ഫലിതവേട്ട: നമ്പർ ഓർമയുണ്ടല്ലോ അല്ലേ?

ഫലിതവേട്ട: നമ്പർ ഓർമയുണ്ടല്ലോ അല്ലേ?

വിശാഖ്‌ ശങ്കർ

ഹരികൃഷ്ണൻ എന്ന കവി  കഴിഞ്ഞ അര പതിറ്റാണ്ടായി നിശബ്ദനായിരുന്നു.  സി. ഹരികൃഷ്ണൻ എന്ന മനുഷ്യൻ പക്ഷേ തുടർന്നും ഫേസ്ബുക്കും മറ്റും വഴി ആനുകാലിക സംഭവങ്ങളോടും രാഷ്ട്രീയത്തോടും സംസ്കാരത്തോടുമുള്ള തന്റെ പ്രതികരണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.

അയാൾ കവിതയെ ഉപേക്ഷിച്ചതൊന്നുമായിരുന്നില്ല. കവിതയുമായുള്ള കൗമാരം തൊട്ടേയുള്ള സഹവാസം അത്ര പെട്ടന്ന് ഉപേക്ഷിക്കാവുന്നതുമായിരുന്നില്ല. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി കലോൽസവങ്ങളിൽ കവിതാ രചനയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു ഭൂതകാലം നിലനിൽക്കെയായിരുന്നു ഹരി തന്റെ ഇരുപതുകളിൽ എവിടെയോ വച്ച് കവിതയെഴുത്ത് ഉപേക്ഷിച്ച് ചിത്രകലയിലേക്ക് കടന്നത്. സാമ്പ്രദായിക ശിക്ഷണമോ, ഫൈനാർട്സ് കോളേജ് വിദ്യാഭ്യാസമോ ഒന്നും ഇല്ലാതെ തന്നെ ചിത്രകലയുടെ ചരിത്രത്തിലും രസതന്ത്രത്തിലും സാമാന്യമല്ലാത്ത പാണ്ഡിത്യം  സ്വയം ആർജ്ജിച്ചു. പാശ്ചാത്യ, പൗരസ്ത്യ ചിത്രകലകളുടെ ദാർശനികവും സാങ്കേതികവുമായ പരിണാമത്തെക്കുറിച്ചുള്ള, ഏത് വിഖ്യാത കലാവിമർശകനെയും ഒന്ന് ഞെട്ടിക്കാൻ പോന്നതിലുമപ്പുറം ആഴമുള്ള ഉൾകാഴ്ചകൾ ഗ്രേറ്റ് ആർട്ടിസ്റ്റ് പരമ്പരയും,  ലഭ്യമായ കലാചരിത്ര പുസ്തകങ്ങളും അടങ്ങുന്ന പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് സ്വായത്തമാക്കി. പക്ഷേ ആ ഉൾകാഴ്ചകളെ ഭാവുകത്വ ബന്ധിയായ തന്റെ വ്യക്തിഗത സാക്ഷ്യങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ, ചിത്രരചന എന്ന ഭൗതിക പ്രവർത്തിയെ വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ പല കാരണങ്ങൾ കൊണ്ട് അവനായില്ല. മനസിൽ വരഞ്ഞിട്ട ചിത്രങ്ങൾ നമുക്ക് കാണാനുമാകില്ലല്ലോ!

പത്തിരുപത്തിയാറ് വയസ്സിൽ സ്വയം പര്യാപ്തമായ ഭൗതിക പശ്ചാത്തലങ്ങളൊന്നും ഇല്ലാതെ തന്നെ കുടുംബ, സമുദായ സമ്മതികളെ വെല്ലുവിളിച്ച് മറ്റൊരു മതത്തിൽ പെട്ട പങ്കാളിയെ കൂടെകൂട്ടിയ ആർക്കും ഭാവുകത്വബന്ധിയായ തപസ്യയെ മുഖ്യപരിഗണനയാക്കി തുടർന്ന് കൊണ്ടുപോകുക എളുപ്പമാവില്ല. അവൻ കവിതയും ചിത്രകലയും ഉപേക്ഷിച്ച് ഒരു പുതിയ മേഖലയിലേക്ക് കടന്നു. കവിതയെഴുത്തും ചിത്രം വരപ്പും മുഖ്യ പ്രവർത്തി മേഖലയിൽ ഇല്ല എന്നിരിക്കിലും അവയിലാർജ്ജിച്ച ലാവണ്യബന്ധിയായ നവഭാവുകത്വത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന, അതിജീവനം എന്ന ആദ്യപരിഗണന ഉറപ്പ് വരുത്തുന്ന ഒരു തൊഴിൽ മേഖല : പരസ്യം.

കാവ്യ ജീവിതത്തിന്റെ പുനരാരംഭം

രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ കോയമ്പത്തൂരിലെ ഒരു പരസ്യ കമ്പനിയിൽ ചേക്കേറിയ കവിയും ചിത്രകാരനും ബുദ്ധിജീവിയുമായിരുന്ന ഹരികൃഷ്ണൻ എന്ന  മനുഷ്യന്റെ ജീവിതം പിന്നീട് വികസിക്കുന്നത് വിശകലന സാദ്ധ്യമല്ലാത്ത വൈരുദ്ധ്യങ്ങളുടേയും, അവയുടെ ബൗദ്ധികവും വൈകാരികവുമായ നീക്കിയിരിപ്പുകളിലൂടേയുമാണ്. പ്രാഥമികമായി സ്വന്തം പ്രതിഭയെ ആശ്രയിച്ചിരിക്കുന്ന തൊഴിൽ ജീവിതത്തിൽ സ്വാഭാവികമായും എളുപ്പത്തിൽ തന്നെ കൈവരിച്ച വിജയം വ്യക്തിഗത പ്രതിഭയ്ക്ക് പുറത്ത് വിധിവശാലെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന വ്യക്തി ജീവിതത്തിൽ ഉണ്ടായില്ല. പിറന്ന രണ്ട് ആണ്മക്കളും പൂർണ്ണമായും മസ്തിഷ്ക വികാസം സാദ്ധ്യമായവരായിരുന്നില്ല. സമീപഭാവിയിൽ തന്നെ ഭാര്യയും നിരന്തര ചികിൽസ ആവശ്യപ്പെടുന്ന ഒരു രോഗിയായി മാറി.

