ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് എഴുതിയ കത്ത് - 8

റെയ്നർ മരിയ റിൽക്കെ
പരിഭാഷ : വി. രവികുമാര്‍
ബർഗിബിഗാർഡ്, ഫ്ലാഡീ, സ്വീഡൻ, 
1904, ആഗസ്റ്റ് 12

അല്പനേരം കൂടി പിന്നെയും നിങ്ങളോടെനിക്കു സംസാരിക്കണം, പ്രിയപ്പെട്ട മി. കപ്പൂസ്, നിങ്ങൾക്കു സഹായകമാകുന്നതൊന്നും എനിക്കു പറയാനില്ലെങ്കിലും, ഉപയോഗമുള്ള ഒരു വാക്കെങ്കിലും എനിക്കു കണ്ടുപിടിക്കാനില്ലെങ്കിലും. കുറേയധികം വലിയ ദുഃഖങ്ങൾ ജീവിതത്തിൽ നിങ്ങൾക്കുണ്ടായിക്കഴിഞ്ഞു; അവ കടന്നുപോവുകയും ചെയ്തിരിക്കുന്നു. ആ കടന്നുപോകൽ പോലും നിങ്ങൾക്കു ദുർവഹമായിരുന്നു, നിങ്ങളെ അസ്വസ്ഥനാക്കിയിരുന്നുവെന്നു നിങ്ങൾ പറയുന്നു. പക്ഷേ ഞാൻ ഒന്നു പറയട്ടെ, ആ വലിയ സങ്കടങ്ങൾ നിങ്ങളിലൂടെ കടന്നുപോവുകയായിരുന്നു എന്ന മട്ടിൽ ഒന്നു കണ്ടുനോക്കുക. നിങ്ങൾക്കുള്ളിൽ പലതിനും രൂപാന്തരം വന്നിരിക്കാം; നിങ്ങൾ ദുഃഖിതനായിരുന്ന ആ നേരത്ത് നിങ്ങളുടെ സത്തയ്ക്കുള്ളിലെവിടെയോ സുപ്രധാനമായ ചില മാറ്റങ്ങൾ വന്നിരിക്കാം. ദുഃഖങ്ങളിൽ അപകടകരവും അനാരോഗ്യകരവുമായവ ആളുകളെ മുക്കിക്കൊല്ലാൻ അവരെ വന്നു ബാധിക്കുന്നവ മാത്രമാണ്‌. തൊലിപ്പുറമേയും അവിദഗ്ധമായും ചികിത്സിക്കപ്പെടുന്ന രോഗങ്ങളെപ്പോലെ അവ തല്ക്കാലത്തേക്കു പിന്മാറുന്നുവെന്നേയുള്ളു; ചെറിയ ഒരിടവേളയ്ക്കു ശേഷം ഭയാനകമായ ബലത്തോടെ അവ പിന്നെയും വന്നാക്രമിക്കുന്നു, നമുക്കുള്ളിൽ കുടിയേറുന്നു, ജീവിക്കാത്ത ജീവിതമാകുന്നു, തിരസ്കൃതമായ, നഷ്ടമായ ജീവിതമാകുന്നു- നമ്മുടെ മരണകാരണമാകുന്ന ജീവിതം. നമ്മുടെ അറിവിനെത്താനാവുന്നതിനപ്പുറത്തേക്ക്, നമ്മുടെ ദീർഘദൃഷ്ടിയുടെ പുറംകാവലും കടന്ന് ഒരല്പദൂരം കൂടി നമ്മുടെ കാഴ്ച്ച എത്തിയിരുന്നുവെങ്കിൽ എത്ര വിശ്വാസത്തോടെയാണോ നാം നമ്മുടെ ആഹ്ളാദങ്ങളിൽ മുഴുകിയിരുന്നത്, അതിലും വിശ്വാസത്തോടെ നാം നമ്മുടെ ദുഃഖങ്ങളെ സഹിച്ചുനില്ക്കുമായിരുന്നു എന്നുവരാം. എന്തെന്നാൽ, പുതിയതായ ഒന്ന്, എന്തെന്നറിയാത്ത ഒന്ന് നമ്മിലേക്കു പ്രവേശിക്കുന്ന നിമിഷങ്ങളാണത്; സംഭ്രമവും ലജ്ജയും കാരണം നമ്മുടെ വികാരങ്ങൾക്കു നാവിറങ്ങിപ്പോകുന്നു, നമ്മിലുള്ളതെല്ലാം പിൻവാങ്ങിനില്ക്കുന്നു, നമുക്കു മേൽ ഒരു നിശ്ചേഷ്ടത വന്നുവീഴുന്നു, അതിനൊക്കെ നടുവിൽ ഏതെന്നറിയാത്ത ഈ പുതിയ സാന്നിദ്ധ്യം നിശ്ശബ്ദമായി വന്നുനില്ക്കുകയും ചെയ്യുന്നു.

