ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് എഴുതിയ കത്ത് - 4

റെയ്നർ മരിയ റിൽക്കെ 
പരിഭാഷ : വി. രവികുമാര്‍
വോർപ്‌സ്വീഡ്, ബ്രെമനു സമീപം
1903 ജൂലൈ 16

തീരെ സുഖമില്ലാതെയും ക്ഷീണിതനായും പത്തു ദിവസം മുമ്പ് ഞാൻ പാരീസിൽ നിന്ന് ഈ വടക്കൻ സമതലത്തിലേക്കു പോന്നു; ഇപ്രദേശത്തിന്റെ വിപുലതയും നിശബ്ദതയും ആകാശവും ആരോഗ്യം വീണ്ടെടുക്കാൻ എന്നെ സഹായിക്കുമെന്നതിൽ സംശയിക്കാനില്ല; പക്ഷേ തോരാതെ മഴ പെയ്യുന്നൊരു കാലത്തായിപ്പോയി ഞാൻ ഇവിടെയെത്തിയത്; നിർത്താതെ കാറ്റു വീശുന്ന ഈ ദേശത്ത് ഇന്നിപ്പോഴാണ്‌ മഴയ്ക്കൊരു ശമനമുണ്ടായത്. തെളിച്ചത്തിന്റെ ഈ നിമിഷം നിങ്ങളോടു കുശലം പറയാൻ ഉപയോഗപ്പെടുത്തട്ടെ, പ്രിയപ്പെട്ട സർ.

പ്രിയപ്പെട്ട കപ്പൂസ്, നിങ്ങളുടെ കത്ത് എന്റെ മറുപടി പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഞാനതിനെ മറവിയിൽ തള്ളി എന്നല്ല; മറിച്ച്, മറ്റു കത്തുകളുടെ കൂട്ടത്തിൽ കാണുമ്പോൾ വീണ്ടുമെടുത്തു വായിക്കുന്ന തരത്തിൽപ്പെട്ടതൊന്നാണത്. വായിക്കുന്തോറും നിങ്ങൾ എനിക്കത്ര സമീപസ്ഥനാണെന്ന് എനിക്കു തോന്നുകയുമായിരുന്നു. മേയ് രണ്ടാം തീയതിയിലെ കത്താണത്; നിങ്ങൾക്ക് അതോർമ്മയുണ്ടാവണം. ഈ വിദൂരദേശത്തെ വിപുലമൌനത്തിലിരുന്ന് വീണ്ടും ഈ കത്തു വായിക്കുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ മനോഹരമായ ആകാംക്ഷകൾ പാരീസിൽ വച്ചെന്നതിനെക്കാൾ എന്റെ മനസ്സിനെ സ്പർശിച്ചുപോവുകയാണ്‌!; അവിടെയാകട്ടെ, ഭൂമി കുലുക്കുന്ന ആ ഒച്ചപ്പാടിൽ എന്തും നമ്മുടെ കാതിലേക്കെത്തുന്നത് വ്യത്യസ്തമായൊരു പ്രകാരത്തിലാണല്ലോ. ഇവിടെ, കടൽക്കാറ്റുകൾ മേയുന്ന ഈ പ്രബലപ്രകൃതി വലയം ചെയ്തുനിൽക്കെ, എനിക്കു തോന്നുകയാണ്‌, ഒരു മനുഷ്യനുമാവില്ല, താങ്കളുടെ ആ ചോദ്യങ്ങൾക്കു മറുപടി നല്കാനെന്ന്, ഉള്ളിന്റെയുള്ളിൽ സ്വന്തമായൊരു ജീവിതമുള്ള ആ അനുഭൂതികളെ വിശദീകരിക്കാനെന്ന്. എന്തെന്നാൽ, എത്രയും സൂക്ഷ്മമായ, അവാച്യമെന്നുതന്നെ പറയാവുന്ന അനുഭൂതികളെക്കുറിച്ചു പറയേണ്ടി വരുമ്പോൾ ഏതു കേമനായ എഴുത്തുകാരനും കാലിടറും.

