ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് എഴുതിയ കത്ത് - 6

റെയ്നർ മരിയ റിൽക്കെ
പരിഭാഷ : വി. രവികുമാര്‍
റോം, 
1903 ഡിസംബർ 23

പ്രിയപ്പെട്ട മി. കപ്പൂസ്,
ഈ ക്രിസ്തുമസ് കാലത്ത് എന്നിൽ നിന്നൊരാശംസ നിങ്ങൾക്കു കിട്ടാതെപോകരുതെന്നു ഞാൻ കരുതി; ചുറ്റും ആഘോഷങ്ങളുടെ ആരവങ്ങളാകുമ്പോൾ ഏകാന്തത പതിവിലുമധികം നിങ്ങൾക്കസഹ്യമാകുമല്ലോ. എന്നാൽ അത്ര വലുതായിട്ടാണ്‌ അതു നിങ്ങൾക്കനുഭവപ്പെടുന്നതെങ്കിൽ അതിൽ ആഹ്ളാദിക്കുക; കാരണം (നിങ്ങൾ സ്വയം ചോദിക്കുക), വലുതല്ലാത്ത ഒരേകാന്തതയുണ്ടോ? ഒരേകാന്തതയേയുള്ളു, അതു വിപുലമാണ്‌, അതു സഹിക്കാൻ എളുതുമല്ല; ഏതൊരു മനുഷ്യന്റെ ജീവിതത്തിലുമുണ്ടാവും, തന്റെ ഏകാന്തതയെ ഏതെങ്കിലും വിധത്തിലുള്ള സഹവാസവുമായി, അതിനി എത്ര അധമവും നിസ്സാരവുമായിക്കോട്ടെ, സന്തോഷത്തോടെ വച്ചുമാറാൻ അയാൾ കൊതിക്കുന്ന നിമിഷങ്ങൾ; എതിരേ വരുന്നയാൾ എത്ര വില കെട്ടവനായാലും അയാളുമായി ഒരു നേരിയ സൗഹൃദത്തിന്റെ മിഥ്യയിലേർപ്പെടാൻ അയാൾ ആശിച്ചുപോകും. എന്നാൽ ആ തരം നേരങ്ങളിൽത്തന്നെയാവാം, ഏകാന്തത തഴയ്ക്കുന്നതും; കാരണം, അതിന്റെ വളർച്ച ഒരു ബാലന്റെ വളർച്ച പോലെ വേദന നിറഞ്ഞതാണ്‌, വസന്തത്തിന്റെ തുടക്കം പോലെ വിഷാദം നിറഞ്ഞതുമാണ്‌. അതുകൊണ്ടു പക്ഷേ, നിങ്ങളുടെ മനസ്സിടിയരുത്. നിങ്ങൾക്കു വേണ്ടതിതാണ്‌- ഏകാന്തത, ഉള്ളു നിറയ്ക്കുന്ന ഏകാന്തത. തന്റെ ഉള്ളിലേക്കിറങ്ങുക, മണിക്കൂറുകളോളം ആരെയും കാണാതിരിക്കുക- അതിലേക്കാണ്‌ നിങ്ങളെത്തേണ്ടത്. കുട്ടിയായിരിക്കുമ്പോൾ മുതിരന്നവർക്കിടയിൽ നിങ്ങളറിഞ്ഞ ഏകാന്തത: കനപ്പെട്ട, വലിയ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണവരെന്ന് അന്നു  നിങ്ങൾക്കു തോന്നിയിരുന്നു; കാരണം, അവർ അത്രയ്ക്കു തിരക്കിലായിരുന്നു, എന്താണവർ ചെയ്യുന്നതെന്നത് നിങ്ങൾക്കു പിടി കിട്ടാത്തതുമായിരുന്നു.