ഇത്തരം വ്യക്തിഗത വിശദാംശങ്ങളില്ലാതെ ഒരു കലാകാരന്റെ കലയിലേക്ക് കടക്കാനാവില്ല എന്ന തെറ്റിദ്ധാരണകൊണ്ടല്ല ഒരു   സംക്ഷിപ്ത ജീവചരിത്രം ആമുഖമായി പറഞ്ഞത്, മറിച്ച് വിജയം, പരാജയം എന്നൊക്കെ നമ്മൾ വിളിക്കുന്ന വാക്കുകളുടെ അർത്ഥം എത്ര ആപേക്ഷികമാണെന്നതിലേക്ക് ഈ വ്യക്തി കഥാകഥനം വസ്തുനിഷ്ഠമായ ചില പുതിയ പരിപ്രേക്ഷ്യങ്ങൾ തന്നേക്കാം എന്ന പ്രതീക്ഷയിലാണ്. അതായത് ഏകദേശം ഈയൊരു വ്യക്തിഗത, കുടുംബ പശ്ചാത്തലം നിലനിൽക്കെയാണ് അവൻ, നാം ഇന്ന് നവമാദ്ധ്യമം എന്ന് പൊതുവിൽ വിളിക്കുന്ന സൈബർ മാദ്ധ്യമ ലോകത്തേക്ക് അതിന്റെ ആദ്യകാലത്ത് തന്നെ കടന്നുവരുന്നത്.

ബ്ലോഗുകളുടെ ആദ്യകാലത്തെ വേണമെങ്കിൽ കവിതകളുടെ തിരിച്ചുവരവിന്റെ കാലമെന്നും വിളിക്കാം. മുഖ്യധാരാമാദ്ധ്യമങ്ങൾ കവിത മേമ്പൊടിക്ക് മാത്രം ചേർക്കുന്ന കാലത്ത് സൈബർ ലോകത്ത് കവിതയുടെ ഒരു ചെറുവസന്തം വിരിഞ്ഞു. നിരവധി കവികളും കവിതാ ചർച്ചകളുമായി സജീവമായിരുന്ന ഒരു വസന്തോൽസവം. നീണ്ട ഒരു ശിശിരത്തിന് ശേഷം ഹരി കവിതയിലേക്ക് തിരിച്ചുവരുന്നത്, കവിതയിലേക്ക് എന്നതിലുപരി എഴുത്തിലേക്ക് തിരിച്ചുവരുന്നത് ആ കാലഘട്ടത്തിലാണ്. ഒരു ട്രെൻഡ് എന്ന നിലയിൽ ‘അരൂപി’ എന്ന പേരിൽ കവിത എഴുതുകയും, ‘പരാജിതൻ’ എന്ന പേരിൽ ഗദ്യം എഴുതുകയുമായിരുന്നു ആദ്യം. പിന്നീട് അനോണിമിറ്റി വിവാദത്തിന്റെ ഭാഗമായി നടന്ന ചർച്ചകളെത്തുടർന്നെടുത്ത ഒരു നിലപാട് എന്ന നിലയിൽ സി ഹരികൃഷ്ണൻ എന്ന തന്റെ വിലാസം അയാൾ വെളിപ്പെടുത്തുകയായിരുന്നു.

പറഞ്ഞുവന്നത് ആരെയും നിരാശനും നിഷ്ക്രിയനുമാക്കാവുന്ന ഒരു വ്യക്തിഗത പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഒരു നവമാദ്ധ്യമത്തിന്റെ നവനൈതീകതയും ഭാവുകത്വവുംസൗന്ദര്യശാസ്ത്രവും രീതിശാസ്ത്രവുമായൊക്കെ ഇഴചേരുന്ന സങ്കീർണ്ണവും ദീർഘവുമായ തുടർചർച്ചകളിൽ ഹരി ആർജ്ജവവും മൗലീകതയും കൊണ്ട് വേറിട്ട് നിൽക്കുന്ന ഒരു ശബ്ദമായത് എന്നാണ്. രണ്ടായിരത്തിയാറിൽ തന്റെ കവിതാ ബ്ളോഗിൽ അരൂപി എന്ന പേരിൽ കുറിച്ചിട്ട ‘മുഖം’ എന്ന കവിതയിൽ തുടങ്ങുന്ന ഹരിയുടെ സൈബർ കാവ്യജീവിതം അതേ ബ്ലോഗിൽ 2011ൽ പ്രസിദ്ധീകരിച്ച ‘അടയ്ക്കുമ്പോൾ തുറക്കുന്നത്’ എന്ന കവിതയിൽ അവസാനിക്കുന്നു. അതിനുശേഷമുള്ള അഞ്ച് വർഷക്കാലം ആ കീബോഡിൽ നിന്ന് കവിതകൾ ഒന്നും വന്നില്ല. ചിത്രകലയെ കുറിച്ചുള്ള ആശയങ്ങളും, അവയുമായി ബന്ധപ്പെട്ട പ്രവർത്തി പദ്ധതികളും അടുപ്പമുള്ളവരുമായി പങ്കുവച്ചതല്ലാതെ അവൻ ഏറെയൊന്നും ഈ ഒരു ഒന്നര പതിറ്റാണ്ടിൽ വരച്ചുമില്ല.

ഇനി വരയുമില്ല, വരിയുമില്ല; നാല്പത്തിയഞ്ച് വർഷം നീണ്ട അലച്ചിലുകളിൽ എവിടെയോ വച്ച് ചോരയിൽ കടന്ന് പെറ്റ് പെരുകിയ  അർബുദാണുവിന്റെ വിഘടിത കോടികളിൽ പെട്ട് രണ്ടായിരത്തി പതിനാറ് ജൂൺ മാസം അവസാനം അവൻ ഒഴുകിപ്പോയി. വീണ്ടെടുക്കാനാവില്ല രണ്ടായിരത്തി ആറുമുതൽ പതിനൊന്നുവരെയുള്ള അഞ്ച് കൊല്ലക്കാലം കൊണ്ട് എഴുതിയ ഇരുപതിൽ പരം കവിതകളിൽ നിന്ന്, രണ്ട് പതിറ്റാണ്ടിലേറെ വരുന്ന വരക്കാലത്തിനിടയിൽ പെയിന്റിങ്ങിലുപരി പലയിടത്തായി, പലർക്കായി അവൻ വരച്ചുനൽകിയ രേഖാ ചിത്രങ്ങളിലുംഇല്ലസ്ട്രേഷൻസിലും നിന്ന് എങ്കിൽ ഓർമ്മ എന്നത് വെറും ഒരു വൈദ്യുത ശ്മശാനമാണ്; ചാരം മാത്രം ബാക്കി വയ്ക്കുന്നത്.