നമ്മുടെ മിക്കവാറുമെല്ലാ സങ്കടങ്ങളും ഒരു വലിഞ്ഞുമുറുകലിന്റെ നിമിഷങ്ങളാണെന്നു ഞാൻ വിശ്വസിക്കുന്നു. നമുക്കത് മരവിപ്പു പോലെ തോന്നുന്നത് നമ്മുടെ മനോവികാരങ്ങളിൽ നമുക്കിപ്പോൾ ജീവന്റെ തുടിപ്പു കേൾക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടാണ്‌. നമുക്കുള്ളിൽ പ്രവേശിച്ച ആ അന്യവസ്തുവുമായി നാമിപ്പോൾ ഒറ്റയ്ക്കാണെന്നതു കൊണ്ടാണ്‌; നമുക്കു പരിചിതവും നാം വിശ്വാസമർപ്പിച്ചതുമായതെല്ലാം ഒരു നിമിഷത്തേക്ക് നമ്മിൽ നിന്നെടുക്കപ്പെടുന്നതുകൊണ്ടാണ്‌; നമുക്കു കാലുറയ്ച്ചുനില്ക്കാൻ കഴിയാത്ത ഒരു സംക്രമണത്തിന്റെ നടുവിലാണ്‌ നാമെന്നതു കൊണ്ടാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ സങ്കടം കടന്നുപോകുന്നതും: നമുക്കുള്ളിലെ ആ പുതിയ സാന്നിദ്ധ്യം, നമ്മിലേക്കു പുതുതായി വന്നുചേർന്ന ആ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തിലേക്കു കടന്നുകഴിഞ്ഞു, അതിന്റെ ഉള്ളറയിലേക്കു നുഴഞ്ഞുകയറിക്കഴിഞ്ഞു, അവിടെയും നില്ക്കാതെ അതിപ്പോൾ നമ്മുടെ ചോരയോട്ടത്തിൽ കലർന്നുകഴിഞ്ഞു. അതെന്താണെന്ന് നമുക്കറിയുന്നതുമില്ല. പുതുതായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്നു നമുക്കു ഭാവിക്കാവുന്നതേയുള്ളു; എന്നാൽ ഒരതിഥി വന്നുകയറുമ്പോൾ ഒരു വീടിനു മാറ്റം വരുന്നതുപോലെ നമുക്കു മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. വന്നതാരാണെന്നു പറയാൻ നമുക്കു കഴിയുന്നില്ല, അതൊരിക്കലും നാം അറിയാൻ പോകുന്നില്ലെന്നും വരാം; എന്നാൽ ഈ വിധം നമ്മിൽ വന്നുകയറിയത് ഭാവിയാണെന്നതിന്‌ സൂചനകൾ അനേകമാണ്‌, യഥാർത്ഥത്തിൽ സംഭവിക്കുന്നതിനു മുമ്പുതന്നെ നമുക്കുള്ളിൽ അതു രൂപപ്പെടുകയുമാണ്‌. അതുകൊണ്ടു തന്നെയാണ്‌, ദുഃഖത്തിന്റെ നിമിഷങ്ങളിൽ നാം ഒറ്റയ്ക്കാവേണ്ടത്, ശ്രദ്ധാലുവാകേണ്ടത്: എന്തെന്നാൽ, ഭാവി നമുക്കുള്ളിൽ വന്നുകയറുന്ന, സംഭവരഹിതവും ചലനരഹിതവുമെന്നു പുറമേ തോന്നുന്ന ആ നിമിഷം ജീവിതത്തോടെത്രയോ അടുത്തതാണ്‌, ബാഹ്യമായിട്ടെന്നപോലെ നമുക്കതു സംഭവിക്കുന്ന മുഖരിതവും ആകസ്മികവുമായ നിമിഷത്തേക്കാൾ. നമ്മുടെ ദുഃഖങ്ങളുടെ നേരത്ത് നാം എത്രത്തോളം നിശ്ശബ്ദരും ക്ഷമാശീലരും