രാത്രികാലങ്ങളിൽ സൂര്യന്‍ എവിടെപ്പോകുന്നു?

ശ്രീകുമാർ കരിയാട്

വെള്ളത്താളില്‍ പകല്‍ മാത്രം
സങ്കല്‍പ്പിച്ചൊരു  ബാലിക
വൃത്തരൂപം വരക്കുന്നു
രണ്ടു കുന്നിന്റെയപ്പുറം.

അതിന് സൂര്യനെന്നൊരു
പേരും കല്‍പ്പിച്ചുവെച്ചവള്‍
അതില്‍പ്പിന്നെ വരയ്ക്കുന്നു
അവള്‍ ഉണ്ടായ മണ്‍കുടില്‍.

കുടില്‍ ഉണ്ടായി വന്നപ്പോൾ
അരികില്‍ അച്ഛനമ്മമ്മാര്‍ ,
അവര്‍ക്കടുത്ത് തന്നുറ്റ
ഏട്ടന്‍, ഏട്ടന്റെ പട്ടിയും.

പാത്രത്തില്‍ നിന്നു തൂവെള്ളം
തുളുമ്പിപ്പടരുന്നപോല്‍
തൊട്ടടുത്തുള്ള വസ്തുക്കള്‍,
ചെടികള്‍, കൂട്ടുകാരിമാര്‍,

ദൈവം, ദൈവത്തിനോരത്തായ് 
പലകപ്പല്ലുള്ള  ഭൂതവും,
അതിന്നടുത്ത്  ആള്‍ക്കാരെ-
പ്പേടിപ്പിക്കുന്ന  പ്രേതവും

പ്രേതത്തെക്കൊന്നു കൂട്ടാന്‍ വെ-
ച്ചീടും വെല്യേച്ചിമാര്‍കളും
അവരെക്കാള്‍ വെല്യതായ
പുള്ളിബ്ലൌസുകളും തഥാ.

അപ്പോളാണവളില്‍ രാത്രി
ആശയം പോലെ വന്നത്.
കാര്‍മേഘം കുന്നുകുന്നായി
മലകള്‍ കേറി വന്നപോല്‍ .

അവളെ ആശയം  മൂടി-
പ്പുതപ്പിച്ചതുമാതിരി.
അല്ലെങ്കിലവളാ താള് 
കറുപ്പിക്കുന്ന മാതിരി

അപ്പോള്‍ സൂര്യാദി വസ്തുക്കള്‍
കാണാതാകുന്ന മാതിരി
കാണാതാകുന്ന വസ്തുക്കള്‍
കണ്ടുകിട്ടാത്ത മാതിരി

അകലെ, അകലെ, സൂര്യന്‍
പൊയ്പ്പോയി മറയുന്നതിന്‍ 
കാഴ്ച്ച  തേനീച്ചയെപ്പോലെ
 ചെറുതായില്ലാതെയാകവേ

അവള്‍ തന്നോട് ചോദിച്ചു
ആദ്യത്തേതായ   ചോദ്യവും.

'രാത്രികാലങ്ങളില്‍ സൂര്യന്‍
എങ്ങുപോകുന്നു?' എങ്ങുപോ-
യൊളിച്ചുനില്‍ക്കുന്നു, വല്ലെങ്കില്‍
ഇല്ലാതാവുന്നു? ചോദ്യമായ്.

മൂലകൃതി: മാഞ്ഞുപോയില്ല വൃത്തങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്
© ശ്രീകുമാർ കരിയാട്