കവി വൃദ്ധൻ

2006 മുതൽ ’11 വരെ, തന്റെ 35 മുതൽ 40 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ, അതായത് യൗവ്വനത്തിന്റെ പൂർണ്ണവളർച്ചയിൽ എഴുതിയ കവിതകളാണ് നാം ഇവിടെ പരാമർശിക്കുന്നവ. ബഹുമുഖ പ്രതിഭയായിരുന്ന ഒരു വ്യക്തി കല, സാഹിത്യം, രാഷ്ട്രീയം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിൽ തന്നുപോയ ആവേശം ജനിപ്പിക്കുന്ന ധൈഷണിക ഊർജ്ജത്തിന് വരും കാലത്ത് ഒരു വസ്തുനിഷ്ഠ സാക്ഷ്യമായി ഉയർത്തിക്കാണിക്കാൻ പറ്റുന്നവ മേൽപറഞ്ഞ അഞ്ച് വർഷത്തിനിടയിൽ അവൻ രചിച്ച കവിതകളാവും.

മുപ്പത്തിയഞ്ച് മുതൽ നാല്പത് വരെയുള്ള കാലഘട്ടം എന്തായാലും വാർദ്ധക്യത്തിന്റെയല്ല. യൗവ്വനത്തിന്റേതാണോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ അതിന്റെ ഏറ്റവും തീക്ഷ്ണമായ കാലഘട്ടം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ വിചിത്രമെന്ന് പറയട്ടെ, അവ തരുന്ന വായനാനുഭവം യൗവ്വന സഹജമായ സ്വാതന്ത്ര്യത്തിന്റെ, സാഹസികതയുടെ, വിപ്ളവാഭിമുഖ്യത്തിന്റെ, വീരാസക്തിയുടെ ഒക്കെയായ ഒന്നല്ല, മറിച്ച് കേവലമായ വിപ്ളവാഭിമുഖ്യത്തിന്റെയും വീരാരാധനയുടെയും നിഷേധത്തെ, ഒട്ടും സാഹസികമല്ലാത്ത സ്വയം പരുവപ്പെടലിനെ, സ്വാതന്ത്രവും അസ്വാതന്ത്ര്യവും തമ്മിൽ നിലനിൽക്കുന്ന നേർത്ത വരമ്പുകളെക്കുറിച്ചുള്ള അകാല്പനികമായ ബോദ്ധ്യത്തെ, ദാർശനികവും ഘടനാപരവുമായ, വേണമെങ്കിൽ ഋഷിസഹജം എന്നൊക്കെ വിളിക്കാവുന്ന നിർമ്മമമായ പക്വതയെ ഒക്കെ അനുഭവിപ്പിക്കുന്ന ഒന്നാണ്.

ഋഷി എന്നൊക്കെ പറയുന്നതുകൊണ്ട് പ്രതിപാദ്യം ഒരു ‘ഗുരുസാഗരം’ ആണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്. മനുഷ്യനും സന്യാസിയും തമ്മിലുള്ള വ്യത്യാസം ആദ്യത്തേത് ജ്ഞാനബന്ധിയായ അന്വേഷണങ്ങളുടെ ഘട്ടത്തിലെ ധീരവും സാഹസികവും സ്വതന്ത്രവും,എന്നാൽ ഒരു പരിധിവരെ ചപലവും ആയ  ചലനാത്മകതയേയും, രണ്ടാമത്തേത് ബോധോദയാനന്തരം കൈവരുന്ന നിർമ്മമവും സന്തുലിതവുമായ, എന്നാൽ കെട്ടിക്കിടപ്പിന്റേതല്ലാത്ത ഒരു തരം ഖരാവസ്ഥയേയും ദ്യോതിപ്പിക്കുന്നു എന്ന അർത്ഥത്തിലാണ് ആ വാക്കുകൾ ഉപയോഗിച്ചിട്ടുള്ളത്. ജ്ഞാനബന്ധിയായി ഋഷിതുല്യമായ ഒരുതരം അചഞ്ചല ദാർശനികബോദ്ധ്യം നിലനിൽക്കുമ്പോഴും രീതിശാസ്ത്രബന്ധിയായി എമ്പെരിസിസത്തിന്റെ ചലനാത്മകതയെ നിലനിർത്തുന്ന (അത്തരം ഒരു തുലനത്തിൽ ഉണ്ടാകാവുന്ന എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി) ഒന്ന് എന്ന അർത്ഥത്തിലാണ് കവി വൃദ്ധൻ എന്ന വിശേഷണം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്; ഒരുതരം എമ്പെരിക്കൽ സന്യാസം എന്നും ആ കവിതകളെ വിളിക്കാം.

ദാർഢ്യം കൊണ്ട് സമകാലികമല്ലാത്ത കവിതകൾ

രണ്ടായിരത്തി പത്തിൽ വെർമുലിനും വാൻ ഡെൻ അക്കെറും ചേർന്ന് എഴുതിയ ‘നോട്സ് ഓൺ മെറ്റാ മോഡേണിസം’ എന്ന ലേഖനത്തിന്റെ സത്തയും സംഗ്രഹവുമായി ‘ദോലനം’ എന്ന വാക്കിനെ എടുക്കാം. ആധുനികതയുടെ ജ്ഞാനബന്ധിയായ ബോദ്ധ്യങ്ങളെ ആധുനികപൂർവ്വ വിശാസങ്ങളിലും ഐതീഹ്യങ്ങളിലും മിത്തുകളിലും നാട്ടിയ ഒരു കാലിലും, ആധുനികതാനന്തര രാഷ്ട്രീയ ഇഛാഭംഗങ്ങളിലും  സാംസ്കാരിക നിരാശകളിലും നാട്ടിയ മറുകാലിലും ആയി നിലനിൽക്കുന്ന ഒരു തൂക്കുപാലത്തെയാണ് അത് രൂപകമാക്കുന്നത്.

ആധുനികതയ്ക്ക് ശേഷം ഉത്തരാധുനികതയും പിന്നെ ഉത്തര-ഉത്തരാധുനികതയും എന്ന യൂറോപ്യൻ യാഥാർത്ഥ്യത്തിൽ അത്തരം ഒരു ദർശനം സംഗതമായിരിക്കാം. എന്നാൽ ഇനിയും ആധുനികത എത്തിയിട്ടില്ലാത്ത ഇന്ത്യൻ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിസരങ്ങളിൽ അത്തരം ഒരു ദോലനത്തിന് സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ ഏത് നിർമ്മിതിയിലും എന്നപോലെ കലയിലും വാസ്തുശാസ്ത്രബന്ധിയായ ഒരു ദൗർബല്യം മാത്രമായേ പരിണമിക്കാനാവൂ. കവിത ഇതിൽ നിന്നൊക്കെ വേറിട്ട ഒരു ആവിഷ്കാര മാദ്ധ്യമമാണ് എന്ന ജാമ്യം അനുവദിക്കപ്പെടണമെങ്കിൽ അത് നിലനിൽക്കുന്നതും പ്രതിപ്രവർത്തിക്കുന്നതും നമ്മുടേതല്ലാത്ത, ആവേണ്ടതല്ലാത്ത ഏതോ ആദർശ പ്രതലത്തിലായിരിക്കണം. ഹരിയുടെ കവിതകൾ നിലനിൽക്കുന്നത് അത്തരം ഒരു തലത്തിലല്ല. കഠിനമായ ജീവിത യാഥാർത്ഥ്യങ്ങൾ അസാദ്ധ്യമാക്കി തീർത്ത കാല്പനിക മധുരങ്ങളിൽ, നനവുകളിൽ നിന്നാണ് അവൻ പണ്ടെന്നോ പറഞ്ഞത് പോലെ ആ ‘കയ്പൻ കവിതകൾ’ പിറക്കുന്നത്.

