ശീലം ശീലേന ശാന്തി

ശീലം ശീലേന ശാന്തി

രാഹുൽ ഗോവിന്ദ്

ശരിയാണ്,

തുറമുഖത്തിനടുത്തുള്ള കാപ്പിക്കടയിൽ
ഈയിടെയായി
പതിവാണ്.

കാപ്പി വലിയ
 കൊണമുള്ളതുകൊണ്ടല്ല,

അതൊഴിച്ചു തരുന്നവളോട്
ചെറിയൊരു
താല്പര്യം.

ഓ വലിയ കാര്യമൊന്നുമില്ല...

അവൾ മേശകളിലൂടെ കൊടുങ്കാറ്റാകും,

വരും,
ഒന്നു നോക്കും,

തേളിൻ നിറമുള്ള കപ്പിലേക്ക്
കാപ്പി വരച്ചു ചേർക്കും.

അടുത്ത മേശയിലേക്ക്
തെറിക്കും

മുന്നിൽ നുരഞ്ഞുപൊന്തും
 ഒടുക്കത്തെ
പ്രേമം,
അല്ല കാപ്പി
(ശ്ശെ)

ഒറ്റ വലിക്കു
കുടിച്ചിറക്കിയിട്ടിറങ്ങിപ്പോരും,

പതിവ്.

തുറമുഖം,
മരത്തണൽ,
കപ്പലണ്ടിക്കച്ചവടക്കാരൻ,
ഇളം വെയിൽ,
അഞ്ചു മണി,
എല്ലാരും ക്ലീഷേ  കോലങ്ങൾ കെട്ടി
വഴി നീളെ  കാണും.

ഒ,
എന്നാലും വലിയ
കാര്യമില്ല

വെയിലിന്റെ മുള്ളുകളുടക്കിയ
വൈകുന്നേരം

ചെവിയിൽ തിരുകിയ
പയറുവള്ളിയിൽ
പടർന്നു
കയറുന്ന
ഉറുമ്പിൻ കൂട്ടം,

വാക്കുകളുടെ
താക്കോൽ
തപ്പി തപ്പി
തിളച്ച
കാപ്പി തട്ടി
തൂവിയതു മിച്ചം

താല്പര്യമില്ല,

ഇന്നലെ നോക്കുമ്പോഴുണ്ട്
വളരെ കലാപരമായി അവൾ
വരച്ച കാപ്പിയിൽ ഒരീച്ച ചത്തു മലച്ച്

പുഴയിലെ പൊങ്ങുതടി  പോലുണ്ട്

പെട്ടു,

ആര്

എന്തു ചെയ്യും?

ശീലങ്ങളോടുള്ള ശീലമൊന്നുകൊണ്ടുമാത്രം
ഒറ്റ വലിക്കു കുടിച്ചിറക്കിയിട്ടിറങ്ങിപ്പോന്നു.

© രാഹുൽ ഗോവിന്ദ്