കാണാതാക്കിയ നാണയത്തിന്റെ ഉപമ

—  പ്രഭ സക്കറിയാസ്

ആയിരം പൊന്‍പണം കയ്യില്‍ ഉണ്ടെന്നിരിക്കെ അതില്‍ ഒന്നു കള്ളനാണയം ആണെന്ന് തിരിച്ചറിയുമ്പോള്‍ ഏതൊരു നല്ല സത്യ ക്രിസ്ത്യാനിയെയും പോലെ കൈവശമുള്ള എല്ലാ പൊന്‍നാണയങ്ങളെയും സഹകരണ ബാങ്കില്‍ നിക്ഷേപിച്ച്‌ ആ ഒരു കള്ള നാണയത്തെ വെള്ള പൂശാന്‍ നിങ്ങള്‍ നടക്കുന്നു.

ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍ തന്നെ നിങ്ങള്‍ തിരിച്ചറിയുന്നു ആ നാണയം നേരെ ചൊവ്വേ ഒഴിവാക്കാന്‍ നിങ്ങൾക്ക് കഴിയില്ലെന്ന്.

വസ്തു കച്ചവടം പോലെ ചില അതിപുരാതന സംബന്ധങ്ങളില്‍ ഈ വെള്ളിക്കാശിനെ ഒളിപ്പിക്കാന്‍ സമ്മതിക്കാത്ത വല്ലാത്ത ഒരു സന്മനസാണ് നിങ്ങളുടേത്. ഈ വെള്ളിക്കാശ്, കെട്ടിച്ചു വിടാറായ നീലച്ചിത്ര നായികയെ പോലെ നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നതോര്‍ത്തു നെഞ്ച് വേവുമ്പോഴും
സത്യത്തിനു നിരക്കാത്തത് ചെയ്യാന്‍ കര്‍ത്താവിന്റെ തിരുമുറിവുകളെ പ്രതി നിങ്ങള്‍ക്ക് കഴിയുന്നില്ല.

ഒടുവില്‍ എന്ത് ചെയ്യാന്‍, നീ തന്നെ തന്നു. നീ തന്നെ എടുക്ക്. ഞായറാഴ്ച പിരിവിന്റെ കനം പാത്രത്തില്‍ ചിലമ്പിയപ്പോള്‍ മിഴിഞ്ഞു പോയ കൈക്കാരന്റെ കണ്ണുകള്‍ കര്‍ത്താവേ നിന്നെ ഒറ്റികൊടുക്കാതിരിക്കട്ടെ.

© പ്രഭ സക്കറിയാസ്