തുറന്നവരുമാകുന്നുവോ, അത്രയും ഉള്ളിലേക്ക്, അത്രയുറപ്പോടെ ആ പുതിയ സാന്നിദ്ധ്യം നമ്മിലേക്കിറങ്ങുകയാണ്‌, അത്രയ്ക്കും അതു നമ്മുടേതാവുകയാണ്‌, അത്രയും അത് നമ്മുടെ വിധിയാവുകയാണ്‌. പിന്നെ ഭാവിയിലൊരിക്കൽ അത് ‘സംഭവിക്കുമ്പോൾ’ (അതായത് അത് നമ്മിൽ നിന്നിറങ്ങി മറ്റുള്ളവർക്കു നേരേ പോകുമ്പോൾ) നമുക്കതിനോട് എത്രയടുത്ത ബന്ധമാണെന്ന് ഉള്ളിന്റെയുള്ളിൽ നാമറിയുകയും ചെയ്യും. അതനിവാര്യവുമാണ്‌. നമുക്കന്യമായതൊന്നും നമുക്കു സംഭവിക്കരുതെന്നും പണ്ടേ നമ്മുടേതായതു മാത്രമേ നമുക്കു സംഭവിക്കാവൂ എന്നുമുള്ളത് അനിവാര്യമാണ്‌; അതിലേക്കാണ്‌ പതുക്കെപ്പതുക്കെയെങ്കിലും നമ്മുടെ വികാസത്തിന്റെ ഗതിയും. ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് ഓരോ പുതിയ സിദ്ധാന്തങ്ങൾ വരുമ്പോഴും അതിനനുസരിച്ച് നാം നമ്മുടെ അറിവിൽ തിരുത്തുകൾ വരുത്തിക്കൊണ്ടിരിക്കുന്നു; അതുപോലെ തന്നെ വിധി എന്നു നാം വിളിക്കുന്ന സംഗതി നമുക്കുള്ളിൽത്തന്നെ ആവിർഭവിക്കുന്നതാണെന്നും പുറത്തു നിന്നുകൊണ്ട് നമ്മിൽ പ്രവർത്തിക്കുന്നതല്ലെന്നുമുള്ള തിരിച്ചറിവ് ക്രമേണ നാം പഠിച്ചെടുക്കേണ്ടതാണ്‌. വളരെയധികം ആളുകൾ തങ്ങളുടെ വിധിയെ, അവർ അതിൽ അധിവസിച്ചിരുന്ന കാലത്ത്, തങ്ങളിലേക്കു വലിച്ചെടുക്കുകയും അതിനെ പരിവർത്തിപ്പിക്കുകയും ചെയ്തില്ല എന്നതുകൊണ്ടാണ്‌ തങ്ങളിൽ നിന്നാവിർഭവിക്കുന്നതെന്താണെന്ന് അവർക്കു ബോദ്ധ്യമാകാതെ പോകുന്നത്. തങ്ങളുടെ വിധി അവർക്കു തന്നെ തീരെ അന്യമായിത്തോന്നുന്നു; അതിന്റെ അന്ധാളിപ്പിലും ഭീതിയിലും നിന്ന് അവർ ഊഹിക്കുകയാണ്‌, അപ്പോൾ മാത്രമാണ്‌, തങ്ങൾ അതിനെക്കുറിച്ചു ബോധവാന്മാരായ ആ നിമിഷം മാത്രമാണ്‌ അത് തങ്ങളിലേക്കു പ്രവേശിച്ചതെന്ന്; ഇങ്ങനെയൊന്ന് തങ്ങളിൽ മുമ്പുണ്ടായിരുന്നതേയില്ലെന്ന് അവർ ആണയിട്ടുപറയുന്നു. സൂര്യന്റെ ചലനത്തെക്കുറിച്ച് ആളുകൾ എത്രയോ കാലം തെറ്റായ ധാരണകൾ വച്ചുകൊണ്ടിരുന്നപോലെ വരാനുള്ളതിന്റെ ചലനത്തെക്കുറിച്ചും അവർ തെറ്റായ ധാരണകൾ വച്ചുകൊണ്ടിരിക്കുന്നു. ഭാവി ഉറച്ചുനില്ക്കുകയാണ്‌ പ്രിയപ്പെട്ട മി. കപ്പൂസ്, നാമെന്നാൽ അനന്തമായ സ്ഥലരാശിയിലൂടെ നീങ്ങുകയും.

കാര്യങ്ങൾ പിന്നെങ്ങനെ നമുക്കു ദുഷ്കരമാകാതിരിക്കും?