കയ്പെന്ന് പറഞ്ഞാലും പ്രശ്നമാണ്. കാരണം മധുരമെന്ന ആദർശത്തിന്റെ മറുതലത്തിൽ അതുപോലെ ആദർശവൽക്കരിക്കാവുന്ന, അതുപോലെ കാല്പനികവൽക്കരിക്കാവുന്ന ഒന്നാണ് ഇന്ന് കയ്പും. സങ്കല്പങ്ങളെ പരിമിതപ്പെടുത്തുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് യാഥാർത്ഥ്യവുമായി ഏന്തെങ്കിലും ചാർച്ചകളുള്ള എല്ലാം കാല്പനിക വിരുദ്ധമാകുന്നത്. പ്രിസത്തിന്റെ ശാസ്ത്രീയ വിശദീകരണം മഴവില്ലിന്റെ സൗന്ദര്യത്തെ അപഹരിച്ചു എന്ന് കീറ്റ്സ് കേഴുന്നത് അതുകൊണ്ടാണ്. പക്ഷേ യാഥാർത്ഥ്യവും സുന്ദരമാണ്.അത് അംഗീകരിക്കാൻ കാല്പനികമായ നമ്മുടെ സൗന്ദര്യ ധാരണകളെ കെട്ടിപ്പിടിച്ചതുകൊണ്ടോ, അവയെ ദോലനം ചെയ്യിച്ചതുകൊണ്ടോ ആയില്ല. വേണ്ടത് ചരിത്രപരമായ ബോദ്ധ്യങ്ങളോട് കൂടിയ ആട്ടലും പിടിച്ച് നിർത്തലുകളും ആണ്. ദർശനപരമായ ആ ദാർഢ്യമാണ് ഹരിയുടെ ഇരുപത് കവിതകളിൽ ചുരുങ്ങുന്ന കാവ്യ ജീവിതത്തെ വ്യതിരിക്തമാക്കുന്നതും.

അതൊക്കെ ഒരു കാലം!

ഹരികൃഷ്ണൻ ‘പരാജിതൻ’ എന്ന തന്റെ ആദ്യ ബ്ലോഗിന് നൽകിയ ഉപശീർഷകം “പലപ്പോഴും നമ്മൾ ‘അതൊക്കെ ഒരു കാലം!’ എന്ന് ആനന്ദത്തോടെ പറയുന്നത് നിരന്തര പരാജയങ്ങളുടേതായ ഒരു പൂർവകാലത്തെക്കുറിച്ച് തന്നെയല്ലേ?” എന്നാണ്. വർത്തമാനത്തിൽ നിന്നുകൊണ്ട് ഭൂതകാലത്തെക്കുറിച്ച് അതൊക്കെ ഒരു കാലമെന്ന് നഷ്ടബോധത്തോടെ പറയേണ്ടിവരുന്നത്  വർത്തമാനപരാജയങ്ങളും അവയുടെ ഭൂതകാല വേരുകളും എന്ന തുടർച്ചയെ കാല്പനിക  ഗൃഹാതുരത്വങ്ങളിലൂടെ മറികടക്കാം എന്ന വ്യർത്ഥ പ്രതീക്ഷയുടെ പശ്ചാത്തലത്തിലാണ്. ഒരു പരാജയവും ഒറ്റതിരിഞ്ഞ ഒരേടല്ല, വിജയവും. ചരിത്രപരവും കാലബന്ധിയുമായ ഈ പരസ്പരബന്ധത്തിന്റെ നിരാസമാണ് ‘ഹീറോ’ എന്ന കല്പന. അതിന്റെ ഒരു വിപരീത സിദ്ധാന്തമാണ് ഹരികൃഷ്ണൻ എന്ന കവിയുടേയും, മനുഷ്യന്റേയും ദാർശനിക അടിത്തറ.

‘നടപ്പാത’ എന്ന കവിതയിലെ അവസാന ഭാഗം ഇങ്ങനെയാണ്,

“ഒഴുക്കില്ലാത്ത ജലത്തിലൂടെയുള്ള
വിചിത്രമായ ഈ ഒഴുക്ക്‌
നമ്മളെ നമ്മളിലേക്ക്‌ മാത്രം ചുരുക്കുന്നു.

നമ്മുടെ കാഴ്ച
അതിന്റെ പരിധിയെ ചുരുക്കിച്ചുരുക്കി
ഈ നടപ്പാതയെ
അനന്തമാക്കി മാറ്റുന്നു”

കാഴ്ചയുടെ പരിമിതികൾ അനന്തമാക്കുന്ന സ്ഥലകാലങ്ങളിൽ നിന്ന് ജനിക്കുന്ന ഒരു ഭ്രമ കല്പനയാണ് ഞാൻ എന്ന തോന്നലും അതിനെ വലം വയ്ക്കുന്ന ‘എന്റെ’ വീരസ്യങ്ങളും അതിൽ തൊങ്ങലായി ആടുന്ന ഗൃഹാതുരത്വങ്ങളും.

അവരവരിലേക്ക് മാത്രം ചുരുങ്ങുന്ന വിചിത്രമായ ഒരു ചരിത്രസഞ്ചാരത്തിന്റെ ഒഴുക്കിനിടയിൽ തെളിയുന്നെന്ന് തോന്നുന്ന ഒറ്റപ്പെട്ട, അയഥാർത്ഥമായ ചില  തുരുത്തുകളെയാണ് നാം ‘അതൊക്കെ ഒരു കാലം!’ എന്ന് ആഘോഷിക്കുന്നത്. അല്ലെങ്കിൽ നൈരന്തര്യത്തിന്റെ ആ ഭൗതിക ചരിത്രാനുഭവത്തിന്റെ കണ്ണികളിൽ ഒന്നിൽ നിന്ന് വേർപെട്ട ആ മറ്റൊന്ന് എവിടെ? ഞാൻ എവിടെ? എന്റെ ഭൂതകാലത്തിൽ നിന്ന് വേർപെട്ട വർത്തമാനവും അതിന്റെ തുടർച്ചയല്ലാത്ത ഭാവിയും എവിടെ? വീരസങ്കല്പങ്ങൾ നിഷേധിക്കുന്നത് നിർബന്ധമെങ്കിൽ നായകപദവി ആരോപിക്കാവുന്ന ഒരേ ഒരു വസ്തുനിഷ്ഠ പ്രതിഭാസത്തെയാണ്: ചരിത്രത്തെ.

