ബെഡ് റ്റൈം സ്റ്റോറി

ബെഡ് റ്റൈം സ്റ്റോറി

അരുൺ പ്രസാദ്

"ഒരു സ്കൂട്ടറ് ഒണ്ടായിരുന്നേ
അപ്പോ സ്കൂട്ടറ് ഒണ്ടല്ലോ
ഒരു സ്കൂട്ടറ് ഒണ്ടായിരുന്നേ
സ്കൂട്ടറിനേ അചഛനും അമ്മേം ഇല്ലാർന്നേ
അപ്പോ സ്കൂട്ടറ് ഒണ്ടല്ലോ
ഒരു സ്കൂട്ടറ് ഒണ്ടായിരുന്നേ
സ്കൂട്ടറ് ഇന്നാളൊരൂസം
ഇങ്ങനെ പോവുമ്പഴേ
ഒരു സ്കൂട്ടറീനെ കാണുമേ
സ്കൂട്ടറീനെ നോക്കി നോക്കി
സ്കൂട്ടറ് ഒണ്ടല്ലോ
ഒരു മരത്തീ വന്നു ഒറ്റ ഇടി ഇടിക്കുവേ
മരമുത്തശ്ശനെ ആണേ ഇടിക്കുവാ
മുത്തശ്ശന്റെ ഒരു പല്ലു പോം
പിന്നെ
തലേന്നുണ്ടല്ലോ
നല്ലോണം പഴ്ത്ത
എലകളൊക്കെ വീഴേ
പൂക്കള് വീഴേ
മാങ്ങ വീഴേ
ആപ്പിള് വീഴേ
മുന്തിരി വീഴേ
പപ്പായ,ഓറഞ്ച്,സ്റ്റ്രോബറി,ചെറി ഒക്കേം വീഴേ

അപ്പോഴുണ്ടല്ലോ
മേലേകൊമ്പി താമസിക്കണ
കൊക്കൂഞ്ഞ് വീഴേ
അണ്ണാങ്കുഞ്ഞ് വീഴേ
തത്തിതത്തി നടക്കണ അടക്കാകുരുവിം വീഴേ
മൂങ്ങകുഞ്ഞനും വീഴേ

വീണവരെല്ലാരും
സ്കൂട്ടറിന്റെ മേലേലു ഒട്ടിപ്പോനെയിസ്ലിപ്പാകുവേ
പൂവിലൊക്കെ പൂമ്പാറ്റകളു വന്നിരിക്കുവേ

അണ്ണാൻ കുഞ്ഞ് ചിലും ചിലും ന്ന്
കുരുവി കിയോ കിയോ ന്ന്
മൂങ്ങകുഞ്ഞൻ ഒളോം ഒളോം ന്ന്
കരഞ്ഞ് കരഞ്ഞ്
അവിടാകെ കലപിലയാകുവേ
അതുകേട്ട് പാവം തോന്നീട്ട്
ഒരു ആമ്പുലൻസ് വന്ന്
സ്കൂട്ടർന്നെ ആസ്പത്രീലു കൊണ്ടോവേ

നോക്കുമ്പോണ്ടല്ലോ
ആസ്പത്രീലെ ഡോട്ടറുണ്ടല്ലോ
ആരാന്നറിയോ
നമ്മടെ സ്കൂട്ടറി!

സ്കൂട്ടർനെ കാണുമ്പോ
സ്കൂട്ടറിക്ക് വെഷമാവേ
വെഷമം കൊണ്ട് നെറ്റീലുതൊടേ
അപ്പോണ്ടല്ലോ
കിളികളായകിളികളൊക്കെ
ശർന്ന് പറക്കേ
അണ്ണാങ്കുഞ്ഞും മൂങ്ങകുഞ്ഞനും മാത്രം
ങുർ ങുർ ങുർ ങുർ
ങുർ ങുർ ങുർ ങുർ"

© അരുൺ പ്രസാദ്