കാടകം

കാടകം

രാഹുൽ ഗോവിന്ദ്

കാടിന്റെ ഒത്തനടുക്കാണു നീർക്കെട്ട്.
അവിടേക്കാണു നടത്തം.

ഇരുട്ടൊരു പെരിയ കൊമ്പനായി
പിറകേ,
പതുക്കെ,
പതുങ്ങിപ്പതുങ്ങി

മുൻപിൽ നിലാവിനെ
കീറിക്കീറി നിലത്തിടുന്ന
പിച്ചാത്തിയിലകളെ വകഞ്ഞു
മാറ്റുന്ന വിരലുകളുടെ
നൃത്തം.

ഉടലാകെയൊരമ്പായി
ആവി പറത്തി
മഞ്ഞിന്റെയാഴത്തിലൂടെ
നീന്തിത്തുടിച്ച്,

അറിയാത്ത കൊമ്പിന്റെയൊടുക്കത്തെ
ഉയരത്തിൽ
കിളിക്കൂടുണ്ട്,
അവിടെയാവും മഞ്ഞമുട്ട.

കളിപറയാൻ സമയമേയില്ല,
വിരസതയിൽ ചവിട്ടിപ്പുതഞ്ഞ്
പുലരും മുമ്പേ
അങ്ങെത്തണം.

വെളിച്ചംതൊട്ടാൽ
ചിതറിയേക്കാവുന്നത്ര
നേർത്തൊരുനിശ്വാസം-
പോലവിടെ വിരിഞ്ഞു
നിൽപ്പുണ്ടാവുമൊരു
പെണ്ണുടലവളുടെ പൊക്കിളിൻ
താഴെയായ് കറുത്ത തടാകത്തിന്നുറവയിൽ
മുഖംനോക്കിനോക്കിയൊരിക്കലു
മുണരാത്തൊരുറക്കമുറങ്ങണം.

© രാഹുൽ ഗോവിന്ദ്