ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു

അഭിലാഷ് മേലേതില്‍

കുന്നില്‍ നിന്നു നോക്കുമ്പോള്‍
മേഘത്തിന്‍റെ നിഴല്‍
താഴ്‌വരയെ കടന്നുപോകുന്നത്
കണ്ടിട്ടില്ലേ

അതു പോലെ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഞാന്‍ കടന്നുപോകും

അപ്പോഴും കുറെപ്പേര്‍
മൈതാനങ്ങളില്‍
പന്തിനു പിറകെ ഓടുന്നുണ്ടാവും

കൂട്ടത്തിലൊരുവന്‍ മാത്രം
എന്നെ നോക്കും
പക്ഷെ അവനൊന്നും മിണ്ടില്ല
ആരോടുമൊന്നും പറയില്ല

ഒരു നരച്ച നിഴല്‍
മുറ്റത്തു ഉലാത്തുന്നുണ്ടാകും
നാലു മണിയുടെ
വണ്ടി വൈകുന്നെന്നു വേവുന്നുണ്ടാകും

തിമിരക്കണ്ണില്‍
ഞാനൊട്ടുപെടുകയുമില്ല
അത് വിയര്‍പ്പാറ്റാന്‍ പോകും
ഓര്‍മ്മകള്‍ ആണിതറച്ച
ചുവര്‍ നോക്കിനില്ക്കും

ഇന്നലെ കണ്ടില്ല
ഇന്നു കാണണോ എന്ന്
നിഴലുപോലുള്ള ഒരുവന്‍
പിറുപിറുക്കുന്നുണ്ടാവും

ഉറങ്ങുമെങ്കിലും
അവന്‍ ഗലികളിലേയ്ക്ക്
വീഴുന്ന നൂല്‍പൊട്ടിയൊരു പട്ടം
സ്വപ്നം കാണും

ഇന്നലെ നിശ്ശബ്ദത സഹിയ്ക്കാന്‍
കഴിയാതെ ഇറങ്ങിപ്പോയവള്‍
വഴിവക്കില്‍ ഒരു പൂവിനെ
മൗനമായി നോക്കിനില്‍ക്കുന്നുണ്ടാവും

അവളെക്കടന്നു പോവുമ്പോള്‍
വെയിലില്‍ പെട്ടെന്ന്
കുളിരെന്തെന്ന്‍ അവള്‍ നിനയ്ക്കും

എന്‍റെ തിടുക്കത്തിലുള്ള
ചുംബനമെന്നറിയാതെയവള്‍
നെടുവീര്‍പ്പിടും

നൊടിയില്‍
നിഴല്‍ മാറി
വെയില്‍ പരക്കും
ആരുമറിയാതെ

ആരുമറിയാതെ
ഞാന്‍ കടന്നുപോകും

© അഭിലാഷ് മേലേതില്‍