അത്രയും നിശ്ശബ്ദമായി ചില രാത്രികൾ

സിന്ധു കെ. വി

നീയില്ലാത്തപ്പോൾ നിന്നെപ്പറ്റി പറയുന്ന നിന്റെ വീട്.
മൂളിയപാട്ടിന്റെ ബാക്കിയിൽ
ചായക്കോപ്പയിലെ മധുരമോര്‍ത്ത്,
അയയിലെ ഈരിഴത്തോര്‍ത്തിറ്റിക്കുന്ന
താളത്തിൽ
നീയില്ലെന്നുമാത്രം
പറയുമത്.
അസാന്നിദ്ധ്യം പോലെയൊരു സാന്നിദ്ധ്യമില്ല !

അയഞ്ഞുപോകുന്നൊരു താളം പോലെ,
കിതച്ചുകിതച്ച് അവസാന സ്റ്റോപ്പിലെത്തിയ
തീവണ്ടിയിൽ നിന്ന്
പുറത്തേക്ക് തള്ളിയിറങ്ങുന്ന ഒരാളിനെപ്പോലെ
എന്റെയുള്ളിൽ നിന്ന് പുറത്തുചാടുന്നവൻ
അവിടമാകെയലയും.
നൈറ്റ്മോഡിൽ സുന്ദരിയായ തൊടിയിൽ
ചേര്‍ന്നിരിക്കുന്ന മിഥുനങ്ങളാവും
നിഴലുകൾ.
മുറിയിലത്രയ്ക്കു നിലാവ് !

ഏതുനേരവും പൂത്തേക്കാമെന്നൊരു
കടമ്പുപോലെ
ഒരൊറ്റ സ്പര്‍ശത്താലുറവയിട്ടേക്കാവുന്ന
നദി,
പതഞ്ഞൊഴുകുന്ന
നീണ്ടമുടിയുള്ള ഒരു ഗന്ധര്‍വ്വനെ
കടംചോദിക്കും.

പൂത്തുപൂത്തിറങ്ങുന്ന
വസന്തകാലപ്പറവകൾ
നിന്നെ ഇറക്കിക്കൊടുക്കും.

പുറത്തു നിലാവിൽ കൈകോര്‍ത്തുപോവുന്ന
ആ രണ്ടുപേരിൽ
എനിക്കന്നേരത്ത് ഒരവകാശവുമുണ്ടാവില്ല.

ഇറുകിയുമയഞ്ഞും പാടിക്കൊണ്ടിരിക്കുന്ന
സ്വപ്നങ്ങളുടെ പായ്‌വഞ്ചിയടുപ്പിച്ച്
പരാതികളില്ലാത്ത തീരത്തേക്ക്
പ്രപഞ്ചവും ഞാനും പിന്നെ കാലെടുത്തു വെയ്ക്കും.

© സിന്ധു കെ. വി
മൂലകൃതി: കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി
പ്രസാധകർ: കൈരളി ബുക്ക്സ്