കാറ്റ്

ദ്രുപത്‌ ഗൗതം

1
       അയ്യോ, മാവേ,
       നിന്നോടൊരോന്ന്
       മിണ്ടിയിരുന്ന്
       നേരം പോയതറിഞ്ഞില്ല
       ഒരുപാടുണ്ട് പണികൾ

       പാടിച്ചെരുവിലെ
       എല്ലാ വീടുകളുടെയും
       മുറ്റമടിയ്ക്കണം ,
       പണിക്കിറങ്ങുംമുൻപ്
       അമ്മച്ചിപ്ലാവിന്
       ഒരുമ്മകൊടുക്കണം

       ഉബ്രിക്കുന്നിലെ
       മഴയെ കൂട്ടിക്കൊണ്ടുവന്ന്
       എല്ലാ മരങ്ങളേയും
       കുളിപ്പിക്കണം ,
       കരയും മുമ്പ് അവരുടെ
       തല തോർത്തികൊടുക്കണം.

2
       എല്ലാ
       തെങ്ങനുജത്തിമാരുടെയും
       മുടിചീകിക്കൊടുക്കണം ,
       അപ്പുപ്പന്
       പത്രം മറിച്ചു കൊടുക്കണം ,
       കിടപ്പു മുറിയിലെ മടുപ്പെല്ലാം
       കുടഞ്ഞു വിരിക്കണം.

       ഇലവീടുകളുടെ
       എല്ലാ വാതിലുകളും
       ശരിക്കടഞ്ഞിട്ടുണ്ടോയെന്ന്
       ഉന്തിനോക്കണം.

       അനാഥരായ ഞാറ്റിൻകുഞ്ഞുങ്ങളുടെ
       കണ്ണീർ തുടയ്ക്കണം ,
       അവരെ പാടിയുറക്കാൻ
       പുതിയൊരു താരാട്ട്
       പഠിച്ചെടുക്കണം.

       ഇടയ്ക്ക് തളരുമ്പോൾ
       ഒരു ഇരിപ്പിടമാനുവദിക്കാൻ
       കരിയിലകളുടെ ജാഥ നയിക്കണം.

3
       മുറ്റത്താറാനിട്ട
       തുണിയെല്ലാം
       മടക്കിവയ്ക്കണം.

       വിളക്കി ൻ  നാളത്തെ
       തുള്ളൽ പഠിപ്പിയ്ക്കണം
       അടുക്കളയിൽ
       തീ
       ഊതിക്കൊടുക്കണം.

       പിന്നെ ,
       നിന്ന്
       തീപിടിക്കുമ്പോൾ
       മാവേ ,
       നിന്നെ കെട്ടിപ്പിടിച്ചൊരു
       മഴ നനയണം.

© ദ്രുപത്‌ ഗൗതം