഷകള്‍, തര്‍ക്കങ്ങള്‍, കുട്ടികളുടെ പരാധീനതകള്‍, ഭാര്യയുടെ രോഗം, സ്വന്തം ശാരീരികപ്രശ്‌നങ്ങള്‍ ഇവയെല്ലാം രൂക്ഷമായിക്കൊണ്ടിരുന്നപ്പോഴും ഹരി തൊഴിലിടത്തിലെ വൈദഗ്‌ധ്യത്തെ ഉന്നതമാക്കി പാലിച്ചു. ഇതിനിടയില്‍ ഹരി കാത്തുസൂക്ഷിച്ച ആഗ്രഹം പലപ്പോഴും പറയുമായിരുന്നു. 'ഷീജയെയും കുട്ടികളെയുമൊക്കെ എവിടെയെങ്കിലും സുരക്ഷിതരാക്കിയിട്ട്‌ കുറച്ച്‌ പടം വരയ്‌ക്കണം സുനിലെ' എന്ന്‌ കേള്‍ക്കുമ്പോഴെല്ലാം എനിക്ക്‌ സന്തോഷമാവുമായിരുന്നു. കാരണം ഞാന്‍ ഹരിയില്‍ ശരിക്കും കണ്ടിരുന്നത്‌ മഹാനായ ഒരു ചിത്രകാരനെയായിരുന്നു. പോര്‍ട്രെയിറ്റുകളും പെയിന്റിങ്ങുകളുമൊക്കെയായി ഒരു ചിത്രകാരന്റെ മഹത്തായ പിറവിയെ ഇടയ്‌ക്ക്‌ മുറിച്ചു വെച്ച ഹരി ആ കഴിവിനെ പരസ്യകലയുടെ മേഖലയില്‍ പൂര്‍ണ്ണതയുടെ സൗന്ദര്യമാക്കുകയായിരുന്നു. സമകാലീനചങ്ങാതികളില്‍ ആര്‍ക്കുമില്ലാത്ത പ്രത്യേകതരം കുടുംബം സുരക്ഷിതമാക്കാന്‍ രാപ്പകല്‍ പണി ചെയ്യുന്നതിനായി തുനിഞ്ഞിറങ്ങിയെന്ന്‌ മനസ്സിലാക്കിയ ബ്രഷ്‌ ഹരിയുടെ കൈയില്‍ നിന്നിറങ്ങിപ്പോയി; പകരം ആ വിരലുകള്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ശ്രദ്ധാലുവിന്റെ പൂര്‍ണ്ണതയോടെ കമ്പോളത്തിന്റെ വര്‍ണ്ണപ്രപഞ്ചം വരച്ചു. (പ്രാരാബ്‌ധങ്ങളില്‍ ബ്രഷ്‌ തിരികെ എടുക്കാനാവാതെ പോയ മഹാനായ ചിത്രകാരനാണ്‌ എന്നെ സംബന്ധിച്ചിടത്തോളം ഹരിയിലെ പരാജിതന്‍ I)

കോയമ്പത്തൂരിലെ മുരളിച്ചേട്ടന്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാമെന്നേറ്റതനുസരിച്ച്‌ ഹരിയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ഒരു കഥാതന്തു പറഞ്ഞു. അത്‌ വികസിപ്പിച്ച്‌ ചിത്രം ചെയ്യാനിരിക്കെ ഹരിയെ സങ്കടത്തിലാക്കി പ്രിയങ്കരനായ മുരളിച്ചേട്ടന്‍ ഹൃദയാഘാതത്തില്‍ മരണപ്പെട്ടു. അതോടെ ഹ്രസ്വചിത്രപദ്ധതി അസ്‌തമിച്ചു. ആ കഥയെ ഒരു മുഴുനീളചിത്രമാക്കി തയ്യാറാക്കി അത്‌ നമുക്ക്‌ ചെയ്യണം എന്ന്‌ ഇടയ്‌ക്കിടെ എന്നോട്‌ പറഞ്ഞുകൊണ്ടിരുന്നു. ആ സിനിമ ചെയ്യാം എന്ന ഉദ്ദേശത്തില്‍ സിനിമ ചെയ്യാന്‍ ഹരിയോട്‌ ആവശ്യപ്പെട്ടവരെയെല്ലാം ഹരി സ്‌നേഹപൂര്‍വ്വം തിരിച്ചയച്ചു. അതിന്റെ സാക്ഷാത്‌കാരം നീട്ടി വെച്ചതും, മമ്മൂട്ടി ഉള്‍പ്പെടെ പല സിനമാതാരങ്ങളെയും പങ്കെടുപ്പിച്ച പരസ്യചിത്രങ്ങളുടെ അറിയപ്പെടാത്ത സംവിധാനനാമത്തോടെ മറഞ്ഞ ഹരിയാണ്‌. (ഇതാണ്‌ എന്നെ സംബന്ധിച്ചിടത്തോളം ഹരിയിലെ പരാജിതന്‍ II)

