ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍

വിമീഷ് മണിയൂർ

കാട്ടില്‍നിന്നുതന്നെ അതിനാഗ്രഹമുണ്ടായിരുന്നു
പോറ്റാന്‍ വലിയ വിഷമമായതുകൊണ്ട്
അതിനു നിന്നില്ല നാട്ടില്‍ വന്നപ്പോള്‍
ഉടനെതന്നെ വളര്‍ത്തുകേന്ദ്രത്തില്‍ ചെന്ന്
ഒന്നിനെ വാങ്ങിച്ചു തോട്ടിക്കൈയും ആട്ടി
അത് പിന്നാലെ മണപ്പിച്ചു നടന്നു മെരുങ്ങിക്കഴിഞ്ഞപ്പോള്‍
പനകേറി പട്ടകൊത്തി വലിച്ച് വലിച്ച്
തിന്നാന്‍ പാകത്തില്‍ മുന്നില്‍ കൊണ്ടിട്ടുതന്നു

പീടികയില്‍ ചെന്ന് പറഞ്ഞകണക്കിനുള്ള
പഴക്കൊല, ശര്‍ക്കര വാങ്ങിച്ചു വന്നു
അതൊക്കെ കാണുമ്പം കാട്ടില്‍ വെച്ചുതന്നെ
ഒരെണ്ണത്തിനെ പോറ്റാമായിരുന്നെന്ന്
പിന്നെയും തോന്നും. നല്ല മൂഡുള്ളപ്പം
അതിനെ പുറത്തുകേറ്റി കളിപ്പിക്കും
ചില നേരങ്ങളില്‍ സര്‍ക്കസ്സുകാട്ടി അത്ഭുതപ്പെടുത്തും
ഒച്ചയിട്ട് കാട്ടിലെ വലിയ ആനകളെ അനുകരിക്കുന്നത്
അതിന് കുറച്ചൊക്കെ പേടിയാണ്.

കുളിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്
എങ്ങനെ ചെരിഞ്ഞ് കിടക്കണമെന്നുവരെ കാണിച്ചുകൊടുക്കും
അതുപക്ഷെ വെള്ളം തെറിപ്പിച്ച് കുസൃതി കാട്ടും
രാത്രിക്ക് വീട്ടിലിട്ട് അടയ്ക്കും.
പുറത്ത് വല്ല തെങ്ങും ചാരി ഉറക്കമിളയ്ക്കും.

തിന്നല് വളരെ വളരെ കുറവാണ്
വാങ്ങുമ്പോള്‍ നല്ലത് നോക്കി വാങ്ങാമായിരുന്നു
ഇനി പറഞ്ഞിട്ട് കാര്യമില്ല
അത് പാലും മുട്ടയും തരുന്ന ജീവിയല്ല
ഇടയ്ക്ക് അതൊക്കെ ചിന്തിച്ചിരിക്കുമ്പം
പോറ്റുന്നത് വെറുതെയാണെന്ന് തോന്നും
അപ്പം കൊമ്പുകുലുക്കി ഒന്നു ഉലാത്തും
ഓടിച്ചെന്ന് കാലുകൊണ്ട് തൊഴിക്കും പിന്നൊന്നും പറയണ്ടാ—

അടുത്ത ഒന്നിനെ സംഘടിപ്പിക്കാന്‍ പെടുന്ന പാട്

© വിമീഷ് മണിയൂർ
മൂലകൃതി: ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍
പ്രസാധകർ: ഡിസി ബുക്ക്സ്