ഏകാന്തതയിലേക്കു നമുക്കു തിരിച്ചുവരാം: നമ്മുടെ ആഗ്രഹം പോലെ വേണമെന്നോ വേണ്ടെന്നോ വയ്ക്കാവുന്നതല്ല അടിസ്ഥാനപരമായി അതെന്ന് നമുക്കു കൂടുതൽ കൂടുതൽ സ്പഷ്ടമാവുകയാണ്‌. നാം ഏകാകികളാണ്‌. അങ്ങനെയല്ല എന്നു വേണമെങ്കിൽ നമുക്കു ഭാവിക്കുകയോ സ്വയം കബളിപ്പിക്കുകയോ ചെയ്യാമെന്നു മാത്രം. അത്ര തന്നെ. അതേ സമയം, നാം അങ്ങനെയാണെന്നു സമ്മതിക്കുകയും അതൊരു തുടക്കമായിട്ടെടുക്കുകയും കൂടിച്ചെയ്താൽ അതല്ലേ കൂടുതൽ ഭേദം? അതെ, അതു നമ്മുടെ തല ചുറ്റിക്കുമെന്നതു തീർച്ച; കാരണം, നമ്മുടെ കണ്ണുകൾക്കു തങ്ങിനിന്നു പരിചയമായവയൊക്കെ നമ്മിൽ നിന്നെടുത്തുമാറ്റപ്പെടുകയാണ്‌; യാതൊന്നും നമുക്കിപ്പോൾ അടുത്തല്ല, ദൂരത്തായിരുന്നതൊക്കെ അതിവിദൂരത്തിലുമായിരിക്കുന്നു. സ്വന്തം മുറിയിൽ നിന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ, ഒരു മുന്നൊരുക്കത്തിനും ഇട കിട്ടാതെ, വലിയൊരു കൊടുമുടിയുടെ മുകളറ്റത്തേക്കു മാറ്റപ്പെടുന്ന ഒരു മനുഷ്യനുണ്ടാവുക ഇങ്ങനെ ഒരനുഭവമായിരിക്കും: താരതമ്യമില്ലാത്ത ഒരക്ഷിതത്വബോധം, പേരില്ലാത്തതൊന്നിനു മുന്നിലേക്കു വലിച്ചെറിയപ്പെട്ട തോന്നൽ; അതയാളെ ഇല്ലാതാക്കിയെന്നുതന്നെ വരാം. താൻ വീണുകൊണ്ടേയിരിക്കുകയാണെന്നോ തന്നെ ശൂന്യാകാശത്തിലേക്കു ചുഴറ്റിയെറിഞ്ഞിരിക്കുകയാണെന്നോ ഒരായിരം ചീളുകളായി താൻ പൊട്ടിച്ചിതറുകയാണെന്നോ അയാൾക്കു തോന്നിയേക്കാം. അനിയന്ത്രിതമായ ആ ഐന്ദ്രിയാനുഭവങ്ങളെ വിശദീകരിക്കാൻ എത്ര പെരുത്ത ഒരു നുണ മെനഞ്ഞെടുക്കേണ്ടിവരും, അയാളുടെ മസ്തിഷ്കത്തിന്‌! ഒറ്റയായിപ്പോകുന്ന ഒരാൾക്കും ഇതേ പോലെ എല്ലാ ദൂരങ്ങളും എല്ലാ അളവുകളും മാറുകയാണ്‌; ഈ മാറ്റങ്ങൾ ഒരുമിച്ച്, പെട്ടെന്നാണു നടക്കുന്നതെന്നതിനാൽ, മലമുകളിലെ ആ മനുഷ്യനെപ്പോലെ, അയാൾക്കും അസാധാരണമായ ഭ്രമകല്പനകളും വിചിത്രമായ അനുഭൂതികളും ഉണ്ടായെന്നു വരാം; സഹനത്തിന്റെ അളവുകളും ഭേദിച്ചവ വളർന്നുവെന്നു വരാം. അതും പക്ഷേ, നാം അനുഭവിച്ചിരിക്കണം. നമ്മുടെ അസ്തിത്വത്തെ അതിന്റെ സാദ്ധ്യമായത്ര വിപുലമായ അർത്ഥത്തിൽ നാം അംഗീകരിക്കുക; സർവ്വതും, കേട്ടുകേൾവിയില്ലാത്തതു