അതങ്ങനെയാണെങ്കിൽക്കൂടി, ഈ നിമിഷം എന്റെ കണ്ണുകളെ ഉന്മേഷപ്പെടുത്തുന്ന ഈ വസ്തുക്കളോടു സദൃശമായമായവയിലാണു നിങ്ങൾ പറ്റിച്ചേർന്നു നിൽക്കുന്നതെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെപോകില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ, അതിന്റെ സാരള്യത്തിൽ, കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത വിധത്തിൽ അത്ര നിസ്സാരമെങ്കിലും പൊടുന്നനേ വിശ്വരൂപമെടുത്തേക്കാവുന്ന ചെറിയവയിൽ നിങ്ങൾ വിശ്വാസമർപ്പിക്കുമെങ്കിൽ; എളിമയുള്ളതുകളോടാണു നിങ്ങൾക്കു മമതയെങ്കിൽ, നിസ്സാരങ്ങളുടെ സ്നേഹമാർജ്ജിക്കാൻ ഒരു സേവകനെപ്പോലെ നിങ്ങൾ ശ്രമിക്കുമെങ്കിൽ; എങ്കിൽ സർവതും നിങ്ങൾക്കു കൂടുതൽ അനായാസമാവുകയാണ്‌, കൂടുതൽ സന്തുലിതവും യുക്തവുമാവുകയാണ്‌- നിങ്ങളുടെ ബോധമനസ്സിനല്ല- അത് അത്ഭുതസ്തബ്ധമായി പിൻവലിയുകയാണല്ലൊ- നിങ്ങളിൽ അന്തര്യാമിയായ ബോധത്തിന്‌, ജാഗ്രതയ്ക്ക്, ജ്ഞാനത്തിന്‌.

നിങ്ങൾ തീരെ ചെറുപ്പമാണ്‌; തുടക്കങ്ങൾ വരാൻ കിടക്കുന്നതേയുള്ളു; അതിനാൽ പ്രിയപ്പെട്ട കപ്പൂസ്, എനിക്കായ വിധം ഞാൻ നിങ്ങളോടപേക്ഷിക്കട്ടെ: നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ ഒരല്പം ക്ഷമ കാണിക്കുക, ആ ചോദ്യങ്ങളെത്തന്നെ സ്നേഹിക്കാൻ പഠിക്കുക, അടഞ്ഞുകിടക്കുന്ന മുറികളെയെന്നപോലെ, നമുക്കു തീർത്തുമന്യമായ ഭാഷയിലെഴുതിയ പുസ്തകങ്ങളെപ്പോലെ. ഉത്തരങ്ങൾ തേടിപ്പോകരുത്; അവ സ്വീകരിക്കാൻ ഇപ്പോൾ നിങ്ങൾ അർഹനായിട്ടില്ല, കാരണം, അവയെ അനുഭവമാക്കാനുള്ള കഴിവു നിങ്ങൾക്കായിട്ടില്ല എന്നുതന്നെ. സർവതും അനുഭവമാവുക എന്നതിലാണു കാര്യം. ഇപ്പോൾ ചോദ്യങ്ങൾ നിങ്ങൾക്കനുഭവമാകട്ടെ. എങ്കിൽ വിദൂരഭാവിയിലൊരു നാൾ പതിയെപ്പതിയെ, നിങ്ങൾ പോലുമറിയാതെ ഉത്തരങ്ങൾ നിങ്ങൾക്കനുഭവമായെന്നു വരാം. തീർത്തും സംതൃപ്തവും ആഹ്ളാദപ്രദവും നിർമ്മലവുമായ ഒരു ജീവിതശൈലി തനിക്കായി മനസ്സിൽ കാണാനും ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനുമുള്ള ശക്തി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്നുതന്നെയും വരാം. അതിനായി സ്വയം പരിശീലിപ്പിക്കുക; അതേ സമയം, വരുന്നതെന്തിനെയും, നിങ്ങളുടെ സ്വതന്ത്രേച്ഛയിൽ നിന്നാണതു വരുന്നതെങ്കിൽ, നിങ്ങളുടെ അന്തരാത്മാവിന്റെ ഒരാവശ്യത്തിൽ നിന്നാണു വരുന്നതെങ്കിൽ, പൂർണ്ണവിശ്വാസത്തോടെ കൈക്കൊള്ളുക, ഒന്നിനെയും വെറുക്കാതിരിക്കുക.

