ഞാന്‍ കവിത എഴുതുന്നത്

ഗാര്‍ഗി ഹരിതകം

ഞാന്‍ കവിത എഴുതുന്നത്
നിങ്ങള്‍ക്ക് വേണ്ടിയല്ല

ബലമായി പിടിച്ച് കൊണ്ടുവന്ന നൂറായിരം മനുഷ്യര്‍
നൂറ്റാണ്ടുകളോളം കരഞ്ഞു കരഞ്ഞു
മിനുക്കിയ നിങ്ങളുടെ തങ്കക്കിരീടം
എനിക്കു വേണ്ട

അനേകം ജീവജാലങ്ങള്‍
പരസ്പരം സ്നേഹിച്ച് കഴിഞ്ഞ
വന്‍കാടുകള്‍ വെട്ടി നിരത്തി
പണിതുയര്‍ത്തിയ സംസ്കാരത്തിന്റെ
കൊട്ടാരത്തിലെ ശിപായിപ്പണി
വേണ്ട

നിങ്ങള്‍ മാതളനാരങ്ങയോടുപമിച്ച
മുലകള്‍ എന്റേതല്ല,
അലുവാക്കഷ്ണത്തോടുപമിച്ച
തുടകളും

ഞാന്‍ കാളിദാസി
ഷേക്സ്പിയറിന്റെ കക്കൂസ് കഴുകിക്കഴുകി
മരിച്ചുപോയ സഹോദരി
ടോൾസ്റ്റോയിയുടെ
ശ്വാസംമുട്ടിയ ഭാര്യ
വീട്ടില്‍ നിന്നിറങ്ങാന്‍
വേശ്യയായവള്‍
ആട്ടിടയന്റെ കൂടെപ്പോയാല്‍
പട്ടിണി തന്നെയെന്നറിയാമായിരുന്നവള്‍

ഞാനൊരു ചുവന്ന ചോരപ്പാട്
സംസ്കാരത്തിന്‍ വെള്ളമുണ്ടിന്‍
പിന്‍ഭാഗത്ത്
പറ്റിപ്പിടിച്ചിരിക്കുന്നവള്‍

ഞാനൊരു തെറിച്ചു വീണ തുപ്പല്‍
കുളിച്ചൊരുങ്ങി നിങ്ങള്‍ നടന്നു പോകുമ്പോള്‍
മുകളില്‍ നിന്നു പരന്നു വീഴുന്നത്

ഞാന്‍ നിങ്ങള്‍ക്ക് ചായ തരുന്നവള്‍
തുണിയലക്കുന്നവള്‍
വീടടിച്ചു തുടയ്ക്കുന്നവള്‍
അതിലൊരു മുറിയില്‍
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന വൃദ്ധ
മറ്റൊരു മുറിയില്‍ ഭ്രാന്തിയെന്ന്
തടവിലാക്കപ്പെട്ടവള്‍
വേറൊരു മുറിയില്‍
അസ്വസ്ഥതകള്‍ വകവെക്കാനാവാതെ
നിങ്ങള്‍ക്ക് കിടന്നു തരുന്നവള്‍
ജനല്‍ തുറന്ന് പുറത്തേക്ക് നോക്കുന്നവള്‍

അയ്യോ ഈയ്യപ്പം വിഷമാണെന്ന്,
നിനക്ക് വേണ്ടയെന്ന്
നിങ്ങള്‍ കഴിച്ചത്
എന്‍റെ രാത്രി ജീവിതം
ഇതത്ര ഭംഗിയില്ലെന്ന്
നിങ്ങള്‍ ഒളിച്ചു വെച്ചത്
എന്‍റെയേകാന്ത യാത്രകള്‍
രുചി വേണ്ടത്രയില്ലെന്ന്
നിങ്ങള്‍ കട്ട് തിന്നത്
എന്‍റെ ഊടുവഴികള്‍, ജ്ഞാനം
പല കഷ്ണങ്ങളാക്കി നിങ്ങളൊറ്റയ്ക്ക്
തിന്നു തീര്‍ത്തത്
എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ അപ്പം

എനിക്കു പറയാനുള്ള കഥകള്‍
ഒളിച്ചും പാത്തും
പലരുടേയും ചെവിയില്‍ എത്തുന്നത് വരെ
എന്‍റെ അലച്ചിലുകളുടെ പാട്ട്
പലര്‍ക്കും കേള്‍ക്കാന്‍ ആകുന്നതുവരെ

എന്‍റെ പെങ്ങളേ, എന്‍റെ കാമുകീ
നീ എവിടെയായിരുന്നു എന്ന്
രാത്രിയില്‍ ഉടുപ്പുകളുടെ
ഭാണ്ഡക്കെട്ടുമായി അവർ
മതില്‍ ചാടുന്നത് വരെ

എന്‍റെ ചോര കണ്ട്
എന്‍റെ വിയര്‍പ്പും നാറ്റവും കൊണ്ട്
നനുത്ത സ്നേഹം കൊണ്ട്
നിങ്ങള്‍ തെളിച്ചു കൊണ്ടുപോകുന്ന
ആട്ടിന്‍ കൂട്ടത്തില്‍ നിന്ന്
ഓരോന്നായി, ഒന്നിച്ച്
അപ്രത്യക്ഷമാകുന്നത് വരെ

മലഞ്ചെരുവുകളില്‍,
താഴ്വരകളില്‍,
കടല്‍ത്തീരങ്ങളില്‍,
രാത്രി നഗരങ്ങളില്‍
അപരിചിതമായ താളത്തില്‍
ഉന്മാദഗീതങ്ങള്‍ നിങ്ങളുടെ
ഉറക്കം കെടുത്തുന്ന വരെ

ഇല്ലാത്ത നൂലുകളില്‍ നിങ്ങള്‍ തയ്പ്പിച്ച
സുതാര്യമായ ആ വിലയേറിയ ഉടുപ്പ്
നിങ്ങള്‍ തന്നെ ഊരിക്കളയുന്നത് വരെ

ഞാനെഴുതും-
നിങ്ങള്‍ക്ക് വേണ്ടിയല്ല

നിങ്ങളുടെ പൊന്നാടകള്‍ കയ്യില്‍ വെച്ചേക്കുക
മുറിവുകള്‍ വെച്ചുകെട്ടാന്‍ ഉപകരിക്കും