പോലും, അതിനുള്ളിൽ സാദ്ധ്യമായിരിക്കണം. എല്ലാം പറഞ്ഞുവരുമ്പോൾ ഈയൊരുതരം ധൈര്യമേ നമുക്കാവശ്യമായിട്ടുള്ളു: നമുക്കു മുന്നിലേക്കു വന്നേക്കാവുന്ന ഏറ്റവും അസാധാരണവും ഏറ്റവും അപ്രതീക്ഷിതവും ഏറ്റവും അവ്യാഖ്യേയവുമായ അനുഭവങ്ങളെ നേരിടാനുള്ള ധൈര്യം. ഇക്കാര്യത്തിൽ മനുഷ്യർ ഭീരുക്കളാണെന്ന വസ്തുത തീരാത്ത ദ്രോഹമാണ്‌ ജീവിതത്തിനു വരുത്തിയിട്ടുള്ളത്. ‘ഭൂതങ്ങൾ’ എന്നു നാം വ്യവഹരിക്കുന്ന അനുഭവങ്ങൾ, ‘പ്രേതലോകം’ മുഴുവനായി, മരണം- നമ്മോട് അത്രയും ബാന്ധവം പുലർത്തുന്ന ആ കാര്യങ്ങളെയൊക്കെ ദൈനന്ദിനനിരാസം കൊണ്ട് ജീവിതത്തിൽ നിന്നു ബഹുദൂരം നാം പുറന്തള്ളിയിരിക്കുന്നു; അവയെ ഗ്രഹിക്കാൻ നമുക്കുപയോഗപ്പെടുമായിരുന്ന ഇന്ദ്രിയങ്ങൾ ഉപയോഗമില്ലാതെ ക്ഷയിച്ചും പോയിരിക്കുന്നു. ദൈവത്തിന്റെ കാര്യം ഞാനിവിടെ പറയുന്നുമില്ല. വിശദീകരണത്തിനു വഴങ്ങാത്തവയോടുള്ള ഭയം വ്യക്തിജീവിതത്തെ മാത്രമല്ല ദരിദ്രമാക്കിയിരിക്കുന്നത്, മനുഷ്യർ തമ്മിലുള്ള ബന്ധത്തെയും അത് പരിമിതമാക്കിയിരിക്കുന്നു; മനുഷ്യബന്ധങ്ങളെ അനന്തസാദ്ധ്യതകളുടെ പുഴത്തടത്തിൽ നിന്നു പൊക്കിയെടുത്ത് പുഴക്കരയിലെ ഏതോ തരിശുനിലത്തു കൊണ്ടിട്ടിരിക്കുന്ന പോലെയാണത്; അവിടെ ഒന്നും നടക്കുന്നില്ല. മനുഷ്യബന്ധങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിരസതയോടെ, അതേ പഴയ ചാലിലൂടെ പിന്നെയും പിന്നെയും ആവർത്തിക്കാൻ കാരണമാകുന്നത് ജാഡ്യം മാത്രമല്ല; പുതിയതെന്തിനും മുന്നിലെ, മനസ്സിൽ കാണാത്ത ഒരനുഭവത്തിനു മുന്നിലെ പേടിയോടെയുള്ള ഒഴിഞ്ഞുമാറലും അതിനു കാരണമാണ്‌; അങ്ങനെയൊന്നിനെ നേരിടാൻ പ്രാപ്തരാണോ നാമെന്നു നമുക്കു സംശയമാകുന്നു. എന്നാൽ എന്തിനും തയാറായ, ഒരു സാദ്ധ്യതയും, ഏറ്റവും നിഗൂഢമായതു പോലും,  തള്ളിക്കളയാത്ത ഒരാൾക്കേ മറ്റൊരാളുമായുള്ള ബന്ധം സജീവമായ ഒന്നായി അനുഭവിക്കാൻ കഴിയൂ; അയാൾക്കത് ഗഹനമായ ഒരനുഭവമായിരിക്കുകയും ചെയ്യും. ഒരാളുടെ ജീവിതത്തെ ചെറുതോ വലുതോ ആയ ഒരു മുറിയായി കാണുകയാണെങ്കിൽ മിക്കവർക്കും ആ മുറിയുടെ ഒരു മൂലയോ ജനാലയ്ക്കു പിന്നിലുള്ള ഒരിടമോ നിരന്തരം