തെളിവുകൾ നശിക്കാത്ത ഒറ്റനക്ഷത്രം

ശ്രീകുമാര്‍ കരിയാട്

1
മനുഷ്യന്റെ മുഖമുള്ള  കറുത്ത പാറ.
വഴിപോക്കര്‍ വലം വെച്ചുവളര്‍ന്ന  പാറ.
വെയിലിന്റെ ചുടുപീലിയുഴിഞ്ഞുഴിഞ്ഞ്
മഴകൊണ്ട്  മനമാകെ മതിമറന്ന്
തടിമാട ഹിഡിംബന്റെ  മകന്‍ കണക്കെ
അതിരിലായ്  അതുനിന്ന് ചിരിച്ചിടുന്നു  .

വിജനത  പദകോശം വിരിച്ചുവെച്ച
പെരുവഴികടന്നെത്തും യമണ്ടൻ ലോറി
സഡൻബ്രേക്കിൻ പദരോഷം പുകഞ്ഞകാലാൽ
ചവിട്ടിനിർത്തുന്നൂ രുദ്രമുഖനാം ഡ്രൈവർ.
അവനെന്തോ കടുത്തതായ് കഴിച്ചിട്ടുണ്ട്
അതിൻ ചുവപ്പവൻകണ്ണിൽ കലങ്ങുന്നുണ്ട്
അവനുടെയരികത്തുണ്ടൊരു കുറിയ
കിളി,യവനുറക്കത്തിൽച്ചിരിച്ചിടുന്നു
കിളിയുടെ പടുതിയിൽത്തുറിച്ചുനോക്കി
ചെറുമന്ദഹസിതത്തിലലിഞ്ഞു  രുദ്രൻ.

അവൻ മെല്ലെയിറങ്ങുന്നൂ ,അതീവശ്രദ്ധ
പദങ്ങളിലുരുക്കിന്റെ ചെരിപ്പിട്ടപോൽ,
അടിവെച്ച്  അടിവെച്ച് , പാറക്കല്ലിന്റെ
യടുത്തെത്തി വലം മൂന്നും കഴിച്ചുമന്ദം
വലം വിരൽത്തുമ്പിനാലെ, യവിടെക്കണ്ട
യിലയിലെക്കരിനെറ്റിത്തടത്തിൽത്തൊട്ടു
ചെറുപൂക്കളിരുകാതിൽത്തിരുകിവെച്ചു
പിറുപിറുത്തുകൊണ്ടിരുമിഴിയടച്ചു.
മിഴിമെല്ലെത്തുറന്നൊന്നുമുന്നിൽ നോക്കുമ്പോൾ
ഇലത്തുമ്പത്തിരിക്കുന്ന പഴത്തെക്കണ്ടു
പഴമെടുത്തതിൻ തൊലികളഞ്ഞ് ശാന്ത-
മതുപയ്യെച്ചവച്ചുകൊണ്ടിരിക്കവാറെ
 കരിമ്പുള്ളിക്കൂറ്റൻ കാളയവിടെയെത്തി
യവനുടെ ലുങ്കിത്തുമ്പും കടിച്ചിടുന്നു.
മനസ്സമാധാനത്തിന്റെയിളങ്കാറ്റൊന്നാ-
 മലയുടെ മുടിചിക്കിക്കടന്നും പോയി.
 വിജനതനീർത്തിവെച്ചപദകോശത്തി-
ന്നിതളുകൾ മെല്ലെമെല്ലെയിളകിക്കണ്ടു.

2
കൊടും വളവുകളുടെ വളകളിട്ട
മുതുവത്തിപ്പെണ്ണാകുന്ന മലയിലൂടെ
നിരങ്ങിയിറങ്ങിനീങ്ങി നീങ്ങി നീങ്ങുന്ന
ശകടത്തെ വഴികാട്ടും വളഞ്ഞ ചന്ദ്രൻ
ചലനമാർജ്ജിച്ചുമിടയ്ക്കിടയ്ക്കുനിന്നും
മുകിലുകൾക്കകം ചെന്നും പുറത്തുവന്നും
ഒരു നടൻ മാത്രമുള്ള നാടകം പോലെ
തുടരുന്നൂ പാതിരാവിൻ  നടുക്കങ്ങനെ.

 3
പുലരിവന്നെത്തിനോക്കി യവനികതൻ
വിടവിലൂടിരു മിഴിത്തിളക്കത്തോടെ
തെരുതെരെ രശ്മിവീണുകഴിഞ്ഞപാടെ
മലയാകെ വെളിച്ചത്തിൽക്കുളിച്ചുനിന്നു
ദിനപത്രം വിടർത്തുന്ന മരങ്ങൾ തോറും
പകലോന്റെ പടം മാത്രം തെളിഞ്ഞുകാണ്മൂ.
കടുവകൾ കരടികൾ പുലികൾ വാഴും
കൊടുങ്കാടിൻ തലവരപോലെ നീളുന്ന,
വളഞ്ഞുപുളഞ്ഞിട്ടേതോയിരുളിൽ‌പ്പോയി
മറയുന്ന, പാതയിലും പടം പോൽ സൂര്യൻ.
അരുവിയിൽത്തിളങ്ങുന്നയതേ മുഖത്തെ
മലന്തുഞ്ചപ്പാറയിലും നമുക്കുകാണാം
കിളികൾക്കുമവൻ നൽകും ചെറുനോട്ടങ്ങൾ
കഴുകനും  കതിരോനെ വണങ്ങുന്നുണ്ട്
ചെറുതിലും ചെറുതാകും കൃമികളിലും
തരിവെട്ടം തുളുമ്പുന്നതറിയുന്നുണ്ട്.

4
അവിടന്നും കുതികൊണ്ടുപറന്നലോറി
അതിഭാരമറിയാതെ പറന്നലോറി
അതിനുള്ളിലിരിക്കുന്ന കുടങ്ങളിലെ
അഭിനവരസമെന്തെന്നറിയാലോറി
മനുഷ്യനല്ലതെങ്കിലുമതിന്റെയുള്ളി-
ലൊരു പെരും ഹൃദയത്തിൻ പടഹം കേൾക്കാം
അതിൻ മനം നിറയുന്ന തരളസ്നേഹ-
 മതിൻ പ്രാണഞരമ്പുകൾക്കകത്തുകേൾക്കാം .
കഠിനലോഹത്താൽ തീർത്ത തലച്ചോറൊന്ന്
അടിയിലായൊരുപെട്ടിവഹിച്ചിടുന്നു
സ്ഫടികസമാനമായ വാനിടം തന്നിൽ
മുഖം നോക്കി മുഖം നോക്കിയതുപായുന്നൂ.

5
‘ഇലഞ്ഞിക്കൽ ഭദ്രകാളിയിവന്നു തുണ‘
എന്നെഴുതിവെച്ചിട്ടുള്ള ചെറിയബോർഡി-
ന്നടിയിലായൊരു നല്ല ഭഗവതിതൻ
പ്രതിമയും മാലയിട്ടുവിളങ്ങിടുന്നു.
 അവളുടെ കരങ്ങളിലസുരമുഖം
ഉതിരമൊലിച്ചും വായ  തുറന്നുവെച്ചും
കൊടുവാൾ പോൽ  കൊമ്പൻ മീശ പിരിച്ചുവെച്ചും
മുഖമ്മൂടിപോലെതൂങ്ങിക്കിടപ്പതുണ്ട്
അവരുടെ ചുടുരക്തം ഒരു പാത്രത്തി-
ലെടുത്തവൾ വലം കയ്യിൽ പിടിച്ചിട്ടുണ്ട്
പല പല ആയുധങ്ങൾക്കിടയിൽക്കൂടെ
വലിയൊരു ശൂലത്തിന്റെ  ഉദിപ്പുകാണാം
കൊടുംകാളിയവൾ ശിവപ്പെരുമാളുടെ
യുടലിൽച്ചവിട്ടിക്കോപം ഞെരിച്ചടക്കി.

 6
അലകൾക്കുമകലെയായ് തിളങ്ങും ദ്വീപിൽ
വലം കാലിലിടതുകാൽ കയറ്റിവെച്ച്
പെരുവിരലിടക്കിടക്കിളക്കിക്കൊണ്ട്
പെരുവയറനാമൊരാളിരിപ്പുണ്ടിപ്പോൾ.
അയാളുടെ പലലോറി പലയിടത്തായ്
പലതരം ലോഡുകേറ്റിപ്പറന്നിടുന്നൂ.
ചിലവയിലെരുമകൾ അമറിടുന്നൂ.
ചിലവയിൽ വയൽ വാണ കതിർക്കറ്റകൾ
ചിലവയിൽ പനങ്കള്ളിൻ കുപ്പിക്കൂട്ടങ്ങൾ
ചിലവയിൽ  ചപ്പുചവറവക്കടിയിൽ-
മരിച്ചപെൺകുട്ടികളുടെയിളം ശരീരം
 ഇവയെല്ലാം വളവുകൾ തിരിഞ്ഞൊടുവിൽ
മറയുന്നു . മറിയാതെയകന്നിടുന്നു.
ഒരു പച്ചനോട്ടുപലപലമടക്കായ്
ത്രികോണമായ്, സ്തൂപങ്ങളായ് നിരന്നുനിന്ന
മലകളിൽ ചെകുത്താന്റെ കയ്യൊപ്പു വീണു
 ചിതറിയൊരുടലെങ്ങും ചെളികൂട്ടുന്നു

7
അതാ നോക്കൂ അകലെയാമരം കാണ്മില്ലേ
അതിൻ കീഴെയൊരുകാര്യം നടന്നിട്ടുണ്ട്!
അതിൻ  കഥ പറയുവാൻ വളവുനീർന്ന
വഴിയെത്രകടക്കണം ഭഗവാൻമാരേ !
മിഴിയായ മിഴികളിലവ തെളിഞ്ഞു-
വരുന്നതിൻ മുമ്പ് പാമ്പ്  തവളയൊന്നിൻ
പകുതിയും വായിലാക്കിക്കിടക്കും  കാഴ്ച്ച
അവിടവിടെയായിപ്പുളഞ്ഞിടുന്നു
ഒരു പടം തന്നെ പല കളറുകളിൽ
വരച്ചവനാരായാലും ഭയങ്കരൻ താൻ.
കുളത്തിന്റെ കഥകളെപ്പലപാടായി
പ്പറയുവാനുള്ള ശ്രമം തൂങ്ങിയാടുന്നൂ.
മനുഷ്യജീവിതത്തി ന്റെ  രഹസ്യമെല്ലാം
പരസ്യമായ് പ്പറയുവാൻ പടർന്ന ചിത്രം.
സ്വയം മങ്ങിക്കിടന്നെത്രമറന്നാൽപ്പോലും
തെളിവുകൾ നശിക്കാത്തയൊറ്റ നക്ഷത്രം.

മൂലകൃതി: മാഞ്ഞുപോയില്ല വൃത്തങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്
© ശ്രീകുമാർ കരിയാട്