ലൈംഗികത ദുഷ്കരമാണ്‌; അതെ, അതു ദുഷ്കരം തന്നെയാണ്‌. പക്ഷേ നമുക്കു പറഞ്ഞിട്ടുള്ള ഉദ്യമങ്ങളിൽ ദുഷ്കരമല്ലാത്തതായി ഏതിരിക്കുന്നു? സാരമായിട്ടുള്ളതെല്ലാം ദുഷ്കരമാണ്‌, സാരമല്ലാത്തതായി ഒന്നുമില്ലതാനും. ഇതംഗീകരിക്കാൻ നിങ്ങൾക്കായാൽ, നിങ്ങളിൽ നിന്ന്, നിങ്ങളുടെ സ്വന്തം പ്രകൃതത്തിലും മനോഭാവത്തിലും നിന്ന്, നിങ്ങളുടെ സ്വന്തം അനുഭവസമ്പത്തിൽ നിന്ന്, നിങ്ങളുടെ കരുത്തുകളിൽ നിന്ന്, നിങ്ങളുടെ ബാല്യകാലത്തിൽ നിന്ന് പൂർണ്ണമായും നിങ്ങളുടേതായ ഒരു ബന്ധം (മാമൂലുകൾ സ്വാധീനിക്കാത്തതായ ഒന്ന്) ലൈംഗികതയോടു രൂപപ്പെടുത്താൻ നിങ്ങൾക്കായാൽ, എങ്കിൽ നിങ്ങൾ വ്യക്തിത്വമില്ലാത്തവനാവുമെന്നോ, നിങ്ങളുടെ ഏറ്റവും അനർഘമായ സ്വത്തായ ലൈംഗികതയ്ക്ക് നിങ്ങൾ അർഹനല്ലാതാവുമെന്നോ പിന്നെ പേടിക്കാനില്ലാതാവുന്നു.

ഉടലിന്റെ ആനന്ദങ്ങളെ മറ്റേതൊരു ഐന്ദ്രിയാനുഭവം പോലെ തന്നെ എടുത്താൽ മതി- ശുദ്ധമായ കാഴ്ച പോലെ, നന്നായി പഴുത്ത ഒരു മധുരഫലം നാവിൽ നിറയുമ്പോലെ. നമുക്കു നല്കപ്പെട്ട മഹത്തായതും അനന്തവുമായ ജ്ഞാനമാണത്, എല്ലാ ജ്ഞാനത്തിന്റെയും പൂർണ്ണതയും മഹിമയുമാണത്. അതിനെ കൈക്കൊള്ളുന്നതിൽ ഹീനമായിട്ടൊന്നുമില്ല. മിക്കവരും അതിനെ ദുരുപയോഗപ്പെടുത്തുന്നു, ദുർവ്യയം ചെയ്യുന്നു എന്നതാണു ഹീനമായിട്ടുള്ളത്. തങ്ങളുടെ ഏറ്റവും ഉന്നതമായ മുഹൂർത്തങ്ങളിലേക്കുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നതിനു പകരം സ്വന്തം ജീവിതത്തിലെ വിരസവും ക്ഷീണിതവുമായ ഇടങ്ങളിൽ ഒരു പ്രലോഭനമായിട്ടാണ്‌ അവരതിനെ കാണുന്നത്.

ഭക്ഷണം കഴിക്കുന്നതിനെപ്പോലും മനുഷ്യൻ മറ്റൊന്നായി മാറ്റിയിരിക്കുന്നു. ഒരിടത്തു കുറവും മറ്റൊരിടത്തു കൂടുതലും ആ അടിസ്ഥാനപരമായ ആവശ്യത്തെപ്പോലും കലുഷമാക്കിയിരിക്കുന്നു. ഇതേ പ്രകാരം തന്നെ കലുഷമായിരിക്കുന്നു, ജീവിതം സ്വയം നവീകരിക്കുന്ന സരളവും അഗാധവുമായ എല്ലാ ആവശ്യങ്ങളും. വ്യക്തിക്കു പക്ഷേ, അവയെ തെളിച്ചെടുക്കാവുന്നതേയുള്ളു, ആ തെളിമയിൽ ജീവിക്കാവുന്നതേയുള്ളു- അന്യരെ അമിതമായി ആശ്രയിക്കുന്നില്ല അയാളെങ്കിൽ, ഏകാന്തതയുമായി ഉടമ്പടിയിലാണയാളെങ്കിൽ.

