അഭിമുഖം — എം. പി പ്രതീഷ്

അഭിമുഖം — എം. പി പ്രതീഷ്

സമകാലിക മലയാള കവിതയിലെ വേറിട്ട സ്വരങ്ങളിൽ ഒന്നാണ് എം.പി.പ്രതീഷിന്റേത്. ആദ്യ പുസ്തകം 'ആവിയന്ത്രം', സമാന്തര പ്രസിദ്ധീകരണമായ 'ലിറ്റിൽ മാസിക' പുറത്തിറക്കി. 'മീൻ- പാത' എന്ന പേരിൽ ഒരു കവിതക്കൈപ്പുസ്തകം സ്വന്തമായി വിതരണം ചെയ്തു. പാഠഭേദം, ലിറ്റിൽമാസിക എന്നിവയിൽ ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകൾ എഴുതിവരുന്നു. 'കവിതയുടെ പുസ്തകം 2006-2016' ആണ് ഒടുവിൽ പുറത്തിറങ്ങിയ കവിതാസമാഹാരം. 1987ൽ ജനിച്ച പ്രതീഷ്, ഇംഗ്ലിഷിൽ എഴുതിയ കവിതകൾ കാവ്യഭാരതി, ബോംബേ റിവ്യു, ഗ്ലാസ്ഗോ റിവ്യു, റോം, പീകിംഗ്‌ ക്യാറ്റ്‌ തുടങ്ങിയവയിലും ഫോട്ടോഗ്രാഫുകൾ ഗുഫ്തുഗുവിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തേർറ്റീൻ മോണോലോഗ്സ്‌ ആദ്യ ചിത്രാവതരണം. കലാചന്ദ്രനൊന്നിച്ച്‌ കവിതയെയും ചിത്രകലയെയും സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ കാവ്യജീവിതത്തെക്കുറിച്ച്  പ്രതീഷ്, സുജീഷുമായി നടത്തിയ സംഭാഷണം—

ആത്മപരതയിലാണ് പ്രതീഷിന്റെ മിക്ക കവിതകളുമെന്ന് തോന്നുന്നു.

വ്യക്തിപരമാണെനിക്ക്‌ കവിത. എല്ലാവരുടെയും കവിത വ്യക്തിപരമായിരിക്കുമെന്നും തോന്നുന്നു. ആൾക്കൂട്ടമല്ല, ഒരു മനുഷ്യനാണു കവിത ഉച്ചരിക്കുന്നത്‌, വായിക്കുന്നതും. അപ്പോൾ അത്‌ ആത്മപരമാവുന്നു.  ചുറ്റുപാടുകൾ എന്നത്‌ ലോകാനുഭവം തന്നെ. എന്റെ ലോകമാവട്ടെ, ചെറിയ വീടും തൊടിയും നാടിന്റെ ഒരു തുമ്പും, ചെറു നഗരത്തിന്റെ പിന്നാമ്പുറവും ഒക്കെയാണ്. എന്റെ കവിതകൾ ആ അതിരുകൾ വിട്ടുപോവുന്നില്ല. മിക്കപ്പോഴും ഞാനൊരു നിരീക്ഷകനാണ്. വൈകാരികമല്ല എന്റെ ബന്ധങ്ങളേറെയും. ഒരു മനുഷ്യനോടും പുഴുവോടും ഇലയോടും ഒരേ തലത്തിൽ നിന്നാണു ഞാൻ മിണ്ടുന്നത്‌. ഒരു 'പാതി സന്യാസി'യെപ്പോലെ ഈ ലോകത്തിലൂടെ നടക്കുന്നു. അവയ്ക്കിടയിൽ അനുഭവിക്കുന്ന വല്ലാത്തൊരു മൗനമുണ്ട്‌. ആഴം കൂടിയ മൗനം. അപ്പോളെന്നിൽ ഒരു ഭാഷയുമില്ല. വാക്കില്ല. ഞാൻ തന്നെ ഉണ്ടോയെന്നുമറിയില്ല. വസ്തുക്കളുടെ അല്ലെങ്കിൽ ജീവന്റെ രൂപം മണം നിറം ചലനം ചുറ്റുപാട്‌ ഒക്കെ നിശബ്ദമായാണു മിണ്ടുന്നത്‌. അതു കേൾക്കുന്നു. പിന്നെ മടങ്ങിവന്ന് കടലാസിനു മുന്നിലിരിക്കുമ്പോൾ അവയുടെ വിദൂരമായ ഓർമ്മയെ എഴുതുന്നു. എഴുത്താവട്ടെ, അതിന്റെ മുഴുവൻ മാജിക്കോടും കൂടി വേറൊരു ലോകത്തെ എനിക്കു തരുന്നു. ആശ്ചര്യത്തോടെയല്ലാതെ എനിക്കെന്റെ ഒരു വരിപോലും വായിക്കാനാവുന്നില്ല. ഞാൻ ആ എഴുത്തുനേരങ്ങളിൽ മുഴുവനായും ആനന്ദിക്കാറുണ്ട്‌. ഈ ആനന്ദമായിരിക്കാം എന്നെ എഴുത്തിലേക്കോ  വായനയിലേക്കോ നിരന്തരം വലിച്ചുകൊണ്ടുപോവുന്നതും.

