മറുവിളിമുഴക്കങ്ങള്‍

അൻവർ അലി

ആറ്റൂർക്കവിതയെക്കുറിച്ചും ആറ്റൂർസിനിമയെക്കുറിച്ചും ചില കുറിപ്പുകൾ

1990കളുടെ തുടക്കത്തിലെ ഏതോ തൃശൂർ യാത്രകളിലൊന്നിലായിരിക്കണം ആറ്റൂർമാഷിനെ ആദ്യം കണ്ടത്. ‘മേഘരൂപ’നും ‘സംക്രമണ’വും ‘ഉദാത്ത’വുമെല്ലാം ഇഷ്ടമെങ്കിലും അക്കാലത്തെ എന്റെ ഇഷ്ടകവികൾ മറ്റുപലരുമായിരുന്നു. അദ്ദേഹത്തിന്റെ ‘കര-തിര’യ്ക്കൊപ്പം എന്റെ ഒരു പൊട്ടക്കവിതയും ഒരു വിശേഷാൽപ്പതിപ്പിൽ അച്ചടിച്ചുവന്നതോർക്കുന്നു. അന്ന് പല തവണ വായിച്ചിട്ടും ‘കര-തിര’ ഉള്ളിൽ കയറിയില്ല. എന്റെ കവിത തന്നെ ഭേദം എന്നു തോന്നുകയും ചെയ്തു! ക്രമേണയാണ്, പതുക്കെയാണ് ആറ്റൂർക്കവിത എനിക്കു വഴങ്ങിത്തുടങ്ങിയത്. തൊണ്ണൂറുകളിൽ, ആധുനികാനന്തരകാലത്തിന്റെ തലപുകച്ചിലുകൾക്കിടയിൽ ‘കര-തിര’ മാത്രമല്ല ഒന്നിനൊന്നു വേറിട്ട ആറ്റൂർമൊഴികൾ - മധുരം, നഗരത്തിൽ ഒരു യക്ഷൻ, ഭ്രാന്ത്, ക്യാൻസർ, വെള്ളം, ഓട്ടോവിൻ പാട്ട്, പാണ്ടി, അകലം, മറുവിളി, മക്കൾ, മൊട്ട, ദല്ലാൾ, നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ, നാട്ടുമഴ, രാമായണം, അശാന്തസമുദ്രക്കരയിൽ, രണ്ടു വായ(ന)കൾ, ഒപ്പമിരിക്കുന്നവൾ, ചെറുപ്പം, എഴുന്നേൽപ്പ്, വേനൽക്കാവ്, മുന്നെ-പിന്നെ എന്നിങ്ങനെ നിരവധി കവിതകൾ - പല പുതുമൊഴിക്കാരെയുമെന്നപോലെ എന്നെയും ആവേശിച്ചു. എന്റെ വായനയെ, അതിലേറെ എഴുത്തിനെ, അവ കീഴ്മേൽ മറിച്ചു. ആ സ്വകാര്യചരിത്രം ഇവിടെ അപ്രധാനമായതിനാൽ വിസ്തരിക്കുന്നില്ല.
90കളുടെ തുടക്കത്തിൽ പുസ്തകപ്രസാധകന്റെ വേഷത്തിൽ നിരവധി എഴുത്തുകാരെ നേരിട്ട് കാണുന്ന കൂട്ടത്തിൽ ആറ്റൂരിനെയും ചെന്നുകണ്ടിരുന്നുവെന്നല്ലാതെ വ്യക്തിപരമായ വലിയ അടുപ്പമൊന്നും അന്ന് അദ്ദേഹവുമായി എനിക്കുണ്ടായിരുന്നില്ല. ആറ്റൂർ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ പ്രസിദ്ധീകരിക്കപ്പെടുന്ന കാലത്താണ് മാഷുമായി കൂടുതൽ അടുക്കുന്നത്.  ആധുനികാനന്തരകാലകവിതയോട് അദ്ദേഹം കാട്ടിയ പരിഗണന കൂടി അതിനു കാരണമായിരിക്കണം. പക്ഷേ അപ്പോഴും തികച്ചും വ്യക്തിപരമായതൊന്നും അദ്ദേഹം പങ്കുവച്ചിരുന്നില്ല. അതിപ്പോഴും ഏതാണ്ട് അങ്ങനെ തന്നെ. ആ കവിതയാണ്, കാവ്യജീവിതം മാത്രമാണ് ആറ്റൂരിനെക്കുറിച്ചുള്ള തിരയെഴുത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത് എന്നു സാരം.

*
എല്ലാ മനുഷ്യരുടെയും ഉള്ളിൽ തടവിലാക്കപ്പെട്ട ഒരു കവിയുണ്ട്. ജയിൽചാടുന്നവരെ മാത്രം പക്ഷേ നാം കവികൾ എന്നു വിളിക്കുന്നു. ഒറ്റപ്പെട്ട ജയിൽചാട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും, ഉൾക്കെണികളിൽ നിന്ന് തന്നിലെ ഉണ്മയെ കവിതയിലൂടെ നിരന്തരം ഒളിച്ചുകടത്തുന്നവർ നിർഭാഗ്യവശാൽ മലയാളമൊഴിയിൽ അത്യപൂർവ്വം.

