കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി

സിന്ധു കെ. വി

വസന്തം വരച്ച വഴിയോരത്തെ
പൂത്തുനില്‍ക്കുന്ന കാപ്പിത്തണൽ
പാതയിലൂടെ എന്നിലേക്കെന്ന്
നിങ്ങള്‍ വരുമ്പോൾ ഒരു മോഷണം നടക്കും
നിങ്ങൾ പോലുമറിയാത്ത ഒന്ന്

മിഴികളെ തണുപ്പായി തഴുകി
പീലികളടയ്ക്കാനൊരുങ്ങുമ്പോൾ
മറക്കും നിങ്ങള്‍,
മാറാപ്പിലേറ്റിവന്ന ഭാരങ്ങൾ,
ചെക്ക് പോസ്റ്റിനു വെളിയിൽ കാത്തുവെച്ചത്,
എല്ലാം..

ഉള്ളിൽ,
നിങ്ങൾ പരദേശിയല്ല,

കാപ്പിപ്പൂക്കളും വേപ്പും
നാട്ടു മരുന്നു മണം പോലെ
ഉടലിനൊപ്പം.

ചേല ഞൊറിഞ്ഞ്
അപ്സരസ്സുകളാവുന്നു
നിങ്ങളുടെ പെണ്ണുങ്ങൾ.
കൊയ്ത്തുപാടത്തും  കടുക്കനിടുന്ന
കുസൃതികൾ.
വിരൽ വരകളിൽ ഇതുവരെയറിയാത്ത
ചുഴികൾ.

നിങ്ങൾ
ഓർമ്മകൾ,

ചുറുചുറുക്കുള്ള വെയിൽക്കുഞ്ഞുങ്ങൾ,
മയിലിണകൾ
ഇരുണ്ട മേഘങ്ങൾക്കൊപ്പം.
മുളന്തണ്ടിൽ തേനേന്തുന്ന
കർഷകൻ,
ഇന്നലെകൾ ഇല്ലാത്തവൻ
മാമരങ്ങൾ,
ഇടമുറിയാത്ത ഋതുക്കൾ

വിരുന്നുകാരാ,
നിനക്ക് മടക്കമില്ലെന്നു കാറ്റ്.

കരിമ്പടക്കുപ്പായമിട്ട്
കാട്ടുമുളങ്കുഴലൂതി
കനൽ തെളിച്ച
നീണ്ടകാതുള്ളൊ-
രമ്മൂമ്മക്കഥ പോലും
മറക്കുമ്പോൾ

നിന്റെ തലയാട്ടലിന്റെ
ആയുസ്സിന്
വിളവെടുപ്പുകാലങ്ങളുടെ
കാഴ്ച്ചയൊരുക്കുന്നു  പിന്നെയും ഞാൻ.

© സിന്ധു കെ. വി
മൂലകൃതി: കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി
പ്രസാധകർ: കൈരളി ബുക്ക്സ്