ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് എഴുതിയ കത്ത് - 7
റെയ്നർ മരിയ റിൽക്കെ
പരിഭാഷ : വി. രവികുമാര്
റോം, 1904 മേയ് 14പ്രിയപ്പെട്ട മി. കപ്പൂസ്,
നിങ്ങൾ ഒടുവിൽ അയച്ച കത്തു കിട്ടിയിട്ട് ഏറെ നാളായിരിക്കുന്നു. അതിന്റെ പേരിൽ എന്നോടു നീരസം തോന്നരുതേ. ഒന്നാമത് ജോലി, പിന്നെ ചില തടസ്സങ്ങൾ, ഒടുവിലായി അനാരോഗ്യവും: മറുപടി എഴുതുന്നതിൽ നിന്ന് ഇതേവരെ എന്നെ തടഞ്ഞത് ഇതൊക്കെയായിരുന്നു. സമാധാനം നിറഞ്ഞ, നല്ല നാളുകളിൽ നിന്നു വേണം നിങ്ങൾക്കെഴുതാനെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ ഒരല്പം സുഖം പോലെ തോന്നുന്ന സ്ഥിതിയ്ക്ക് (ഇവിടെയും വസന്താഗമത്തിന്റെ തോന്ന്യവാസങ്ങൾ ദുർവഹമാകാതിരുന്നില്ല) നിങ്ങളെ എന്റെ ആശംസകൾ അറിയിക്കാമെന്നായിരിക്കുന്നു, പ്രിയപ്പെട്ട മി. കപ്പൂസ്; നിങ്ങളുടെ കത്തിനു മറുപടിയായി എനിക്കാവും വിധം അതുമിതുമൊക്കെ എഴുതാമെന്നുമായിരിക്കുന്നു (അതു ചെയ്യുന്നതിൽ എനിക്കു സന്തോഷമേയുള്ളുതാനും.)
കണ്ടുകാണുമല്ലോ: ഈ കത്തിൽ ഞാൻ താങ്കളുടെ ഗീതകം പകർത്തിയെഴുതിയിട്ടുണ്ട്; അതിനു കാരണം ഞാനതിൽ സൗന്ദര്യവും ലാളിത്യവും ഔചിത്യപൂർണ്ണമായ രൂപവും ദർശിച്ചു എന്നതുതന്നെ. എനിക്കു വായിക്കാൻ കിട്ടിയ നിങ്ങളുടെ കവിതകളിൽ ഇതാണ് ഏറ്റവും മികച്ചത്. ഞാനിത് നിങ്ങൾക്കു പകർത്തി അയക്കുന്നത് ഇതേറ്റവും പ്രധാനമാണെന്ന് എനിക്കറിയാവുന്നതു കൊണ്ടാണ്; പിന്നെ, സ്വന്തം രചന മറ്റൊരാളുടെ കൈപ്പടയിൽ വായിക്കുമ്പോൾ അത് തീർത്തും പുതിയ ഒരനുഭവമാകുന്നു എന്നതുകൊണ്ടും. താൻ ഇതു മുമ്പു കണ്ടിട്ടില്ല എന്ന മട്ടിൽ നിങ്ങൾ ഇതു വായിക്കുക, അതെത്രമാത്രം തന്റേതാണെന്ന് ഉള്ളിന്റെയുള്ളിൽ അപ്പോൾ നിങ്ങൾക്കനുഭവമാകും.
നിങ്ങളുടെ ഈ ഗീതകവും കത്തും ഇടയ്ക്കിടെ എടുത്തു വായിക്കുന്നത് എനിക്കൊരു സന്തോഷമായിരുന്നു; രണ്ടിനും ഞാൻ നന്ദി പറയട്ടെ.
