കീറിപ്പറിഞ്ഞ ഒരു കുറ്റാന്വേഷണ കഥ

ശ്രീകുമാർ കരിയാട്

നിദ്രയൊന്നില്‍
വിലോലനൂല്‍ത്തുമ്പിലായ് കെട്ടിയിട്ടുണ്ട്
നീലിച്ചൊരൊന്നിനെ .
തൊപ്പിവെച്ചൊരാള്‍ കൊണ്ടുനടക്കുന്നു.
ചുറ്റുപാടും മണത്ത് അത്  പോകുന്നു.

സ്വപ്നഭാരം ചുമന്നു വന്നെത്തുന്ന
ചക്രചാലിതമാകുന്ന വണ്ടികള്‍
ദിക്കുതോറുമിരമ്പിമറയുന്നു.
തത്സമയ സംപ്രേഷണമായ്  വഴി.

അപ്രകാരം തെളിയുന്ന ഭൂമിതന്‍
വര്‍ത്തമാനപ്രമേയങ്ങള്‍ വിട്ടവര്‍
തൊപ്പി, നൂല്‍, നീലയെന്ന ക്രമങ്ങളില്‍
ചുറ്റുകോണികള്‍ കേറുന്നിറങ്ങുന്നു.

വക്രയുക്തികളേറിച്ചുളിയുന്ന
നെറ്റിയില്‍ നിന്നു താഴോട്ടിടവഴി-
പൊട്ടിനൂറല്ലൊരായിരം പാതകള്‍.
വിസ്മയത്തിന്റെ കല്‍മയില്‍ക്കുറ്റികള്‍.

കുത്തുകള്‍ മാത്രമായിക്കിടക്കുന്ന
ഒറ്റനക്ഷത്രമൊക്കെയും പെന്‍സിലാല്‍
ഒത്തുചേര്‍ത്തൊരു സാമ്രാജ്യമാക്കിയ
കുട്ടിതന്‍ ജഡം തേടുന്നു രണ്ടുപേര്‍.

പട്ടി പന്തുപോല്‍പ്പൊങ്ങിവീര്‍ക്കുമ്പൊഴാ-
മര്‍ത്യരൂപം പറന്നുപോയ്പ്പട്ടമായ്.
പട്ടിപട്ടിയായ് വാലാട്ടിടുമ്പൊഴാ-
മര്‍ത്യരൂപം തിരിച്ചെത്തി ഭൂമിയില്‍.

കുട്ടിതന്‍ ജഡം ദൂരെക്കിടപ്പതിന്‍
മൃത്യുഗന്ധം പിടിച്ചുകൊണ്ടങ്ങനെ
പട്ടിയും, പുനരാമര്‍ത്യരൂപവും
കെട്ടിടങ്ങള്‍ കടന്നുപോകുന്നു ഹാ!

ഒറ്റരാത്രിതന്‍ നിദ്രയില്‍ നിന്നവര്‍
മറ്റുരാത്രികളിലേക്ക് കടക്കുന്ന
വര്‍ത്തുളാകാരവാതില്‍ തുറക്കുവാന്‍
എത്തി കര്‍ക്കശത്താക്കോലിരുളുമായ്.

ഇപ്പൊഴാനിറം മങ്ങിയ പാതയില്‍
രക്തം ചെമ്പില്‍ക്കലങ്ങിയ  പാതയില്‍
ചോക്കുകൊണ്ട് വരച്ചിട്ട രേഖകള്‍
ഏറ്റിനില്‍ക്കും പഴങ്കെട്ടിടങ്ങളില്‍

എട്ടുകാലികളുഗ്ര തപസ്സിന്റെ
അര്‍ത്ഥമേതെന്നുറച്ചവിലങ്ങളില്‍
കത്തിവീണ്ടും കെടുന്ന തീപ്പെട്ടികള്‍
അഗ്നിലോകം കടത്തുന്ന  വേളയില്‍

എന്തുകൊണ്ടോ, ചിരഗൌരവത്തിന്റെ
തന്തുവിന്‍ തുമ്പിലാമൃഗം മൃത്യുവാം-
ബിന്ദുവില്‍ നിന്ന് മൃത്യുവാം ബിന്ദുവില്‍-
ച്ചെന്നുനിന്നുനാവാട്ടിക്കുരയ്ക്കുന്നു

അപ്പൊളാണയാള്‍ക്കണ്ണില്‍ത്തുളുമ്പിടും
അശ്രുനീര്‍ കണ്ടുനമ്മള്‍ നടുങ്ങുന്നു.

അപ്പുറത്തേക്ക് പോയ്മറയുന്നവര്‍
അല്‍പ്പനേരത്ത് കാണാതിരുന്നവര്‍
ഇപ്പൊഴെത്തിവളര്‍ന്നുവലുതായി
ഇപ്പുറത്ത് ഇരുമ്പുപോല്‍ നില്‍ക്കുന്നു.

ചിത്രകാവ്യത്തിലക്ഷരക്കള്ളിമുൾ
ചുറ്റുപാടും നിവര്‍ന്നുനില്‍ക്കുന്നവര്‍
പത്രവാര്‍ത്തക്കു താഴെ കറുത്തൊരു
പെട്ടിയില്‍ വന്നു പെട്ടൊരന്വേഷകർ

.................................

പച്ചമത്സ്യം പൊതിഞ്ഞുപോയ്.
സ്വപ്നപര്യവസായികള്‍ രണ്ടുപേര്‍

മൂലകൃതി: മാഞ്ഞുപോയില്ല വൃത്തങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്
© ശ്രീകുമാർ കരിയാട്