കവിതയുടെ പുസ്തകം


കവി : എം. പി പ്രതീഷ്
വില - ₹ 200.00

പക്ഷികള്‍ ഇരുന്ന ഇടങ്ങളും പറന്ന ദൂരങ്ങളില്‍ പെടുന്നു

കരുണാകരന്‍

പ്രതീഷിന്റെ കവിതകള്‍ ഞാന്‍ അധികവും വായിച്ചിട്ടുള്ളത് സാമൂഹ്യ മാധ്യമങ്ങളിലാണ്, ഫേസ്ബുക്കില്‍, ഓണ്‍ലൈന്‍ ജേര്‍ണലുകളില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കവിതകള്‍ പൊതുയിടങ്ങളിലെ ഭാഷയുടെ ചില വാസസ്ഥലങ്ങള്‍ പോലെയാണ്. എപ്പോഴും അങ്ങനെ നീണ്ടുനില്‍ക്കുന്നില്ലെങ്കിലും. കാരണം, പൊതുയിടങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും പുതുതായ  ഒരു ജാഗ്രതയെ, ഒരു വര്‍ത്തമാനത്തെ അവതരിപ്പിക്കുന്നു. ഈ ജാഗ്രതയും ഈ വര്‍ത്തമാനവും  നമ്മള്‍ ‘വേഗത’ എന്ന് തെറ്റിദ്ധരിച്ചാണ് മനസ്സിലാക്കുക, പതിവ്. വേഗത, ജീവിതത്തെപ്പറ്റിയല്ല, സമയത്തെപ്പറ്റി സൂചിപ്പിക്കുന്നു. ജീവിതത്തിനുണ്ട് എന്ന് തോന്നിക്കുന്ന വേഗതയെ, ഒരു പക്ഷെ, ജീവിതംപോലെ കവിതയും നേരിടുന്നു. പൊതുയിടങ്ങളിലെ വാസസ്ഥലങ്ങള്‍ പോലെ കവിതകള്‍ പ്രത്യക്ഷപ്പെടുന്നതിനെപ്പറ്റി പറഞ്ഞത് അതിനാലാണ് – സ്ക്രോള്‍ ചെയ്തുപോകുന്ന നമ്മെ, സമയത്തെ, ഈ കവിതകള്‍ പിടിച്ചുവെയ്ക്കുന്നു, പിന്തുടരുന്നു. അങ്ങനെ, ആ ‘സമയ’ത്തിലേക്ക് കവിത കലരുന്നു. പ്രതീഷിന്റെ ഈ കവിതപോലെ :-

ലൈറ്റ് ഹൗസ്‌
തീരത്തിന് പുറകിലേക്ക്
മലര്‍ന്ന് കിടന്നിരിക്കും
അതിന്റെ ഓപ്പറേറ്റര്‍
പശുക്കള്‍ക്കും മേല്ക്കൂരകള്‍ക്കുമൊപ്പം
പാടത്തോ ടൗണിലോ
ഉപേക്ഷിക്കപ്പെടും
അതിന്റെ ചുറ്റുഗോവണി
വേരുകള്‍ പൊട്ടി
വള്ളിച്ചെടിയായിത്തുടങ്ങും
ശവങ്ങള്‍ നിറഞ്ഞ്
വഴി തടസ്സപ്പെടും
പര്‍വ്വതത്തിന് ചുവടെ വീട്ടുമുറ്റത്ത്
തിളങ്ങുന്ന ലൈറ്റുകളില്‍
കടല്‍ മണത്ത്
ചെറിയ കുട്ടികളിലൊരാള്‍
ഉറക്കംകൊണ്ട് ചങ്ങാടമുണ്ടാക്കും.

(ചുഴലിക്കാറ്റ്)

കവിതയുടെ ഈ സാധ്യത നമുക്ക് അപരിചിതമല്ല; ഒരു പക്ഷെ കവിതയില്‍ ഇങ്ങനെ സമയത്തെയോ വേഗതയെയോ ‘നിയന്ത്രിക്കുന്ന’, ഇടപെടലുകള്‍ ഉണ്ടായിരുന്നു. ആ കാലത്ത് നമ്മള്‍ അതിനെ ജീവിതത്തിനുണ്ടെന്നു തോന്നിയ സ്ഥായിയായ ഒരു ഭാവത്തെപ്പറ്റി പറഞ്ഞ് ഉല്‍ക്കണ്ഠപ്പെട്ടിരുന്നു.  ജീവിതത്തിന്റെ അസ്തിത്വ സംബന്ധിയായ ഏതു വിചാരങ്ങളിലേക്കും  കവിതയും എത്തിയത് അങ്ങനെയാണ്. അതേ വിചാരങ്ങളുടെ വാഗ് വാഹകരെപ്പോലെ, ആള്‍ക്കൂട്ടങ്ങളില്‍ നടന്നു മറയുന്ന മനുഷ്യരെപ്പോലെയായിരുന്നു  കവികളപ്പോള്‍.  ഒരുപക്ഷെ  കവിതയുടെ ഒരു സ്വകാര്യജീവിതം കൂടിയായിരുന്നു, അത്. എന്നാല്‍,പ്രതീഷിന്റെ കവിതകളില്‍ എത്തുമ്പോള്‍ ഈ സാധ്യത കവിതയുടെ ആവശ്യമോ അല്ലെങ്കില്‍ കവിതയുടെ തന്നെ ഇടപെടലോ അല്ല എന്ന് വരുന്നു. “രാവിലെ വരുന്നവര്‍ ഒരു ചെറുവഞ്ചിയും തുഴയും കണ്ടെത്തും” എന്ന് പറയുന്നപോലെ.