ചാലിട്ടു പരിചയമായ നാടവണ്ണത്തിലുള്ള ഒരു ഭാഗമോ മാത്രമേ അറിവുണ്ടാകൂ എന്നതിൽ സംശയിക്കാനില്ല. അതു വഴി അവർക്കൊരുതരം സുരക്ഷിതത്വബോധവും കിട്ടുന്നുണ്ട്. എന്നാൽ അതിലും എത്രയോ മാനുഷികമാണ്‌ എഡ്ഗാർ അലൻ പോയുടെ കഥകളിലെ ആ തടവുകാരെ തങ്ങളുടെ ഭീകരമായ തടവറയുടെ ചുമരുകളിൽ വിരലുകൾ കൊണ്ടു പരതി അതിന്റെ പറയാനരുതാത്ത ഘോരത അനുഭവിക്കാൻ അവരെ പ്രേരിപ്പിക്കുന്ന  ആപല്ക്കരമായ അനിശ്ചിതത്വം. നമ്മൾ പക്ഷേ, തടവുകാരല്ല. നമ്മെ കുടുക്കാനായി കെണികളോ വലകളോ വെച്ചിട്ടില്ല; നമ്മെ പേടിപ്പിക്കാനോ പീഡിപ്പിക്കാനോ യാതൊന്നുമില്ല. നമുക്കേറ്റവും യോജിച്ച ഒരു പരിതോവസ്ഥയിലെന്നപോലെയാണ്‌ നമ്മെ ജീവിതത്തിൽ എടുത്തുവച്ചിരിക്കുന്നത്; തന്നെയുമല്ല, ആയിരക്കണക്കായ വർഷങ്ങളുടെ അനുകൂലനത്തിനു ശേഷം ജീവിതവുമായി നമുക്കത്ര സാദൃശ്യവും വന്നിരിക്കുന്നു; നിശ്ചേഷ്ടരായി നിന്നാൽ ചുറ്റുപാടിൽ നിന്നു നമ്മെ വേറിട്ടറിയുക തന്നെയില്ല. ഈ ലോകത്തെ അവിശ്വസിക്കേണ്ട ഒരു കാരണവുമില്ല, എന്തെന്നാൽ അത് നമുക്കെതിരല്ല. അതിൽ ഭീകരതകളുണ്ടെങ്കിൽ അതു നമ്മുടെ തന്നെ ഭീകരതകളാണ്‌, അതിൽ ഗർത്തങ്ങളുണ്ടെങ്കിൽ അതു നമ്മുടെ സ്വന്തം ഗർത്തങ്ങളാണ്‌, അതിൽ അപകടങ്ങളുണ്ടെങ്കിൽ നാമവയെ സ്നേഹിക്കാൻ ശ്രമിക്കുകയും വേണം. എപ്പോഴും ദുഷ്കരമായതിനെ മുറുകെപ്പിടിക്കാൻ നമ്മെ ഉപദേശിക്കുന്ന പ്രമാണത്തിനനുസൃതമായി ജീവിതം വിന്യസിക്കാൻ നമുക്കായാൽ ഇന്നു നമുക്കേറ്റവുമന്യമായി തോന്നുന്നത് നമ്മുടെ ഹൃദയത്തോടേറ്റവുമടുത്തതും നമുക്കേറ്റവും വിശ്വസിക്കാവുന്നതുമായ അനുഭവമായി മാറും. എല്ലാ ജനതകളുടേയും തുടക്കത്തിൽ നില്ക്കുന്ന ആ പ്രാചീനകഥകളെ നാം എങ്ങനെ മറക്കാൻ? അവസാനമുഹൂർത്തത്തിൽ രാജകുമാരിമാരായി മാറുന്ന വ്യാളികളെക്കുറിച്ചുള്ള കഥകളെ?നമ്മുടെ ജീവിതങ്ങളിലെ വ്യാളികൾ യഥാർത്ഥത്തിൽ രാജകുമാരിമാരാണെന്നു വരാം; നാം ധീരന്മാരും സുന്ദരന്മാരുമാകുന്ന ആ ഒരു മുഹൂർത്തത്തിനായി കാത്തുനില്ക്കുകയാണവരെന്നു വരാം. നമ്മെ ഭീതിപ്പെടുത്തുന്നതെന്തും ഉള്ളിന്റെയുള്ളിൽ നമ്മുടെ സ്നേഹം കൊതിക്കുന്ന നിസ്സഹായതയാണെന്നും വരാം.

