വഞ്ചന

ഹരികൃഷ്ണൻ

വഞ്ചനയ്ക്ക്‌ നാല്‌ മുഖങ്ങളുണ്ട്‌.

മുന്നിലുള്ള മുഖം
നിങ്ങളെ നോക്കി
മിഴിവോടെ പുഞ്ചിരിക്കും,
സമര്‍ത്ഥമായി കണ്ണീരൊഴുക്കും.

വശങ്ങളിലെ മുഖങ്ങളിലൊന്നില്‍
ഉണങ്ങാത്ത മുറിവുകളും
മറ്റേതില്‍
നിസ്സംഗതയും
മറച്ചു വച്ചിരിക്കും.

പിന്നിലുള്ള മുഖത്തിന്റെ കണ്ണുകളില്‍
വെറുപ്പിന്റെ കടലിരമ്പുന്നത്‌
നിങ്ങള്‍ കാണുകയേയില്ല.

വഞ്ചന ദൈവത്തെപ്പോലെയാണ്‌.
അങ്ങനെയൊന്നില്ലെന്ന്‌
നിങ്ങളെ വിശ്വസിപ്പിക്കും.
എന്നിട്ട്‌,
ഒരു ദിവസം
നിങ്ങളെ ഞെട്ടിച്ചുകൊണ്ട്‌
പൊടുന്നനെ
അതിന്റെ സാന്നിദ്ധ്യമറിയിക്കും.