അവരുടെ പ്രവൃത്തികൾ നിസ്സാരവും അവരുടെ ജീവിതവൃത്തികൾ വന്ധ്യവും ജീവിതത്തോടുള്ള ബന്ധം മുറിഞ്ഞതുമാണെന്നു ബോദ്ധ്യം വന്നുകഴിഞ്ഞാൽ പിന്നെന്തുകൊണ്ടൊരു കുട്ടിയെപ്പോലെ ലോകത്തെ നോക്കിക്കൂടാ- തനിക്കപരിചിതമായതൊന്നിനെപ്പോലെ, നിങ്ങളുടെ സ്വന്തം ലോകത്തിന്റെ ഗഹനതയിൽ നിന്ന്, നിങ്ങളുടെ ഏകാന്തതയുടെ വൈപുല്യത്തിൽ നിന്ന്, നിങ്ങളുടെ പ്രവൃത്തിയും കർമ്മവും നേട്ടവുമായ ആ ഏകാന്തതയിൽ നിന്ന്? ഒരു കുട്ടിയുടെ പ്രാജ്ഞമായ മനസ്സിലാകായ്കയെ എന്തിനു തിരസ്കൃതബോധവും വിദ്വേഷവുമായി വെച്ചുമാറണം? ആ മനസ്സിലാകായ്ക തന്നെയല്ലേ, ഏകാന്തത? തിരസ്കൃതബോധവും വിദ്വേഷവും എന്തിൽ നിന്നു വിട്ടുപോരാൻ നിങ്ങളാഗ്രഹിച്ചുവോ, അതിൽ പങ്കു ചേരാനുള്ള വഴികളുമല്ലേ?

നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ലോകത്തെക്കുറിച്ചു ചിന്തിക്കൂ, പ്രിയപ്പെട്ട മി. കപ്പൂസ്. ആ ചിന്തയെ നിങ്ങൾക്കെന്തുപേരിട്ടും വിളിക്കാം: സ്വന്തം ബാല്യത്തിന്റെ ഓർമ്മയെന്നോ സ്വന്തം ഭാവിയിലേക്ക് അഭിലാഷത്തോടെയുള്ള നോട്ടമെന്നോ. എന്തുമാവട്ടെ, നിങ്ങളുടെ ഉള്ളിൽ നിന്നുയർന്നുവരുന്നതിനെ ശ്രദ്ധയോടെ നിരീക്ഷിക്കുക, നിങ്ങൾക്കു ചുറ്റും കാണുന്നതിൽ നിന്നൊക്കെ ഉയരത്തിൽ അതിനെ വയ്ക്കുക. നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ നടക്കുന്നതേ നിങ്ങളുടെ സ്നേഹത്തിനർഹമായിട്ടുള്ളു; നിങ്ങളുടെ ചെയ്തികളെല്ലാം അതിൽ ഊന്നിയായിരിക്കണം. നിങ്ങളുടെ നിലപാട് മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കാനായി അധികം സമയവും ഊർജ്ജവും പാഴാക്കുകയുമരുത്. നിങ്ങൾക്കൊരു നിലപാടുണ്ടെന്നു തന്നെ ആരു പറയുന്നു? എനിക്കറിയാം, നിങ്ങളുടെ ജോലി കഠിനമാണ്‌, നിങ്ങളുടെ വിശ്വാസങ്ങൾക്കെതിരുമാണത്; നിങ്ങളുടെ പരാതികൾ ഞാൻ മുൻകൂട്ടി കണ്ടിരുന്നു; എന്നെങ്കിലും അവ പുറത്തേക്കു വരുമെന്നും എനിക്കറിയാമായിരുന്നു. ഇന്നവ പുറത്തേക്കു വന്ന സ്ഥിതിയ്ക്ക് നിങ്ങൾക്കൊരാത്മവിശ്വാസം പകരാൻ എനിക്കു കഴിയുന്നില്ല; ഇങ്ങനെയൊരുപദേശമേ എനിക്കു തരാനുള്ളു: എല്ലാ തൊഴിലും ഇതുപോലെതന്നെയല്ലേ? നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണത്, വ്യക്തിയോടുള്ള വിരോധം നിറഞ്ഞതാണത്, വിരസമായ ഒരു ജോലിയ്ക്ക് നിശ്ശബ്ദമായി കീഴ്വങ്ങിയവരുടെ നിരുന്മേഷമായ വിദ്വേഷം നിറഞ്ഞതാണത്. നിങ്ങൾക്കിപ്പോൾ ജീവിക്കേണ്ടിവരുന്ന അവസ്ഥ മാമൂലുകളും മുൻവിധികളും തെറ്റിദ്ധാരണകളും നിറഞ്ഞ മറ്റവസ്ഥകളേക്കാൾ ദുർവ്വഹമാണെന്നു പറയാനില്ല; കുറച്ചുകൂടി സ്വതന്ത്രമെന്നു പുറമേ കാണിക്കുന്ന മറ്റു മണ്ഡലങ്ങൾ ഉണ്ടെന്നു തോന്നാം; എന്നാൽ അപരിമിതവും വിശാലവും ജീവിതത്തെ യഥാർത്ഥമാക്കുന്ന വലിയ കാര്യങ്ങളോടു സമ്പർക്കമുള്ളതുമായ ഒരു മണ്ഡലം എങ്ങും നിങ്ങൾ കാണില്ല. ഏകാകിയായ ഒരു വ്യക്തിയേ, വസ്തുക്കളെപ്പോലെ, അടിസ്ഥാനനിയമങ്ങൾക്കു വിധേയനായിട്ടുള്ളു; അയാൾ പ്രഭാതാഗമത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ, അല്ലെങ്കിൽ സംഭവങ്ങൾ നിറഞ്ഞ സായാഹ്നത്തിലേക്കു കണ്ണയക്കുമ്പോൾ, എന്താണവിടെ നടക്കുന്നതെന്നയാൾക്കു മനസ്സിലാവുമ്പോൾ തന്റെ തല്ക്കാലാവസ്ഥയെക്കുറിച്ചുള്ള സൂചനകളൊക്കെ അയാളിൽ നിന്നൂർന്നുവീഴുകയാണ്‌, മരിച്ചൊരാളിൽ നിന്നെന്നപോലെ, ജീവിതത്തിന്റെ നടുവിലാണയാൾ നില്ക്കുന്നതെങ്കിലും. പ്രിയപ്പെട്ട മി. കപ്പൂസ്, ഓഫീസർ എന്ന നിലയിൽ നിങ്ങളിപ്പോൾ സഹിക്കേണ്ടി വരുന്നതിനു സമാനമായതൊന്ന് ഇപ്പോഴുള്ള മറ്റേതു തൊഴിലിലും നിങ്ങൾക്കനുഭവിക്കേണ്ടിവരും. ഇനി തൊഴിലിനു പുറത്ത്, സമൂഹവുമായി തൊലിപ്പുറമേയുള്ള നിരുപാധികമായ ഒരു സമ്പർക്കമേ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കില്ക്കൂടി ഞെരുക്കുന്ന ഈ തോന്നലിൽ നിന്ന് നിങ്ങൾക്കൊഴിവു കിട്ടുകയില്ല. എല്ലായിടത്തും ഇങ്ങനെ തന്നെയാണ്‌; എന്നാൽ ഉത്കണ്ഠയ്ക്കോ വിഷാദത്തിനോ അതു കാരണമാവുകയുമരുത്; മനുഷ്യരുമായി നിങ്ങൾക്കൊന്നും പങ്കു വയ്ക്കാനില്ലെന്നു തോന്നുന്നെങ്കിൽ വസ്തുക്കളോടടുക്കുക; അവ നിങ്ങളെ ഉപേക്ഷിക്കില്ല. രാത്രികൾ ഇപ്പോഴും അവിടെയുണ്ട്, കാടുകൾക്കും പലപല ദേശങ്ങൾക്കും മേൽ കൂടി കടന്നുപോകുന്ന കാറ്റുകളുമുണ്ട്. നിങ്ങൾക്കു കൂടി പങ്കു ചേരാവുന്ന കാര്യങ്ങൾ വസ്തുക്കൾക്കും ജീവികൾക്കുമിടയിൽ നടക്കുന്നുണ്ട്. കുട്ടികൾ നിങ്ങൾ കുട്ടിയായിരുന്നപ്പോഴെന്നപോലെ ഇപ്പോഴുമുണ്ട്, കുട്ടിയായിരുന്ന നിങ്ങളെപ്പോലെ തന്നെ സങ്കടവും സന്തോഷവും നിറഞ്ഞവരായി; സ്വന്തം ബാല്യത്തെക്കുറിച്ചോർക്കുമ്പോൾ നിങ്ങൾ വീണ്ടും അവരോടൊപ്പം ജീവിക്കുകയാണ്‌, ഏകാകികളായ കുട്ടികൾക്കിടയിൽ; മുതിർന്നവർ അവിടെ ആരുമല്ലാതാകുന്നു, അവരുടെ പ്രമാണിത്തത്തിനു വിലയുമില്ലാതാകുന്നു.

