ഹൊഷാങ്ങ്‌ മെർച്ചന്റിന്റെ കവിതകൾ

ഹൊഷാങ്ങ്‌ മെർച്ചന്റിന്റെ കവിതകൾ

എം.പി പ്രതീഷ്
                                                                                                                         
ഭൂമിയെ കുറിക്കുന്ന എല്ലാ അന്വേഷണങ്ങളും ഏതെങ്കിലുമൊരിടത്തുവെച്ച്‌ മനുഷ്യശരീരത്തിൽ തൊടുന്നുണ്ട്‌. ജന്മത്തിനുമപ്പുറം നിന്നുള്ള ചില ആദിമമായ താളങ്ങളുടെ ഒഴുക്കിലാണു മരിക്കുവോളം- മരണാനന്തരവും- നമ്മൾ. ഉടലുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ജീവന്റെയും മരണത്തിന്റെയും കുഞ്ഞു നൃത്തങ്ങൾ. മാതൃഗർഭത്തിൽനിന്നുള്ള ഓർമ്മയുടെ വേരുകൾ അത്രയാഴത്തിലാണു പടർന്നുപോയിരിക്കുന്നത്‌. എല്ലാ ഭാഷകളും ശരീരഭാഷയിൽ തുടങ്ങുകയോ തിരിച്ചെത്തുകയോ ചെയ്യുന്നത്‌ അപ്രകാരമായിരിക്കും. മണ്ണിൽ നിന്നും വെള്ളത്തിലേക്കും കാറ്റിലേക്കും കൈമാറുന്ന ജീവൻ നമ്മുടേതെന്ന പോലെ കല്ലിന്റെയും മരങ്ങളുടെയും കോശങ്ങളിലുണ്ട്‌. ഒന്നും ഒന്നിൽ നിന്നും വേർ തിരിക്കുക വയ്യ. ചേതനമെന്നോ അചേതനമെന്നോ. ഈ ഉടലുകൊണ്ടാണു നാം നദി കടക്കാനിരിക്കുന്നത്‌. നദി ഒഴുക്കും കാലബൊധവുമാണു. ഉടലിനെത്തുഴഞ്ഞ്‌ മറുകര തൊടുന്നത്‌ ആത്മീയതയുടെ മറ്റൊരു പ്രതലം. നമ്മുടെ ദർശ്ശനങ്ങളെല്ലാം ശരീരം കടന്നു പോകേണ്ടുന്ന ഒരിടമെന്നു ഓർമ്മിപ്പിച്ചു. ബുദ്ധൻ വിശേഷിച്ചും. ഉടലിന്റെ ഭാഷയാണു ഈ വാഴ്‌വ്‌. അതിനു കാതോർക്കവെ നാം പിറവിയുടെ, മരണത്തിന്റെ മുറിവുകൾ അറിഞ്ഞു. പ്രണയവും ഏകാകിതയും വിരഹവും ഭയവും അറിഞ്ഞു. മെയ്യിൽ നിന്നും അതീതത്തിലേക്കു പോകൂ എന്ന് ഓഷോ. നമുക്കതിനാവാതെ പോയി. ഒരു പക്ഷെ നാം നമ്മുടെ ഉടലിൽപ്പോലും എത്തിച്ചേർന്നിരിക്കില്ല. നദിയോരത്തു  പോകാതെ  തുഴഞ്ഞുപോകുന്നതെങ്ങനെ? സ്വന്തം മെയ്യിന്റെ തെളിച്ചമാണു പ്രണയമെന്ന് തിരിച്ചറിയേണ്ടതാണു.  അമ്മയുടെ മടിയിൽ ചുരുണ്ടുകിടക്കുമ്പോൾ ഒരു വൃദ്ധൻ പോലും കുട്ടിയായി മാറുന്നുവെങ്കിൽ ഉടലിന്റെ ബന്ധങ്ങൾക്കും വിനിമയങ്ങൾക്കും നാമറിയുന്നതിനപ്പുറം ഒരു ഉള്ളുയിരുണ്ടാവണം. ഓരൊ മെയ്യിലുമുണ്ട്‌ പ്രണയത്തിന്റെ, രതിയുടെ സൂക്ഷ്മ ജാലിക. അത്‌ പലതായി പകർന്നാടുന്നു. ഒരു പക്ഷെ ശരീരം അതിന്റെ അർത്ഥങ്ങളെ മാറ്റിക്കൊണ്ടിരിക്കയാവാം. അതിന്റെ അതിരുകൾ വിസ്തൃതമാക്കുന്നതാവാം. അപ്പോഴാണു നാം നമ്മുടെ ഉടലിൽ നിന്നും കിനിയുന്ന  പ്രകാശത്തെ എതിരേൽക്കുന്നത്‌. ആ ഇത്തിരിവെളിച്ചത്തിൽ വെച്ച്‌  ഹൊഷാങ്ങ്‌ ദിൻഷ മെർച്ചന്റിന്റെ ദേഹാന്തര കവിതകൾ നമ്മെ വായിച്ചുതുടങ്ങുന്നു.