താൻ അനുഭവിച്ച അന്തരീക്ഷത്തിന്റെ പുനഃസൃഷ്ടിയാണോ താങ്കൾക്ക് എഴുത്ത്? താങ്കളുടെ തന്നെ എഴുത്തിൽ കേവലം അന്തരീക്ഷസൃഷ്ടി എന്നതിനപ്പുറത്തേക്ക് പോകുന്ന കവിതകളുണ്ടെന്ന കാര്യം ഓർത്തുകൊണ്ടാണ് ചോദിക്കുന്നത്

കവിതയെക്കുറിച്ച്‌, ഭാഷയെക്കുറിച്ച്‌ പറയുമ്പോഴൊക്കെ എനിക്ക്‌ രണ്ടു പ്രതലങ്ങളെക്കുറിച്ച്‌ പറയേണ്ടിവരുന്നു. ഒന്ന് എഴുത്തിലേക്കു വരുന്നതിനു മുൻപുള്ള ഇടമാണ്. മറ്റൊന്ന് എഴുത്തിന്റെ ഇടവും. എന്റെ ചുറ്റുപാടുകളിൽ നിന്നും, അതെന്റെ വീടോ നാടോ സ്വപ്നമോ ആയിരിക്കാം, ശേഖരിക്കുന്ന വസ്തുക്കൾ/ അനുഭവം/ വാക്ക്‌ എന്നിവ. പിന്നീട്‌ എഴുതുന്നേരം ഞാൻ ചാരിനിൽക്കുന്ന എന്റെ ഭാഷ, അതിന്റെ അരികുകൾ , ചരിത്രം, മൊഴി, ചിലപ്പോൾ അധികാരബന്ധങ്ങൾ, കാവ്യചരിത്രം, വായനാനുഭവം, കവിതയുടെ രൂപത്തെപ്പറ്റിയും താളത്തെപ്പറ്റിയുമുള്ള ധാരണകൾ, ഒക്കെച്ചേർന്ന് കവിതയെഴുതാൻ ശ്രമിക്കുകയായി. അബോധത്തിന്റെയും തിരഞ്ഞെടുപ്പുകളുടെയും ഒരു മിശ്രാനുഭവമാണു എഴുത്തെനിക്ക്‌. അത്‌ പ്രവചിക്കാനാവാതെ ചലിക്കുന്നു. ഭാവനയെന്നോ സ്വപ്നമെന്നോ വിളിക്കാവുന്ന ഒരു പ്രതലമാണത്‌. തുടങ്ങിയ ഇടമല്ല, ആ ചുറ്റുപാടും വാക്കും വസ്തുക്കളുമല്ല ഇപ്പോൾ കവിത കാണിച്ചുതരിക. ഭാഷയെ അഗാധമായി ഞാൻ സ്പർശ്ശിക്കുന്ന ഒരേയൊരു നിമിഷമാണത്‌, കവിതകൾ വായിക്കുമ്പോളൊഴികെ. ഞാൻ ഓരോ വാക്കും അതിന്റെ അരികും അറ്റവും തൊട്ടുകൊണ്ടാണു ഓരോ വരിയുമെഴുതിതീർക്കുന്നത്‌. ചില വാക്കുകൾ ഇഷ്ടമാവാതെ മുഴുവൻ കവിതയും ഉപേക്ഷിക്കാറുണ്ട്‌.   കവിതയെനിക്ക്‌ പുനസൃഷ്ടിയല്ല. ഞാൻ ഭാഷാജീവി മാത്രമായി നിന്നാണു കവിത എഴുതുന്നതും പ്രകാശിപ്പിക്കുന്നതും കവികളോടു മിണ്ടുന്നതും. ഭാഷാതീതമായ എന്റെ ജീവിതം പുനസൃഷ്ടിക്കാനാവില്ല എന്നെനിക്ക്‌ ബോധ്യമായിരിക്കുന്നു. അതിനാൽത്തന്നെ കവിതയിൽ ഞാൻ തിരയുന്നതു മറ്റൊന്നാണ്. ഇതുവരെ അധികമാരും പോയിനോക്കിയിട്ടില്ലാത്ത ചില ലോകങ്ങൾ, തൊടാത്ത ഉടലുകൾ, കേൾക്കാത്ത മൊഴികൾ, രൂപം, ചലനം, ഒക്കെ കവിതയിലേക്കു മാറ്റിപ്പാർപ്പിക്കുവാനാണു ശ്രമിക്കുന്നത്‌.

