ആരും വരുന്നില്ല

ശ്യാം സുധാകര്‍

അത്താഴം കഴിഞ്ഞ്‌
മുറിയുടെ മുന്നില്‍ തിരിച്ചെത്തി.
പൂട്ടിയ വാതിലിന്റെ
താക്കോല്‍ പോക്കറ്റിലുണ്ട്‌ എന്നതോര്‍ക്കാതെ
വാതിലില്‍ മുട്ടി.

തന്റെ വാതിലിലല്ല മുട്ടിയത്‌ എന്ന്‌
അടുത്ത മുറിയിലുള്ളവന്‍
വാതില്‍തുറന്ന്‌ ഉറപ്പുവരുത്തി.
ഒന്നും മിണ്ടാതെ
ഞാന്‍ എന്താണുചെയ്യുന്നത്‌
എന്നുകൂടി നോക്കാതെ
വാതിലടച്ചു.

ഞാനെന്റെ കൈ പോക്കറ്റില്‍ മുക്കി
താക്കോലെടുത്ത്‌ മുറി തുറന്നു.
കട്ടിലിലിരുന്ന്‌ മുഖംപൊത്തി
ഉറക്കെ നിലവിളിച്ചു.

ആരും വന്നില്ല.

© ശ്യാം സുധാകർ