ആധുനിക ലോകവ്യവസ്ഥ ഏതൊരു ജയിൽചാട്ടത്തെയും നിർവീര്യമാക്കാൻ പ്രാപ്തമായ കെണികളാൽ നിർമ്മിതമാണ്. അവയിൽ, ഓരോരുത്തരുടെയും ഉള്ളിൽ വ്യവസ്ഥപ്പെടുന്ന കെണികൾ മിക്കപ്പോഴും പൊതുവിടങ്ങളിലേതിനെക്കാൾ കർക്കശവും സങ്കീർണ്ണവുമായിരിക്കും. അതിനാൽ ഒരു കുറ്റവാളിയുടേതിനെക്കാൾ ദുഷ്കരമാണ് കവിയുടെ ജയിൽചാട്ടം. പക്ഷേ വലിയ കവികൾ നിർമ്മമം നിരന്തരം അതു നിർവ്വഹിക്കുന്നു. ഉള്ളിലെ ജയിലഴിയെ ഉള്ളുറപ്പുകൊണ്ട് നിർവീര്യമാക്കുന്ന ആ കാവ്യകല ആറ്റൂർ രവിവർമ്മയിൽ ഉള്ളിടത്തോളം സ്ഥായിയായി മറ്റൊരു ആധുനികമലയാളകവിയിലും ഞാൻ അനുഭവിച്ചിട്ടില്ല. ദാർശനികമായ വലിയൊരകലം പാലിച്ചുകൊണ്ട്, വ്യവസ്ഥാപിതമായ ഭാഷ, സാംസ്കാരികപാരമ്പര്യം, സമകാലജീവിതം, ആത്മീയ-സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങൾ എന്നിവയുടെയെല്ലാം തുരുമ്പഴികളെ ആറ്റൂർക്കവിത പിഴുതുമാറ്റുന്നു; ഇരുമ്പഴികളെ ജനാലകളിലേക്കും കവാടങ്ങളിലേക്കും മാറ്റിസ്ഥാപിക്കുന്നു; ചുവരെഴുത്തുകളിൽ മനുഷ്യചരിത്രത്തിന്റെ അനേകം നൂറ്റാണ്ടുകളെ വായിക്കുന്നു; ആരൂഢങ്ങളിൽ അവയുടെ മൂലപ്രകൃതിയിലെ മരങ്ങളെയും കല്ലുകളെയും ദർശിക്കുന്നു; മേൽക്കൂരകളെ മേഘങ്ങളിലേക്കോ സൂര്യനിലേക്കോ ഉയർത്തുന്നു; നിൽപ്പുതറയ്ക്കുമടിയിലേക്ക്, ചൂരും വെറിയും നനവുമുള്ള തനിമണ്ണിലേക്കു നടന്നുപോകുന്നു….
തുഞ്ചത്തെഴുത്തച്ഛനും ഞാനുമായ്
മൂന്നാലു നൂറ്റാണ്ടു ദൂരം
ഇന്നലത്തേതും പരിചയ-
മില്ലാത്തതായി മാറുമ്പോൾ
എനിക്കിതു ചെല്ലുവാൻ
വയ്യാത്ത ഭൂതം
വിദൂര, മന്യമാകാശം             (അകലം)

കോവിൽത്തൂണിൽ
എ ഡി ഒമ്പതാം നൂറ്റാണ്ടിലെ
സുന്ദരിയുടെ ചിരി
ഇന്നും മായാതെ                   (ചെറുപ്പം)

ഉള്ളിൽ നിന്ന് പുറത്തേക്കു മാത്രമല്ല ഉള്ളിന്റെ ഉള്ളിലേക്കു കൂടിയാണ് ആറ്റൂർ, കവിത കടത്തിക്കൊണ്ടുപോകുന്നത്. ഓരോ വായനയിലും മുഴക്കം കൂടിക്കൂടിവരുന്ന പൊരുൾകൊണ്ട് അകം-പുറം എന്ന ദ്വന്ദത്തെത്തന്നെ ആറ്റൂർമൊഴി അപ്രസക്തമാക്കാറുണ്ട്. മലയാണ്മയിലാകമാനം നിറഞ്ഞുപെയ്യുന്ന മഴയുടെ തുടർച്ചിത്രങ്ങളിൽനിന്ന് പൈങ്കിളികളായ പതിവു മൊഴികളെ അപ്പാടെ അകറ്റിനിർത്തിക്കൊണ്ട്  കവിത, അകം-പുറം കവിയുന്ന രതി വരച്ചുവയ്ക്കുന്നതിങ്ങനെ:

കുന്നുകളിൽനിന്നു
താഴ്വരയിലേക്കിറങ്ങി
രഹസ്യങ്ങളിൽ നിറഞ്ഞു
ലിംഗങ്ങളെല്ലാ-
മുണര്‍ന്നു കിടക്കുന്നു
മലയാണ്മയും പെണ്മയും          (നാട്ടുമഴ)