പ്രതീഷിന്റെ ജീവിതശൈലിയുടെ പേരാകാം ‘കവിത’യെന്നാണ് ഇത് കേൾക്കുമ്പോൾ തോന്നുന്നത്. എങ്ങനെയായിരുന്നു ഇതിലേക്കുള്ള എത്തിപ്പെടൽ?

ഏറനാട്ടിൽ  വളരെ ഒറ്റപ്പെട്ട ഒരു ചുറ്റുപാടിലാണു ഞാൻ വളരുന്നത്‌. ഒരേ ഗ്രാമത്തിന്റെ രണ്ടറ്റങ്ങളിലുള്ള രണ്ടു വീടുകൾക്കിടയിൽ എന്റെ ആദ്യത്തെ പതിനഞ്ചുകൊല്ലത്തെ ജീവിതം. ഒന്ന് ഒരു ചെറിയ വീട്‌, അക്കാലങ്ങളിൽ അതു വ്യാപകമായിരുന്നു, മറ്റൊന്ന് ഒരു വലിയ തറവാട്‌, അതിപ്പോൾ ഒരത്ഭുതമായിരിക്കുന്നു. രണ്ടിനുമിടയിൽ ബാലരമയും പൂമ്പാറ്റയും ക്രിക്കറ്റും നീന്തലും മാവിലെറിയലും ഒക്കെയുള്ള ഒരു കുട്ടിക്കാലം. പിന്നീട്‌ നോക്കുമ്പോൾ ആ ചുറ്റുപാടുകൾ, ആക്കാലം ഒരു എൻഡ്‌ പൊയന്റ്‌ ആയിരുന്നു. കാര്യമായ ഒരു ഷിഫ്റ്റ്‌ സമൂഹത്തിൽ നടക്കുന്നു. 90ന്റെ ആദ്യത്തെ പാതിയിൽ. പിന്നെപ്പെട്ടെന്നു മാറിപ്പോകുന്നു ലോകം മുഴുവനായിട്ട്‌. അതുകൊണ്ടിപ്പോഴും രണ്ടുകാലങ്ങളിൽ രണ്ടു ലോകങ്ങളിൽ ജീവിച്ചിരുന്നതിന്റെ ഒരു വല്ലാത്ത ഭാരവും ആനന്ദവും സങ്കടവും ഉണ്ട്‌. മനുഷ്യരേക്കാൾ എനിക്ക്‌ ബന്ധമുണ്ടായിരുന്നത്‌ ഭൂമിയോടായിരുന്നു. ഞാൻ നിശബ്ദതയും ഏകാന്തതയും അറിഞ്ഞു, അതിൽ മുഴുകി, ആനന്ദം കണ്ടെത്തി. പലപ്പോഴും ഞാൻ ഒരു വയൽക്കരയിലെ, കുന്നിഞ്ചെരുവിലെ ഏകാന്തവാസം സ്വപ്നം കണ്ടിട്ടുണ്ട്‌, തീരെ ചെറുതായിരുന്നപ്പോൾ തന്നെ. 10 ,12 വയസ്സിൽ. ഈയടുത്തകാലത്താണു ഞാൻ ഫുകുവോക്കയെ വായിക്കുന്നത്‌. അത്‌ ഞാൻ സ്വപ്നം കണ്ട ഒരു ജീവിതമായിരുന്നു. കവിതയെഴുതാൻ തുടങ്ങുന്നത്‌ കാസറ്റുകവിതകൾ കേട്ടാണ്. പക്ഷെ കാര്യമായി കവിതയെ ശ്രദ്ധിക്കുന്നതും സ്വന്തമായി വരികളുണ്ടാക്കുന്നതും 17-18 വയസ്സിലാണ്. നാട്ടിലെ വായനശാലയിൽ നിന്നും കിട്ടിയ കവിതാപുസ്തകങ്ങൾ. അപ്പോഴേക്കും വായനശാലയിലെത്തുന്ന ഒരേയൊരു മനുഷ്യൻ അന്നാട്ടിൽ ഞാനായിരിക്കാം, ഒരുപക്ഷെ. പുതുകവിതയെന്നു പറയുന്ന എഴുത്തുകൾ വായിച്ചു. ഒപ്പം മറ്റൊരു വഴിയേ ബാഷോവിന്റെ ഹൈക്കു. ഏകാന്തതയെ മറികടക്കാനായിരിക്കാം അന്ന് ആർത്തിയോടെ വായിച്ചു, എഴുതി. പിന്നീട്‌ കൂടുതൽ സ്പിരിച്വലായ രീതിയിലേക്ക്‌ ഞാൻ വഴുതിക്കൊ ണ്ടിരുന്നു. ഭാഷയ്ക്കൊപ്പം ഭാഷക്കു പുറത്തുള്ള എന്നെ നോക്കാൻ തുടങ്ങി. അത്‌ തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഞാനെന്നിൽ ഒരു ഏകാകിയെ കണ്ടു. ഒരു പാതി സന്യാസിയെ. മറ്റൊരുവിധത്തിൽ, ഞാനിപ്പോൾ എന്റെ കവിതയെ കാണുന്നത്‌ എനിക്കും ലോകത്തിനുമിടയിലേ ഒരേയൊരു ഞരമ്പുവള്ളിയായാണ്. അതു മുറിഞ്ഞാൽ ഞാൻ ഉറപ്പായും ഒരു  അ-ഭാഷാജീവിയായിത്തീരും. അവിടെയെത്താനുള്ള ഒഴുക്കുകൾ ഇപ്പോൾ കൂടുതൽ ശക്തവുമാണ്.