ആഴം എന്ന അകമറിവ്

ആഴം അഥവാ ഡെപ്ത് എന്നത് കലാ സംസ്കാരബന്ധിയായ സകല വ്യവഹാരങ്ങളിലും നമ്മൾ പൊതുവായി ഉപയോഗിക്കുന്ന ഒരു പദമാണ്. പക്ഷേ എന്താണ് അതിന്റെ അർത്ഥം? അതറിയാൻ ഒരുപക്ഷേ  ആംഗലത്തിൽ ‘പ്ലെയിൻ’  എന്ന് വിളിക്കുന്ന അതിന്റെ വിപരീതത്തിൽ നിന്ന് തുടങ്ങേണ്ടിവരും. ആഴം എന്നത് ഒരു തോന്നൽ മാത്രമല്ലേ എന്നത് ഇവിടെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമാണ്. ചിത്രകലയിൽ അതിനെ ഒരു പ്രതീതി എന്നും ഒരുപക്ഷേ വിളിക്കാനാവും. അത് ആപേക്ഷികമാണെന്നും വാദം സാദ്ധ്യമാണ്. പക്ഷേ അത് എത്രത്തോളം എന്നത് ആത്യന്തികമായി സൃഷ്ടാവിന്റെ സർഗ്ഗശേഷിയും ആസ്വാദകന്റെ ആസ്വാദനശേഷിയും ചേർന്ന് മാത്രം ഭൗതീകമായി തീരാവുന്ന ഒരു അതിഭൗതീകതയാണ് എന്നതാണ് സത്യം; കണ്ടെടുക്കപ്പെടാത്തിടത്തോളം അദൃശ്യമായി തുടരാൻ വിധിക്കപ്പെട്ട ഒരു ഉണ്മ. അത് കലയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഒരു എമ്പെരിക്കൽ യാഥാർത്ഥ്യമാണ്.സംവദിക്കാനാവാത്ത യാഥാർത്ഥ്യമല്ല, സംവേദന ബന്ധിയായ ആഴം ആവശ്യപ്പെടുന്ന, സംവേദന സാദ്ധ്യമായ ഒന്ന്.

വെറും ആറുവരി മാത്രമുള്ള ‘പ്രതിബിംബം’ എന്ന കവിതയെടുക്കുക.
“ദര്‍പ്പണത്തിലെ പ്രതിബിംബം
കാമുകിയെ പോലെയാണ്‌.
പ്രതലത്തിൽ മാത്രം വര്‍ത്തിക്കുന്നു.
എന്നാൽ
ആഴത്തിന്റേതായ
ഒരു മരീചിക തീര്‍ക്കുന്നു.“
പ്രണയകാലത്തെ കാമുകി പലപ്പോഴും അവളെന്ന യാഥാർത്ഥ്യത്തിലുപരി കാമുകന്റെ ആദർശമാണ്, തിരിച്ചും അതെ. അതുകൊണ്ട് തന്നെ ആ സങ്കല്പം ഉപരിതലസ്പർശിയായ ഒരു യാഥാർത്ഥ്യത്തെ മാത്രം സംവദിക്കുന്നു. എന്നാൽ എന്റെ പ്രതിബിംബം എന്നെ എന്നവണ്ണം ആഴത്തിൽ എന്റെ റെറ്റിനയിൽ പതിയുന്ന അവളെ അതും പ്രതിനിധാനം ചെയ്യുന്നു എന്ന പ്രതീതി ഞങ്ങളിൽ ഉല്പാദിപ്പിക്കുന്നു.

പ്രണയ ഭംഗങ്ങൾ ആഴം എന്ന മിഥ്യയെക്കുറിച്ചുള്ള ബോദ്ധ്യം പോലുമല്ല, കേവലം ഇഛാഭംഗങ്ങൾ മാത്രം ഉല്പാദിപ്പിച്ച് അടങ്ങുന്നു. ഒരു പുസ്തകത്തിന്റെ മുഖചിത്രം അത് വായിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയാണെന്ന് കരുതുക. അങ്ങനെയെങ്കിൽ ആ ചിത്രത്തിലെ കുട്ടി വായിക്കുന്ന പുസ്തകത്തിൽ അതെ കുട്ടിയും പുസ്തകവും ആവർത്തിക്കപ്പെടില്ലേ, അതിനുള്ളിൽ അത് പിന്നെയും പിന്നെയും അനന്തമായി ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കില്ലേ? അത്തരത്തിൽ അനന്തമായി തുടരുന്ന ഒരു  അവരവർ ഗണിതത്തിന്റെ ആഴം ഭൗതീകമായി തീർക്കുന്നത് കേവലം ഒരു മരീചിക മാത്രമല്ലേ?

ചതുർമുഖ ദൈവങ്ങൾ

സൃഷ്ടാവായ ബ്രഹ്മദേവന്റെ നാലുമുഖങ്ങൾക്ക് നാല് ദിക്കുകളും, നാല് അറിവുകളും (നാല് വേദങ്ങൾ) ഒക്കെയായി ബന്ധപ്പെട്ട് നിരവധി വ്യാഖ്യാനങ്ങളുണ്ട്.  ബുദ്ധമതത്തിൽ നിന്നും കണ്ടെത്താവുന്ന ചതുർമുഖ സങ്കല്പങ്ങൾക്ക് ഇതിൽ നിന്നും വ്യത്യസ്തമായ മറ്റ് വ്യാഖ്യാനങ്ങളുണ്ടാകാം. ചതുർമുഖ ബുദ്ധൻ ബ്രഹ്മദേവൻ തന്നെയാണെന്ന ഹിന്ദുത്വ വ്യാഖ്യാനവും ഉണ്ടാകാം. അത് എന്തുതന്നെയായാലും ഈ ചതുർമുഖ സങ്കൽപ്പത്തിന് സൃഷ്ടിയുമായി ബന്ധപ്പെട്ട, അറിവുമായി ബന്ധപ്പെട്ട, ജീവിതവുമായി ബന്ധപ്പെട്ട ഒരുതരം ദാർശനിക സമഗ്രതയെ ധ്വനിപ്പിക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ ഹരി പറയുന്നത് കാഴ്ചയ്ക്കോഅറിവിനോ അല്ല, ജീവിതത്തിന് തന്നെയോ നാല് മുഖങ്ങളുണ്ട് എന്നല്ല, അതിൽ നിന്ന് പിന്നെയും സൂക്ഷ്മത്തിലേക്ക് ചെന്ന് “വഞ്ചനയ്ക്ക് നാല് മുഖങ്ങളുണ്ട്” എന്നാണ്.

