നഗരം

കോൺസ്റ്റൻറ്റീൻ പി. കവാഫി                                                
മൊഴിമാറ്റം: മൈത്രി പ്രസാദ്-ഏലിയാമ്മ
                                                       
നീ പറഞ്ഞു: 'ഞാൻ മറ്റൊരു ദേശത്ത് പോകും, മറ്റൊരു തീരം തിരയും,
ഇതിനേക്കാൾ മികച്ച മറ്റൊരു നഗരം ഉണ്ടാകും.
ഇവിടെ ഞാൻ ചെയ്യുന്നതെല്ലാം തുടക്കം മുതലേ ദുർവിധി പേറുന്നവയാണ്.
എന്റെ ഹൃദയം, ഒരു മൃതശരീരം പോലെ, ഇവിടെ മറവുചെയ്യപ്പെട്ടിരിക്കുന്നു.
എത്രനാൾ എന്റെ മനസ്സ് ഈ ചതുപ്പിൽ കഴിഞ്ഞുകൂടും?
ഞാൻ തുലച്ചും പാഴാക്കിയും  അനേകവർഷങ്ങൾ നഷ്ടമാക്കിയ ഈ നഗരത്തിൽ,
എവിടേക്കു തിരിഞ്ഞാലും എങ്ങോട്ടു നോക്കിയാലും
എന്റെ ജീവിതത്തിന്റെ മങ്ങിയ അവശിഷ്ടങ്ങൾ മാത്രം.'

നീ പുതിയ ഒരു ദേശവും കണ്ടുപിടിക്കില്ല, വേറൊരു തീരവും നിനക്കു വെളിപ്പെടില്ല.
ഈ നഗരം നിന്നെ പിന്തുടരും. ഇതേ തെരുവുകളിൽ നീ ചുറ്റിത്തിരിയും,
ഈ കാണുന്ന അയൽപക്കങ്ങളിൽ ജീവിച്ചു നീ വയസ്സനാകും,
ഈ വീടുകളിൽ താമസിച്ച് നിന്റെ മുടി നരച്ചു തുടങ്ങും.
എന്നിട്ട് ഇതേ നഗരത്തിൽ നീ തിരികെയെത്തും.
മറ്റൊരിടം കണ്ടെത്താം എന്ന വിചാരം ഉപേക്ഷിക്കൂ:
ഒരു കപ്പലും നിന്നെ അവിടെയെത്തിക്കില്ല, അവിടേക്ക് വഴികളുമില്ല.
ഈ നഗരത്തിൽ, ഈ ചെറുകോണിൽ, നീ നിന്റെ ജീവിതം ഉടച്ചുകളഞ്ഞതുപോലെ
മറ്റെല്ലായിടത്തും നീയത് നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. 

 “The City” by C. P. Cavafy

You said: “I’ll go to another country, go to another shore,
find another city better than this one.
Whatever I try to do is fated to turn out wrong
and my heart lies buried as though it were something dead.
How long can I let my mind moulder in this place?
Wherever I turn, wherever I happen to look,
I see the black ruins of my life, here,
where I’ve spent so many years, wasted them, destroyed them totally.”

You won’t find a new country, won’t find another shore.
This city will always pursue you. You will walk
the same streets, grow old in the same neighborhoods,
will turn gray in these same houses.
You will always end up in this city. Don’t hope for things elsewhere:
there is no ship for you, there is no road.
As you’ve wasted your life here, in this small corner,
you’ve destroyed it everywhere else in the world.

Translated by Edmund Keeley and Philip Sherrard.
From C. P. Cavafy’s “Collected Poems” (Princeton University, 1992)


കോൺസ്റ്റൻറ്റീൻ പി. കവാഫി

[1863-1933] ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ ജീവിച്ചിരുന്ന ഗ്രീക്ക് കവിയായിരുന്നു. സ്വവർഗാനുരാഗങ്ങളെക്കുറിച്ച് മറയേതുമില്ലാതെ എഴുതിയിരുന്ന കവാഫി തന്റെ കവിതകൾ സ്വജീവിത കാലത്ത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചില്ല. പകരം കവിതകൾ സ്വകാര്യമായി അച്ചടിച്ച് സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു പതിവ്. അലക്‌സാണ്ട്രിയയുടെ സമ്പന്നമായ പൈതൃകവും സാങ്കല്പിക ആത്മഗതങ്ങളും ഗതകാല കാമനകളും ചേർന്ന് രൂപംകൊള്ളുന്നതാണ് അദ്ദേഹത്തിന്റെ കാവ്യലോകം.