ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് എഴുതിയ കത്ത് - 10

റെയ്നർ മരിയ റിൽക്കെ
പരിഭാഷ : വി. രവികുമാര്‍
പാരീസ്,
1908, ക്രിസ്തുമസ്സിന്റെ പിറ്റേ ദിവസം

നിങ്ങളുടെ ഈ മനോഹരമായ കത്ത് എന്നെ എന്തുമാത്രം സന്തോഷിപ്പിച്ചുവെന്ന് നിങ്ങൾ അറിയണം, പ്രിയപ്പെട്ട മി. കപ്പൂസ്. ആത്മാർത്ഥവും  നിഷ്കപടവുമായി നിങ്ങൾ അതിൽ പങ്കു വച്ചത് നല്ല വിശേഷങ്ങളായി എനിക്കു തോന്നി; ആലോചിക്കുന്തോറും എത്ര നല്ല വിശേഷങ്ങളാണവയെന്ന് എനിക്കു തോന്നുകയുമായിരുന്നു. ക്രിസ്തുമസ്സ് തലേന്നിന്റന്ന് നിങ്ങൾക്കു കിട്ടുന്ന രീതിയിൽ ഇതെല്ലാം നിങ്ങൾക്കെഴുതി അയക്കണമെന്ന് ഞാൻ മനസ്സിൽ കണ്ടിരുന്നു; പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, ഈ മഞ്ഞുകാലത്ത് ഒരിളവില്ലാതെ, പല രീതികളിൽ എന്നെ കൈവശപ്പെടുത്തിയ ജോലിയും അത്ര പെട്ടെന്നു കയറിവന്ന ക്രിസ്തുമസ്സും സഹായിച്ച് കത്തെഴുതാൻ പോകട്ടെ, അത്യാവശ്യപ്പണികൾക്കുള്ള സമയം പോലും എനിക്കു കിട്ടാതെപോയി.

പക്ഷേ ഈ അവധിക്കാലത്ത് പലപ്പോഴും ഞാൻ നിങ്ങളെക്കുറിച്ചാലോചിച്ചിരുന്നു, നഗ്നമായ കുന്നുകൾക്കിടയിലെ ഏകാന്തമായൊരു കോട്ടയ്ക്കുള്ളിൽ നിങ്ങൾ നിശ്ശബ്ദനായി ഇരിക്കുന്നതു ഞാൻ മനസ്സിൽ കണ്ടിരുന്നു; ആ കുന്നുകളെ വെട്ടിവിഴുങ്ങാനെന്നപോലെ തെക്കൻ കാറ്റുകൾ ഊറ്റത്തോടെ വീശുന്നുമുണ്ടാവണം.

ആ വിധമുള്ള ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ഇടമുള്ള ഒരു നിശ്ശബ്ദത എത്ര വിപുലമായിരിക്കണം; ഇതിനെല്ലാമൊപ്പം വിദൂരസാഗരത്തിന്റെ സാന്നിദ്ധ്യവും സംഗീതവും ചേരുന്നുണ്ടെന്നോർക്കുമ്പോൾ (ചരിത്രത്തിനും മുമ്പൊരു കാലത്തെ സ്വരലയത്തിലെ ഏറ്റവും അന്തഃസ്ഥിതമായ സ്വരമാണത്) ക്ഷമയോടെയും വിശ്വാസത്തോടെയും നിങ്ങൾ സ്വയം ആ മഹത്തായ ഏകാന്തതയ്ക്കു വിട്ടുകൊടുക്കുകയാണെന്നു പ്രതീക്ഷിക്കാനേ എനിക്കു കഴിയൂ. അതിനെ പിന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്നു തുടച്ചുമാറ്റാനും കഴിയില്ല. നിങ്ങളുടെ എല്ലാ അനുഭവങ്ങളിലും എല്ലാ പ്രവൃത്തികളിലും ഒരജ്ഞാതസ്വാധീനമായി അത് അന്തർനിഹിതമായിരിക്കും.  നമ്മുടെ സിരകളിലൂടെ നിരന്തരമോടുന്ന നമ്മുടെ പൂർവ്വികരുടെ രക്തം നമ്മുടെ ചോരയിൽ കലർന്ന് വ്യതിരിക്തവും പിന്നൊരിക്കൽ ആവർത്തിക്കാത്തതുമായ ഒരു സത്തയായി നമ്മെ മാറ്റുന്നപോലെ നമ്മുടെ ജീവിതത്തെ നിരന്തരമായും സൗമ്യമായും അതു നിർണ്ണയിച്ചുകൊണ്ടിരിക്കും. നമ്മുടെ ജീവിതത്തിന്റെ ഓരോ തിരിവിലും സൂക്ഷ്മവും സൗമ്യവുമായ ഒരു നിർണ്ണയമായിരിക്കും.