മുന്നിൽ പ്രദർശനത്തിന് വച്ച  കരുണാമയവും സൗമ്യവും വികാരാർദ്രവുമായ മുഖവും, വശങ്ങളിൽ ഭാഗികമായി മറച്ചുവച്ച  തങ്ങൾക്ക് തന്നെ ഉണക്കാനാവാത്ത മുറിവുകളും, നിസ്സഹായതയിൽ നിന്ന് ഉയരുന്ന നിസ്സംഗതയും, പിന്നിൽ കാണുന്നവർക്ക് അതാര്യമായ ‘വെറുപ്പിന്റെ കടലിരമ്പ’വും ചേർന്ന ചതുർമുഖ വഞ്ചന ദൈവത്തെപ്പോലെയാണെന്ന് പറയുന്നിടത്ത് ധ്വനി തിരിഞ്ഞ് വീഴുന്നത് നമുക്ക് കാണാം.
“വഞ്ചന ദൈവത്തെപ്പോലെയാണ്‌.
അങ്ങനെയൊന്നില്ലെന്ന്‌
നിങ്ങളെ വിശ്വസിപ്പിക്കും.
എന്നിട്ട്‌,
ഒരു ദിവസം
നിങ്ങളെ ഞെട്ടിച്ചുകൊണ്ട്‌
പൊടുന്നനെ
അതിന്റെ സാന്നിദ്ധ്യമറിയിക്കും.” ( വഞ്ചന)

ഇവിടെ വഞ്ചന ദൈവത്തിലുപരി ദൈവം വഞ്ചനയുടെ വേഷമാണണിയുന്നത്. നിങ്ങളോടൊത്ത് സന്തോഷിക്കുകയും, നിങ്ങളുടെ ദു:ഖങ്ങൾക്കൊത്ത് സങ്കടപ്പെടുകയും ചെയ്യുന്ന ദൈവം എന്ന സർവ്വശക്തൻ തന്നെ പാർശ്വമുഖങ്ങളിൽ സ്വന്തം അപമാനങ്ങളും, അവയുമായുള്ള സമരസപ്പെടലിന്റെ നിസ്സംഗതയും മറച്ച് വച്ചിരിക്കുന്നു. പിറകിലാകട്ടെ അസഹനീയമായ ഈ കപടാസ്തിത്വത്തിൽ നിന്ന് ഉണ്ടാകുന്ന അവനവനിലേക്കും പുറത്തേക്കും ഒഴുകുന്ന ‘വെറുപ്പിന്റെ കടലിരമ്പ’വും.

നമ്മുടെ നാസ്തിക സങ്കൽപ്പങ്ങൾക്കും അപ്പുറത്താണ് ഇത്തരത്തിൽ ഗതികെട്ട ഒരു ദൈവവും അതിനെ സ്വന്തം ഛായയിൽ നിർമ്മിച്ച മനുഷ്യരും. അതുകൊണ്ട് കേവല നാസ്തികതയിൽ ദൈവമില്ലെന്നത് വഞ്ചിക്കപ്പെടില്ല എന്നത് പോലെ സ്വന്തം അവധാനതയിലുള്ള ഒരു വിശ്വാസം മാത്രമാണ്, അതായത് എമ്പെരിക്കലല്ലാത്ത മറ്റൊരു യുക്തി മാത്രം. അത്“അങ്ങനെയൊന്നില്ലെന്ന് / നിങ്ങളെ വിശ്വസിപ്പിക്കും.” എന്നാൽ ഇല്ല എന്ന് വിശ്വസിച്ച ദൈവം സ്വാനുഭവങ്ങളിലൂടെ ‘ഞെട്ടിച്ചുകൊണ്ട്’ വഞ്ചിതമായ സ്വന്തം പ്രതിരൂപമായി, സ്വന്തം സർഗ്ഗശേഷിയ്ക്ക് മേൽ, അതായത് ദൈവത്തിന് മേൽ ഒരു പ്രതിവിപ്ളവമായി, ഒരുപക്ഷേ ‘എഴുത്തുകാരനെ തേടിയിറങ്ങിയ ആറുകഥാപാത്രങ്ങ’ളിൽ ഇറ്റാലിയൻ നാടകകൃത്ത് ലൂയി പിരാന്റല്ലോ (പിരാന്ത് അല്ലൊ... എന്ന് ഹരിയുടെ വിവർത്തനം) വിഭാവനം ചെയ്തത് പോലെ വേദിയിൽ അപ്രതീക്ഷിതമായി,  “പൊടുന്നനേ
അതിന്റെ സാന്നിദ്ധ്യമറിയിക്കും”

ആത്മപുഛം എന്ന തുലന സാമഗ്രി

ഘടനാപരവും സൗന്ദര്യശാസ്ത്രബന്ധിയും രാഷ്ട്രീയവുമായ ഒരു തുലനത്തിന്റെ ഉള്ളടക്കത്തിൽ നിന്നാണ് മികച്ച കല ഉണ്ടാകുന്നത് എന്നും ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിന് മറ്റുള്ളവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നേരിയ മേൽകൈ പോലും അതിന്റെ ക്രാഫ്റ്റിനെ ദുർബലപ്പെടുത്തുമെന്നും ദൃഢമായി വിശ്വസിച്ചിരുന്ന, കവിയോളം മികച്ച ഒരു എഡിറ്റർ കൂടിയായിരുന്നു ഹരി എന്നതിന് അവന്റെ കവിതയ്ക്ക് പുറത്തും അനുഭവ സാക്ഷ്യങ്ങളുണ്ട്. പക്ഷേ അവ വേണ്ട, ആ കവിതകൾ മാത്രം മതി അത് മനസിലാക്കാൻ.

