ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് എഴുതിയ കത്ത് - 9

റെയ്നർ മരിയ റിൽക്കെ
പരിഭാഷ : വി. രവികുമാര്‍
ഫുറുബോർഗ്, ജോൺസെറെഡ്, സ്വീഡൻ
1904 നവംബർ 4

പ്രിയപ്പെട്ട മി. കപ്പൂസ്,

ഈ കഴിഞ്ഞ കാലത്ത് നിങ്ങൾക്കൊരു കത്തു കിട്ടാതെ പോയതിന്‌ ഒരു കാരണം ഞാൻ യാത്രകളിലായിരുന്നു എന്നതാണ്‌, മറ്റൊന്ന് ഒരു കത്തെഴുതാൻ നേരം കിട്ടാത്തത്ര തിരക്കായിരുന്നു എന്നതും. ഇന്നും അതത്ര എളുപ്പമാകാൻ പോകുന്നില്ല, കാരണം, അത്രയധികം കത്തുകൾ എഴുതേണ്ടി വന്നതിനാൽ എന്റെ കൈ ഇപ്പോൾത്തന്നെ ക്ഷീണിച്ചിരിക്കുന്നു. കേട്ടെഴുതാൻ ഒരാളുണ്ടായിരുന്നെങ്കിൽ എനിക്കു പറയാൻ ഒരുപാടുണ്ടാകുമായിരുന്നു; എന്നാൽ അതിനു വഴിയില്ലെന്നതിനാൽ നിങ്ങളുടെ ദീർഘമായ കത്തിനു പകരമായി കുറച്ചു വാക്കുകൾ കൊണ്ടു മാത്രം തൃപ്തനാവുക.

നിങ്ങളെക്കുറിച്ചു പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, പ്രിയപ്പെട്ട മി. കപ്പൂസ്, നിങ്ങൾക്കെല്ലാ നന്മകളും വരട്ടേയെന്ന് മനസ്സു തുളുമ്പി ഞാൻ നേരാറുമുണ്ട്; അതേതോ വിധത്തിൽ നിങ്ങളെ സഹായിക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കട്ടെ. എന്റെ കത്തുകൾ നിങ്ങൾക്കങ്ങനെ ശരിക്കുമൊരു സഹായമാവുന്നുണ്ടോയെന്ന കാര്യത്തിൽ എനിക്കു സംശയങ്ങളുണ്ട്. അല്ല, അങ്ങനെയല്ല, എന്നു പറയരുത്. ശാന്തമനസ്സോടെ, നന്ദിവാക്കുകളില്ലാതെ അവ കൈക്കൊള്ളുക; എന്തുണ്ടായിവരുമെന്നു നമുക്കു കാത്തിരിക്കുകയും ചെയ്യുക.

നിങ്ങളുടെ കത്തിന്റെ വിശദാംശങ്ങളിലേക്കു പോയിട്ടു വലിയ കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല; കാരണം, സ്വയം അവിശ്വസിക്കാനുള്ള നിങ്ങളുടെ പ്രവണതയെക്കുറിച്ചോ ആന്തരവും ബാഹ്യവുമായ ജീവിതങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ നിങ്ങൾക്കു കഴിയാത്തതിനെക്കുറിച്ചോ അതുമല്ലെങ്കിൽ നിങ്ങളെ വന്നലട്ടുന്ന മറ്റനേകം പ്രശ്നങ്ങളെക്കുറിച്ചോ ഒക്കെ എനിക്കു പറയാനുള്ളത്- അതു ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതു തന്നെ: അതിജീവിക്കാൻ വേണ്ടത്ര ക്ഷമയും വിശ്വസിക്കാൻ വേണ്ടത്ര എളിമയും നിങ്ങൾ കണ്ടെത്തുമാറകട്ടേയെന്ന്; ദുഷ്കരമായതിലും അന്യർക്കിടയിലെ നിങ്ങളുടെ ഏകാന്തതയിലും നിങ്ങൾ കൂടുതൽ കൂടുതൽ വിശ്വാസമർപ്പിക്കട്ടേയെന്ന്. പിന്നെ, ജീവിതം അതിന്റെ വഴിക്കും പോകട്ടെ. ഞാൻ പറയുന്നതു വിശ്വസിക്കൂ: ജീവിതത്തിനൊരിക്കലും വഴി പിഴയ്ക്കില്ല.