ജന്തുക്കളിലും സസ്യങ്ങളിലുമുള്ള സൌന്ദര്യം സ്നേഹത്തിന്റെയും അഭിലാഷത്തിന്റെയും മൂകവും ചിരന്തനവുമായ രൂപമാണെന്നും നാമോർക്കുക. സസ്യങ്ങളെപ്പോലെതന്നെ വേണം നാം ജന്തുക്കളെയും വീക്ഷിക്കുക- ക്ഷമാപൂർവ്വമായും സ്വേച്ഛയോടെയും വളരുകയും പെരുകുകയുമാണവ; അതുപക്ഷേ, ഭൌതികമായ സുഖത്തിലും വേദനയിലും നിന്നല്ല, അവയെക്കാളുന്നതവും സ്വേച്ഛയെക്കാൾ, പ്രതിരോധത്തെക്കാൾ ശക്തവുമായ ആവശ്യകതകൾക്കു വഴങ്ങിയിട്ടാണ്‌. ഈ രഹസ്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌, ഭൂമി അതിന്റെ ഏറ്റവും നിസ്സാരമായ വസ്തുക്കൾ വരെ. ഹാ, അതിനെ നിസ്സാരമായി കാണാതെ എളിമയോടെ ആ രഹസ്യത്തെ കൈയേല്ക്കാൻ നമുക്കായെങ്കിൽ, ഭവ്യതയോടെ കൊണ്ടുനടക്കാൻ നമുക്കായെങ്കിൽ, അതിനെ നിസ്സാരമായി കാണാതെ എത്ര ഭയാനകമാം വിധത്തിൽ ദുഷ്കരമാണതെന്നറിയാൻ നമുക്കു കഴിഞ്ഞെങ്കിൽ!
തന്നിലെ ഉർവരതയെ ഭക്തിയോടെ കാണാൻ മനുഷ്യനായെങ്കിൽ! ആത്മീയമോ ഭൌതികമോ ആയിട്ടാണതിന്റെ ആവിഷ്കാരങ്ങളെന്നു തോന്നിയാലും സാരാംശത്തിൽ രണ്ടും ഒന്നു തന്നെ. കാരണം, ആത്മീയമായ ഒരു സൃഷ്ടിയും മുളയെടുക്കുന്നത് ഭൌതികതയിലാണ്‌, രണ്ടിനും ഒരേ പ്രകൃതിയുമാണ്‌; ശാരീരികാനന്ദങ്ങളുടെ കുറച്ചുകൂടി സൌമ്യവും നിർവൃതിദായകവും ചിരന്തനവുമായ ഒരാവർത്തനമാണെന്നേയുള്ളു മറ്റേത്. ‘സ്രഷ്ടാവാകാനുള്ള, ജനയിതാവാകാനുള്ള, രൂപപ്പെടുത്തിയെടുക്കാനുള്ള തൃഷ്ണ’ ഭൌതികലോകത്ത് അതു സാക്ഷാല്ക്കരിക്കപ്പെടുന്നില്ലെങ്കിൽ, ജന്തുക്കളുടെയും വസ്തുക്കളുടെയും അളവറ്റ സമ്മതി അതിനു ലഭിക്കുന്നില്ലെങ്കിൽ ഒന്നുമല്ലാതായിപ്പോകുന്നു. സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.

വസ്തുക്കളുടെ ഉപരിതലം കണ്ടു വഴി തെറ്റാൻ നിന്നുകൊടുക്കരുത്; ആഴങ്ങളിൽ എല്ലാം നിയമമത്രെ. ആ നിഗൂഢത അയഥാർത്ഥമായി, വികലമായി അനുഭവിക്കുന്നവർക്ക് - അങ്ങനെയുള്ളവർ കുറച്ചൊന്നുമല്ല- അതു നഷ്ടപ്പെടുന്നുണ്ടെങ്കിലും ആ നഷ്ടം അവരെ സംബന്ധിച്ചു മാത്രമേയുള്ളു. ആ നിഗൂഢതയെക്കുറിച്ചജ്ഞരാണെങ്കിലും അതവർ അടുത്ത തലമുറയിലേക്കു പകരുന്നുണ്ട്, മുദ്ര വച്ച ഒരു കത്ത് കൊണ്ടേല്പിക്കുമ്പോലെ. പേരുകൾ എത്രയാണെന്നതും എത്ര സങ്കീർണ്ണമാണ്‌ ഓരോ ജീവിതമെന്നോർത്തും മനസ്സു കലുഷമാക്കുകയുമരുത്. പ്രബലമായ ഒരു മാതൃഭാവം പരസ്പരാകർഷണത്തിന്റെ രൂപത്തിൽ സർവതിനും മേലുണ്ടെന്നുമാവാം.
ഒരു കന്യകയുടെ,  നിങ്ങൾ അതിമനോഹരമായി പറഞ്ഞപോലെ ഇനിയുമൊന്നും കൈയവരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ സൌന്ദര്യം എന്നു പറയുന്നത് അവളുടെ മാതൃത്വമാണ്‌, അതിന്റെ പ്രതീക്ഷയാണ്‌; അതിന്റെ ഒരുക്കങ്ങളും ഉത്കണ്ഠകളും അഭിലാഷങ്ങളുമാണ്‌. അമ്മയുടെ സൌന്ദര്യമാകട്ടെ, ശുശ്രൂഷിക്കുന്ന മാതൃത്വത്തിന്റേതും. പ്രായമായ ഒരു സ്ത്രീയിൽ അതൊരു വിപുലസ്മൃതിയുമാകുന്നു.

