വന്നതോർക്കുന്നു

ശ്രീകുമാർ കരിയാട്

നീയന്നുചിത്രം കാണാൻ വന്നതോർക്കുന്നൂ, കൂടെ-
രോഗിയാമൊരു കൊച്ചുപെൺകുട്ടി, അവളുടെ
കൈകളിലമർത്തിനീപിടിച്ചിട്ടുണ്ട്, രണ്ടു-
പേരുമെൻ ചിത്രം നോക്കി നിൽക്കുന്നൂ, എസ്.എ ഹാളിൽ.

ഇന്നലെമുതലെന്റെ ചിത്രങ്ങൾ കാണാൻ വന്നു-
പോയവരെല്ലാവരും കലക്കച്ചായം പോലെ
ചുമന്നും, കടുമ്പച്ചനിറമായ് സന്തോഷിച്ചും
വെളുപ്പിൽക്കലർന്നെങ്ങോ മറഞ്ഞുകഴിഞ്ഞല്ലോ.

അപ്പൊഴേ നിങ്ങൾ വന്നു (വെയിലത്തൊരു കുട
നിങ്ങളെച്ചൂടിക്കൊണ്ടും) എന്റെ ചിത്രങ്ങൾക്കടു-
ത്തെത്തിയാ കാൻവാസിന്റെ യകത്തേക്കകത്തേക്ക്
രണ്ടുപേരുടെ മിഴിപോകുന്നുണ്ടൊരുപോലെ.

ക്ഷീണനേത്രങ്ങൾ ചെന്നുവീഴുമ്പോൾ എൻ ചിത്രത്തി-
നാകവേവന്നൂ  വർണമാറ്റങ്ങളറിയാതെ.
രോഗിയാം മകളുടെ കണ്ണുകൾപരതിയ-
തേതുഭംഗികളാകാമെന്നെനിക്കറിയില്ല.

കുന്നുകളുടെയിടക്കുള്ളൊരുകുറുവഴി,
യമ്മ നീ മുന്നിൽ,മെല്ലെപ്പിന്നാലെയവൾ മകൾ.
പൊങ്ങിനപക്ഷിക്കൂട്ടം മുകളിൽ, അവയ്ക്കൊക്കെ
നിങ്ങളെയറിയാമെന്നങ്ങിനെ നീലാകാശം.

മുള്ളുകാടുകളുടെയിടയിൽക്കുടുങ്ങിയ
മുയലിൻ മുറിവേറ്റ ഹൃദയം കണ്ടൂ മകൾ
അച്ചോരചിന്നിച്ചിന്നിപ്പരന്ന പ്രതലത്തി-
ലവൾ തൻ വിരലുകളെന്തിനോ പരതുന്നൂ.

എത്രയോ പാറക്കൂട്ടം കടന്നുകഴിഞ്ഞിട്ടും
പിന്തിരിഞ്ഞവൾ വീണ്ടും നോക്കുന്നു മുയലിനെ
ദൂരെനിൽക്കുന്ന കരിമ്പനയിൽ കുറുകുന്ന
പനിക്കാറ്റുകളുടെ കൂടവൾ തിരയുന്നൂ.

പലതായ്പ്പിരിഞ്ഞൊരാക്കണ്ണുകളാരാഞ്ഞതാ-
മൃതസഞ്ജീവകപ്പച്ചിലമരുന്നാണോ?
മരണം ചെന്നെത്താത്ത പൂമലയാണോ? ദു:ഖ-
പൂരിതജലം വറ്റിക്കഴിഞ്ഞ മനസ്സാണോ?

തൊപ്പിവെച്ചൊരു ചെറുകോമാളി യപ്പോളെത്തി
സ്വപ്നത്തിൻ ദീപം നീട്ടിത്തെളിച്ചൂ, (പശ്ചാത്തല-
മൊക്കെയും രാവിൻ കോട്ടകെട്ടിയപോലെത്തോന്നി-
പ്പിക്കുവാനെൻ ബ്രഷിന്നു മറ്റെന്തുവഴിവേറെ?)

മകൾതൻ രോഗാതുരമാന്തരമവയവ-
ക്കൂട്ടങ്ങൾക്കിടക്കപ്പോളമ്മനീയകപ്പെട്ട്,
ചിലന്തിക്കൂട്ടിൽ‌പ്പെട്ടുവലയും കീടം പോലെ-
പിടയുന്നതെൻ ചിത്രം മറ്റൊന്നായ് മാറ്റും പോലെ.

വെളിച്ചം നിഴലൊത്തുപ്രച്ഛന്നരൂപങ്ങളാ-
യെൻ ചിത്രം കാണാൻ വന്നതാണെന്നു ഞാൻ ചിന്തിക്കെ-
പ്പെട്ടെന്നു ആ പെൺകുട്ടി താഴെവീണല്ലോ, പ്രാണൻ
നിറയും നിൻ കയ്യുകളവളെത്താങ്ങുന്നല്ലോ.

വേറൊരു ചിത്രത്തിന്റെ മാസ്മരവലയം പോ-
ലിപ്പൊഴുമക്കാഴ്ച്ചയെന്നകത്തു തെളിയുന്നു.
അവളെങ്ങിനെ?യെല്ലാം മാറിയെന്നുഞാനിന്നു-
വിശ്വസിച്ചോട്ടെ, യതാണെനിക്കും സമാധാനം.

മൂലകൃതി: മാഞ്ഞുപോയില്ല വൃത്തങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്
© ശ്രീകുമാർ കരിയാട്