കവിതയെപ്പറ്റി,  അല്ലെങ്കില്‍ കലയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും,  നമ്മള്‍ നിര്‍മ്മിക്കുന്നതെന്തും,  ഒരിക്കല്‍ നമ്മള്‍ കണ്ടതിനെപ്പറ്റികൂടിയുള്ള ഓര്‍മ്മയുമാകുന്നു. രാവിലെ വരുന്നവര്‍  ഒരു ചെറു വഞ്ചിയും തുഴയും കണ്ടെത്തുമെന്ന് പറഞ്ഞപോലെ.  ഈ ഉറപ്പാണ് കവിതയെ സംബന്ധിച്ച ഉറപ്പും. ഒരു പക്ഷെ ശരിയാകുന്നതും ഒരു പക്ഷെ തെറ്റുന്നതുമായ ഈ ഉറപ്പാണ് ഒരാള്‍ക്ക്, കവിതയെ സംബന്ധിച്ചുള്ള അന്തിമവും അന്തമില്ലാത്തതുമായ അറിവ് : കവിത, അതിനാല്‍, ചെന്നുനിന്നിടത്തുനിന്നും മടങ്ങുകയും എത്തിയ ഇടങ്ങളില്‍ നിന്നും പോവുകയും ചെയ്യുന്നു. പക്ഷികള്‍ ഇരുന്ന ഇടങ്ങളും പറന്ന ദൂരങ്ങളില്‍ പെടുന്നു.

ഈ കവിതകളുടെ ഭാഷ അതിന്റെ സാമൂഹ്യ വേഗങ്ങളെ, ഒരു വേള, ഒരു മിടിപ്പില്‍ എന്നപോലെ പിടിച്ചുവെയ്ക്കുന്നു, ആ മിടിപ്പിനെ പരശതം വേഗതകളുടെ സമാഹാരം എന്നുതന്നെ മണത്ത് അഴിച്ചുവിടുന്നു. ഈ രീതിയാണ്, ഇങ്ങനെയൊരു രീതി മാത്രമല്ല എന്നിരിക്കിലും, ഈ സമാഹാരത്തിലെ കവിതകളുടെ പൊതുവായ ജീവിതം.

ധ്യാനം ശീലിക്കുന്ന ഒരു സെന്‍സന്ന്യാസി നമ്മളോട് ജീവിതത്തെപ്പറ്റി എന്തെങ്കിലും പറയുന്നു. അപ്പോഴൊക്കെ നമ്മള്‍ ജീവിതത്തെപ്പറ്റി എന്തെങ്കിലും പഠിക്കുന്നു. അതില്‍ രക്ഷാകർത്തൃത്വമില്ല, പക്ഷെ ‘എന്തെങ്കിലും’ ‘എപ്പോഴും’ ഉണ്ട്. അത് ജീവിതത്തെക്കുറിച്ചുള്ള ഒരു ധാരണ എന്നതിനേക്കാള്‍ ജീവിതത്തിന്റെ ഒരു ശമനരീതിയാണ്. എന്നാല്‍, ആ സെന്‍ സന്യാസിയുടെ മഠത്തിനു പുറത്തെ വെയിലില്‍, മുറ്റത്ത് ധാന്യം തിരയുന്ന ഒരു കോഴിയോ ഉറക്കം തൂങ്ങുന്ന പൂച്ചയോ ഉണ്ട്;  അതേ വെയിലില്‍ ഉടുപ്പുകള്‍ കഴുകി അയയില്‍ തോരാനിടുന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. ഇത് അത്രയും ധ്യാനനിമഗ്നമായ ഒരു സമയമാകാം, സെന്‍ സന്ന്യാസിയുടെ ധ്യാനത്തിന്റെ വിപുലീകരണമാകാം, അല്ലെങ്കില്‍ ഇതൊന്നും ആകണമെന്നുമില്ല. പക്ഷെ ഇതെല്ലാം ആ സമയത്തിലുണ്ട്. പ്രതീഷിന്റെ കവിതകള്‍ ഞാന്‍ ആദ്യം പരിചയപ്പെട്ടത് ഇങ്ങനെ ‘ധ്യാനത്തിലുള്ളവ’ എന്നായിരുന്നു. അങ്ങനെയാണ് ഈ കവിതകളെപ്പറ്റി ചെങ്ങാതി വൃത്തത്തില്‍ പറഞ്ഞിരുന്നതും. പക്ഷെ അങ്ങനെയല്ല എന്ന് പിന്നെ തോന്നുകയായിരുന്നു. “ഇയാള്‍കൂടി ആ സ്ഥലത്തുണ്ടായിരുന്നു” എന്ന് ആ കവിതയുടെ സമയം തിരയാന്‍ പറ്റുകയായിരുന്നു. ചിലപ്പോള്‍ അതുവഴി പോയതാണ് എന്നോ  ചിലപ്പോള്‍ അവിടെയുണ്ടായിരുന്നു  എന്നോ ആ വരികളില്‍ ഞാന്‍ എപ്പോഴും തങ്ങി നിന്നു. ഏതാണ്ടിങ്ങനെ :-