പുരുഷനിലുമുണ്ട് ഒരു മാതൃഭാവമെന്നെനിക്കു തോന്നുന്നു, ശാരീരികമായും ആത്മീയമായും. പ്രജനനം ഒരു തരത്തിൽ പ്രസവം കൂടിയാണ്‌; പ്രസവം തന്നെയാണ്‌, അയാൾ തന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് സൃഷ്ടി നടത്തുമ്പോൾ സംഭവിക്കുന്നതും.

ആണിനും പെണ്ണിനും തമ്മിൽ നാം കരുതുന്നതിനെക്കാൾ അടുപ്പമുള്ള ബന്ധമായിരിക്കാമുള്ളത്. ലോകത്തിന്റെ നവോത്ഥാനം ഒരുപക്ഷേ, ഇതിലായിരിക്കാം: സ്ത്രീയും പുരുഷനും, സകലവിധ ചിന്താകാലുഷ്യങ്ങളിലും വിദ്വേഷങ്ങളിലും നിന്നു മുക്തരായി, ഒരാൾ തന്റെ വിപരീതത്തെ എന്നല്ലാതെ സ്വന്തം സഹോദരനെയോ സഹോദരിയേയോ ഒരയൽക്കാരനെയോ എന്നപോലെ അന്യോന്യം തേടുക; മനുഷ്യജീവികളായി തമ്മിലൊരുമിക്കുക; തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ലൈംഗികത എന്ന ഭാരിച്ച ചുമതല ഗൌരവത്തോടെയും ക്ഷമയോടെയും ഒരുമിച്ചു വഹിക്കുക.
ഭാവിയിൽ പലരെക്കൊണ്ടും സാദ്ധ്യമാകുന്നതൊക്കെ ഏകാകിയായ മനുഷ്യന്‌ അത്രയധികം പിശകുകൾ വരുത്താത്ത സ്വന്തം കൈകൾ കൊണ്ട് ഇപ്പോഴേ ചെയ്തുതുടങ്ങാവുന്നതേയുള്ളു. അതിനാൽ പ്രിയപ്പെട്ട സ്നേഹിതാ, നിങ്ങളുടെ ഏകാന്തതയെ സ്നേഹിക്കുക. അതു കൊണ്ടുണ്ടാകുന്ന വേദന സഹിക്കാൻ പഠിക്കുക, അതിനെ പാടി മറി കടക്കുക. തനിക്കേറ്റവുമടുത്തവർ അകലെയാണെന്നല്ലേ നിങ്ങൾ എഴുതിയത്; നിങ്ങളുടെ കാഴ്ചപ്പാടു വിപുലമാവാൻ തുടങ്ങുന്നു എന്നാണതു കാണിക്കുന്നത്. അടുത്തുള്ളത് അകലെയായിക്കഴിഞ്ഞുവെങ്കിൽ നിങ്ങളുടെ ചക്രവാളം നക്ഷത്രങ്ങളിലേക്കു വികസിച്ചിരിക്കുന്നു എന്നാണർത്ഥം. നിങ്ങളുടെ വളർച്ചയിൽ ആഹ്ളാദിക്കുക; തീർച്ചയായും ആ വളർച്ചയിൽ നിങ്ങൾക്കാരെയും ഒപ്പം കൂട്ടാനാവില്ല; പിന്നിലായിപ്പോയവരോടു സൌമ്യരാവുക, അവരുടെ സാന്നിദ്ധ്യത്തിൽ നിങ്ങളുടെ പെരുമാറ്റം ആത്മവിശ്വാസവും അക്ഷോഭ്യതയും നിറഞ്ഞതാവട്ടെ; നിങ്ങളുടെ സന്ദേഹങ്ങൾ കൊണ്ട് അവരെ പീഡിപ്പിക്കരുത്; നിങ്ങളുടെ ആത്മവിശ്വാസമോ അവർക്കു പിടി കിട്ടാത്ത നിങ്ങളുടെ ആഹ്ളാദമോ കൊണ്ട് അവരെ വിരട്ടുകയുമരുത്. സരളവും ആത്മാർത്ഥവുമായ ഒരു ചാർച്ചയിലേക്ക് അവരെ കൊണ്ടുവരാൻ ശ്രമിക്കുക; നിങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നാലും ആ ബന്ധത്തിനു മാറ്റം വരണമെന്നുമില്ല. നിങ്ങളിൽ നിന്നു വ്യത്യസ്തമാണതെങ്കിലും അവർ ജീവിക്കുന്ന ജീവിതത്തെ സ്നേഹിക്കുക. പ്രായമാകുന്നവരോടു പരിഗണന കാണിക്കുക; കാരണം, നിങ്ങൾ അത്രമേൽ വിശ്വാസമർപ്പിക്കുന്ന അതേ ഏകാന്തതയെ ഭയക്കുന്നവരാണവർ. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നിത്യേന അരങ്ങേറുന്ന ആ ബലപരീക്ഷണനാടകത്തിനു  കൊഴുപ്പു കൂട്ടാതെ നോക്കുക. അതു കുട്ടികളുടെ ശക്തി കവർന്നെടുക്കുകയാണ്‌, മുതിർന്നവരുടെ സ്നേഹത്തെ പാഴിലാക്കുകയുമാണ്‌; കുട്ടികളെ മനസ്സിലാക്കുന്നില്ലെങ്കിലും ചടുലവും ഊഷ്മളവുമാണല്ലോ, അവരുടെ സ്നേഹം. അവരിൽ നിന്ന് ഉപദേശം തേടരുത്, അവർ തന്നെ മനസ്സിലാക്കുമെന്നു മോഹിക്കുകയുമരുത്. പകരം, ഒരു പിതൃസ്വത്തു പോലെ തനിക്കായി കാത്തുവച്ചിരിക്കുന്ന ഒരു സ്നേഹത്തിൽ വിശ്വാസമർപ്പിക്കുക, ഒരു ശക്തിയും അനുഗ്രഹവും അതിലുണ്ട് എന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ ഏറ്റവും അകലത്തേക്കുള്ള യാത്രകളിൽ പോലും ആ സാന്നിദ്ധ്യം നിങ്ങളോടൊപ്പമുണ്ടാവുകയും ചെയ്യും.