ഫുകുവോക്കയെ വായിച്ചതിനെ കുറിച്ച്

ഫുകുവോക്ക, ഭാഷയെയും മണ്ണിനെയും  അതാതിന്റെ ആഴങ്ങളിൽ മനസ്സിലാക്കിയിരുന്നു. രണ്ടിനുമിടയിലെ വാഴ്‌വിന്റെ ആനന്ദത്തെ മനസ്സിലാക്കിയിരുന്നു. ഒരു രാവിലെ ഞാനുണരുന്നത്‌ മുറ്റത്തെ മരത്തിൽ ഒരു ചെറുചിലന്തി നെയ്തുകൊണ്ടിരുന്ന വലക്കണ്ണികളിലേയ്ക്കാണ്. അതെന്നിലുണ്ടാക്കിയ പ്രാചീനമായ ഓർമ്മകൾ, മൗനം ഒക്കെയാണു ഫുകുവോക്കയിൽ പിന്നീട്‌ ഞാൻ വായിക്കുന്നത്‌. കൃഷ്ണമൂർത്തിയെ വായിക്കുമ്പോഴുമതെ. നമ്മൾ ജീവിച്ച ഒരു ജീവിതത്തെപ്പറ്റി അവർ പറയുന്നു— ഞാൻ പറയേണ്ടിയിരുന്നത്‌. ഈയൊരു തലത്തിൽ വച്ചു തന്നെയാണു ഞാൻ ബാഷോവിലുമെത്തിച്ചേരുന്നത്‌. അതെല്ലാം തിരഞ്ഞുപോക്കല്ല, എത്തിച്ചേരൽ മാത്രമാണ്. പിർസ്സിഗിന്റെ 'സെന്നും മോട്ടോർസ്സൈക്കിൾ മെയിന്റനൻസും' ഫുക്കുവോക്കയുടെ അല്ലെങ്കിൽ ബാഷോയുടെ എഴുത്തുകളും തമ്മിലുള്ള വ്യത്യാസമാണത്‌.

യൂറോപ്യൻ-അമേരിക്കൻ സാഹിത്യത്തിന് കൂടുതൽ പ്രചാരമുള്ള ഇടമാണ് നമ്മുടേത്. എന്നാൽ നിങ്ങളുടെ കമ്പം മൊത്തം ഏഷ്യൻ മേഖലയിൽ നിന്നുള്ള സാഹിത്യത്തിലാണല്ലോ