കൂർപ്പിച്ച് എടുക്കും തോറും മുന ഒടിയാൻ, ലക്ഷ്യം ഒരു ബിന്ദുവിലേക്ക് ചുരുങ്ങാൻ സാദ്ധ്യതയുള്ള രചനയുടെ രീതിശാസ്ത്രബന്ധിയായ അപകടത്തെ പണ്ട് ബ്ളോഗ് കാലത്തോ മറ്റോ അന്ന് കവിയും, ഇന്ന് നോവലിസ്റ്റും കൂടിയുമായ മനോജ് കുറൂർ മുൻകൈ എടുത്ത് സൈബർ ലോകത്ത് അവതരിപ്പിച്ചത് വായിച്ചതായി ഓർക്കുന്നു.  ഘടനാപരമായും സൗന്ദര്യശാസ്ത്രപരമായും രാഷ്ട്രീയമായും നീക്കുപോക്കുകളില്ലാത്തവണ്ണം ദൃഢമായ ബോദ്ധ്യങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ തന്നെ ഇത്തരം ഒരു അപകടം ഒരുപക്ഷേ ഏറ്റവും അധികം  നേരിട്ട, അവയെ അതിജീവിച്ച കവിതകളാണ് ഹരിയുടേതെന്ന് പറയാം. അതിനോട് ചേർത്ത് പറയാവുന്നത്ര ‘അയവില്ലായ്മ’ അഥവാ പൊട്ടിപ്പോകുമോ എന്ന് ഭയപ്പെടുത്തുന്ന മുറുക്കൽ പിന്നെ എന്റെ അറിവിൽ ഉള്ളത് ടി പി വിനോദ് എന്ന ലാപുടയിലാണ്. കവിതയ്ക്ക് ഇത് മാത്രമാണ് വഴിയെന്നോ, ഈ വഴിയിൽ പോയവർ മാത്രമാണ് കവിയെന്നോ അല്ല. വിഷ്ണുവും അനിലനും കുഴൂരും കുറൂരും ലതീഷും പ്രമോദുമൊക്കെ (ഇനിയും എത്രയൊ വലുതാണ് പട്ടിക) ഇവിടുണ്ട്. പറഞ്ഞുവരുന്നത് ശ്രമകരമായ ‘ഒരു’ രചനാസങ്കേതത്തെ മുറുകെ പിടിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതിനെ കുറിച്ചാണ്, ഇതരങ്ങളെ അത് റദ്ദ് ചെയ്യുന്നില്ല.

അതിന് ഹരിയെ സഹായിച്ചതെന്താവണം? രാഷ്ട്രീയവും സാംസ്കാരികവും ദാർശനികവും ലാവണ്യബന്ധിയുമായ ബോദ്ധ്യങ്ങൾ അതിന് സാദ്ധ്യമായതിൽ ഏറ്റവും കണിശമായി പുലർത്തുമ്പോഴും ആത്മപുച്ഛത്തിന്റെ, ശങ്കയുടെ ഒരു ആത്മീയ ധാര അവൻ സൂക്ഷിച്ചിരുന്നു എന്നതാണത്. ഈ ആത്മീയത പുറത്ത് മുഖഭാവത്തിലോ സംസാരത്തിലോ ഇടപെടലുകളിലോ ഉള്ള ഭൗതികമായ കണിശതകൾക്ക് പിന്നിൽ അവനവനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു നിരന്തര അന്വേഷണത്വരയുടെ ഭാഗമാണ്. നിരന്തരമായ സ്വയം വിലയിരുത്തലുകളിലൂടെ പുറത്ത് കാണാത്ത ഒരു അന്ത:സംഘർഷത്തിന്റെ തലമുണ്ട് അവന്റെ വ്യക്തിത്വത്തിൽ എന്നപോലെ കവിതയിലും.

തടസ്സം

‘തടസ്സം’ എന്ന കവിത ഇതിന് ഒരു ഉദാഹരണമാണ്. ലിയോ ടൊൾസ്റ്റൊയിയുടെ അവസാന നോവലായ ‘ഉയിർത്തെഴുന്നേൽപ്പ്’ പരോക്ഷ പശ്ചാത്തലമാക്കി തുടങ്ങുന്ന  കവിത പക്ഷേ ഉടൻ ചെന്ന് കയറുന്നത് സ്വന്തം നൈതീകതയുടെ ഇരുട്ടിലേക്കാണ്.

“ഉയിര്‍‌‍ത്തെഴുന്നേല്‍പ്പ്‌ വായിച്ച്‌
തോമസിന്റെ കണ്ണു നനഞ്ഞിട്ടുണ്ട്‌.
എങ്കിലും അടുത്ത ദിവസം തന്നെ
സ്‌റ്റോർ മുറിയിലെ പാതിയിരുട്ടിൽ വച്ച്‌
വേലക്കാരിയെ കയറിപ്പിടിച്ചിട്ടുണ്ട്‌.
പകുതി ബലവും പകുതി പ്രലോഭനവും
പ്രയോഗിച്ചുള്ള ഭോഗത്തിനു ശേഷം
വസ്ത്രമുടുത്തു പുറത്തു വന്നപ്പോൾ‌
‍കോണിപ്പടിയുടെ ചുവട്ടിൽ‌
‍ടോള്‍സ്റ്റോയിയുടെ പ്രേതത്തെ കണ്ടേക്കുമോ
എന്നു ഭയന്നിട്ടുണ്ട്‌.“
കാമം എന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യവും അതിന്റെ നിവർത്തിക്കലിൽ പുരുഷൻ എന്ന നിലയിൽ ലഭ്യമായ ജന്മസിദ്ധ പേട്രിയാർക്കൽ അനുശീലനവും ഒരു വശത്തുനിന്നും സാംസ്കാരിക ബോദ്ധ്യമെന്ന നിലയിൽ ആർജ്ജിച്ച് തുടങ്ങിയിട്ടുള്ള ലിംഗനീതിയുടെയും ലൈംഗികസമത്വത്തിന്റെയും പാഠങ്ങൾ മറുവശത്ത് നിന്നും നയിക്കുന്ന ഒരു ആഭ്യന്തര ആത്മീയ യുദ്ധമാണ് പിന്നെ,
“മുന്നിലെ ചാരുകസേരയിൽ കിടന്ന്
"പുസ്തകം വേറെ, ജീവിതം വേറെ."
എന്നാശ്വസിച്ചിട്ടുണ്ട്‌.
അടുത്ത നിമിഷം തന്നെ
"ആശ്വാസം ഒരു പരിഹാരമല്ലല്ലോ."
എന്ന് അസ്വസ്ഥനായിട്ടുണ്ട്‌.
"അസ്വസ്ഥത കൊണ്ടെന്തു കാര്യം!"
എന്നു വേദനിച്ചിട്ടുണ്ട്‌.
"വേദന വെറും....."
എന്നു നിരാശപ്പെടാന്‍ തുടങ്ങിയപ്പോഴേക്കും
പണിക്കാരിപ്പെണ്ണ് വന്നു നൂറു രൂപ കടം ചോദിച്ചു കളഞ്ഞു.
ആകാംക്ഷയോടെ കണ്ടു കൊണ്ടിരുന്ന കളിക്കിടയിൽ
അവിചാരിതമായി വന്ന കൊമേഴ്‌സ്യൽ ബ്രേക്ക്‌.
ആത്മപീഡനം തടസ്സപ്പെട്ടതിന്റെ ഈര്‍ഷ്യ
അമ്പതു രൂപ മാത്രം കൊടുത്ത്‌ പരിഹരിച്ചു.” 
എന്ന് അവസാനിക്കുന്ന കവിതയിലെ കടുത്ത ആത്മപുച്ഛം അഥവാ വിമർശനാത്മകമായ ആത്മബോധമാണ് ഹരിയുടെ കവിതകളിൽ അവയുടെ രചനാസങ്കേതബന്ധിയായ കടുത്ത കൂർപ്പിക്കലുകളെ, അതിന്റെ  ദാർശനിക, രാഷ്ട്രീയ അയവില്ലായ്മകളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന ഘടകം എന്ന് തോന്നുന്നു. 

