എന്‍റെ നാമത്തില്‍ ദൈവം

വിമീഷ് മണിയൂർ

1
എന്‍റെ പേടിയില്‍ നിന്നാണ്
എന്‍റെ ദൈവമുണ്ടായത്
എന്‍റെ ദൈവമാണ്
ഇപ്പോഴെന്‍റെ ഭയം.

2
ചെറുപ്പത്തില്‍
ദൈവത്തിന്
കുട്ടികളെ ഭയങ്കര ഭയമായിരുന്നു.
അവരൊക്കെ മുതിരുമല്ലോ
എന്ന ഒറ്റ സമാധാനത്തിലായിരുന്നു.

3
ഒന്നാം കവിളിനുകിട്ടി
ഒട്ടും താമസിയാതെ
രണ്ടാം കവിളും നീട്ടി
ഒരുപാടുകാത്തു
കണ്ണും മൂക്കും കവിളും പൊത്തി
തിരിച്ച് ഒറ്റയടി
ക്ഷമിക്കുന്നതിനുമില്ലേ ഒരതിര്.

4
നാല്‍പത് വയസായിട്ടും
ദൈവത്തിന് പെണ്ണുകിട്ടിയില്ല.
അതുകണ്ട് സങ്കടം വന്ന്‍
മകളെ കെട്ടിച്ചുകൊടുത്തു
ചെകുത്താന്‍.
ഇനിയെങ്കിലും വല്ല പണിയുമെടുക്കണം
കുത്തിയിരുന്ന് അനുഗ്രഹിച്ചാല്‍ പോര.

5
സുന്നത്തുകല്യാണത്തിന്‍റെ
ദിവസം വന്നു
ദൈവം മോയ്ല്യാരുടെ
മുഖത്തുനോക്കി പറഞ്ഞു
ഞാന്‍ മതം മാറിക്കൊള്ളാം.

6
ചെകുത്താനെ കണ്ടതു മുതല്‍
ദൈവം കുരിശു കണ്ടു.
ദൈവത്തെ കണ്ടതു മുതല്‍
ചെകുത്താന്‍ കുരിശു വരച്ചു.

7
ഇടയ്ക്കിടെ
ദൈവത്തെ കാണാതാകും
ചെകുത്താന്‍
തപ്പി എടുത്തുകൊണ്ടുവരും.

8
പരീക്ഷ
എത്ര എഴുതിയിട്ടും
പാസായില്ല ചെകുത്താന്‍.
അത്ഭുതം അതല്ല
എഴുതുന്നതിന് മുമ്പേ
ജയിക്കുന്നു ദൈവം.

9
ദൈവത്തിന്‍റെ സൈക്കിളിന്‍റെ കാറ്റൊഴിച്ചിട്ടു.
ദൈവം കണ്ടു
ചെകുത്താന്‍ ഓടിക്കളഞ്ഞു.
ദൈവം ഉന്തിക്കൊണ്ടു നടന്നു.

10
എന്നും ഉറക്കത്തില്‍
ചെകുത്താനെ സ്വപ്നം കണ്ട്
ദൈവം ഞെട്ടിയുണരും
അതില്‍പിന്നെ
പേടി പരിശീലിക്കാന്‍
വാങ്ങി സൂക്ഷിച്ചതാണ്
ഒരു കണ്ണാടി.

© വിമീഷ് മണിയൂർ