ഉപ്പൂറ്റി

എം. ആർ വിഷ്ണുപ്രസാദ്

ഉപ്പൂറ്റിയില്‍
മുള്ളാണി കേറിയ ദിവസം
അവള് വിളിച്ചു.
ഒന്ന് ചുറ്റികറങ്ങാമെന്നും
ഒരുമിച്ചിരുന്ന്
എന്തെങ്കിലും
തിന്നാമെന്നും പറഞ്ഞു.
ഒടുക്കത്തെ പ്രണയം കൊണ്ട്
വേദന ഒളിപ്പിച്ച് ഇറങ്ങിത്തിരിച്ചു.

ഇടയ്ക്കിടയ്ക്ക്  ഞൊണ്ടിയും
ഇടയ്ക്കിടയ്ക്ക് നീട്ടിയും
കടല്‍തീരത്തൂടെ നടന്നു.

പ്രേമം മൂത്ത്
എന്നേം കോണ്ട്
കടലിലോട്ട്
ഓടുമെന്നു കരുതിയില്ല.
പല്ല് കടിച്ച്
ഉപ്പൂറ്റി കുത്താതെ
വച്ചുപിടിച്ചു.
അയ്യോ
അയ്യോ
ഇപ്പം ഞാന്‍ വീഴുമേ
എന്ന് പറയണമെന്ന്
പലതവണ വിചാരിച്ചു.

നീന്തലറിയാവുന്ന പെണ്ണ്
തിരമാലകള്‍ക്കിടയിലോട്ടു
വലിച്ചോണ്ട് പോയി.
ഉപ്പൂറ്റി
ഉപ്പൂറ്റി
എന്ന ഹൃദയമിടിപ്പോടെ
ഉപ്പുവെള്ളം കുടിച്ച്
നീറിപുകഞ്ഞ്
തിമിര്‍ത്തു.

കൊറേ കഴിഞ്ഞ്
കിതച്ചും തളര്‍ന്നും
അവളെന്നേം കോണ്ട്
തീരത്തോട്ട് വന്നു.
എന്നിട്ട്
ഇടിമിന്നല് പോലെ ചോദിച്ചു.
"എടാ കഴുതേ നിനക്കെന്നെ മടുത്തോ?
ഏതാ നിന്റെ പുതിയ സംബന്ധക്കാരി? "

നീറിക്കൊണ്ടിരിക്കുന്ന
വലതു കാലുയര്‍ത്തി
ഞാന്‍ പറഞ്ഞു:
ഉപ്പൂറ്റി
ഉപ്പൂറ്റി.

© എം. ആർ വിഷ്ണുപ്രസാദ്
മൂലകൃതി: ആണിറച്ചി
പ്രസാധകർ: കൃതി ബുക്ക്സ്