അതെ, നിങ്ങൾക്കിപ്പോൾ ഉറച്ചതും പറയത്തക്കതുമായ ഒരസ്തിത്വമുണ്ടെന്നത് എന്നെ സന്തോഷിപ്പിക്കുന്നു: ആ പദവി, ആ യൂണിഫോം, ഉത്തരവാദിത്തം-പ്രത്യക്ഷവും ക്ളിപ്തവുമായ ആ ലോകം- നിങ്ങളെപ്പോലെതന്നെ ഒറ്റപ്പെട്ട കുറച്ചു പട്ടാളക്കാരോടൊപ്പമുള്ള ഒരു ചുറ്റുപാടിൽ പട്ടാളത്തൊഴിലിന്റെ ഭാഗമായ കളിതമാശയ്ക്കും നേരമ്പോക്കിനുമപ്പുറം  ഒരുതരത്തിലുള്ള  ഗൗരവവും പ്രാമാണ്യതയും കൈവരിക്കുന്നു; ഇങ്ങനെയൊരു ചുറ്റുപാട്  നിങ്ങളെ ജാഗ്രതയിലേക്കും വ്യക്തിപരമായ ശ്രദ്ധയിലേക്കും നയിക്കുന്നുവെന്നു മാത്രമല്ല, രണ്ടിനുമുള്ള പരിശീലനം കൂടിയാവുന്നു. നമ്മെ സ്വാധീനിക്കുകയും പ്രകൃതിയുടെ മഹത്തായ പ്രതിഭാസങ്ങൾക്കു മുന്നിൽ കാലാകാലം നമ്മെ കൊണ്ടുനിർത്തുകയും ചെയ്യുന്ന ചുറ്റുപാടുകളിൽ ആയിരിക്കുക- അതേ നമുക്കു വേണ്ടൂ.

കലയും ഒരു ജീവിതരീതി മാത്രമാണ്‌; നിങ്ങൾ എങ്ങനെ ജീവിച്ചാലും, അറിയാതെതന്നെ നിങ്ങളതിനു സജ്ജരാവുകയാണ്‌.  അയഥാർത്ഥമായ, കലയെന്നവകാശപ്പെടുന്ന ആ തൊഴിലുകൾ - ഉദാഹരണത്തിന്‌, പത്രപ്രവർത്തനം മുഴുവനായും, മിക്കവാറുമെല്ലാ നിരൂപണവും, സാഹിത്യമെന്നു വിളിക്കപ്പെടുന്നതിൽ മുക്കാൽ പങ്കും- കലയോടു മുട്ടിനില്ക്കുന്നുവെന്നു നടിക്കുകയും വാസ്തവത്തിൽ അതിന്റെ അസ്തിത്വത്തെത്തന്നെ നിഷേധിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവ: അവയല്ല, യഥാർത്ഥമായ ഓരോ ജീവിതസന്ദർഭവുമാണ്‌ നമ്മെ കലയോടു കൂടുതൽ അടുപ്പിക്കുന്നത്, അതിന്റെ കുറച്ചുകൂടി അടുത്ത അയല്ക്കാരാക്കുന്നത്. അങ്ങനെയൊരു തൊഴിലിൽ ചെന്നടിയുക എന്ന അപകടത്തിൽ നിന്ന് നിങ്ങൾ സ്വയം തടുത്തു എന്നതും എവിടെയോ ഒരു പരുക്കൻ യാഥാർത്ഥ്യത്തിൽ ഒറ്റയ്ക്ക് ധൈര്യത്തോടെ ജീവിക്കുകയാണ്‌ നിങ്ങളെന്നതും എന്നെ സന്തോഷവാനാക്കുന്നു. ആ ജീവിതത്തിൽ തുടരുന്നതിനു വേണ്ട പിൻബലവും കരുത്തും വരുംവർഷം നിങ്ങൾക്കു നല്കട്ടെ.

എന്നും നിങ്ങളുടെ,
ആർ.എം.റില്ക്കെ