അതിനാൽ പ്രിയപ്പെട്ട മി. കപ്പൂസ്, ഒരു ശോകം, താൻ ഇന്നേവരെ കണ്ടതെന്തിലും വച്ചു വലുതായി മുന്നിൽ ഉയർന്നുവന്നാൽ പേടിച്ചുപോകരുതേ; അല്ലെങ്കിൽ, നിങ്ങളുടെ കൈകൾക്കും ചെയ്തികൾക്കും മേൽ വെളിച്ചവും മേഘച്ഛായയും പോലെ ഒരുത്കണ്ഠ കടന്നുപോയാൽ. തനിക്കെന്തോ സംഭവിക്കുകയാണെന്നേ നിങ്ങൾ കരുതേണ്ടു: ജീവിതം നിങ്ങളെ മറന്നിട്ടില്ലെന്ന്, അതു നിങ്ങളെ കൈകളിൽ എടുത്തുപിടിച്ചിരിക്കുകയാണെന്ന്. അതു നിങ്ങളെ താഴെ വീഴാൻ വിടില്ല. തന്റെ ജീവിതത്തിൽ നിന്ന് എല്ലാ അസ്വസ്ഥതകളേയും എല്ലാ വേദനകളേയും എല്ലാ നൈരാശ്യങ്ങളേയും പുറത്താക്കാൻ നിങ്ങളെന്തിനാഗ്രഹിക്കണം, ആ അവസ്ഥകൾ നിങ്ങളിൽ എന്താണു നിർവ്വഹിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെന്നിരിക്കെ? ഇതെല്ലാം എവിടെ നിന്നു വരുന്നുവെന്നും എവിടെയ്ക്കാണിതൊക്കെ കൊണ്ടുപോകുന്നതെന്നുമുള്ള ചോദ്യങ്ങൾ കൊണ്ട് എന്തിനു നിങ്ങൾ സ്വയം ദണ്ഡിപ്പിക്കണം? ഒരു സംക്രമദശയിലാണു താനെന്നും ഒരു പരിണാമമൊന്നേ താൻ ആഗ്രഹിക്കുന്നുള്ളുവെന്നും നിങ്ങൾക്കറിയാവുന്നതുമാണല്ലോ. നിങ്ങളുടെ പ്രതികരണങ്ങളിൽ അനാരോഗ്യകരമായി എന്തെങ്കിലും കാണുന്നെങ്കിൽ ഓർക്കുക, ഒരു ജീവി തന്നിൽ കടന്നുകൂടിയ ഒരന്യവസ്തുവിനെ പുറന്തള്ളുന്ന പ്രക്രിയയാണ്‌ രോഗം. നിങ്ങൾ ചെയ്യേണ്ടത് രോഗിയാവാൻ അതിനെ സഹായിക്കുകയാണ്‌; രോഗം അതിൽ പൂർണ്ണമാവട്ടെ, അതിന്റെ ഗതി പൂർത്തിയാക്കട്ടെ; അങ്ങനെയാണ്‌ അത് സ്വയം സുഖപ്പെടുത്തുന്നതും. പ്രിയപ്പെട്ട മി. കപ്പൂസ്, ഈ നിമിഷം നിങ്ങളിൽ വളരെ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. രോഗിയായി കിടക്കുന്നവനെപ്പോലെ നിങ്ങൾ ക്ഷമാശീലനാവണം, രോഗം ഭേദമായി വരുന്നവനെപ്പോലെ നിങ്ങൾ ശുഭാപ്തിവിശ്വാസിയുമാവണം; നിങ്ങൾ രണ്ടുമാണെന്നു വരാമല്ലോ. അതു മാത്രം പോര: നിങ്ങളെ പരിചരിക്കേണ്ട ഡോക്ടറും നിങ്ങൾ തന്നെ. എന്നാൽ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ഒരു ഡോക്ടർക്കു ചെയ്യാനില്ലാത്ത വളരെയധികം ദിവസങ്ങൾ ഏതു രോഗത്തിന്റെ കാര്യത്തിലുമുണ്ടാവും. നിങ്ങളുടെ കാര്യത്തിൽ ചികിത്സകൻ നിങ്ങൾ തന്നെയാണെന്നതിനാൽ മറ്റെന്തിലുമുപരിയായി ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതും അതു തന്നെയാണ്‌.