പ്രതീഷ് എം പികിഴക്കിന്റെ ജീവിതം ഏറെ വിഭിന്നമാണ്. പടിഞ്ഞാറിനു എല്ലായ്പോഴും ഒരു അപരത്തെ ആവശ്യമുണ്ട്‌. അവർക്ക്‌ എപ്പോഴും  പിന്മടങ്ങേണ്ടതുണ്ട്‌, ഭൂമിയിലേയ്ക്ക്‌, ധ്യാനത്തിലേയ്ക്ക്‌, ലാളിത്യത്തിലേയ്ക്ക്‌, ഉടലിലേയ്ക്ക്‌, ദൈവത്തിലേയ്ക്ക്‌, എല്ലാമെല്ലാം. പക്ഷെ കിഴക്കിനെ നോക്കൂ അതിൽ സ്വാഭാവികതയാണുള്ളത്‌. ഓരോന്നും തമ്മിലുള്ള പാരസ്പര്യം. ഒരു തുടർച്ച. സ്വീകാരം. ഞാൻ കടലുകാണുന്നത്‌ എന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ്. കാട്‌ എന്നും ഉള്ളിലും പുറത്തുമുണ്ട്‌. ഞങ്ങളുടെ വീടു നിൽക്കുന്നിടത്തുനിന്നു നോക്കിയാൽ കിഴക്കൻ മലയുടെ ശിരസ്സുകാണാം. അവിടെ തീപടരുന്നതു കാണാം. കാട്ടിലേക്കു നായാട്ടിനുപോവുന്ന കാരണവന്മാരുടെ കഥകളുണ്ടായിരുന്നു, ചുമരിൽ മാനിന്റെ കൊമ്പുകളും, പഴയ വീട്ടിൽ. അത്തരം  വേരുകളായിരിക്കാം എന്റെ വായനയെ പിടിച്ചു നടത്തിക്കുന്നത്‌. സ്വാധീനിക്കും വിധം ആഴത്തിൽ ഞാൻ വായിച്ചത്‌, ജീവിച്ചത്‌, ബാഷോവിനെയാണ്. ഹൈക്കുവിന്റെ  രൂപം മാത്രമല്ല  അതിൻെ ആന്തരികത കൂടി. അതിന്റെ പലതായുള്ള പടർച്ചകൾ മത്രമാണെന്റെ മുഴുവൻ കവിതയും. എപ്പോൾ വേണമെങ്കിലും നിശബ്ദമാവാമത്‌.  കിഴക്കിലേയ്ക്കുള്ള എന്റെ നടത്തം ഒരു ഉൾവിളിയുടെ തുടർച്ചയായിരിക്കാം. ഞാൻ കാണാത്ത ആ കാടുകളിലേയ്ക്ക്‌, എന്നിലുള്ള അതേ പ്രാചീനതയിലേയ്ക്ക്‌. അതെന്റെ രാഷ്ട്രീയവും മതവും കൂടിയാണെന്നു പറയാം.

ബാഷോ സ്വാധീനിച്ചെന്ന് പറയുമ്പോൾ, ഞാൻ ആലോചിക്കുന്നത് മലയാളി വായനസമൂഹത്തിലും പ്രസാധകർക്കിടയിലും താങ്കളുടെ കവിതയുടെ സ്വീകാര്യത എങ്ങനെയായിരുക്കുമെന്നാണ്. പലതരം കവിതകളെഴുതുന്ന കവികളുടെ കാര്യമെടുത്താൽ തന്നെ, അവരുടെ ധ്യാനാത്മകവും, മൗനത്തോട് ചേർന്നു നിൽക്കുന്നതുമായ കവിതകൾക്ക് വലിയൊരുകൂട്ടം വായനക്കാർക്കിടയിൽ താരതമ്യേന സ്വീകാര്യത കുറവായാണ് അനുഭവപ്പെട്ടിട്ടുള്ളത്

കവിതകൾ പതിവായി ആനുകാലികങ്ങൾക്കും പ്രസാധകർക്കും  അയയ്ക്കുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷെ വളരെ അപൂർവ്വമായിരുന്നു അച്ചടിച്ചുവരുന്നത്‌. പ്രസിദ്ധീകരിക്കാനാവാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മലയാളത്തിലെ പ്രമുഖ പത്രാധിപന്മാരുടെ ഒരു നൂറു കത്തെങ്കിലും ഇപ്പൊഴുമെന്റെ കൈയിലുണ്ട്‌.  'ചന്ദ്രിക'യിൽ മാത്രമാണു ഇടക്കെങ്കിലും പ്രത്യക്ഷപ്പെട്ടിരുന്നത്‌. അവർ സാമാന്യം ദീർഘമായ ‘മൃഗച്ഛായ’ പോലും ഉൾപ്പെടുത്തി. പുസ്തകത്തിന്റെ കാര്യവും ഇതുതന്നെ. എന്റെ ആദ്യത്തെ എഴുത്തുകൾ ‘ആവിയന്ത്രം’ എന്നപേരിൽ സമാഹരിച്ചത്‌ 'ലിറ്റിൽ മാസിക'യിലെ അക്കുവും ബിജു ജോണുമായിരുന്നു. എന്റെ എഴുത്തിലെ സെൻ മനസ്സിനെ ആദ്യം കണ്ടെത്തിയതും അവരായിരിക്കണം. പിന്നീട്‌ ‘മീൻ പാത’യെന്ന കൈപ്പുസ്തകം ഞാൻ തന്നെ ചെയ്തു. അത്‌ ധാരാളം പേർ വായിച്ചിരുന്നു.