മൊട്ടയടിക്കപ്പെട്ട ഒരു കഴുമലയുടെ, അല്ല, അതിനും മേലെയുള്ള ഒരു വേനൽ രാത്രിയുടെ എഴുന്നള്ളിനിൽപ്പു നോക്കൂ –

വെടിവെച്ച്, കുഴിവെട്ടി മൂടിയ
കൊമ്പനെണീറ്റുനില്‍ക്കുന്നതുപോലെ
കറുത്തു, തടിച്ചു, മാനം മുട്ടി
മിണ്ടാത്തിരുളുതങ്കത്തലേക്കെട്ടു
മേലോട്ടെറിഞ്ഞു നില്‍ക്കുന്നു      (മൊട്ട)

ക്ലാസിസത്തെയും ആധുനികതയെയും കൂട്ടിയിണക്കുന്ന കവിയാണ് ആറ്റൂർ എന്നൊരു പ്രബലമായ വാദമുണ്ട്. യുക്തിസഹമായ രൂപപഠനത്തിലൂടെ ചില നിരൂപകർ അത് വിശദീകരിച്ചിട്ടുമുണ്ട്. അത്തരം നിരീക്ഷണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ ഈ കുറിപ്പ് മുതിരുന്നില്ല. എങ്കിലും ആ നിഗമനം കവിതാചരിത്രത്തിലെ ആറ്റൂരിടത്തെ വല്ലാതെ ചുരുക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അതായത്, കൂട്ടിയിണക്കൽവാദം ആറ്റൂർക്കവിതയുടെ വിധ്വംസകശേഷിയെ സാമാന്യവൽക്കരിക്കുകയും, ഫലത്തിൽ ആറ്റൂരിനെ ഒരുപിടി ആധുനികകവികളുടെ പട്ടികയിൽ ഒരാൾ മാത്രമാക്കുകയും – കുമാരനാശാനെ കവിത്രയത്തിലൊരാളാക്കിയതുപോലെ – ചെയ്തു. ഏതാണ്ട് പന്ത്രണ്ട് –പതിനഞ്ച് നൂറ്റാണ്ടു കാലയളവിനിടയിൽ രൂപംപ്രാപിച്ച്, വിശാലർത്ഥത്തിൽ ഹൈന്ദവം എന്നു വിളിക്കാവുന്ന ഭാഷാ-ആശയ പരിസരങ്ങളിൽ വികസിച്ചവയാണ് പരമ്പരാഗത മലയാളകാവ്യസങ്കേതങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ഇവ നമ്മുടെ ഭാഷയിൽ ആധിപത്യം ചെലുത്തുകയും ചെയ്തു. പദ്യം, സംസ്കൃത പദരൂപാദികൾ, ഇന്ത്യൻ പുരാണങ്ങളോടും മിത്തുകളോടും ജ്ഞാന-ധർമ്മസംഹിതകളോടുമുള്ള ചാർച്ച എന്നിവ ഇവയുടെ മുഖ്യസവിശേഷതകളാണെന്ന് സാമാന്യമായി പറയാം. 1950കളുടെ ഒടുവിൽ സാർവദേശീയമായ പുതുസങ്കേതങ്ങളെ മലയാളത്തിനു പരിചയപ്പെടുത്തിയ ആധുനികത പോലും മേൽസൂചിപ്പിച്ച സവിശേഷതകളെ പുതുരീതികളുമായി ഇണക്കിയോ പിണക്കിയോ നിലനിർത്താനാണ് ശ്രമിച്ചത്. അങ്ങനെ നോക്കുമ്പോൾ അയ്യപ്പപ്പണിക്കർ മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടു വരെയുള്ള ആധുനികകവികൾക്കെല്ലാം ബാധകമായ ഒന്നാണ് ക്ലാസിക്കൽ - ആധുനികതാ സമന്വയമെന്ന സിദ്ധാന്തം.

ആറ്റൂരിന്റെ സമകാലികർ പലരും മികച്ച കവികൾ തന്നെ. പക്ഷേ അവരിൽനിന്ന് വളരെ ഉയരത്തിലേക്കു തെറിച്ചുപോയ മഹാകവിയാണ് ആറ്റൂർ രവിവർമ്മ എന്നു ഞാൻ കരുതുന്നു. അദ്ദേഹം അത്രയേറെ ഉന്നതമായ കാവ്യകല അനുഷ്ഠിക്കുന്നുവെന്ന ബോധ്യം മാത്രമാണ് എന്റെ ന്യായം.