            "വീഞ്ഞു രുചിക്കുവാനറിയില്ലെനിക്ക്‌,
            ഒരിക്കൽ കുരു തുപ്പിക്കഴിഞ്ഞാൽ
            വള്ളികളിൽ മുന്തിരി വളർന്നുതുടങ്ങുന്നു"

2

അനുരാഗം / രതി ഉടലിന്റെ അനേകം  ഭാവപ്പകർച്ചകളിലൊന്നാണു. ഒരുപക്ഷെ മരണത്തിലേക്കും അതിനപ്പുറവും ചെന്നെത്തുന്ന ഒന്ന്. അതിൽ ധ്യാനത്തിന്റെ വിതാനങ്ങളുണ്ട്‌. അതീതത്തിന്റെ ഒച്ചകൾ കേൾക്കാം. ഹൊഷാങ്ങ്‌ അതിനാൽ രതിയെ/ പ്രണയത്തെക്കുറിച്ച്‌ നിരന്തരമെഴുതി. ശരീരത്തെക്കുറിച്ച്‌ പറഞ്ഞ്‌ പറഞ്ഞ്‌ അതിൽ നിന്നു അകലെയെത്തി. ഉടലിൽ കിനിയുന്ന പ്രകാശത്തെ മുഴുവനും ഉള്ളംകൈയിൽ ശേഖരിച്ചു. എതിരേ വന്നവൾക്കു പകർന്നു. ആ പ്രകാശത്തിൽ ആയിടം മറ്റൊന്നായിത്തീരുന്നു.  ഹൊഷാങ്ങിനു ശരീരം ഭൂമിയുടെ തന്നെ ശരീരമായി. കാറ്റും പ്രളയവും തീനാളവും ഒഴുക്കും ഉപ്പുവെള്ളവും വരൾച്ചയും കലർന്ന ഭൂമി. തിണകളിൽ യാത്ര പോകുന്ന ഒരുവനെപ്പോലെ അയാൾ  ശരീരത്തെ വായിച്ചുതന്നു.

            "ഉണങ്ങിയ മണ്ണിലേക്കു ഞാനുണർന്നു വന്നു
            ശയ്യയിൽ അതിനെ
            നനവിൽക്കുതിർത്തു"

            "ജലം വേട്ടയാടുന്ന നിഴലാണു എന്റെ മെയ്യ്‌.
            വെള്ളം കൊണ്ടു ചുമരുകളുള്ള വീട്ടിൽ
            ഞാൻ പാർക്കുന്നു."

ഹൊഷാങ്ങിന്റെ പ്രണയം/ രതി ധ്യാനമായിരുന്നു. രതിയിലയാൾ ചിലപ്പോൾ പുരുഷനും ചിലപ്പോൾ സ്ത്രീയുമായി. അയാളുടെ പ്രണയിയും. സ്വവർഗ്ഗാനുരാഗിയായി സ്വയം രേഖപ്പെടുത്തിയ ഹൊഷാങ്ങ്‌ മെർച്ചന്റ്‌, ആണും പെണ്ണും മാത്രമായി ഇടം തിരിഞ്ഞു നിൽക്കുന്ന നമ്മുടെ കാലത്തെയും ദേശത്തെയും മായ്ചുകളയുന്നു. അവിടെ മറ്റൊരു ഭാഷ പഠിപ്പിക്കാൻ തുടങ്ങുന്നു. അയാളുടെ കവിതകൾ നമ്മെ സൂഫികളുടെ നൃത്തവലയങ്ങളിലെത്തിക്കും. അവിടെവെച്ച്‌ നാം റൂമിയുടെ വിരലുകളിൽ തൊടും. റൂമിയുടെ മാത്രമല്ല, ഷംസിന്റെയും. പ്രണയ-ധ്യാനങ്ങളുടെ അപ്രാപ്യമായ  പ്രതലങ്ങളിൽ സഞ്ചരിച്ച റൂമിയും ഷംസും ഹൊഷാങ്ങിന്റെ കവിതകളിൽ പിറവികൊള്ളുന്നതു കാണാം. റ്റിബറ്റൻ ബുദ്ധിസ്റ്റ്‌ മൊണാസ്റ്റ്രികളിലും സൂഫിഗേഹങ്ങളിലും ഏറെക്കാലങ്ങൾ പാർക്കുകയും  പഠിക്കുകയും ചെയ്ത ഹൊഷാങ്ങിനെയാണു നാം പിന്തുടരുന്നത്‌.

            "ഞാനൊരു രക്ഷകനോ കാമുകനോ ആയില്ല,
            ഇരുണ്ട രാവിലൂടെ ഒരിറ്റു വെളിച്ചവുമായിപ്പോകുന്നു
            ഞാൻ വരുന്നത്‌ അത്രമേൽ നേർത്ത പ്രകാശത്തോടെ"

            "വരൂ,അൽപംകൂടെ അരികത്ത്‌
            ഞാൻ ഞാനെന്നും നീ നീയെന്നും
            കാണുന്നതിനായി"

3

വസ്തുക്കൾക്കും വൃക്ഷങ്ങൾക്കുമുള്ള അനന്തമായ മൗനം ഹൊഷാങ്ങിന്റെ വാക്കുകളിൽ ഉറഞ്ഞിരിക്കുന്നു.
നിശബ്ദതയാണു പ്രപഞ്ചത്തിന്റെ തന്നെ ഉള്ളടക്കം. വാക്കിനാൽ, വിചാരത്താൽ നാം ഒച്ചകൾ നിർമ്മിച്ചു.  ശരീരത്തിൽനിന്നും മുളപൊട്ടുന്ന  അഗാധമായ മൗനങ്ങളിലേക്കാണു  ഹൊഷാങ്ങിന്റെ പ്രണയോത്സവങ്ങൾ നമ്മെ ക്ഷണിക്കുന്നത്‌. മെയ്യിന്റെ ആസക്തവും ആതുരവുമായ ഋതുക്കളിലൂടെ ,ഒരേനേരം ശൈവമായ നൃത്തങ്ങളിലൂടെ, ബുദ്ധപഥങ്ങളിലൂടെ,കൃഷ്ണ- രാധയുടെ ഗോത്രകാളങ്ങളിലൂടെ, അറേബിയൻ മണൽത്തരികളിലൂടെ  വേഷം പകർന്ന്, പ്രണയം പകർന്ന് ഹൊഷങ്ങിന്റെ കവിത യാത്ര ചെയ്യുന്നു. ഓരോയിടത്തുമയാൾ മെയ്യഴിച്ച്‌ മെയ്യുടുത്തു. മൗനം കുടിച്ചു. ദൈവത്തെ സ്പർശ്ശിച്ചു.

            "തകർന്ന വാക്കുകൾ കൊണ്ട്‌
            നാമൊരു ശരീരത്തെ വീണ്ടുമുണ്ടാക്കുന്നു
            കാലങ്ങളായി മൗനത്തിൽക്കഴിഞ്ഞ
            ഒരുയിരിനെയും"

4

എല്ലാ അർത്ഥത്തിലും പൗരസ്ത്യനായ ഒരു എഴുത്തുകാരൻ.
സ്വവർഗ്ഗാനുരാഗിയായതിനാൽ മാത്രം ഏറെക്കുറച്ചു മാത്രം വായിക്കപ്പെട്ട ഒരു കവി. ലാവണ്യപരമായും ദാർശ്ശനികമായും കിഴക്കിന്റെയും മധ്യ-പൂർവ്വേഷ്യയുടെയും ആത്മീയതയുടെ അകവഴികളിൽ യാത്ര ചെയ്ത മനുഷ്യൻ. പ്രകൃതിയുടെ, ദൈവത്തിന്റെ, ഭഷയുടെ, രഹസ്യങ്ങളിൽ താമസിച്ച ഒരു കാലം. നമുക്കുള്ളിൽ സുഷുപ്തിയിലുള്ള  ഒരാളെ അയാൾ വായിച്ചുതരുന്നു. അയാൾ വലിച്ചുതുറന്ന കതകുകളിലൊടെ ഉടലിലേക്കു കയറിവരുന്ന കാറ്റുകൾ, മഴ,ശീതം. അയാൾ കെടാതെ നോക്കുന്ന തിരിനാളം. അതിൽ തെളിയുന്ന ഒരു ചവിട്ടുവഴി. ഭാഷയുടെ ഏറ്റവുമാഴത്തിൽ പടർന്നു നീങ്ങുന്ന വേരുകളിലാണു ഹൊഷാങ്ങ്‌ മെർച്ചന്റ്‌ ജീവിച്ചിരിക്കുന്നത്‌.

ഹൊഷാങ്ങ്‌ മെർച്ചന്റിന്റെ കവിതകൾ

കുരുവി

ഒരു കുരുവി
ഞാൻ പഠിപ്പിക്കുന്നതു കേൾക്കുവാൻ വന്നു,
അതെന്നെ നിശബ്ദനാക്കി.

ഞാൻ കുരുവിയെ നോക്കിക്കൊണ്ടു നിന്നു,
കുട്ടികളെന്നെയും.

ഞങ്ങൾ മൂവരുമവിടെ
ഏറെനേരമങ്ങനെ തൂങ്ങി നിൽക്കുന്നു.

കീറ്റ്സും ജനലോരത്തെ കുരുവിയും
കവിതയുടെ ചരലുകളിൽ തത്തുന്ന ജാപാണക്കുരുവികളും

എന്നിട്ടവൾ പറന്നങ്ങുപോയി
ജനൽപ്പടിയിൽത്തങ്ങി പാടുന്നു

ഇനിയൊരിക്കലും ഞാനൊരു ഗുരുവല്ല,
പിന്നെയുമെന്തോ ചിലതെല്ലാം എന്നെപ്പഠിപ്പിച്ച
ആ കുരുവിയായിരിക്കുന്നു, ഞാൻ.

തുറന്നിട്ട വാതിലിനോട്‌

പ്രകാശത്തിന്റെ കഥകളെഴുതിയത്‌ കാറ്റിലാണെന്ന് ഞാൻ പറയാതിരുന്നത്‌ നിന്നോട്‌ മാത്രമാണു.

ഇപ്പോഴില്ല, ആ കാറ്റ്‌

ഈ നഗരത്തിലേക്ക്‌ നീ വന്നനാൾ മുതൽ
ഞാൻ രോഗാതുരനായിരുന്നു.
കുടിച്ചുന്മത്തമായി, ഒരു ഘോഷയാത്ര

രോഗാതുരമായിരുന്നു ഞാൻ
അപ്പോഴുമിന്നും
മരുന്നൊട്ടുമേൽക്കാതെ

മരുന്നിൽ വിഷമുണ്ടായിരുന്നത്‌ ഞാൻ നിന്നോടു മാത്രമാണു പറയാതിരുന്നത്‌

കാറ്റിൽ നീ നിന്റെ സാരിത്തലപ്പുവിടുർത്തിവെക്കുമോ?
നഗരം വിട്ടുപോകുവാൻ സമയം തരുമോ?

നീ നിൽക്കുന്നിടത്ത്‌
തുറന്നിട്ട ഒരു വാതിലല്ല,
ഒരു വീടു മുഴുവനായുമുണ്ട്‌.

തകർന്ന പ്രണയം

നിലച്ചുപോയ ഒരു സന്ദേശം പോലെ.

പൊടിമൂടിയ വെള്ളച്ചെമ്പിലേക്ക്‌
ഒഴിഞ്ഞ്‌,
ചുറ്റിവീഴും തൂവലാണ്.

വൈകുന്നേരസൂര്യന്റെ
പൊട്ടിയ മഞ്ഞക്കരു.

ഞാനെഴുതിക്കൊണ്ടിരിക്കുമീ-
യൊഴിഞ്ഞ
മുറി.

ശിവനടനം

എന്റെ കിടക്കയ്ക്കരികിൽ നൃത്തം വെക്കുന്നു ശിവൻ.
ഇടങ്കാൽ ശിരസ്സിനു മീതെ, ജടയുമഗ്നിയും
പൂണൂൽ, ചിലമ്പു
ചിറകനക്കുന്നു

മുട്ടുകുത്തി പ്രാർത്ഥിക്കുന്നു,
കിടക്കയിൽ
ഞങ്ങളൊരു കൽത്തൂണായിമാറുന്നു

അത്ര പ്രയാസമാണു,
ഭക്തനെ ദൈവത്തിൽ നിന്നും വേർതിരിക്കുക.

ഞങ്ങൾ പരസ്പരമൊഴുകിത്തുടങ്ങുമ്പോഴേക്കും
ദൈവം, നൃത്തത്തിന്നൊരാവൃത്തി മുഴുമിച്ചിരുന്നു

ദരിദ്രനെ സമ്പന്നനാക്കിയും
പുരാതനത്തെപ്പുതുക്കിയും
രാവിനെപ്പകലാക്കിയും
മേഘങ്ങളെപ്പെയ്യിച്ചും.

പരിഭാഷ © എം. പി പ്രതീഷ്