അസ്വാസ്ഥ്യം

ആർ. രാമചന്ദ്രൻ
                                                                                                                                                                   
ദൈവത്തിൻ ശവക്കല്ലറ
പഴംകഥകൾ പാടി-
ത്തേടുന്നവർതൻ
ഈ കാലൊച്ച
ഉറങ്ങാൻ കഴിയാത്ത
താരകങ്ങൾതൻ മങ്ങിന വെളിച്ചത്തിൽ
മതിൽക്കെട്ടുകളെല്ലാം കട-
ന്നകന്നകന്നു പോകുമ്പോൾ
ഈ രാവിൽ
പല രാവിലും
എല്ലാ രാവിലും
ഞാൻ അസ്വസ്ഥനാകുന്നു.

ഉറങ്ങാൻ കഴിയാത്ത
താരകങ്ങൾതൻ മങ്ങിന വെളിച്ചത്തിൽ
ചിരിച്ചുകൊണ്ടവർ മടങ്ങുമ്പോൾ
അവരുടെ കാലൊച്ച
നിലാവുറങ്ങുമെൻ
മുറ്റത്തുയരുമോ?
ഞാൻ അസ്വസ്ഥനാവുന്നു,
ഈ രാവിൽ
പല രാവിലും
എല്ലാ രാവിലും.
‌------------------

2002 ആഗസ്റ്റിലെ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച ഈ കവിത ആർ. രാമചന്ദ്രന്റെ സമാഹൃതകൃതികളിലൊന്നും ഉൾപ്പെടുത്തിയിട്ടില്ല.