സ്വന്തം ഏകാന്തതയിൽ നിന്നു പുറത്തു കടക്കാൻ നിങ്ങൾക്കൊരാഗ്രഹം തോന്നുന്നുണ്ടെങ്കിൽ ആ ആഗ്രഹം മനസ്സിനെ വ്യതിചലിപ്പിക്കാൻ നിന്നുകൊടുക്കരുതേ. അതേ ആഗ്രഹം തന്നെ, ശാന്തതയോടെയും ഔചിത്യത്തോടെയും ഉപയോഗപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ ഏകാന്തതയുടെ വിസ്തൃതി വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ഉപകരണമാകാനേയുള്ളു. മിക്കവരും പരിഹാരം കാണുന്നത് (പലതരം മാമൂലുകളുടെ സഹായത്തോടെ) എളുപ്പവഴി നോക്കിയിട്ടാണ്, ഏറ്റവും എളുപ്പമുള്ള വഴി ഏതെന്നു നോക്കിയിട്ടാണ്. എന്നാൽ ഏറ്റവും ദുഷ്കരവും ദുർവഹവുമായതിനെയാണ് നാം മുറുക്കെപ്പിടിക്കേണ്ടത് എന്നതു സുവ്യക്തവുമാണ്. ജീവനുള്ള ഏതു വസ്തുവും ഇതു തന്നെയാണ് ചെയ്യുന്നത്; പ്രകൃതിയിലുള്ള എന്തും പുഷ്ടിപ്പെടുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യുന്നത് അതിന്റേതായ ഒരു വഴിയിലൂടെയാണ്; അത് വ്യതിരിക്തമാവുന്നത് അതിന്റെ തന്നെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയിട്ടാണ്; എന്തു വിലകൊടുത്തും ഏതു പ്രാതികൂല്യത്തെയും നേരിട്ടും അത് സ്വന്തം തനിമ സ്ഥാപിക്കാൻ യത്നിക്കുകയും ചെയ്യും. നമുക്കറിയാവുന്നതായി കുറച്ചേയുള്ളു; എന്നാൽ ദുഷ്കരമായതിനെ നാം മുറുകെപ്പിടിക്കണം എന്ന തീർച്ച ഒരിക്കലും നമ്മെ ഉപേക്ഷിച്ചുപോകില്ല. ഏകാകിയാകുന്നത് നല്ലതാണ്, എന്തെന്നാൽ ഏകാന്തത ദുഷ്കരമാണ്; ഒരു കാര്യം ദുഷ്കരമാണ് എന്നത് അതു ചെയ്യാനുള്ള അധികകാരണമാവുകയാണ്.
സ്നേഹിക്കുന്നതും നല്ലതാണ്, എന്തെന്നാൽ സ്നേഹം ദുഷ്കരമാണ്. ഒരാൾക്കു മറ്റൊരാളോടുള്ള സ്നേഹം: നമുക്കു പറഞ്ഞിരിക്കുന്ന ദൗത്യങ്ങളിൽ വച്ചേറ്റവും ദുഷ്കരം അതായേക്കാം; ഒരഗ്നിപരീക്ഷയാണത്, നമ്മുടെ മറ്റെല്ലാ പ്രയത്നങ്ങളും വെറും മുന്നൊരുക്കങ്ങൾ മാത്രമാവുന്ന പ്രയത്നമാണത്. അതുകൊണ്ടു തന്നെ ചെറുപ്പക്കാർക്ക്, എന്തിലും തുടക്കക്കാരായ അവർക്ക്, എങ്ങനെ സ്നേഹിക്കണമെന്ന് അറിയാറായിട്ടുമില്ല: അവരത് പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ സർവ്വസ്വവുമെടുത്ത്, ഏകാന്തവും കാതരവുമായ തങ്ങളുടെ ഹൃദയങ്ങൾക്കു ചുറ്റുമായി കരുത്തുകളെല്ലാം വിന്യസിച്ച് അവർ സ്നേഹിക്കാൻ പഠിക്കണം. എന്നാൽ ആ പഠനകാലം ദീർഘമായിരിക്കും, ഒറ്റപ്പെടലിന്റേതായിരിക്കും; സ്നേഹവും