ബാല്യത്തെയും അതിന്റെ സഹചാരികളായ ലാളിത്യത്തെയും മൗനത്തെയും കുറിച്ചോർക്കുമ്പോൾ നിങ്ങൾക്ക് ഭയവും വേദനയും തോന്നുന്നുവെന്നാണെങ്കിൽ, അവിടെ നിത്യസാന്നിദ്ധ്യമായിരുന്ന ദൈവത്തിൽ നിങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണതെങ്കിൽ, പ്രിയപ്പെട്ട മി. കപ്പൂസ്, നിങ്ങൾക്ക് ശരിക്കും ദൈവത്തെ നഷ്ടപ്പെട്ടുവോ? നിങ്ങൾക്കൊരിക്കലും അവൻ സ്വന്തമായിരുന്നില്ലെന്നു പറയുകയാവില്ലേ, കൂടുതൽ ശരി? എന്നാണു നിങ്ങൾക്കവൻ സ്വന്തമായിരുന്നത്? മുതിർന്നവർക്കു തന്നെ അതിപ്രയത്നം കൊണ്ടേ അവനെ താങ്ങാൻ കഴിയുന്നുള്ളൂ എന്നിരിക്കെ, പ്രായമായവർ അവന്റെ ഭാരം കൊണ്ടു ഞെരിഞ്ഞുപോവുകയാണെന്നിരിക്കെ, ഒരു കുട്ടിയ്ക്ക് അവനെ താങ്ങാൻ പറ്റുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അവൻ ശരിക്കും സ്വന്തമായിരുന്ന ഒരാളിൽ നിന്ന് ഒരു വെള്ളാരങ്കല്ലു പോലെ പോലെ അവനങ്ങനെ നഷ്ടപ്പെട്ടുപോകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ സ്വന്തമായിരുന്നയാളെ അവനു നഷ്ടപ്പെടുക എന്നതല്ലേ ഉണ്ടാവുക? എന്നാൽ, നിങ്ങളുടെ ബാല്യത്തിൽ അവൻ ഉണ്ടായിരുന്നില്ലെന്നും അതിനു മുമ്പും അവൻ ഉണ്ടായിരുന്നില്ലെന്നുമാണ്‌ നിങ്ങൾക്കു ബോദ്ധ്യമാകുന്നതെങ്കിൽ, ക്രിസ്തു അനുകമ്പയുടെ മായത്തിൽ പെട്ടുപോയെന്നും മുഹമ്മദ് ഗർവ്വിനാൽ വഞ്ചിതനായെന്നുമാണ്‌ നിങ്ങൾ സംശയിക്കുന്നതെങ്കിൽ- ഇപ്പോഴും, നാം അവനെക്കുറിച്ചു സംസാരിക്കുന്ന ഈ നിമിഷത്തിലും അവൻ ഇല്ലെന്ന ഭീതിയാണ്‌ നിങ്ങൾക്കു തോന്നുന്നതെങ്കിൽ- എങ്കിൽ, ഒരിക്കലും ഇല്ലാതിരുന്ന ഒരാളെച്ചൊല്ലി നഷ്ടബോധം തോന്നാൻ, കാണാതെപോയ ഒരാളെ അന്വേഷിച്ചുപോകാൻ എന്തവകാശമാണ്‌ നിങ്ങൾക്കുള്ളത്?

എന്തുകൊണ്ടു നിങ്ങൾക്കവനെ വരാനുള്ള ദൈവമായി കണ്ടുകൂടാ, നിത്യതയിൽ നിന്നു നമ്മെ സമീപിച്ചുകൊണ്ടിരിക്കുന്നവനായി, ഒരുനാൾ എത്തിച്ചേരുന്നവനായി, നാം ഇലകളായ ഒരു മരത്തിന്റെ അന്തിമഫലമായി? ഉരുത്തിരിഞ്ഞുവരുന്ന ഒരു കാലത്തിലേക്ക് അവന്റെ ജനനത്തെ ചുഴറ്റിയെറിയുന്നതിലും മഹത്തായ ഒരു ഗർഭത്തിന്റെ ചരിത്രത്തിലെ വേദനിക്കുന്നതും മനോഹരവുമായ ഒരു ദിനമായി സ്വന്തം ജീവിതം ജീവിക്കുന്നതിലും നിന്ന് എന്താണു നിങ്ങളെ തടയുന്നത്? ഓരോ സംഭവവും പിന്നെ ഒരാരംഭമാവുകയാണെന്നു നിങ്ങൾ കാണുന്നില്ലേ? അത് അവന്റെ ആരംഭവുമായിക്കൂടേ, എത്ര മനോഹരമാണ്‌ ആരംഭങ്ങൾ എന്നോർക്കുമ്പോൾ? ഏറ്റവും പൂർണ്ണമായ സത്ത അവനാണെങ്കിൽ അതിലും കുറഞ്ഞ സത്തകൾ അവനു മുമ്പാവിർഭവിക്കില്ലേ, പൂർണ്ണതയിലും സമൃദ്ധിയിലും നിന്നു തനിക്കു വേണ്ടതവനെടുക്കാനായി? അവനാവേണ്ടേ അവസാനത്തവൻ, സർവ്വതും തന്നിൽത്തന്നെ അവനുൾക്കൊള്ളണമെങ്കിൽ? നാം കാത്തിരിക്കുന്നവൻ പണ്ടേ വന്നുപോയെങ്കിൽ പിന്നെ നമ്മുടെ ജീവിതം കൊണ്ടെന്തർത്ഥമാവാൻ?