നിങ്ങളെ സ്വതന്ത്രനാക്കുകയും ഏതർത്ഥത്തിലും സ്വന്തം കാലിൽ നിൽക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യുന്ന ഒരു തൊഴിലിലേക്കാണ്‌ ഇപ്പോൾ നിങ്ങൾ പ്രവേശിക്കുന്നതെന്നത് നല്ല കാര്യമാണ്‌. ആ തൊഴിലിന്റെ സ്വഭാവം കൊണ്ട് നിങ്ങളുടെ ആന്തരജീവിതം ഞെരുങ്ങുമോയെന്ന് ക്ഷമയോടെ കാത്തിരുന്നു കാണുക. അതു വളരെ ദുഷ്കരമായിരിക്കുമെന്നാണ്‌ എന്റെ അഭിപ്രായം; കാരണം, അതിന്റെ നിർദ്ദിഷ്ടമായ കടമകളെ വ്യക്തിപരമായി വ്യാഖ്യാനിക്കാൻ ഒരു പഴുതും നല്കാത്ത വിധം മാമൂലുകൾ കൊണ്ട് അത്ര ഭാരം തൂങ്ങുന്നതാണ്‌ ആ തൊഴിൽ. പക്ഷേ അപരിചിതമായ ചുറ്റുപാടിലും നിങ്ങളുടെ ഏകാകിത നിങ്ങൾക്കൊരു സാന്ത്വനവും ആശ്രയവുമായിരിക്കും. ആ ഏകാകിതയിൽ നിന്ന് നിങ്ങൾ നിങ്ങളുടെ വഴികൾ തുറക്കുകയും ചെയ്യും. എന്റെ എല്ലാ ആശംസകളും നിങ്ങളുടെ യാത്രകളിൽ ഒപ്പം പോരാൻ ഒരുങ്ങിനിൽക്കുകയാണ്‌, അതുപോലെ തന്നെ എനിക്കു നിങ്ങളിലുള്ള വിശ്വാസവും.
സ്വന്തം,
റെയ്നർ മരിയ റിൽക്കെ