അതുപോലെ ദീർഘകാലത്തേക്കുള്ളതാണ്, ഒറ്റപ്പെടലിന്റേതാണ്; ഏകാന്തത, തീവ്രവും ഗഹനവുമായ ഏകാന്തത: അതാണ് സ്നേഹിക്കുന്നവനുള്ളത്. സ്നേഹമെന്നാൽ ആദ്യം തന്നെ വിലയനമോ സമർപ്പണമോ മറ്റൊരു വ്യക്തിയുമായുള്ള സംയോഗമോ ആകുന്നില്ല (വ്യക്തത വരാത്തവരും പൂർണ്ണത പ്രാപിക്കാത്തവരുമായ രണ്ടു വ്യക്തികളുടെ സംയോഗത്തിൽ എന്തർത്ഥമിരിക്കുന്നു?); വ്യക്തിക്കപ്പോൾ മഹത്തായ ഒരവസരം കിട്ടുകയാണ്: പാകതയെത്താൻ, സ്വന്തമായിട്ടെന്തെങ്കിലുമാകാൻ, ഒരു ലോകമാകാൻ, മറ്റൊരാൾക്കായി തന്നിൽത്തന്നെ ഒരു ലോകമാകാൻ. അത് അയാൾക്കു മേൽ ചുമത്തപ്പെടുന്ന അമിതമായ ഒരുത്തരവാദിത്തമാണ്, അതയാളെ തിരഞ്ഞുപിടിക്കുകയാണ്, വിശാലമായ ഒരു ചക്രവാളത്തിലേക്ക് അയാളെ പറഞ്ഞയക്കുകയാണ്. ഈയൊരർത്ഥത്തിലേ, തങ്ങൾക്കു മേൽ തന്നെയുള്ള ഒരു പണിയെടുക്കലായേ (‘രാവും പകലും കാതോർത്തും പണിയെടുത്തും’) ചെറുപ്പക്കാർ തങ്ങൾക്കു ദത്തമായ സ്നേഹത്തെ ഉപയോഗപ്പെടുത്താവൂ. വിലയനവും സമർപ്പണവും ഒരു തരത്തിലുള്ള സഹവാസവും അവർക്കു പറഞ്ഞിട്ടുള്ളതല്ല (അതിനവർ ദീർഘദീർഘമായൊരു കാലത്തേക്ക് അരിഷ്ടിച്ചുജീവിക്കേണ്ടിവരും); പരമകാഷ്ഠയാണത്, ഒരു മനുഷ്യജന്മം അതിനു തികയുന്നില്ലെന്നു വരാം.
പക്ഷേ ചെറുപ്പക്കാർ എത്ര തവണയാണ്, എത്ര ദാരുണമായിട്ടാണ് തെറ്റുകൾ വരുത്തുന്നത്: (അക്ഷമയാണ് അവരുടെ പ്രകൃതമെന്നതിനാൽ) സ്നേഹം തങ്ങളെ കീഴ്പ്പെടുത്തുമ്പോൾ അവർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്, തങ്ങളുടെ അന്ധാളിപ്പും ആകുലതയും അവ്യവസ്ഥയുമൊക്കെയായി അവർ സ്വയം ചിതറിത്തെറിക്കുകയാണ്...പക്ഷേ എന്നിട്ടിതിൽ നിന്നെന്തുണ്ടാവാൻ? തങ്ങളുടെ ഒരുമിക്കൽ എന്നവർ വിളിക്കുന്ന, തങ്ങളുടെ ആനന്ദമെന്ന്, സാദ്ധ്യമെങ്കിൽ തങ്ങളുടെ ഭാവിയെന്നു തന്നെ അവർ വിളിക്കാനിഷ്ടപ്പെടുന്ന ഈ പാതിയുടഞ്ഞ വസ്തുക്കളും കൊണ്ട് ജീവിതം എന്തു ചെയ്യണമെന്നാണ്? അങ്ങനെ ഓരോ ആളും മറ്റൊരാൾക്കു വേണ്ടി സ്വയം നഷ്ടപ്പെടുത്തുന്നു; എന്നിട്ട് ആ മറ്റൊരാളും പിന്നീടു വരാനുള്ള മറ്റുള്ളവരും അയാൾക്കു നഷ്ടപ്പെടുകയുമാണ്. വിപുലമായ അകലങ്ങളും സാദ്ധ്യതകളും അയാൾ നഷ്ടപ്പെടുത്തുന്നു; വന്ധ്യമായ ഒരു നിസ്സഹായതയ്ക്കു പകരമായി സൗമ്യവും നിഗൂഢവുമായ വസ്തുക്കളുടെ സാമീപ്യവും പലായനവും