കൊച്ചിവാസത്തിന്റെ ആദ്യകാലങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട്‌ ഞങ്ങള്‍ ഒത്തുകൂടി. കള്ളു കുടിച്ചു. ക്രമേണ കണ്ടുമുട്ടലുകള്‍ കുറഞ്ഞു വന്നു. ഹരി മദ്യപാനം കുറച്ചു; ഒരു കണക്കില്‍ ഉപേക്ഷിച്ചുവെന്നു തന്നെ പറയാം. ഇടയ്‌ക്കിടയ്‌ക്ക്‌ തങ്ങളില്‍ ഫോണ്‍ വിളികളില്‍ എവിടെ എങ്ങനെയെന്നൊക്കെ അന്വേഷിച്ചുകൊണ്ടിരുന്നു. തൊഴില്‍പരമായ അനിശ്ചിതത്വങ്ങളില്‍ പെട്ടു പോകാറുള്ള അവസരങ്ങളില്‍ പലപ്പോഴും എന്നെ ഊര്‍ജ്ജദായകമാക്കി മുന്നേറാന്‍ സഹായിച്ചിരുന്നത്‌ ഹരിയാണ്‌. മെയ്‌ മാസത്തില്‍ എനിക്ക്‌ അത്തരം തൊഴില്‍ നഷ്‌ടമുണ്ടായി. അതറിഞ്ഞ ഹരി വിളിച്ച്‌ കൂടുതല്‍ ക്രിയാത്മകമാവാന്‍ പ്രേരിപ്പിച്ചു. 'ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ അടുത്ത മാസം ഓഫീസ്‌ തുടങ്ങാം സുനിലെ. സുനില്‍ മുഴുവന്‍ സമയം എനിക്കൊപ്പം ഉണ്ടാകണം' എന്നാണ്‌ ആശുപത്രിയിലായെന്നറിഞ്ഞ്‌ കാണാന്‍ ചെന്ന എന്നോട്‌ കിടക്കയില്‍ കിടന്ന്‌ പറഞ്ഞത്‌. ഹരിയുടെ ഉന്നമനത്തിനൊപ്പം എന്റെ പുനരധിവാസം വരെ ഏറെ പ്രതീക്ഷകള്‍ ആ വാക്കുകള്‍ എനിക്ക്‌ നല്‌കി. ആശുപത്രിക്കിടക്കയിലും വിശ്രമമില്ലാതെ പണി ചെയ്യുകയായിരുന്നു ആ ദിവസങ്ങളില്‍ ഹരി. സാമ്പത്തികാവശ്യങ്ങളുടെ പരിഹാരമായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ ഞങ്ങളുടെ പൊതു സുഹൃത്തായ കവിതയോട്‌ പറഞ്ഞ്‌ ലോണിനുള്ള നീക്കങ്ങളും ഞാന്‍ നടത്തിത്തുടങ്ങി. സ്വന്തമായ ഒരു ഓഫീസ്‌. ഹരി എന്നും ആലോചിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ അത്തരം ഒരാലോചനയായിരുന്നു ഞങ്ങളെ കൊച്ചിവാസികളാക്കിയത്‌. അന്ന്‌ അത്തരത്തിലൊന്ന്‌ ആരംഭിച്ചതുമായിരുന്നു. പണി ചെയ്‌ത്‌കൊടുത്ത വകയില്‍ പ്രതിഫലമായി കിട്ടേണ്ടിയിരുന്ന ലക്ഷങ്ങള്‍ ഒരു ഇടനിലക്കാരന്‍ തിരിമറി നടത്തിയതോടെ അത്‌ നിര്‍ത്തി വെക്കേണ്ടി വന്നു. (ആശുപത്രിയില്‍ നിന്നിറങ്ങി എല്ലാം ശരിയാക്കാനുള്ളതായി കരുതിയ പുതിയ ഓഫീസ്‌ നടക്കാതെ പോയ കോര്‍പ്പറേറ്റ്‌ ഹരിയാണ്‌ എന്നെ സംബന്ധിച്ചിടത്തോളം ഹരിയിലെ പരാജിതന്‍ III)

ഏറെ പ്രതിസന്ധികള്‍ നേരിട്ടിട്ടുള്ള ഇത്തരം ഘട്ടങ്ങളിലെല്ലാം ഹരി കാണിച്ചിട്ടുള്ള മനോധൈര്യവും മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യവും വ്യക്തിത്വത്തിന്റെ സവിശേഷതകളും അനുകരണീയയമായി എന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന്‌ പറയാതെ വയ്യ. ഇതെഴുതുമ്പോഴും അവന്‍ വന്നു പറയുന്നു.
എടേ, എന്താടേ. ഇങ്ങനൊക്കെ. ഞാന്‍ എന്റെ ജീവിതം നന്നായി ജീവിച്ചവനല്ലേ.
അതെ,
കിടക്കയ്‌ക്ക്‌ കീഴെ മുള്ളാത്തയും ലക്ഷ്‌മിത്തരുവും പപ്പായ ഇലച്ചാറും വെച്ചിട്ടുണ്ട്‌. വയനാടന്‍ ഒറ്റ മൂലിയുമുണ്ട്‌.  എന്ന്‌ രോഗാവസ്ഥയെപോലും നോക്കി ചിരിച്ചുപോയവന്‍.
എനിക്ക്‌ പരാജിതനല്ല.
പിന്നെ ആരായിരുന്നു എനിക്കവന്‍?
ആലോചിച്ചപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'എവിടെ ജോണി'ലെ വരികള്‍ ഓര്‍മ്മ വന്നു. എന്നാല്‍, ഹരിയ്‌ക്കും ഏറെ ഇഷ്‌ടപ്പെട്ട കവിയായ ചുള്ളിക്കാടിന്റെ വരികളെ ഞാന്‍ നിരസിക്കുന്നു.
അവനെ ഞാന്‍ അറിയുന്നില്ല.  എന്നല്ല,
എന്റെ 'സഹോദരസ്‌നേഹിതനാ'ണവന്‍.
പരസ്‌പരം അടുത്ത അന്നു മുതല്‍, തുടര്‍ന്നും
ഓര്‍മ്മകളിലും.
ഇന്നും
ഇനിയും