കവിതയ്ക്ക്‌ ഇടം തിരഞ്ഞുള്ള എന്റെ പോക്കുകൾക്കു പിന്നിൽ കുറെയേറെ കാരണങ്ങളുണ്ടായിരിക്കാം.  കവിതകൾ സൂക്ഷ്മമായി വായിക്കുന്ന ചിലരിലേയ്ക്ക്‌ എത്തിച്ചേരാനായി എന്നതിന്റെ ഊർജ്ജമുണ്ട്‌. അവരിൽ പലരും എന്റെ എഴുത്തുകളെ പിന്തുടരുന്നു. അവർ പല രുചികളുള്ള, വിഭിന്ന വഴികളിൽ സഞ്ചരിക്കുന്നവരാണ്. ഭാഷയെത്തന്നെയല്ല, ജീവിതത്തെക്കൂടിയും വിഭിന്നമായി കാണുന്നവർ. അത്തരം വിരലിലെണ്ണാവുന്ന വായനക്കാരുമായി ഞാൻ കവിതയും ജീവിതവും പങ്കിടുന്നു. അതിനപ്പുറം വലിയൊരാൾക്കൂട്ടമോ നിരൂപകരോ പ്രശസ്തിയോ പുരസ്കാരമോ എന്നെ ബാധിക്കുന്ന കാര്യങ്ങളിലില്ല.

കവിതയെക്കുറിച്ച്‌ എനിക്കുള്ള മറ്റൊരു കാഴ്ച, ഒരു ഒളിപ്പോരാളിയായി ജീവിക്കുക എന്നതാണ്. മറഞ്ഞുനിൽക്കുക, കവിതകൾ മാത്രം പ്രത്യക്ഷപ്പെടുക. അങ്ങനെ മറ്റു പേരുകളിൽ ഞാൻ ഏറെ കവിതകളെഴുതിയിരുന്നു. പ്രസിദ്ധീകരിച്ചിരുന്നു. അതൊരു സാധ്യതയാണ്. മറ്റൊന്ന് കവിതയുടെ ഇടം തന്നെ ഒരു രഹസ്യദ്വീപിന്റേതാണ്. ചെറിയ , തിരസ്കരിക്കപ്പെട്ട ഒരു ഫോക്‌, ഒരു നാടോടിക്കൂട്ടം. രഹസ്യ ഭാഷയിൽ ജീവിക്കുന്ന ഒരു ഗോത്രം.   കവിതകൾ എഴുതാനിരിക്കുക, എഴുതിക്കൊണ്ടിരിക്കുക, എഴുതിയ വരികൾ ഏറ്റവും അടുത്ത മനുഷ്യരുമായി പങ്കിടുക എന്നതിന്റെ ആനന്ദമാണു എനിക്ക്‌ വലുത്‌. ചിലപ്പോൾ ജീവിതത്തിലാകെയും എനിക്കുള്ള, മടങ്ങിപ്പോരാനുള്ള, നിശബ്ദനാവാനുള്ള, ചോദനയുടെ ഭാഗം കൂടിയുമായിരിക്കാം.

പക്ഷേ കവികൾ ഇങ്ങനെയാവേണ്ട എന്നുതന്നെ ഞാൻ പറയും, എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്നയാളോട്‌.

അങ്ങനെ പറയേണ്ടതുണ്ടോ?

എഴുത്തുകാരനായിരിക്കുന്നതിന്റെ ഒരു പരിവേഷം, സാധ്യതകൾ, വലുപ്പം ഒക്കെയും ആഗ്രഹിക്കുന്നവരോടാണു ഞാൻ അങ്ങനെ പറയുക.  കവിതയെന്ന മാധ്യമം തന്നെ അരികുകളിൽക്കഴിയുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നു. കവിത ആ അർത്ഥത്തിലാണു ഒരു രഹസ്യഗോത്രമോ തിരസ്കൃതസമൂഹമോ ഒക്കെ ആവുന്നത്‌. കവികളും. ശരിക്കും കവിയായിരിക്കുക ഉൾവിളികൾക്ക്‌ കാതോർക്കുക തന്നെയാവണം.