നഷ്ടപ്പെടുത്തുന്നു; അല്പം വിദ്വേഷവും നൈരാശ്യവും പാപ്പരത്തവും മാത്രം ബാക്കിയാകുന്നു; ഒടുവിൽ ഏറ്റവും അപകടം പിടിച്ച ഈ പാതയുടെ ഇരുവശവും ഇഷ്ടം പോലെ പണിതിട്ടിരിക്കുന്ന അഭയകേന്ദ്രങ്ങളായ കീഴ്നടപ്പുകളിലൊന്നിലേക്കുള്ള ഒളിച്ചോട്ടവും. കീഴ്നടപ്പുകൾ കൊണ്ട് ഇത്ര നന്നായി സജ്ജീകരിച്ചിരിക്കുന്ന മനുഷ്യാനുഭവത്തിന്റെ മറ്റൊരു മേഖലയുണ്ടാവില്ല: നിർമ്മാണത്തിൽ വൈവിദ്ധ്യം പുലർത്തുന്ന ലൈഫ് ബൽറ്റുകളുണ്ട്, വഞ്ചികളും പൊന്തിക്കിടക്കാനുള്ള സൂത്രങ്ങളുമുണ്ട്; സാദ്ധ്യമായ ഏതു തരത്തിലുമുള്ള അഭയസ്ഥാനങ്ങൾ സമൂഹം സൃഷ്ടിച്ചുവച്ചിട്ടുണ്ട്; കാരണം, പ്രണയജീവിതത്തെ നേരമ്പോക്കായിട്ടാണതു കാണുന്നതെന്നതിനാൽ മറ്റേതു ജനകീയവിനോദവും പോലെ അതിനെയും അതിലളിതവും സുലഭവും സുരക്ഷിതവുമാക്കുക എന്നത് അതിന്റെ ബാദ്ധ്യതയായിരുന്നു.
ശരി തന്നെ, തെറ്റായ രീതിയിൽ സ്നേഹിക്കുന്ന പല ചെറുപ്പക്കാരും, എന്നു പറഞ്ഞാൽ, ഒരു പ്രതിരോധവുമുയർത്താതെ കീഴടങ്ങുകയും തങ്ങളുടെ ഏകാന്തത അടിയറ വയ്ക്കുകയും ചെയ്യുന്നവർ (ഒരു ശരാശരി മനുഷ്യൻ ഇതല്ലാതെ ചെയ്യാൻ പോകുന്നില്ല), തങ്ങളുടെ തോൽവിയിൽ മനഃപീഡയനുഭവിക്കുകയും തങ്ങൾ ചെന്നുപെട്ട അവസ്ഥയെ തങ്ങളുടേതായ, വ്യക്തിപരമായ രീതിയിൽ സാർത്ഥകമോ സഫലമോ ആക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. അവരുടെ പ്രകൃതം അവരോടു പറയുകയാണ്, സുപ്രധാനമായ മറ്റേതിനേയും പോലെയല്ല, സ്നേഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പൊതുമണ്ഡലത്തിൽ വച്ചോ ഏതെങ്കിലും പൊതുസമ്മതപ്രകാരമോ ഉത്തരം കണ്ടെത്താനാവുകയില്ലെന്ന്; ഒരു മനുഷ്യജീവിയിൽ നിന്ന് മറ്റൊരു മനുഷ്യജീവിയോടുള്ള ചോദ്യങ്ങളാണ്, ഉള്ളിൽ നിന്നു വരുന്ന ചോദ്യങ്ങളാണവയെന്ന്, ഓരോ പ്രകരണത്തിലും പുതിയതും സവിശേഷവും തീർത്തും വ്യക്തിപരവുമായ ഉത്തരങ്ങളാണവ ആവശ്യപ്പെടുന്നതെന്ന്. പക്ഷേ, എങ്ങനെയാണവർ, ഒരാൾ മറ്റൊരാളിലേക്കു വലിച്ചെറിഞ്ഞുകളഞ്ഞവർ, ഒരാളെ ഒരാളിൽ നിന്നു വേർതിരിച്ചറിയാൻ പറ്റാത്ത വിധം സ്വന്തം പരിധികൾ മായ്ച്ചുകളഞ്ഞവർ, അതിനാൽ സ്വന്തമെന്നു പറയാവുന്നതൊന്നും ഇല്ലാതായിക്കഴിഞ്ഞവർ, എങ്ങനെയാണവർ തങ്ങളിൽ നിന്നു പുറത്തുവരാൻ, വെട്ടിക്കീറി കുഴിച്ചിട്ട ഏകാന്തതയുടെ ആഴങ്ങളിൽ നിന്നു പുറത്തു വരാൻ ഒരു വഴി കണ്ടെത്തുക?
