പഥികന്റെ പാട്ട്

ജി. ശങ്കരക്കുറുപ്പ്

മുകളിൽ മിന്നുന്ന താരമേ,ചൊൽക നീ
യകലെയെങ്ങാനും പ്രഭാതമുണ്ടോ?
അരിമ കോലുന്ന നിന്നാനനമിങ്ങനെ
വിരിവതെന്തത്ഭുതഹർഷവായ്പാൽ?

കുളിർ കോരിയിട്ടിട്ടും നിന്നോടൊപ്പം കിട-
ന്നിളകുകയാണെന്നുണർന്ന ജീവൻ.
തരളമാം നിൻകണ്ണിലോമനേ,കാണ്മു ഞാൻ
ചിരിയോ,തിളങ്ങുന്ന കണ്ണുനീരോ?

ഇരുളിൽനിന്നെന്നുമിരുളിലേക്കും സ്വയം
മരുവിൽ നിന്നെന്നും മരുവിലേയ്ക്കും
പലയുഗമായിക്കടന്നു ചുറ്റിത്തിരി-
ഞ്ഞലയും മനസ്സിൻ ദുരന്തദാഹം.

ഉലകിലെ വേർപ്പും പൊടിയുമേലാതെ മേൽ
നിലയിൽ നിൽക്കുന്ന നീയറിയുകയില്ല.
അഴലിൻ കഥകളെ വിസ്തരിച്ചീടുന്ന
പഴയ കാലത്തിൻ സ്മരണ മാത്രം

ഉടനീളമാർന്ന വഴികളിൽക്കാൽ കുഴ-
ഞ്ഞിടറുമെന്നൊട്ടകം നീങ്ങിടുന്നൂ.
പിറകിലും മുൻപിലും രണ്ടു പാർശ്വത്തിലും
മുറവിളിയല്ലാതെ കേൾപ്പതില്ല!

ചിലരുടെ തൃഷ്ണ കുറയ്ക്കുവാൻ കുത്തുന്നു
പലരുടെ കണ്ണു തണ്ണീരിനായി!
അതിലെഴുമുപ്പിനാൽപ്പിന്നെയും പിന്നെയു
മവരുടെ തൊണ്ട വരണ്ടിടുന്നു!

കരളിൻറെ സഞ്ചിയിലാർദ്രതതൻ ചെറു-
കണികയുമില്ലാതെയായ്ക്കഴിഞ്ഞു.
കുളിരും മണവും കലർന്നൊരു തെന്നലിൻ
തെളി കൊതിച്ചെരിപൊരിക്കൊൾവൂ ഞങ്ങൾ;

കൊലനിലത്തിങ്കലെച്ചോരതൻ പാഴ്മണം
കലരുന്ന കാറ്റേ വരുന്നതുള്ളൂ.
ഒരു മുഖമൂടി വെയ്ക്കാത്ത ചങ്ങാതിയെ
യരികിലുമകലെയും കാണ്മതില്ല.

നിപുണരാം തസ്‌ക്കരഘാതകന്മാരുടെ
നിഴലുകളെങ്ങുമനങ്ങിടുന്നു.
അലയുകയാണെൻറെയൊട്ടകമീ വഴി
യ്ക്കലഘുവാം ജീവിതഭാരമേന്തി.

കൊലവിളി കേൾക്കാതെ, കൊലനിലം കാണാതെ,
കലഹവിദൂരമാം വിൺപരപ്പിൽ
ഇരുൾ ചുഴന്നീടാതെ, കരളുഴന്നീടാതെ,
ദുരിതദുർഗന്ധം ശ്വസിച്ചീടാതെ,

അടിമയാക്കീടാതെ,യടിമയായീടാതെ
യനുജൻറെ കണ്ണീർ കുടിച്ചിടാതെ
ഉലകിൻറെ സർഗ്ഗകാലം മുതൽക്കൊന്നിലു-
മുലയാതെ മേവുന്ന മോഹനാത്മൻ!

ഗഗനകൂടാരം തുറന്നു നീ നൊക്കുകൊ,-
ന്നകലെയെങ്ങാനും പ്രഭാതമുണ്ടോ?

നിരുപമസ്‌നേഹത്തിൻ ചിറ്റോളമോലുന്ന
നിറവെഴും പോയ്കയെങ്ങാനുമുണ്ടോ?
തളരുമെന്നൊട്ടകത്തിന്നിളവേകുവാൻ
തഴമരുപ്പച്ചയില്ലെങ്ങുമെന്നോ!

© ജി. ശങ്കരക്കുറുപ്പ്