കാഞ്ചന സന്ധി

ഉമ രാജീവ്

മരത്തിലോ മണ്ണിലോ പടുത്താല്‍
മണത്താലോ എന്നു ഭയന്നാണോ
രാമാ നീയെന്നെ കാഞ്ചനത്തില്‍ തീര്‍ത്തത്?

മരത്തിലോ മണ്ണിലോ പടുത്താല്‍
മുളച്ചാലോ എന്നു ഭയന്നാണോ
രാമാ നീയെന്നെ കാഞ്ചനത്തില്‍ തീര്‍ത്തത്?

അമ്പുകള്‍ തൊടുക്കുമ്പോളേക്കും
വില്ലൊടിയുന്നതുകൊണ്ടാണോ രാമാ
അന്‍പ് തൊടുത്ത ഈ വില്ലിനെ
പിന്നെ സ്വര്‍ണ്ണത്തില്‍ പടുത്തത്?

പെണ്ണുടലായുരുകാഞ്ഞിട്ടാണോ
നീയെന്നെ പൊന്നില്‍ പടുത്തത്?
ഞാന്‍ പോയ ആഴങ്ങളില്‍നിന്നുതന്നെയൊ
നീയിതിന്നയിരു ഖനിച്ചത്?

© ഉമ രാജീവ്
മൂലകൃതി: ഇടം മാറ്റിക്കെട്ടൽ
പ്രസാധകർ: ഡിസി ബുക്ക്സ്