അവരുടെ പ്രവൃത്തികൾ പിന്നെ പരസ്പരം പങ്കു വയ്ക്കുന്ന ഒരു നിസ്സഹായതയിൽ നിന്നാവുന്നു; ഏതെങ്കിലും നല്ല കാരണം കൊണ്ടാവാം, മുന്നിൽ വരുന്ന ഒരു നടപ്പുരീതിയിൽ നിന്ന് (ഉദാഹരണത്തിന്, വിവാഹം)അവർ രക്ഷ പെട്ടോടുന്നത് അത്ര പ്രകടമല്ലാത്ത, എന്നാൽ അത്ര തന്നെ മാരകമായ മറ്റൊരു നടപ്പുരീതിയുടെ നീരാളിക്കൈകളിലേക്കായിരിക്കും; കാരണം, അവർക്കു ചുറ്റും നടപ്പുരീതികളേയുള്ളു. അപക്വവും കലുഷവുമായ ഒരു സംയോജനത്തിൽ നിന്നുണ്ടാവുന്ന ഒരു പ്രവൃത്തി മാമൂൽ പ്രകാരമുള്ളതാകാതെ വഴിയില്ല. ആ തരം കാലുഷ്യത്തിന്റെ ഉല്പന്നമായ ഒരു ബന്ധം, അതിനി എത്ര അസാധാരണമാവട്ടെ (അതായത്, പൊതുവേ പറയുന്ന രീതിയിൽ അസാന്മാർഗ്ഗികവും), അതിന്റേതായ മാമൂലുകൾ സൃഷ്ടിക്കുകയായി. അതെ, വേർപിരിയൽ പോലും അവിടെ സാമ്പ്രദായികമായ ഒരു നടപടിയാവുകയാണ്, ബലമില്ലാത്ത, ഫലമില്ലാത്ത, വ്യക്തിപരമല്ലാത്ത, യാദൃച്ഛികമായ ഒരു തീരുമാനം.
ഈ സംഗതിയെ ഗൗരവത്തോടെ നോക്കിക്കണ്ടിട്ടുള്ള ഏതൊരാൾക്കും മനസ്സിലാവുകയാണ്, മരണത്തിനെന്നപോലെ (ദുഷ്കരമാണത്) സ്നേഹത്തിനും (അതും ദുഷ്കരമാണ്) നാളിതുവരെ ഒരു വിശദീകരണവും ഒരു പരിഹാരവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന്; ഒരു വഴിയുടെ സൂചന പോലും കാണാനില്ലെന്ന്. പൊതിഞ്ഞുകെട്ടി, മുദ്ര വച്ചു നാം പേറിനടക്കുകയും തുറന്നുനോക്കാതെ തന്നെ മറ്റൊരാൾക്കു കൈമാറുകയും ചെയ്യുന്ന ഈ രണ്ടു പ്രശ്നങ്ങൾക്കും സർവ്വസമ്മതമായ ഒരു പൊതുനിയമം കണ്ടെത്തുക അസാദ്ധ്യമാണ്. പക്ഷേ, വ്യക്തികളെന്ന നിലയ്ക്ക് എത്രത്തോളം നാം ജീവിതത്തിലേക്കിറങ്ങാൻ ഒരുമ്പെടുന്നുവോ, അത്രയുമളവിൽ ഈ രണ്ടു കാര്യങ്ങളെയും സ്വന്തമായി, തൊട്ടടുത്തായി നമുക്കു നേരിടേണ്ടിവരികയുമാണ്. സ്നേഹം എന്ന ദുഷ്കരകൃത്യം നമ്മുടെ വികാസത്തിൽ ചുമത്താൻ പോകുന്ന ഉത്തരവാദിത്തം നമുക്കു താങ്ങാവുന്നതിലും അധികമാണ്; തുടക്കക്കാരായ നാം അതിനെതിരു നില്ക്കാൻ പോന്നവരുമല്ല. അതേ സമയം, നാം പിടിച്ചുനില്ക്കുകയാണെങ്കിൽ, ആ സ്നേഹത്തെ നമ്മുടെ ഒരു ചുമതലയായും ഒരു പരിശീലനമായും കാണുകയാണെങ്കിൽ, ഗൗരവത്തോടെ ജീവിക്കേണ്ട സ്വന്തം ജീവിതത്തിൽ നിന്നു മറഞ്ഞുനില്ക്കാനായി ആളുകൾ കളിക്കുന്ന നിസ്സാരവും ചപലവുമായ കളികളിൽ സ്വയം നഷ്ടപ്പെടുത്തുന്നില്ലെങ്കിൽ- എങ്കിൽ ചെറിയൊരു പുരോഗതിയും അല്പമൊരു മനസ്സയവും നമുക്കു വളരെ പിന്നിൽ വരുന്നവർക്കു കിട്ടിയെന്നു വരാം. അതുതന്നെ വലിയൊരു കാര്യമാണ്.