പ്രതീഷിന്റെ കവിതകളിൽ —ആദ്യകാലകവിതകളിൽ പ്രത്യേകിച്ചും, ഒരു 'അവൾ' സാന്നിധ്യമുണ്ട്

'അവൾ' ഞാൻ തന്നെയായിരിക്കുമെന്നു തോന്നുന്നു. അക്കവിതകളിലെല്ലാം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന രണ്ടു മനുഷ്യർ ഒരാണും ഒരുപെണ്ണും തന്നെയായിരുന്നു. എന്നിൽതന്നെയുള്ള  ഇരുപാതികൾ.

എഴുതിയ കവിത റീവൈസ് ചെയ്യുന്ന/ മാറ്റി എഴുതുന്ന ഏർപ്പാട് എങ്ങനെയാണ്? ഒരു കവിത പൂർത്തിയായെന്ന തോന്നൽ എപ്പോഴാണ് ഉണ്ടാകുന്നത്?

എന്റെ പലകവിതകൾക്കും പിന്നിൽ പല മുൻ കവിതകളുമുണ്ട്‌. ചിലപ്പോൾ പാതിക്ക്‌ വെച്ച്‌ എഴുത്തുനിന്നവയിലെ ഒരു വാക്ക്‌. ചിലപ്പോൾ ഉപേക്ഷിച്ച കവിതകളിൽ നിന്നുള്ള ഒരു വരി. ഒരുപാടുകാലം കൊണ്ടാണു ചില കവിതയെങ്കിലും ഇപ്പോൾ വായിക്കുന്ന രൂപത്തിലാവുന്നത്‌. എന്നാൽ അഞ്ചുമിനിറ്റു കൊണ്ടൊക്കെയെഴുതുന്ന ദീർഘകവിതകളുമുണ്ട്. ഓരോ വാക്കും തുന്നിച്ചേർക്കുമ്പോൾ തന്നെ എഡിറ്റു ചെയ്യുന്നു. അഴിച്ചുപണിയുന്നു. മാറ്റിയും തിരുത്തിയും വ്യത്യാസപ്പെടുത്തുന്നു. എല്ലാംകൂടി ചെയ്യാൻ എടുക്കുന്ന നേരം കുറവായിരിക്കും മിക്കപ്പോഴും.  എവിടെ നിന്നാണു വരികൾ ആരംഭിക്കുന്നതെന്ന് ഒരിക്കലും പറയാനാവില്ല. എവിടെവെച്ചാണു കവിത അവസാനിക്കുന്നതെന്നും അറിയില്ല. എഴുതുന്ന നേരത്ത്‌ പെട്ടെന്നുള്ള ഒരു തോന്നലിൽ പേന  പൂട്ടിവെക്കുന്നു. പൂർത്തിയായെന്നു കരുതുന്ന കവിത പിന്നീടെപ്പോഴെങ്കിലും ടൈപ്പ് ചെയ്യുമ്പോഴോ പകർപ്പെടുക്കുമ്പോഴോ പിന്നെയും മാറിമറിയുകയും ചെയ്തേക്കും.
            പുറത്തു കടക്കാൻ പഴുതുകളില്ലാതെ
            വെള്ളത്തിന്റെ മേൽത്തട്ടിൽ വന്ന് മടങ്ങിപ്പോവുന്ന മീനുകളെപ്പോലെ
            ചില്ലിന്മേൽ വന്ന് തട്ടി തിരിച്ചുപോവുന്ന ഈർപ്പം
            മുറിയിലെ ചുമരിലെചിത്രത്തെ പുറത്താകെ നനയ്ക്കുന്നു.  

            കാറ്റിൽ നൂഴ്‌ന്ന്, മരം കൊണ്ടുള്ള ചട്ടത്തിൽ വിടവ്‌ തിരയുന്നു,
            ഒരു നേർത്ത പാത കണ്ടെത്തുന്നു.  

            ചില്ലിനുള്ളിൽ  കൂടുകെട്ടി, നൃത്തം വെച്ച്‌, കുഞ്ഞുങ്ങളെപ്പോറ്റുന്നു,
            അമ്മയുടെ മുഖവുമുടലും തിന്നുന്നു,
            അനങ്ങാതെ നിന്ന ഭൂതകാലത്തെ നക്കുന്നു.   [ഈർപ്പം, എം പി പ്രതീഷ്]

കവിതയിലേക്കുള്ള വഴികളെ കുറിച്ചാണ് ഇതുവരെ നമ്മൾ കൂടുതലായും സംസാരിച്ചത്. ഈർപ്പം എന്ന കവിതയിലെ ഈർപ്പത്തെ പോലെ, നമുക്ക് അകത്തേക്ക് കടക്കേണ്ടതുണ്ട്. എന്താണ് പ്രതീഷ് വെച്ചുപുലർത്തുന്ന കാവ്യവിശ്വാസം അല്ലെങ്കിൽ കാവ്യദർശനം?

