ഷറപോവ

ക്രിസ്പിൻ ജോസഫ്

ഉറഞ്ഞുപോയ കടലിലൂടെ
കപ്പിത്താന്റെ മകള്‍ നടന്നുപോകുന്നു
ഒരൊറ്റ ചുംബനംകൊണ്ട്‌
നൂറു കപ്പലുകളെ അതിര്‍ത്തികടത്തിയവള്‍
നമ്മുക്കവളെ
ഷറപോവ എന്നുവിളിക്കാം
ആരുവിളിച്ചാലും
കൂടെ വരും
എത്രനേരം വേണമെങ്കിലും
പിടിച്ചുനില്‍ക്കും
ടെന്നീസ്‌, ക്രിക്കറ്റ്‌, ഫുട്‌ബോള്‍
എന്തുമാവാം

വൈക്കോലുമേഞ്ഞ
തുറമുഖത്തെ
നീലമുഖമുളള വാതിലുകളെ വിശ്വസിക്കരുത്‌
എപ്പോള്‍ വേണമെങ്കിലും
അകത്തേക്ക്‌ കയറ്റിവിടാം
തിമിംഗലങ്ങളെ
നീരാളികളെ
ഒട്ടകങ്ങളെ

മുച്ചുണ്ടുകൊണ്ടവളെ ചുംബിച്ചത്‌
ഏത്‌ കപ്പല്‍ ജോലിക്കാരനാണ്‌
തുരുമ്പിച്ച മുലക്കണ്ണുകളില്‍നിന്ന്‌
പായ്‌ക്കപ്പലുകളെ അടര്‍ത്തിമാറ്റിയതാരാണ്‌

ചുവന്ന പാവാടയുടുത്ത്‌
അവള്‍ ചരിഞ്ഞുകിടക്കുന്നത്‌ കണ്ടാണ്‌
ഏതോ നാവികന്‍?
ഭൂമി ഉരുണ്ടതാണെന്ന്‌ വിളിച്ചു പറഞ്ഞത്‌

ഷറപോവ,
നൂറ്റാണ്ടുകളായി ഒരു ടെന്നീസ്‌ ബോള്‌ മാത്രമാണ്‌
അവളുരുണ്ടു പൊയ്‌ക്കോട്ടെ
എങ്ങോട്ടെങ്കിലും!

©  ക്രിസ്പിൻ ജോസഫ്
മൂലകൃതി: ഷറപ്പോവ
പ്രസാധകർ: ഫേബിയൻ ബുക്ക്സ്