ഇപ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് രണ്ടാമതൊരു വ്യക്തിയോടുള്ള ബന്ധത്തെ വസ്തുനിഷ്ഠവും മുൻവിധികളില്ലാതെയും പരിഗണിക്കാൻ നാം തുടങ്ങിയിട്ടുള്ളത്; അങ്ങനെയൊരു ബന്ധം ജീവിതത്തിൽ പകർത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഒരു മാതൃക നമുക്കു മുന്നിലില്ലതാനും. എന്നാലും നമ്മുടെ ദുർബലമായ തുടക്കങ്ങൾക്കു തുണയാകുന്ന പലതും കാലം കൊണ്ടുണ്ടായ മാറ്റങ്ങളിൽ കാണാനുമുണ്ട്.
പെൺകുട്ടികളും സ്ത്രീകളും പുരുഷന്മാരുടെ പെരുമാറ്റത്തെയും പെരുമാറ്റദൂഷ്യങ്ങളേയും അനുകരിക്കുന്നെങ്കിൽ, പുരുഷന്മാരുടെ ജീവിതവൃത്തികൾ കൈക്കൊള്ളുന്നെങ്കിൽ അതവരുടെ വ്യക്തിപരമായ വികാസത്തിലെ താല്ക്കാലികതുടക്കങ്ങൾ മാത്രമാണ്. ആ തരം പരിവർത്തനങ്ങളുടെ അനിശ്ചിതത്വം മാഞ്ഞുകഴിഞ്ഞാൽ നമുക്കു വ്യക്തമാകും, സ്ത്രീകൾ അങ്ങനെയുള്ള (പലപ്പോഴും അപഹാസ്യമായ) വേഷപ്പകർച്ചകളുടെ സമൃദ്ധിയിലൂടെയും വൈവിദ്ധ്യത്തിലൂടെയും കടന്നുപോകുന്നത് തങ്ങളുടെ സ്വപ്രകൃതി തെളിച്ചെടുക്കാനാണെന്ന്, എതിർലിംഗത്തിന്റെ വികലസ്വാധീനങ്ങളെ കഴുകിക്കളയാനാണെന്ന്. ജീവിതം കുറച്ചുകൂടി ആർജ്ജവത്തോടെയും വിശ്വാസത്തോടെയും സാഫല്യത്തോടെയും കുടികൊള്ളുന്ന സ്ത്രീ എന്തായാലും പുരുഷനേക്കാൾ പക്വതയാർജ്ജിച്ചവളാണ്, അവനേക്കാൾ മനുഷ്യത്വമുള്ളവളുമാണ്. ചപലനായ അവൻ ഉടലിൽ കായ്ക്കുന്ന ഒരു കനിയുടെ ഭാരം കൊണ്ട് ജീവിതത്തിന്റെ ഉപരിതലത്തിനടിയിലേക്കു പോയിട്ടില്ല, താൻ സ്നേഹിക്കുന്നുവെന്നവൻ കരുതുന്നതിനെ ധാർഷ്ട്യവും തിടുക്കവും കൊണ്ടു വിലയിടിക്കുകയല്ലാതവൻ ചെയ്തിട്ടില്ല. സ്ത്രീയിൽ കുടികൊള്ളുന്ന ആ മനുഷ്യത്വം, യാതനയും അപമാനവും സഹിച്ചുകൊണ്ട് അവൾ തന്റെ ഗർഭത്തിൽ പേറുന്ന ആ സാരള്യം, സാമ്പ്രദായികസ്ത്രീത്വത്തിന്റെ ബാഹ്യാവരണങ്ങൾ അവൾ പറിച്ചെറിയുന്ന നാൾ വെളിച്ചത്തേക്കു വരും; ഇന്നതിന്റെ വരവറിയാത്ത പുരുഷന്മാർ അതിനു മുന്നിൽ പകച്ചുനില്ക്കും, ഒടുവിൽ അടിയറവു പറയുകയും ചെയ്യും. ഒരുനാൾ (വടക്കൻ യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ വിശ്വാസയോഗ്യമായ ചില സൂചനകൾ പരന്നുതുടങ്ങിയിരിക്കുന്നു) ഒരുനാൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്വന്തം പേരുകൾ തങ്ങൾ പുരുഷന്മാരല്ലെന്നതിന്റെ വെറും ചിഹ്നങ്ങൾ മാത്രമല്ലാതാകും, സ്വന്തനിലയ്ക്ക് അവയ്ക്കൊരർത്ഥമുണ്ടാകും. പരിധിയോ പൂരകമോ അല്ല അതു മനസ്സിൽ കൊണ്ടുവരിക, ജീവിതവും യാഥാർത്ഥ്യവുമാണ്: സ്ത്രീയായ മനുഷ്യജീവി.