ഫലിതവേട്ട

ഇതുവരെ പറഞ്ഞുവന്നതിൽ നിന്ന് ഉണ്ടാകാവുന്ന ഒരു ദു:സ്സൂചന ഈ കവിതകൾ നമ്മുടെ കാലത്തിന് താങ്ങാനാവുന്നതിലും അപ്പുറം ദാർശനിക ഭാരമോ, ആഴമോ, ദാർഢ്യമോ ഒക്കെ പേറുന്ന എടുത്താൽ പൊന്താത്ത കവിതകൾ ആകും എന്ന ധാരണയാണ്. അതുകൊണ്ട് തന്നെയാണ് ഇതിൽ ഇതുവരെ പരാമർശിച്ച പല കവിതകൾക്കും മുമ്പ് എഴുതിയ ഈ കവിതയെ കുറിച്ച് അവസാനം പറയാം എന്ന് വച്ചതും.

ആഴം എന്നത് അരസികത്തമോ, ഒന്ന് ചിരിക്കാനാവാത്തവണ്ണം മുഖപേശികളെ ബാധിക്കുന്ന രോഗമോ ഒന്നുമല്ല. അത്തരം അയവില്ലായ്മാരോഗം ബാധിച്ച രചനകളേ അല്ല ഹരിയുടേത്. അവ ആകെ ശ്രമിച്ചിട്ടുള്ളത്  കാലത്തിനൊത്ത്, ഒരുപക്ഷേ അതിന് ഒരു മുഴം മുമ്പേ ചലിക്കുവാനുള്ള അയവും സ്ഥലവും സംഭരിച്ച് വയ്ക്കലാണ്.  മുഖ്യധാരയിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇതിലും എത്രയോ മടങ്ങ് ശ്രദ്ധിക്കപ്പെടുമായിരുന്ന അവന്റെ പല കവിതകളിൽ ഒന്നായ ‘ഫലിതവേട്ട’ എന്ന ഈ കവിത വായിക്കുക

“പുതിയവ പലതും വരും
സ്റ്റോർ ചെയ്യാനിടം വേണം

ഫലിതങ്ങൾ
വൈകിയറിയുന്നതേ
വലിയ പോരായ്മ
അറിയാതെ പോകുന്നതോ
ഓർക്കാനേ വയ്യ.”
അത് ഒരു ഞെട്ടലോടെ കവി മനസിലാക്കിയതും, ഞൊടിയിട കളയാതെ വേട്ട തുടങ്ങിയതും

“കാട്ടിലകപ്പെട്ട സർദാർജി
കഴുതയെ ഭോഗിക്കാൻ ശ്രമിച്ച കഥ
അറിയില്ലെന്ന് പറഞ്ഞപ്പോൾ
സുഹൃത്തിന്റെ മുഖത്തിന്
കിടക്കയിൽ തോറ്റവനെ നോക്കുന്ന
ഭാര്യയുടെ ഛായ
അതിൽ പിന്നെയാണ്“.

പിന്നെ ഗൂഗിൽ മുതൽ ഗോഗോളും മുല്ലാ നാസറുദ്ദീനും നമ്പൂതിരിയും പയ്യനും ചേറപ്പായിയും ഒക്കെ ചുരണ്ടി തലച്ചോറിൽ
 “വെവ്വേറെ ഷെൽഫുകളുണ്ടാക്കി..

ശ്രീനിവാസന്റെ നിർദ്ദോഷച്ചിരിയും
ജഗതിയുടെ ദ്വയാർത്ഥച്ചിരിയും
പ്രിന്റെടുത്ത്
മനച്ചുവരിൽ ഒട്ടിച്ചുവച്ചു“.

പിന്നെ കേൾവിക്കാരനിൽനിന്ന് ഉയരുന്ന ചിരിയുടെ ഫ്രീക്വെൻസിയിലായി അവനവനുന്മാദങ്ങൾ.

“വിസര്‍ജ്ജനത്തിന്റെ ശാന്തിമുഹൂര്‍ത്തത്തിൽ
ഊണുമേശയിൽ വിളമ്പാനുള്ള നര്‍മ്മശകലത്തെ
മനസ്സിലാവാഹിച്ചു.
ഭോഗനേരത്ത്‌
ജാരകഥയോര്‍ത്ത്‌ ഊറിച്ചിരിച്ചു.“

പക്ഷെ അപ്പോഴേയ്ക്കും ജീവിതത്തിന്റെ മുഖ്യധാരയ്ക്ക് പിന്നിൽ ബ്രാക്കറ്റിൽ,
(ചാപ്ളിന്റെ സങ്കടച്ചിരിയാകട്ടെ
ആകെ മങ്ങി
മഞ്ഞിച്ചു പോയിരുന്നു) എന്ന തിരിച്ചറിവാണ് ഏറ്റവും രസികൻ ദർശനം.

അടക്കാനാവാത്ത ചിരി ഉയർത്തി കേൾവിക്കാരനെ ഒരിക്കൽ ശ്വാസം മുട്ടിച്ച ഫലിതങ്ങൾ തന്നെയും പിന്നീട് കാലഗത്യാ സ്വന്തം പഴമയുടെ ഗന്ധത്തിൽ ശ്വാസം മുട്ടി മരിക്കുമെന്നും, അവയെ ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നും ഉള്ള താക്കീതോളം കരുത്തുള്ള ഓർമ്മ. അപ്പോൾ

“ആവശ്യത്തിനുള്ള സ്പേസ്‌
 ആയിക്കഴിഞ്ഞു.

നമ്പർ ഓർമ്മയുണ്ടല്ലോ, അല്ലേ?”