വിരലിനോളം പോന്ന ഒരു യക്ഷി

ശ്യാം സുധാകര്‍

അങ്ങനെയിരിക്കെ
ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോള്‍
ഞാനും നീയും തമ്മില്‍
ഒരു കുന്നോളം അകലം.
തൊടാന്‍ പാടില്ല
സംസാരിക്കാന്‍ പാടില്ല
കൂടെ ഉണ്ണാനോ ഉറങ്ങാനോ പാടില്ല
ഒന്നിച്ചുകുളിക്കാന്‍
ഒട്ടും പാടില്ല

അച്ഛന്റെ വലിയ പെട്ടിക്കുമുകളില്‍
പാവപോലിരിക്കുന്ന നിന്നോട്‌
മാനത്തു മുഴച്ചുനില്‍ക്കുന്ന
അറുപത്തിനാലുനിലഗോപുരങ്ങള്‍ കാട്ടി
അതില്‍ വിമാനമിടിച്ച്
എല്ലാവരും ചത്തുപോവില്ലേ
എന്നു ചോദിച്ചവനെപ്പോലെ
ഞാന്‍ ചോദിച്ചു:
'എന്താണിങ്ങനെ?

തുറക്കപ്പെടാത്ത ജലസംഭരണികള്‍
അനന്തതയിലേക്ക് നോക്കുംപോലെ
കണ്ണുകള്‍ വിസ്മൃതിയിലേക്ക്‌ വിരിയിച്ച്
നീ,
ഒരു സായാഹ്നം നിറയെ പറവകള്‍ സ്വപ്നം കണ്ടു
മത്സ്യകന്യകയല്ലെന്ന് എപ്പോളും നടിച്ചു
എന്‍റെ അലച്ചിലുകള്‍ എണ്ണി.
ദുഖങ്ങള്‍ കുപ്പിയില്‍ ശേഖരിച്ചു

വിവാഹം കഴിഞ്ഞതിനുശേഷം
രാത്രിയില്‍ ആരുമറിയാതെ
ഫോണില്‍ വിളിക്കും :
'മഴ പെയ്യുന്നുണ്ടോ
മാവുപൂത്തോ
ചിന്നുപെറ്റോ
കിണറ്റില്‍ മുങ്ങിച്ചത്ത
മിണ്ടാന്‍വയ്യാത്ത കാര്യസ്ഥന്‍റെ
പേരുമറന്നുപോയി
തളത്തില്‍കിടക്കുന്ന നമ്മുടെ എഴുത്തുമേശ
ഉപയോഗിക്കുന്നില്ലെങ്കില്‍ എനിക്കുതാ
എനിക്ക് എന്തോപോലെ

അച്ഛനുമായി വഴക്കിട്ട്
വടക്കേതിലെ ആലിക്കുട്ടി
പഞ്ചായത്തില്‍നിന്ന് രാജിവെച്ചതും
റജീന ഒരിക്കല്‍ നിര്‍ത്താതെ കരഞ്ഞതും
ഒരു ചെരുപ്പ്‌ മാറിമാറി ഉപയോഗിച്ചതും
അച്ഛന്‍ മരിച്ചപ്പോള്‍ കരയാത്ത ഞാന്‍
അവളുടെ കല്യാണത്തിന് കരഞ്ഞതും-
വാക്കിന്‍റെ ദീപനലഹരിയില്‍
നട്ടെല്ലിന്റെ സൂക്ഷ്മതയിലൂടെ
സുതാര്യമായി സഞ്ചരിക്കും

അങ്ങനെയിരിക്കെ
ഒരിക്കല്‍
മുറ്റത്തെ ചട്ടിയില്‍
അമ്മ ഒരു പന നട്ടു
''അവളുടെ അരയോളമേ ഉയരം വരൂ''
അമ്മയ്ക്ക്‌ അളവുപോലും നീയായിരുന്നു

രാത്രി മുറ്റത്തേക്കിറങ്ങിയപ്പോള്‍
ചട്ടിയുടെ വക്കത്ത്
വിരലിനോളം പോന്ന ഒരുവള്‍
എന്നോട്‌ ചുണ്ണാമ്പിനു കൈനീട്ടുന്നു
മുടിവിരിച്ചിട്ടിട്ടുണ്ട്
നീലവെളിച്ചം പടരുന്നുണ്ട്
പനമുകളിലെ മണിയറയുടെ
വല്ലാത്ത ഗന്ധത്തില്‍
എന്നോട് പൊട്ടിച്ചിന്നി ചിരിക്കുന്നുണ്ട്

© ശ്യാം സുധാകർ