ആണിറച്ചി

എം. ആർ വിഷ്ണുപ്രസാദ്

"ആറ്റുവെള്ളത്തില്‍ നീന്തിത്തുടിച്ചതാ
മണമുള്ള സോപ്പിട്ടു കുളിച്ചൊരുങ്ങി വന്നതാ
തുടുത്ത ചുണ്ട് കൊണ്ടോരുമ്മ താടി"
എന്നിട്ടായിരുന്നു ബലാല്‍സംഗം
ആദ്യമൊന്നു കുതറി പിന്നെ വഴങ്ങി
സുഖിച്ച പാടേ അവനുറക്കമായ്.

തളര്‍ന്നുറങ്ങുന്നോനെയുണര്‍ത്താതെ
ഇരുമ്പുണ്ടോ എന്നവള്‍ മണത്തു നോക്കുന്നു.
അടുത്ത മാത്രയില്‍ അടുക്കള പിച്ചാത്തി
വലതു കയ്യേറി തിളങ്ങി നില്‍ക്കുന്നു.
ഇടം കയ്യാലവന്റെ പുതപ്പു മാറ്റുന്നു
അരിഞ്ഞെടുക്കുന്നു പുരുഷ ലിംഗത്തെ.
പിടഞ്ഞു കൊണ്ടവന്‍ മറിഞ്ഞപ്പോളവള്‍
പതുക്കെ ചീന്തുന്നു തുടുത്ത പിന്‍ഭാഗം,
തുട, കുടവയര്‍, തെഴുത്ത മസ്സിലുകള്‍.

പുരുഷമാംസത്തെ തുണി സഞ്ചിലിട്ട്
തിരിച്ച് പോകുന്നവള്‍ കറി വച്ചീടുവാന്‍.
ഇറച്ചിയും കൊണ്ട് പാഞ്ഞു പോകുമ്പോള്‍
കുടുംബ വീടിന്റെ അടുക്കളത്തട്ടില്‍
കറി മസാലക്കൂട്ടുണര്‍ന്നിരിക്കുന്നു.

അടുപ്പ് കൂട്ടുന്നമ്മ
കിണറ്റു വെള്ളത്തെ അഴിച്ചു കെട്ടുന്നച്ചന്‍
കറിക്കത്തി രാകിയുരച്ചു കൊണ്ടനിയന്‍
ഒരുമിച്ചത്താഴമിരുന്നു തിന്നുവാന്‍
അവളുടെ വീടൊരുങ്ങി നില്‍ക്കുന്നു.

ഇറച്ചി വേവുമ്പോള്‍ തുണിയഴിക്കുന്നവര്‍
പിറന്ന രൂപത്തിലവന്റെ മാംസത്തെ
നുണച്ചിറക്കുവാന്‍ കൊതി പിടിച്ചവര്‍.
എരിവുമുപ്പും സമം ശരിക്കും രതിസ്സുഖം
നാവാലുഴിഞ്ഞു തീര്‍ക്കും ആണിറച്ചി തന്‍ രുചി.

പുറത്ത് മഴയത്ത് മുറ്റത്ത്‌ പതിക്കുന്നു
ഇറച്ചി നുറുക്കിയ തിളങ്ങും ചന്ദ്രക്കല.

എച്ചിലും നക്കി കൊണ്ട് മുറ്റത്തെക്കോടുന്നവര്‍
മുറികളോരോന്നായി പിന്നാലെയിറങ്ങുന്നു.
നീയെന്റെ കയ്യേ പിടിക്കെന്നവള്‍
നിന്റെ കയ്യേല്‍ കുളിമുറി പിടിക്ക്
കുളിമുറി അനിയന്റെ കയ്യേ പിടിക്ക്
അനിയന്‍ കിടപ്പുമുറി പിടിക്ക്
കിടപ്പുമുറി അമ്മേടെ കയ്യേ പിടിക്ക്
അമ്മ ഊണുമുറിയെ പിടിക്ക്
ഊണുമുറി അച്ഛന്റെ കയ്യേ പിടിക്ക്
അച്ഛന്‍ അടുക്കളയെ പിടിക്ക്
അടുക്കള എന്നെ പിടിക്ക്
വട്ടംചുറ്റ്  നൃത്തം ചെയ്യ്
ദഹിക്കട്ടെ തിന്നതെല്ലാം.

© എം. ആർ വിഷ്ണുപ്രസാദ്
മൂലകൃതി: ആണിറച്ചി
പ്രസാധകർ: കൃതി ബുക്ക്സ്