വീട്

—  ചിത്ര കെ. പി

നിറയെ ജനാലകളുള്ള
മുറിക്കുള്ളില്‍, ചിതറിയ
ചായപ്പെന്‍സിലുകള്‍ക്കിടയിലിരുന്ന്‍
ഒരു കുട്ടി
മതിലുകളില്ലാത്ത
ഒരു വീട് വരയ്ക്കുന്നു.

വീട്
വീട്ടില്‍ നിന്നിറങ്ങി
തെരുവിലേക്ക് പോകുന്നു.

തെരുവിലൊരു
പാട്ടുകാരിയും കുഞ്ഞും.
അവള്‍
അതിരുകളില്ലാത്ത
ഒരു ലോകത്തെക്കുറിച്ച് പാടുന്നു.
കുഞ്ഞ് ചിരിക്കുന്നു, പാടുന്നവളുടെ
കണ്ണുകള്‍  തിളങ്ങുന്നു.

തെരുവ്
തെരുവില്‍ നിന്നിറങ്ങി
സ്വന്തം വീട്ടിലേക്ക് പോവുന്നു.

കുട്ടി വരച്ച വീട്
മുറ്റത്തെ വേപ്പിനെ ചുറ്റി
വേപ്പിനെ  ചുറ്റുന്ന മുല്ലയെ ചുറ്റി
വള്ളിയിലിരിക്കുന്ന കിളിയെ ചുറ്റി
കിളിക്കണ്ണിലെ ആകാശത്തേക്ക്
പറന്ന്‍ പറന്ന്‍ പോകുന്നു.

© ചിത്ര കെ. പി