അത്രയ്ക്കടുത്തു നിന്ന് സ്വയം നിരീക്ഷിക്കരുത്. തനിയ്ക്കു സംഭവിക്കുന്ന കാര്യങ്ങൾ വച്ച് തിടുക്കത്തിലുള്ള നിഗമനങ്ങളിലെത്തുകയും വേണ്ട; അവ സംഭവിക്കട്ടേയെന്നു വയ്ക്കുക. അതല്ലെങ്കിൽ സ്വന്തം ഭൂതകാലത്തെ കുറ്റപ്പെടുത്തുന്ന കണ്ണുകളോടെ (എന്നു പറഞ്ഞാൽ സദാചാരത്തിന്റെ കണ്ണുകളോടെ) നോക്കാൻ നിങ്ങൾക്കൊരു പ്രയാസവുമുണ്ടാവില്ല; നിങ്ങൾക്കിപ്പോൾ സംഭവിക്കുന്നതിൽ സ്വാഭാവികമായും ആ ഭൂതകാലത്തിന്റെ സ്വാധീനമുണ്ടെന്നതിനാൽ പ്രത്യേകിച്ചും. എന്നാൽ നിങ്ങളുടെ കുട്ടിക്കാലത്തെ വ്യതിയാനങ്ങളിലും തൃഷ്ണകളിലും ആഗ്രഹങ്ങളിലും നിന്ന് ഇപ്പോൾ നിങ്ങളെ ബാധിക്കുന്നവയെ ആവില്ല നിങ്ങൾ ഓർമ്മിക്കുന്നതും കുറ്റപ്പെടുത്തുന്നതും. ഏകാന്തവും നിസ്സഹായവുമായ ഒരു ബാല്യത്തിന്റെ അസാധാരണമായ അവസ്ഥ അത്ര ദുർവ്വഹവും സങ്കീർണ്ണവും പലതരം സ്വാധീനങ്ങൾക്കു വിധേയവും ഒപ്പം യഥാർത്ഥജീവിതസന്ദർഭവുമായി ഒരു ബന്ധവും ഇല്ലാത്തതുമാണെന്നതിനാൽ അതിൽ ഒരു പാപം കയറിക്കൂടിയാൽ നാമതിനെ പാപമെന്നു വിളിക്കാൻ തിടുക്കം കൂട്ടരുത്. പേരുകളുടെ കാര്യത്തിൽ, പൊതുവേ തന്നെ, നാം ശ്രദ്ധാലുക്കളായിരിക്കണം. ഒരു ജീവിതത്തെ തകർക്കുന്നത് പലപ്പോഴും അതിനോടു ചെയ്യുന്ന ഒരപരാധത്തിന്റെ പേരായിരിക്കും, പേരില്ലാത്തതും വ്യക്തിപരവുമായ ആ അപരാധമായിരിക്കില്ല; അതൊരുപക്ഷേ, ആ ജീവിതത്തിന്‌ അത്യന്താപേക്ഷിതമായിരുന്നുവെന്നും അതൊരു പ്രയാസവും കൂടാതെ അതിൽ ഉൾച്ചേർന്നുപോവുകയും ചെയ്തേനെ എന്നും വരാം. അതിപ്രയത്നം വേണ്ടിവരുന്നുവെന്നു തോന്നുന്നത് വിജയത്തിന്‌ നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതു കൊണ്ടുമാണ്‌. താൻ കൈവരിച്ചുവെന്നു നിങ്ങൾ കരുതുന്ന ആ ‘വലിയ കാര്യം’ വിജയമല്ല, ആ തോന്നലിൽ തെറ്റു പറയാൻ ഒന്നുമില്ലെങ്കിലും. ആ മിത്ഥ്യാധാരണയ്ക്കു പകരം വയ്ക്കാവുന്നതൊന്ന്, സത്യമായതും യഥാർത്ഥമായതും, മുമ്പേതന്നെ അവിടെയുണ്ടായിരുന്നു; അതാണ്‌ ആ ‘വലിയ കാര്യം.’ അതില്ലെങ്കിൽ നിങ്ങളുടെ വിജയം വിശേഷിച്ചൊരു പ്രാധാന്യവുമില്ലാത്ത ഒരു നൈതികപ്രതികരണം മാത്രമായിപ്പോകും; അതേ സമയം അത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗവുമായിക്കഴിഞ്ഞു- വളരെയധികം പ്രതീക്ഷയോടെ ഞാൻ കാണുന്ന നിങ്ങളുടെ ജീവിതത്തിന്റെ, പ്രിയപ്പെട്ട മി. കപ്പൂസ്. നിങ്ങളുടെ ഈ ജീവിതം മുതിർന്നവരുടേതു പോലാകാൻ ബാല്യത്തിൽ നിങ്ങൾ എത്രയാഗ്രഹിച്ചതാണെന്ന് നിങ്ങൾക്കോർമ്മയുണ്ടോ? ഇന്നത് അതും കടന്ന് അതിലും വലിയ മറ്റൊന്നാകാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണു പറയുന്നത്, അതിനിയും ദുഷ്കരമായിത്തന്നെയിരിക്കും, എന്നാലത് വളർന്നുകൊണ്ടുമിരിക്കും.

ഇനിയെനിക്ക് നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിതാണ്‌: നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.

നിങ്ങളുടെ
റെയിനർ മരിയ റില്ക്കെ