തേനീച്ചകൾ തേനെടുക്കുന്നതുപോലെ സർവ്വതിൽ നിന്നും മാധുര്യം സഞ്ചയിച്ച് നാം അവനെ പണിതെടുക്കുന്നു. ഏറ്റവും നിസ്സാരമായതിൽ നിന്ന്, നമ്മുടെ കണ്ണില്പെടാൻ പോലുമില്ലാത്തത്ര ചെറുതുകളിൽ നിന്ന് നാം തുടങ്ങുന്നു; നമ്മുടെ പ്രവൃത്തിയിൽ നിന്ന്, അതു കഴിഞ്ഞുള്ള വിശ്രമത്തിൽ നിന്ന്, മൗനത്തിന്റെയോ ഒരേകാന്താനന്ദത്തിന്റെയോ നിമിഷത്തിൽ നിന്ന്, ഒപ്പമാരുമില്ലാതെയും സഹായിക്കാനാരുമില്ലാതെയും ഒറ്റയ്ക്കു നാം ചെയ്യുന്ന സർവ്വതിൽ നിന്നും നാമവനെ തുടങ്ങിവയ്ക്കുന്നു; അവനെ കാണാൻ നാം ജീവിച്ചിരിക്കില്ല, നമ്മെ കാണാൻ നമ്മുടെ പൂർവ്വികർ ജീവിച്ചില്ല എന്നപോലെതന്നെ. എന്നാൽ അവർ, പണ്ടേ മണ്മറഞ്ഞവർ, നമ്മിലുണ്ട്, ഒരന്തഃപ്രചോദനമായി, നമ്മുടെ നിയതിക്കു മേലൊരു ഭാരമായി, ചോരയിലൊരു മർമ്മരമായി, കാലത്തിന്റെ കയങ്ങളിൽ നിന്നുയർന്നുവരുന്നൊരു ചേഷ്ടയായി.

ഈ വിധം ഒരുനാൾ നിങ്ങൾ അവനിൽ, ഏറ്റവും വിദൂരസ്ഥനായ, പരിധിയുടെ പരമാവധിയായ അവനിൽ അധിവസിക്കുമെന്ന പ്രത്യാശയെ കെടുത്തുന്നതെന്തെങ്കിലും നിങ്ങളിലുണ്ടോ?

പ്രിയപ്പെട്ട മി. കപ്പൂസ്, നിങ്ങളുടെ ഈ അസ്തിത്വാകാംക്ഷയിൽ നിന്നുതന്നെയാണ്‌ അവൻ തുടക്കം കുറിയ്ക്കാൻ നിശ്ചയിച്ചിരിക്കുന്നത് എന്ന ഭവ്യമായ ചിന്തയോടെ നിങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുക. നിങ്ങളുടെ സംക്രമണത്തിന്റെ ഈ ദിനങ്ങളിൽ തന്നെയാവാം, നിങ്ങളിലുള്ള സർവ്വതും അവനെ ഉന്നം വച്ചു പണിയെടുക്കുന്നതും, കുട്ടിയായിരുന്നപ്പോൾ ശ്വാസമടക്കിക്കൊണ്ടു നിങ്ങൾ അവനെ ഉന്നം വച്ചു പണിയെടുത്തിരുന്നപോലെ. ക്ഷമയോടിരിക്കുക, മനസ്സാന്നിദ്ധ്യം കൈവെടിയാതിരിക്കുക; നമുക്കിത്രയെങ്കിലും ചെയ്യാമെന്നോർക്കുക: അവന്റെ വരവു നാം ദുഷ്കരമാക്കാതിരിക്കുക, വരേണ്ട കാലത്തു വസന്തമെത്തുമ്പോൾ ഭൂമി അതു ദുഷ്കരമാക്കുന്നില്ലെന്നപോലെ. നിങ്ങൾക്കു ഞാൻ സന്തോഷവും ആത്മവിശ്വാസവും നേരുന്നു.

നിങ്ങളുടെ,
റെയിനർ മരിയ റില്ക്കെ.