ശിഷ്ടം

ടി.എ ശശി

കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.

വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.

ഊതി ഊതി ഒരു കാറ്റ്
മരണം വരിച്ച
ഇടം ഏതായിരിക്കും.

നിശബ്ദമായ്
നിശ്ചലമായ്
ഏതെങ്കിലും
ഒരിടത്ത്‌ കാറ്റിന്‍
ശിഷ്ടമുണ്ടൊ;
ഒരു പിടി മണ്ണില്‍
അതില്‍ ധൂളിയായ്
തരികളായ് തീര്‍ന്ന
ശവശിഷ്ടം പോലെ.

© ടി.എ ശശി
മൂലകൃതി: ചിരിച്ചോടും മത്സ്യങ്ങളേ
പ്രസാധകർ: സൈകതം ബുക്ക്സ്