'ആവിയന്ത്ര'ത്തിലെ കവിതകൾ മുതൽക്കുതന്നെ എന്റെയെഴുത്തിൽ രണ്ടു വഴികളുണ്ടായിരുന്നു. ഒന്ന് യാഥാർത്ഥ്യത്തിനും സ്വപ്നത്തിനുമിടയിൽ ഭാവന ചെയ്തു നിർമ്മിക്കുന്ന ഒരിടം. മറ്റൊന്ന് മനുഷ്യർക്കും പ്രകൃതികുമിടയിലെ മാറിക്കൊണ്ടിരിക്കുന്ന വിടവ്‌. 'മീൻ-പാത'യ്ക്കു ശേഷമുള്ള കാലം എനിക്ക്‌ ഭാഷയുടെയും ജീവിതത്തിന്റെയും കുറേക്കൂടി ഉള്ളിലേയ്ക്കിറങ്ങാനായി. സിനിമയുടെ, ചിത്രകലയുടെ ഒക്കെ ചിറകുകൾ മീൻപാതയിലുണ്ട്‌. ഞാൻ എന്റെ മണ്ണിലേയ്ക്കും എന്റേതായൊരു യാഥാർത്ഥ്യത്തിലേക്കും എത്തുന്നത്‌ അതുകഴിഞ്ഞാണ്.

അതുവരെയും മറഞ്ഞുകിടന്ന ഒരു സ്പിരിച്വാലിറ്റിയുടെ ഒഴുക്ക്‌, സെന്നിന്റെയും ഭൂമിയുടെയുമൊക്കെ മിടിപ്പുകൾ, ഭാഷയുടെ തന്നെ പരിമിതികളെക്കുറിച്ചുള്ള ബോധം, അങ്ങനെയൊക്കെ തെളിഞ്ഞുവരുന്നു. കവിത അങ്ങനെ എനിക്ക്‌ എന്നെപ്പറ്റിയുള്ള അന്വേഷണമായി. ശീർഷകമില്ലാത്ത കുറേ കവിതകൾ ഉണ്ടായി. 'ഈർപ്പം' അതിന്റെ മറ്റൊരു ദിശയിലേക്കാണു പോവുന്നത്‌. ഭാഷാതീതമായ ഇടങ്ങളിലേയ്ക്ക്‌. അല്ലെങ്കിൽ മനുഷ്യർക്കു പുറത്തുള്ള സൂക്ഷ്മാനുഭവങ്ങളിലേക്കും ഭൂമിയുടെയും  മനസ്സിന്റെയും ആഴത്തിൽ നടക്കുന്ന പ്രോസസ്സുകളിലേയ്ക്ക്‌ ഒക്കെ ഞാൻ, കവിത സഞ്ചരിക്കാൻ ശ്രമിക്കുന്നു. നമ്മുടെ കവിത കൂടുതൽ വിസ്തൃതമായ ഇടങ്ങളിൽ നിന്നും എഴുതപ്പെടേണ്ടതുണ്ട്‌.

വിസ്തൃതമായ ഇടങ്ങൾ — വിശദമാക്കാമോ?

കവിത അല്ലെങ്കിൽ ഭാഷ സഞ്ചരിക്കാത്ത എത്രയൊക്കെയോ ലോകങ്ങൾ ഉണ്ട്‌. സ്ഥൂലമോ സൂക്ഷ്മമോ ആയവ. നാമെപ്പോഴും മനുഷ്യരുടേതു മാത്രമായ ഒരു  തലത്തിലാണു കഴിയുന്നത്‌. അതിനപ്പുറം, സസ്യങ്ങളുടെയും ജീവികുലത്തിന്റെയും വസ്തുവിന്റെയും ശബ്ദത്തിന്റെയും സ്പർശ്ശത്തിന്റെയും ഒക്കെ തലങ്ങളുണ്ട്‌. മറ്റൊരു വിധത്തിൽ,യന്ത്രത്തിന്റെ, ശരീരത്തിന്റെ, ഒക്കെ സൂക്ഷ്മതയുടെ തലം. വിനിമയങ്ങൾ പോലും അത്തരത്തിