കവിയും ലോകവും തമ്മിൽ

കവിയും ലോകവും തമ്മിൽ

മിലൻ കുന്ദേര |
പരിഭാഷ : വി രവികുമാർ                                                                                                      
കൈയിൽ ഒരു ബിയർ മഗ്ഗുമായി ജാനിറ്ററുടെ മകനെതിരെ ഇരിക്കുകയാണയാൾ. അയാൾക്കു പിന്നിൽ, അങ്ങകലെയായി, ബാല്യത്തിന്റെ അടഞ്ഞുകഴിഞ്ഞ ലോകം; അയാൾക്കു മുന്നിൽ പഴയൊരു സഹപാഠിയുടെ രൂപത്തിൽ കർമ്മത്തിന്റെ ലോകം, താൻ ഭയക്കുകയും ഒപ്പം അതിയായി ദാഹിക്കുകയും ചെയ്യുന്ന തനിക്കന്യമായ ലോകം.

ഇതാണ്‌ അപക്വതയുടെ അടിസ്ഥാനപരമായ അവസ്ഥ. ഈ അവസ്ഥയെ നേരിടാനുള്ള ഒരു വഴിയാണ്‌ കവിത: ബാല്യത്തിന്റെ സുരക്ഷിതമായ മതില്ക്കെട്ടിനുള്ളിൽ നിന്ന് പണ്ടേ ബഹിഷ്കൃതനായ ഈ വ്യക്തിയ്ക്ക് ലോകത്തേക്കിറങ്ങാൻ അതിയായ കൊതിയുണ്ട്; എന്നാൽ അതിനെ ഭയമാണെന്നതിനാൽ കവിതയുടെ കൃത്രിമമായ ഒരു പകരം ലോകം സൃഷ്ടിച്ചെടുക്കുകയാണയാൾ. സൂര്യനു ചുറ്റും ഗ്രഹങ്ങളെന്നപോലെ അയാളുടെ കവിതകൾ അയാളെ ഭ്രമണം ചെയ്യുന്നു. യാതൊന്നും തനിക്കന്യമല്ലാത്ത, അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെപ്പോലെ സുരക്ഷിതനാണു താനെന്നയാൾക്കു തോന്നുന്ന ഒരു കുഞ്ഞുപ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാണയാൾ. എന്തെന്നാൽ അതിലെ സകലതും തന്റെ തന്നെ ആത്മാവിന്റെ പരിചിതവസ്തുക്കൾ കൊണ്ട് അയാൾ നിർമ്മിച്ചതാണ്‌. “പുറത്ത്” അത്ര ദുഷ്കരമായ സർവ്വതും അയാൾക്കിവിടെ നേടിയെടുക്കാവുന്നതേയുള്ളു. ഇവിടെ നാണം കുണുങ്ങിയായ ജിരി വോൾക്കർ എന്ന കൗമാരക്കാരൻ വിദ്യാർത്ഥിക്ക് ബാരിക്കേഡിനു നേർക്ക് ജനക്കൂട്ടങ്ങളെ നയിക്കാൻ കഴിയും; ഇവിടെ സ്ത്രീയെ അറിഞ്ഞിട്ടില്ലാത്ത ആർതർ റിംബോ മറ്റൊരാളായി തന്റെ ക്രൂരമായ കവിതയിൽ “കൊച്ചുകാമുകിമാരെ” ചാട്ടയെടുത്തടിക്കുന്നു. പക്ഷേ ആ വിപ്ളവകാരികളും ആ കാമുകിമാരും അന്യവും ബാഹ്യവുമായ ഒരു ലോകത്തു നിന്നുള്ളവരല്ല; അവർ കവിയുടെ സ്വന്തം സത്തയിൽ നിന്നുള്ളവരാണ്‌, അയാളുടെ സ്വപ്നസന്തതികളാണ്‌,അയാൾ തനിക്കായി സൃഷ്ടിച്ച ലോകത്തിന്റെ പൂർണ്ണതയിൽ അവർ അപസ്വരങ്ങളാവുകയുമില്ല.

തന്റെ അമ്മയുടെ ഉടലിനുള്ളിൽ സന്തുഷ്ടനായിരുന്ന ഒരു ശിശുവിനെക്കുറിച്ച് ജിരി ഓർട്ടെൻ മനോഹരമായ ഒരു കവിത എഴുതിയിട്ടുണ്ട്; ആ കുഞ്ഞിന്‌ ജനനം ഭീതിദമായ മരണമായിരുന്നു, വെളിച്ചവും ബിഭത്സമുഖങ്ങളും നിറഞ്ഞ മരണം. കുഞ്ഞിനു മടങ്ങാനുള്ള ത്വരയായിരുന്നു; അതിനു തന്റെ അമ്മയിലേക്ക്, വാസനിക്കുന്ന രാത്രിയിലേക്കു തിരിച്ചുപോകണം.

പക്വതയെത്താത്ത വ്യക്തിക്ക് താൻ മാത്രം അന്തേവാസിയായിരുന്ന തന്റെ അമ്മയുടെ ഉദരമെന്ന പ്രപഞ്ചത്തിന്റെ സുരക്ഷിതത്വത്തിലേക്കും പൂർണ്ണതയിലേക്കും മടങ്ങാനുള്ള ദാഹം അടങ്ങുന്നില്ല. അതുപോലടങ്ങാത്തതാണ്‌ അയാളുടെ ഉത്ക്കണ്ഠ (അല്ലെങ്കിൽ രോഷം)— തനിക്കപരിചിതമായ ഒരു കടലിൽ ഒരു ജലബിന്ദു പോലെ താനില്ലാതാവുന്ന മുതിർന്നവരുടെ ലോകത്തോട്. അതുകൊണ്ടാണ്‌ ചെറുപ്പക്കാർ അത്രയും അത്യാവേശക്കാരായ അദ്വൈതവാദികളാവുന്നത്, കേവലതയുടെ രഹസ്യദൂതന്മാരാവുന്നത്; അതുകൊണ്ടാണ്‌ കവി തന്റെ കവിതയുടെ രഹസ്യലോകം നെയ്തെടുക്കുന്നത്; അതുകൊണ്ടാണ്‌ യുവവിപ്ളവകാരി (അയാളിൽ രോഷമാണ്‌ ഉത്കണ്ഠയെക്കാൾ പ്രബലം) ഒരേയൊരാശയത്തിൽ നിന്ന് തീർത്തും പുതുതായൊരു ലോകം വാർത്തെടുക്കണമെന്നു വാശി പിടിക്കുന്നത്; അതുകൊണ്ടാണ്‌ അങ്ങനെയൊരുവ്യക്തിക്ക്, പ്രണയത്തിലാവട്ടെ, രാഷ്ട്രീയത്തിലാവട്ടെ, വിട്ടുവീഴ്ചകൾ സഹിക്കാൻ പറ്റാത്തത്; അതുകൊണ്ടാണ്‌ കലഹക്കാരനായ വിദ്യാർത്ഥി തന്റെ “എല്ലാമില്ലെങ്കിൽ ഒന്നും വേണ്ട” എന്നത് ചരിത്രത്തിന്റെ മുഖത്തേക്കു വലിച്ചെറിയുന്നത്; അതുകൊണ്ടാണ്‌ ഇരുപതുകാരനായ വിക്തോർ ഹ്യൂഗോയ്ക്ക് താൻ വിവാഹം ചെയ്യാൻ പോകുന്ന അദെൽ ഫൗച്ചർ ചെളി പറ്റാതിരിക്കാൻ പാവാടത്തുമ്പുയർത്തിപ്പിടിച്ച് കണങ്കാൽ പുറത്തു കാണുന്ന രീതിയിൽ നടക്കുന്നതു കാണുമ്പോൾ കോപം വരുന്നതും. സ്കേർട്ടിനെക്കാൾ പ്രധാനമാണ്‌ ഒതുക്കം എന്നാണെന്റെ തോന്നൽ —ഒരു കത്തിൽ അദ്ദേഹം അവരെ ശാസിക്കുന്നുണ്ട്: ഞാൻ പറയുന്നതു കേട്ടു നടന്നോളൂ, ഇല്ലെങ്കിൽ നിന്റെ നേർക്കു നോക്കാൻ ധൈര്യപ്പെടുന്ന മര്യാദ കെട്ടവന്റെ ചെപ്പയ്ക്കു ഞാൻ വീക്കും! —അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ രാജകീയമായ ഭീഷണി കേട്ടിട്ട് മുതിർന്ന ലോകത്തിനു ചിരി വരികയാണ്‌. തന്റെ പ്രിയപ്പെട്ടവളുടെ കണങ്കാൽ കാണിച്ച വഞ്ചനയും ജനക്കൂട്ടത്തിന്റെ പൊട്ടിച്ചിരിയും കവിയെ വ്രണിതഹൃദയനാക്കുന്നു. അങ്ങനെ തുടങ്ങുകയായി, കവിയും ലോകവും തമ്മിലുള്ള നാടകീയത നിറഞ്ഞ സംഘർഷം.
Excerpt from Life Is Elsewhere