വീട്ടുമുറ്റത്ത്
ഉടുപ്പുകളുണക്കുന്നു.
തണലിട്ട്
പരമ്പ് നിവര്‍ത്തുന്നു.
നിഴലുചിക്കി
മുളകു പരത്തുന്നു.
വിരിച്ച ധാന്യങ്ങളില്‍
പക്ഷികള്‍ കൊഴിഞ്ഞ്
കൊക്കിലൊതുക്കുന്നു.
വീടുകള്‍ തീര്‍ന്ന്
മരത്തിനറ്റം വരെയും
അവയോടൊപ്പം
അവള്‍ നടക്കുന്നു.

(അവയോടൊപ്പം)

മലയാളത്തില്‍ ഇങ്ങനെയുള്ള കവിതകളോ കവികളോ അധികമില്ല. അല്ലെങ്കില്‍, ഇങ്ങനെ തോന്നാന്‍തക്കവണ്ണം നമ്മുടെ കവിത സമൂഹ വേഗങ്ങള്‍ക്ക് ഒപ്പം പായുന്ന വാഹനമാണ്.  പക്ഷെ, ആ വേഗതയിലും തിരിഞ്ഞു നടക്കുന്ന, മുമ്പിലെ അനന്തമായ  പാത മുഴുവനും സമാഹരിക്കുന്നവിധം, വേഗതയെ പതുക്കെയാക്കിയ ഒരു പെണ്‍കുട്ടിയെ നമ്മള്‍ എപ്പോഴും കാണുന്നു. ഒരു തെരുവുനായയെ കാണുന്നു. വലിയ ആകാശത്ത് ഇത്തിരിവട്ടത്തില്‍ മാത്രം പറക്കാന്‍ ശീലിക്കുന്ന പക്ഷിയെ കാണുന്നു. നമ്മള്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് ഇതെല്ലാം കാണുന്നു. ചിലപ്പോള്‍ പിന്നീട് ഓർക്കുന്നു. ചിലപ്പോള്‍  മറന്നേ  പോകുന്നു. എന്തായാലും ആ കാഴ്ച്ച, ജീവിതത്തിന്റെ ആ സമയം, നമ്മുടെ യാത്രയിലോ ജീവിതത്തിലോ കലര്‍ന്നിരിക്കുന്നു. ഇത് കവിയുടെയും കവിതയുടെയും ഒരു പ്രവര്‍ത്തനരീതിയാണ്. അതിനാല്‍ത്തന്നെ ഈ കവിതയ്ക്ക് വിശേഷിച്ച് റോളുകള്‍ ഒന്നുമില്ല – കവിത എന്നല്ലാതെ. അപ്പോഴും  അത് ‘ശുദ്ധകല’ എന്ന് അതിനെ അവശേഷിപ്പിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നില്ല, അങ്ങനെ ഒന്നിനും മുതിരുന്നില്ല. കവിത ജീവിതത്തെ കാണുന്നു, ചിലപ്പോള്‍ മറിച്ചും. കവിത ഭാഷയുടെ മാത്രം സാധ്യതയായി ഭാവനയുടെ വാസസ്ഥലമായി പരിചയപ്പെടുന്നു. കഴിഞ്ഞതല്ല, വരാന്‍ പോകുന്നതുമല്ല, നടന്നുകൊണ്ടിരിക്കുന്ന എന്തോ ആയി കവിത ജീവിതത്തില്‍ കലര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് മാത്രം.

ഒരുപക്ഷെ ഒരു ഛായാഗ്രാഹകന്‍കൂടിയായ പ്രതീഷിന്റെ കലയോടുള്ള സമീപനംതന്നെ ഇതായിരിക്കും.

എം.പി പ്രതീഷിന്റെ കവിതകൾ വായിക്കാം »
പുസ്തകം വങ്ങുവാൻ ബന്ധപ്പെടുക:
ഇ-മെയിൽ: treesnriver@gmail.com
മൊബൈൽ: 9400265323