ഉള്ളിലെ തടവറ പാരമ്പര്യത്തിന്റെ തടവറ തന്നെയാണ്. ഉള്ളിലേക്കോ പുറത്തേക്കോ എന്ന് വ്യവഛേദിക്കാനാവാത്തവിധം മുഴങ്ങുന്ന കാവ്യഭാവനകൊണ്ട് ആ തടവറയിൽനിന്ന് നിരന്തരം പുറത്തുകടക്കുന്ന ഒരു ഒടിവിദ്യയുടെ, ഒരു പേക്കിനാവിന്റെ, സഞ്ചാരമായി ആറ്റൂർക്കവിതയെ വായിക്കാനാവും. വലിയ ചരിത്രസ്മാരകങ്ങളുടെയും ദേവാലയങ്ങളുടെയും അരണ്ടകോണുകളിൽ ജന്തുജാലങ്ങൾ ഞാന്നും പറന്നും ഇഴഞ്ഞും പാർക്കുന്നതു പോലെയാണ് ആറ്റൂർക്കവിത പാരമ്പര്യത്തിൽ പാർക്കുന്നത്. അതു വ്യവഹരിക്കുന്നതായി നാം കരുതുന്ന പാരമ്പര്യമെന്ന സ്ഥലത്തിന് അതീതമായ, ഭാവനയുടെ ജംഗമസ്ഥലങ്ങളിലൂടെയാണ് അതിന്റെ ഒടിസഞ്ചാരം. അതുകൊണ്ടാണ് പുരാണങ്ങളുടെയോ ധർമ്മസംഹിതകളുടെയോ രേഖീയപിൻബലമില്ലാത്ത മിത്തുകൾ സൃഷ്ടിക്കാൻ ആറ്റൂർക്കവിതയ്ക്ക് കഴിയുന്നത് (സംക്രമണം, രാമായണം, ആറ്റുവെലി, മൊട്ട, പാണ്ടി തുടങ്ങി നിരവധി കവിതകൾ ഉദാഹരണം). ജനിച്ചുവളർന്ന ജന്മിത്വപരിസരങ്ങൾ, പഠിച്ചുവളർന്ന മാനവികാശയങ്ങൾ, പാർത്ത പട്ടണങ്ങൾ, അലഞ്ഞറിഞ്ഞ സംസ്കാരങ്ങൾ എല്ലാറ്റിന്റെയും ചിഹ്നങ്ങൾ ആറ്റൂർരിന്റെ അനുഭവലോകത്ത് ഒരു മറവുമില്ലാതെ കാണപ്പെടുമ്പൊഴും ആ മൊഴി ഒരു പേടിക്കിനാവുപോലെ ഏതോ അപരസ്ഥലങ്ങളിലേക്ക് പുറപ്പെട്ടുപോകുന്നു –

പച്ചകളെല്ലാമുണങ്ങിപ്പോയി
പഴുത്തവയെല്ലാമളിഞ്ഞുപോയി
ആഴക്കിണറുകൾ തൂർന്നും പോയി
നേരായതെല്ലാം ചുരുണ്ടും പോയി
ദൈവങ്ങളെല്ലാം മറഞ്ഞും പോയി
പിന്നിലും മുന്നിലും ചൂളകേട്ടു
ഇടത്തും വലത്തും കുര കേട്ടു
കോലായിലോളം നിഴലു നീണ്ടു
കൊമ്പിന്മേൽ കൂമന്റെ മൂളൽ നീണ്ടു
കൂര പൊളിച്ചു വെയിലിറങ്ങി
വേലി പൊളിച്ചു കയറി കൂറ്റൻ
…..
വീതുളി ചീകിയിരിപ്പായി
പണികഴിഞ്ഞിട്ടുമാശാരി
വേനലിൽ രാത്രി പുഴ നടുക്ക്
കൂട്ടമായോരിയിടുന്നു നായ്ക്കൾ
പേടിക്കിനാവൊന്നുറക്കത്തിൽ
ദേശം മുഴുവൻ നടക്കുന്നു.             (രാമായണം)

ഈ ഊരുതെണ്ടിമൊഴിയിൽ ഒരു ചുടലമാടനുണ്ട്. അവന് ,

വിഷമായിരുന്നു പാനീയം
തോടായിരുന്നു പാത്രം
തോലായിരുന്നു ഉട
തലയ്ക്കോളമായിരുന്നു
ചോടുവച്ചേടം ചുടലയായിരുന്നു
നോട്ടത്തിൽ തീയായിരുന്നു
സുന്ദരനായിരുന്നു അവൻ              (തെണ്ടി)

നമ്മുടെ പുരാണശിവനെക്കാൾ പ്രാചീനനായ ഒരു മുത്തപ്പൻഗോത്രമാണ് ഈ ഊരുതെണ്ടി. അതേസമയം എല്ലാ ആധുനിക വ്യവസ്ഥയെയും മറികടക്കുന്ന പുതിയൊരുന്മാദിഗോത്രവും.

തടവുതന്നെ വിധ്വംസകമായ ഒരു ഗോത്രസഞ്ചാരമാണ് ആറ്റൂർക്കവിതയിൽ. ഭൂഗോളത്തിന്റെയും ദിവസത്തിന്റെയും മറുപുറത്ത്, ‘കൊതികളും സുഖങ്ങളും കിനാവുകളും അടുക്കിയ’ ‘പെരുംചന്തകളിലെ / പൊതിഞ്ഞുവച്ചു തണുപ്പിച്ച / കറികളോടും ചെപ്പുകുഴമ്പുകളോടും / വട്ടവും നീളവും ചതുരവുമായ / അടകളോടും അപ്പങ്ങളോടും / തീന്മേശമേലെ തിളങ്ങുന്ന / ആയുധങ്ങളോടും / കൈയും നാവും കുടലും / മൃഗശാലപോലെ വഴങ്ങി’യിട്ടും ഉള്ളിന്റെ ഉള്ളിലേക്ക് ഊളിയിടുന്നു ആ ഗോത്രം –

…. എകര്‍ന്ന മരങ്ങളിൽ
പച്ചിലകൾ ചുകന്നു പഴുത്തു കൊഴിയുമ്പോൾ,
മാര്‍ഗ്ഗം കൂടിയവനിൽ പഴയ ദൈവങ്ങൾ പോലെ,
അണിഞ്ഞ കൊമ്പനിൽ അരണ്ട കാടുപോലെ,
ആത്മഹത്യ ചെയ്തവൻ വിട്ടുപോയ ശബ്ദങ്ങൾ പോലെ,
ചിലനേരങ്ങളിൽ ചില വേലിയേറ്റങ്ങൾ     (അശാന്തസമുദ്രക്കരയിൽ - 1)

അവനവനനുഭവമെന്ന കാല്പനികസ്വത്വത്തിന്റെ തടവറ തകർക്കപ്പെടുന്നതുകൊണ്ടുതന്നെ ആറ്റൂർമൊഴി അനന്യമായ ചില ആഖ്യാനപരീക്ഷണങ്ങളുടെയും ഇടമാണ്. ‘മൊട്ട’ എന്ന കവിതയിൽ ഇത് ഉടനീളം കാണാം.

കുട്ടിക്കാലത്തെ ഗൃഹാതുരസ്മരണയെ അകാൽപ്പനികമായ ഒരു പഴങ്കഥ പോലെ വരയ്ക്കൽ,

കഴുകന്മലയിൽ നാം വേനലൊഴിവിൽ
കയറും വെയിലറിയാതെ
നിഴലിലുതിര്‍ന്നു കിടക്കും മുഴുത്ത
നെല്ലിക്കകൾ, ഊഞ്ഞാൽ
വടങ്ങൾ- തിരുവാതിരയ്ക്കു
കുതിക്കുവാനുള്ളവ - തൂങ്ങിക്കിടക്കും
മീട്ടുകയോ കുഴലൂതുകയോ കുഴി-
താളം പിടിക്കയോ ചെയ്യും കിളികൾ,
നമ്മൾവിളിച്ചാലുടനെ മറുവിളി
കേട്ടിടും പേടിപ്പെടുത്തും
നരിതിന്ന പശുവിന്റെയെല്ലുകൾ.

അപ്പോഴും സമീപസ്ഥമായ ഒരു ചരിത്രകാലത്തെ ആഖ്യാനത്തിൽ നിലനിർത്തൽ,

പള്ളകൾ വീര്‍ത്തു നില്‍ക്കുന്ന കരിം-
പാറകൾ തൻ മുതുകത്തു
കവച്ചു കാലിട്ടിരുന്നു നാം കാണും
പുഴയും പുകവണ്ടിയും

സ്ഥൂലബിംബങ്ങൾ ചേർത്ത്  ഭൂതകാലക്കിനാവിന്റെ സൂക്ഷ്മരംഗമൊരുക്കൽ,

പണ്ടു നാം മൊട്ടയും വിക്കനും കൂറ്റനും
കോലനും കൂടി മലയ്ക്കു പോകുമ്പോൾ
അവിടം മുഴുവൻ വിളഞ്ഞു നില്‍ക്കുന്നു
മൌനവും പാട്ടും തണലും വെളിച്ചവും
രസമുള്ള പേടിയും സ്വാതന്ത്ര്യവും.

ഒരു പുരുഷായുസ്സിന്റെ ചരിത്രം ഏതാനും വരികളിലേക്കു കുറുക്കിയെടുക്കൽ,

ആദ്യമായ് യാത്രയയച്ചു ചങ്ങാതിയെ
തീവണ്ടിയാപ്പീസിൽനിന്നു
മിണ്ടാതെ മടങ്ങി നാം - പിന്നെയും
ഒറ്റയ്ക്കൊടുവിൽ കയറിയിരുന്നു ഞാൻ
കാണാതെയായി പലരെയും കണ്ടാ –
ലറിയാതെയായി നരയും
കഷണ്ടിയും മുരടിക്കലും മൂക്കലും
കൊണ്ട്  – തങ്ങൾ തൻ മൂക്കും ചെവിയും
മിഴികളും പേരന്മാർ തൻ
മുഖത്തു വച്ചൂ ചിലർ.
കമ്പി കിടച്ചു, ചിത – വെളിച്ചത്തിലെൻ
വീട്ടുവരമ്പു തിരിച്ചറിഞ്ഞു,

പെട്ടെന്ന് പ്രകൃതിചൂഷണത്തിന്റ സമീപകാലപ്പൊരുളിലേക്ക് ആഖ്യാനത്തെ ഉയർത്തൽ,

ആൾച്ചൂരൊഴിഞ്ഞ, പഴകിയ
വീടിന്റെ പിന്നാമ്പുറത്തു നിൽക്കുമ്പോൾ
വയസ്സായി ദണ്ണംപിടിച്ചു മുടിപറ്റെ
വെട്ടിയ മുത്തശ്ശിതൻ തലപോലെ
വഴിമറവില്ലാതെ കാണായി കഴുമല

കേരളീയമായൊരു സർറിയലിസ്റ്റ് പ്രതിഷ്ഠാപന(installation)ത്തിലേക്ക് കവിത ഉപസംഹരിക്കൽ

വെടിവെച്ച്, കുഴിവെട്ടി മൂടിയ
കൊമ്പനെണീറ്റുനില്‍ക്കുന്നതുപോലെ
കറുത്തു, തടിച്ചു, മാനം മുട്ടി
മിണ്ടാത്തിരുളുതങ്കത്തലേക്കെട്ടു
മേലോട്ടെറിഞ്ഞു നില്‍ക്കുന്നു    

എന്നിങ്ങനെ വിവിധ ആഖ്യാനതന്ത്രങ്ങൾ, മൂർത്തതയും ധ്വനനശേഷിയും ഒന്നായി ജ്വലിക്കുന്ന മൊഴിയാൽ ആറ്റൂർ ‘മൊട്ട’യിൽ ആവിഷ്കരിക്കുന്നു.

കഥാപാത്രകേന്ദ്രിതമായ പല ആറ്റൂർക്കവിതകളും ആഴമേറിയ സാമൂഹികമാനങ്ങളുള്ളവയാണ്. സ്വന്തം ഉൾവ്യവസ്ഥയുടെ തടവിലാക്കപ്പെട്ടവരാണ് അവരിൽ മിക്കവരും. ‘ഒറ്റ നാൾപോലൊരു ജന്മം ജീവിച്ചുതീർത്ത ശേഷം ആദ്യമായി സ്വന്തം ഗ്രാമം വിട്ട് കാശിയിൽ നിമഞ്ജിതയാവാൻ തീവണ്ടിയേറിയ മുത്തശ്ശി (ഒപ്പമിരിക്കുന്നവൾ), ഏതോ തമിൾനാടൻ പട്ടണത്തിൽ ഹോട്ടൽ തൊഴിലാളിയായി പതിറ്റാണ്ടുകൾ പാർത്ത് നാടും നാട്ടുമൊഴിയും അപ്പാടെ മറന്ന പാണ്ടി (പാണ്ടി), നാട്ടിൽ ആർക്കും വേണ്ടാത്തവനും അമേരിക്കയിലെ ഭക്തിമ്യൂസിയത്തിൽ തടവുകാരനുമായിത്തീർന്ന സുന്ദരമൂർത്തി (നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ) എന്നിവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു.

മറുവിളി എന്ന സിനിമാശീർഷകത്തിനാധാരമായ അതേ പേരിലുള്ള കവിതയെക്കുറിച്ചുകൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരു ജനതയുടെ തന്നെ നൈതികമനഃസാക്ഷി തടവറയായി മാറുന്നു ഈ രചനയിൽ. 1989 കാലത്ത് ഇന്ത്യൻ സമാധാനസേന ശ്രീലങ്കയിൽ ഇടപെട്ട കാലത്താണ്, പിൽക്കാലദുരന്തങ്ങളുടെ പ്രവചനം പോലെ ആറ്റൂർ ‘മറുവിളി’ എഴുതിയത്. ഈഴനാടിന്റെ കുരുതി ഒരു കുടന്ന ചോരയായി ജാഫനയിലെ തെരുവുകൾ കടന്ന്, കടലിലേക്കിറങ്ങി കരയിലേക്കു കയറി തന്റെ പിന്നാലെ വരുന്നുവെന്നറിയുന്ന ദ്രാവിഡമനസ്സിന്റെ ഏറ്റുപറച്ചിലാണ് ഈ കവിത. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിലുള്ള കപടഗാന്ധിയൻ ആത്മവഞ്ചനയിലേക്ക് അത് രാഷ്ട്രീയ മൂർച്ചയോടെ വിരൽ ചൂണ്ടുന്നു. തെന്നിന്ത്യക്കും വടക്കൻ ശ്രീലങ്കയ്ക്കുമിടയിലെ കടലിന്റെയും മണ്ണിന്റെയും മൊഴിയുടെയും ചരിത്രപരമായ സാഹോദര്യം, വാചാലത തീരെയില്ലാത്ത തെളിവാക്കുകളിൽ ആവിഷ്കരിക്കുന്നു കവിതയുടെ ആദ്യ നാല് ഖണ്ഡങ്ങൾ -

നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്
ഞാൻ കേള്‍ക്കുന്നുണ്ട്.
പറയാതിരിക്കുന്നത്
എന്നിൽ മാറ്റൊലിക്കുന്നുണ്ട്.
നമുക്ക് ഒരേസ്വരങ്ങൾ, വ്യഞ്ജനങ്ങൾ,
ഒരേ മൌനം

ഊരുമുറ്റങ്ങളിൽ,
പൊങ്ങൽ വിഴകളിൽ,
കോലമിടുവാൻ
നമ്മുടെ വിരലുകൾ
ഒപ്പം മടങ്ങി നിവരുന്നു

ഒരേ കടലിന്റെ
ഇരുവക്കിലും
നാം ബലിയിട്ടു;
മുണ്ഡനം ചെയ്തു
നാം കാണുന്നത്
ഒരേ ആഴം

തുടർന്നു വരുന്നത് ഏതൊരു കൂട്ടനിലവിളിയെക്കാളും ഉള്ളുകിടുക്കുന്ന, ചോരയുടെ വിലാപമാണ്; ഒരു കുടന്ന ചോരയുടെ വിലാപവും അതിനെ പേടിച്ചോടുന്ന ഇന്ത്യൻ മാനവികതയുടെ ആത്മനിന്ദ നിറഞ്ഞ മറുവിലാപവും –

ഒരു കുടന്ന ചോര
കൈപ്പടം പോലെ പരന്ന്
എന്നോടാവലാതിപ്പെടുന്നു.
എന്നോടട്ടഹസിക്കുന്നു.
എന്നെ പിടിക്കാൻ വരുന്നു
കടലിലേക്കിറങ്ങി
കരയിലേക്കു കയറി
എന്റെ പിന്നാലെ വരുന്നു
അതിനോടു ഞാൻ പറയുന്നു
ഇരക്കുന്നു, കെഞ്ചുന്നു
ഞാൻ കാഞ്ചിയോ ഉണ്ടയോ അല്ല.
വാനരനോ വാല്‍മീകിയോ അല്ല.
മുഴുക്കഷണ്ടിയായ,
മുന്‍പല്ലുകൾ പോയ,
അരമുണ്ടു മാത്രമുടുത്ത
വെടിത്തുളപെട്ട,
ഒരു ചോദ്യചിഹ്നം മാത്രം.

സാഹോദര്യത്തിന്റെ എല്ലുറപ്പുള്ള മൊഴിയാണ് മറുവിളിയിലെ തീവ്രരാഷ്ട്രീയത്തെ വെറും നിലവിളിയാക്കാതെ പലപാട് പ്രതിധ്വനിക്കൂന്ന മറുവിളിയാക്കുന്നത്  മലയാളിയുടെ, ദ്രാവിഡന്റെ, ഇന്ത്യക്കാരന്റെ, ലങ്കന്റെ, കറുമ്പന്റെ വെളുമ്പന്റെ, ചുവപ്പന്റെ, എല്ലാ മനുഷ്യന്റെയും നിസ്സഹായമായ മറുവിളികൾ ഒടുങ്ങതെ പ്രതിധ്വനിച്ചുകൊണ്ടിരിക്കും, ഈ കവിതയുടെ ആവർത്തിച്ചുള്ള ഓരോ വായനയിലും. രാഷ്ട്രീയപ്രമേയങ്ങൾ നേരിട്ടു കടന്നുവരുന്ന കവിതകൾ ആറ്റൂർ തീരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. പക്ഷേ എനിക്കുറപ്പുണ്ട്, ഒരു ‘മറുവിളി’ കൊണ്ട്, ഉൾക്കനമുള്ള രാഷ്ട്രീയപ്രതിരോധത്തിന്റെ കവികൂടിയായി അദ്ദേഹം കാവ്യചരിത്രത്തിൽ അടയാളപ്പെടും.

*
നാലു കൊല്ലത്തോളം മുമ്പ് ഒരു ദിവസം സാഹിത്യ അക്കാദമിയിൽ ഒരു കവിസമ്മേളനത്തിനോ മറ്റോ കോറം കാത്ത് ഒഴിഞ്ഞ കസേരകൾക്കിടയിൽ മാഷിന്റെ അടുക്കലിരിക്കുമ്പോൾ, പതിവിലും പ്രസന്നമായ ആ മുഖത്തേക്ക് നോക്കി പെട്ടെന്ന്  ഒരു ഉൾവിളിയാലെന്ന പോലെ ഞാൻ ചോദിച്ചു:
      “മാഷെക്കുറിച്ച് ഒരു ഡോക്യുമെന്ററിയെടുക്കാൻ സമ്മതമാണോ?”
ആറ്റൂർ മാഷ് ഒരു നിമിഷം എന്നെ വെറുതേ നോക്കിയിരുന്നു. മാസങ്ങളായി കെ. ആർ. ടോണിയും കെ. ജെ. ജോണിയും ഞാനുമടങ്ങുന്ന തൃശൂരിലെ ഞങ്ങളുടെ മൂവർക്കൂട്ടായ്മയിൽ മാത്രം ഞാൻ താലോലിക്കാറുള്ള ആഗ്രഹമാണ്. തന്റെ കവിത്വം ജനപ്രിയതയുടെ പൊതുമണ്ഡലങ്ങളിൽ ആഘോഷിക്കപ്പെടുന്നതിൽ എന്നും വിമുഖനായിരുന്നു ആറ്റൂർ. അദ്ദേഹം സമ്മതിക്കാനിടയില്ല. ഈ ആശങ്കയിലാണ് ഞങ്ങളുടെ ചർച്ച അവസാനിക്കാറ്. തെളിഞ്ഞ ഒരു പുഞ്ചിരിയോടെ മാഷ്  ചോദിച്ചു.
      “ആർക്കാണ് എന്നെക്കുറിച്ച് സിനിമയെടുക്കാൻ ആഗ്രഹം?”
      “എനിക്കു തന്നെ”
      “അൻവറാണെങ്കിൽ ആയിക്കോളൂ”
ഒഴിഞ്ഞ സദസ്സിന്റെ മുൻ നിരയിൽ  ഞങ്ങൾ രണ്ടുപേരുമേ ഉണ്ടായിരുന്നുള്ളൂ. സന്തോഷം എന്റെ ശ്വാസം മുട്ടിക്കുന്നത് മാഷ് അറിയാതിരിക്കാൻ ഞാൻ ഇടം വലം നോക്കി. പിന്നിലൊരിടത്ത് ടോണി വന്നിരിപ്പുണ്ട്. താമസിയാതെ ഞാൻ കേന്ദ്രസാഹിത്യ അക്കാദമിക്ക് പ്രപ്പോസൽ കൊടുക്കും എന്നോ മറ്റോ പറഞ്ഞ് പെട്ടെന്ന് അവിടുന്നെണീറ്റ് ടോണി ഇരിക്കുന്നിടത്തേക്ക് കുതിച്ചു. അങ്ങനെയാണ് മറുവിളിയുടെ തുടക്കം.
തുടർന്നുള്ള ഒന്നൊന്നര വർഷം ഞാൻ ആറ്റൂർക്കവിതകൾ വീണ്ടും വീണ്ടും വായിക്കുക മാത്രമേ ചെയ്തുള്ളൂ. പിന്നെ ആറുമാസക്കാലം വെട്ടിയും തിരുത്തിയും എഴുതി. 2014 ഫെബ്രുവരിയിൽ ഷൂട്ട് തുടങ്ങി. ഒരു വർഷത്തോളം വേണ്ടിവന്നു മറുവിളി പൂർത്തിയാവാൻ. സിനിമയുണ്ടാക്കലിനെക്കുറിച്ച് പൊതുവെയും ഡിജിറ്റൽ സങ്കേതത്തെക്കുറിച്ച് പ്രത്യേകിച്ചും എനിക്കുള്ള അറിവില്ലായ്മകൾ എന്റെ കൂട്ടുകാരെക്കൊണ്ട് ഒരുപാട് അധികപ്പണിചെയ്യിച്ചിട്ടുണ്ട്. എൺപത്തിമൂന്നാം വയസ്സിൽ മാഷെയും ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നു തോന്നുന്നു.
ആറ്റൂർക്കവിത നൽകിയ അഗാധമായ വായനാനുഭവം മാത്രമല്ല, എന്റെ എഴുത്ത് കവിതയാവാൻ നടത്താറുള്ള ശ്രമങ്ങൾക്കു കുറുകേ ആ എഴുത്തുമുറ കൊണ്ടുവച്ച വലിയ തടസ്സങ്ങൾ കൂടിയായിരിക്കണം ആറ്റൂരിന്റെ കാവ്യലോകത്തിൽ ആണ്ടുപോകാനും അതിന്റെ ദൃശ്യാലേഖനമെന്ന സാഹസികതയിലേക്ക് കടക്കാനും എനിക്ക് പ്രേരണയായത്. സിനിമ എന്റെ ആവിഷ്കാരമാദ്ധ്യമമല്ലെന്ന സ്വയം ബോധ്യത്തെയും കവിഞ്ഞുപോയ ആ ഉൾപ്രേരണയ്ക്ക് നന്ദി. മറുവിളിയുടെ ആത്മീയ ഉത്തരവാദിത്തം അതിനുമേൽ കെട്ടിവയ്ക്കാമല്ലോ. അതിലുപരി, അത് ചലച്ചിത്രകാരനല്ലാത്ത എന്നെ, എന്റെ കാലത്തെ ഏറ്റവും വലിയ കവിയുടെ ചലച്ചിത്രകാരനുമാക്കിയില്ലേ…!
നമ്മളെഴുതുന്നത്, നമുക്കറിയാത്ത മറ്റൊരിടത്തോ കാലത്തിലോ ഇരിക്കുന്ന ഒരാൾക്ക് അനുഭവപ്പെടുന്നു എന്നു മാത്രമാണ്  തന്റെ വായനക്കാരെക്കുറിച്ച് ആറ്റൂർ രവിവർമ്മ പറയാറ്. മറുവിളിയ്ക്കും മറ്റൊരിടത്തോ കാലത്തിലോ കുറച്ച് കാഴ്ചക്കാർ ഉണ്ടാകുമെങ്കിൽ നന്ന്.

- അന്‍വര്‍ അലി