ഓടക്കുഴൽ
— ജി. ശങ്കരക്കുറുപ്പ്
ലീലയിൽജീവിതഗീതികൾ പാടും ദി-
ക്കാലാതിവർത്തിമാഹാത്മ്യശാലിൻ!
ആരാലുമജ്ഞാതമാമേതോ മണ്ണിൻ വീ-
ണാരാൽ നശിക്കുവാൻ തീർന്നൊരെന്നെ
നിൻ ദയാവൈഭവം ജംഗമാജംഗമ-
നന്ദനമാമൊരു വേണുവാക്കി.
ഭാവൽക്കശ്വാസത്താൽ ചൈതന്യപൂർണ്ണമെൻ
ജീവിതനിസ്സാരശൂന്യനാളം!
മാനസമാദക, ലോകൈകഗായക,
ഗാനമായങ്ങെന്നിൽ വർത്തിക്കുന്നു;
അല്ലെങ്കിലിജ്ജഡസാധനം വല്ലുമോ
വല്ലതും ഹൃഷ്ടമായാലപിപ്പാൻ?
തൂമന്ദഹാസത്തിൻ വെൺനുര,നിർമ്മല
പ്രേമപ്രവാഹത്തിൻ മന്ദ്രദ്ധ്വാനം,
ജീവിതമത്സരം തന്നോളം തള്ളൽ, ബാ-
ഷ്പാവിലനീലനേത്രോല്പലങ്ങൾ,
ദാരിദ്ര്യക്കോടക്കാർച്ചാർത്തിൻ കരിനിഴൽ,
പാരിലെപ്പാപത്തിന്നാവർത്തങ്ങൾ,
എന്നിവ ചേർന്നൊലിച്ചീടട്ടേ മേൽക്കുമേ-
ലെന്നിലെസ്സംഗീതകല്ലോലിനി!
ഓടക്കുഴലിതു നീടുറ്റ കാലത്തിൻ
കൂടയിൽ മൂകമായ് വീഴാം നാളെ;
മൺചിതലായേക്കാ,മല്ലെങ്കിലിത്തിരി
വെൺചാരം മാത്രമായ് മാറിപ്പോകാം.
നന്മയെച്ചൊല്ലി വിനിശ്വസിക്കാം ചിലർ;
തിന്മയെപ്പറ്റിയെ പാടൂ ലോകം.
എന്നാലും നിൻ കൈയിലർപ്പിച്ചോരെൻ ജന്മ-
മെന്നാളുമാനന്ദസാന്ദ്രം ധന്യം!
© ജി. ശങ്കരക്കുറുപ്പ്
ലീലയിൽജീവിതഗീതികൾ പാടും ദി-
ക്കാലാതിവർത്തിമാഹാത്മ്യശാലിൻ!
ആരാലുമജ്ഞാതമാമേതോ മണ്ണിൻ വീ-
ണാരാൽ നശിക്കുവാൻ തീർന്നൊരെന്നെ
നിൻ ദയാവൈഭവം ജംഗമാജംഗമ-
നന്ദനമാമൊരു വേണുവാക്കി.
ഭാവൽക്കശ്വാസത്താൽ ചൈതന്യപൂർണ്ണമെൻ
ജീവിതനിസ്സാരശൂന്യനാളം!
മാനസമാദക, ലോകൈകഗായക,
ഗാനമായങ്ങെന്നിൽ വർത്തിക്കുന്നു;
അല്ലെങ്കിലിജ്ജഡസാധനം വല്ലുമോ
വല്ലതും ഹൃഷ്ടമായാലപിപ്പാൻ?
തൂമന്ദഹാസത്തിൻ വെൺനുര,നിർമ്മല
പ്രേമപ്രവാഹത്തിൻ മന്ദ്രദ്ധ്വാനം,
ജീവിതമത്സരം തന്നോളം തള്ളൽ, ബാ-
ഷ്പാവിലനീലനേത്രോല്പലങ്ങൾ,
ദാരിദ്ര്യക്കോടക്കാർച്ചാർത്തിൻ കരിനിഴൽ,
പാരിലെപ്പാപത്തിന്നാവർത്തങ്ങൾ,
എന്നിവ ചേർന്നൊലിച്ചീടട്ടേ മേൽക്കുമേ-
ലെന്നിലെസ്സംഗീതകല്ലോലിനി!
ഓടക്കുഴലിതു നീടുറ്റ കാലത്തിൻ
കൂടയിൽ മൂകമായ് വീഴാം നാളെ;
മൺചിതലായേക്കാ,മല്ലെങ്കിലിത്തിരി
വെൺചാരം മാത്രമായ് മാറിപ്പോകാം.
നന്മയെച്ചൊല്ലി വിനിശ്വസിക്കാം ചിലർ;
തിന്മയെപ്പറ്റിയെ പാടൂ ലോകം.
എന്നാലും നിൻ കൈയിലർപ്പിച്ചോരെൻ ജന്മ-
മെന്നാളുമാനന്ദസാന്ദ്രം ധന്യം!
© ജി. ശങ്കരക്കുറുപ്പ്