ഈ മുന്നേറ്റം (പിന്നിലായിപ്പോയ പുരുഷന്റെ ഹിതത്തിനെതിരാണ് തുടക്കത്തിലിത്) ഇപ്പോൾ സ്ഖലിതങ്ങൾ കൊണ്ടു നിറഞ്ഞ പ്രണയാനുഭവത്തെ രൂപാന്തരപ്പെടുത്തും, കടയിൽ നിന്നേയതിനെ മാറ്റിത്തീർക്കും, സ്ത്രീയും പുരുഷനും തമ്മിലല്ല, രണ്ടു മനുഷ്യജീവികൾ തമ്മിലുള്ള ബന്ധമായി അതിനെ പുതുക്കിപ്പണിയും. സ്നേഹത്തിന്റെ കൂടുതൽ മാനുഷികമായ ഈ രൂപം (പരിധിയറ്റ സൗമ്യതയും പരിഗണനയും കൊണ്ടാണ് അതനുഷ്ഠിക്കപ്പെടുന്നത്, നേരും കരുണയും കൊണ്ടാണ് അത് ബന്ധങ്ങൾ തീർക്കുന്നതും അഴിക്കുന്നതും) ഏതു സ്നേഹത്തിനാണോ ഉത്സാഹത്തോടെയും യാതനയോടെയും നാം വഴിയൊരുക്കുന്നത്, അതിനെ ഓർമ്മപ്പെടുത്തും: പരസ്പരം പരിരക്ഷിക്കുകയും പരിധി വയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രണ്ടേകാന്തതകൾ തമ്മിലുള്ള സ്നേഹം.
ഒരു കാര്യം കൂടി: കുട്ടിയായിരുന്നപ്പോൾ തനിക്കു മേൽ ചൊരിയപ്പെട്ട ആ സ്നേഹത്തിന്റെ സമൃദ്ധി നഷ്ടമായെന്നു വിശ്വസിക്കരുത്. മഹത്തായ, ഉദാരമായ ആഗ്രഹങ്ങൾ അന്നു തന്നിൽ വിളഞ്ഞിരുന്നില്ലെന്നു നിങ്ങൾക്ക് പറയാൻ കഴിയുമോ, അന്നെടുത്ത നിശ്ചയങ്ങളുടെ ബലത്തിലല്ല ഇന്നും നിങ്ങൾ ജീവിക്കുന്നതെന്നും? സ്നേഹം പ്രബലവും തീക്ഷ്ണവുമായി നിങ്ങളുടെ ഓർമ്മയിൽ ശേഷിക്കുന്നുവെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു; എന്തെന്നാൽ അഗാധമായ ഏകാന്തതയുടെ ആദ്യാനുഭവമായിരുന്നു നിങ്ങൾക്കത്, ജീവിതത്തിലാദ്യമായി ഉള്ളു കൊണ്ടു നിങ്ങൾ ചെയ്ത പ്രവൃത്തിയും. - നിങ്ങൾക്കെല്ലാ ശുഭാശംസകളും, പ്രിയപ്പെട്ട മി. കപ്പൂസ്!
നിങ്ങളുടെ,
റെയിനർ മരിയ റില്ക്കെ.