പിന്നെ വികാരങ്ങളുടെ കാര്യം: നിങ്ങൾക്കേകാഗ്രതയും പ്രചോദനവും നല്കുന്ന ഏതു വികാരവും നിർമ്മലമാണ്‌. നിങ്ങളുടെ പ്രകൃതത്തിന്റെ ഒരു വശത്തെ മാത്രം സ്പർശിക്കുകയും അങ്ങനെ അതിനെ വികലമാക്കുകയും ചെയ്യുന്ന വികാരം മാത്രമേ അശുദ്ധമായിട്ടുള്ളു. നിങ്ങളുടെ ബാല്യത്തിൽ നിന്ന് നിങ്ങൾക്കോർത്തെടുക്കാനാവുന്നതെന്തും നല്ലതാണ്‌. നിങ്ങളുടെ ഏറ്റവും നല്ല നിമിഷങ്ങളിൽ നിങ്ങൾ എന്തായിരുന്നുവോ, അതിലും ഒരു പടി നിങ്ങളെ ഉയർത്തുന്നതെന്തും ശരിയാണ്‌. ഏതുദ്ദീപനവും നല്ലതാണ്‌, അതു നിങ്ങളുടെ ചോരയോട്ടത്തിൽ കലർന്നിട്ടുണ്ടെങ്കിൽ, അതൊരുന്മത്തതയോ മനഃകാലുഷ്യമോ അല്ലെങ്കിൽ, അടിയോളം തെളിഞ്ഞ ഒരാനന്ദമാണതെങ്കിൽ. ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നുണ്ടാവുമല്ലോ?

പരിശീലിപ്പിച്ചെടുത്താൽ നിങ്ങളുടെ സംശയസ്വഭാവവും നല്ലൊരു ഗുണമാണ്‌. പക്ഷേ അത് കാര്യങ്ങൾ അറിഞ്ഞുകൊണ്ടുള്ളതാവണം, വിമർശനസ്വഭാവത്തിലുള്ളതാവണം. നിങ്ങളുടെ എന്തെങ്കിലും കാര്യത്തെ തുലയ്ക്കാൻ അതിടപെടാനുള്ള ഒരുക്കം കാണിച്ചാൽ അതിനോടു ചോദിക്കുക, എന്താണ്‌ ആ കാര്യത്തിൽ വഷളായിട്ടുള്ളതെന്ന്, കൃത്യമായ തെളിവെവിടെയെന്ന്. നിങ്ങളുടെ സംശയം അന്ധാളിച്ചെന്നപോലെ നില്ക്കുന്നതും ഒരു മറുപടി പറയാൻ കുഴങ്ങുന്നതും ചിലപ്പോഴതു പ്രതിഷേധിക്കുന്നതും കണ്ടേക്കാം. എന്നാൽ വഴങ്ങരുത്, നിങ്ങളുടെ വാദങ്ങൾക്ക് തിരിച്ചെന്താണു പറയാനുള്ളതെന്നു വാശി പിടിക്കുക; ഓരോ വട്ടവും ഈ തരം ജാഗ്രതയോടെയും നിർബ്ബന്ധബുദ്ധിയോടെയും പ്രവർത്തിക്കുക; എങ്കിൽ ഒരു ദിവസം കാണാം, തച്ചുടയ്ക്കുന്നവനല്ല, നിങ്ങളുടെ ഏറ്റവും നല്ല പണിക്കാരനാണതെന്ന്- നിങ്ങളുടെ ജീവിതം കെട്ടിപ്പൊക്കുന്ന പണിക്കാരിൽ വച്ചേറ്റവും മിടുക്കൻ.

ഇന്നു നിങ്ങളോട് എനിക്കിത്രയേ പറയാൻ കഴിയുന്നുള്ളു, പ്രിയപ്പെട്ട മി. കപ്പൂസ്. പ്രാഗിലെ ഡ്യൂഷ് അർബെയ്റ്റിൽ അടുത്ത കാലത്തു വന്ന ഒരു കവിതയുടെ ഒരു കോപ്പി കൂടി ഈ കത്തിനൊപ്പം വയ്ക്കുന്നുണ്ട്. അതിൽ നിങ്ങളോടു ഞാൻ കൂടുതൽ സംസാരിക്കുന്നുണ്ട്, ജീവിതത്തെയും മരണത്തെയും കുറിച്ചും രണ്ടിന്റെയും പദവിയേയും മഹിമയേയും കുറിച്ചും.

നിങ്ങളുടെ,
റെയ്നർ മരിയ റില്ക്കെ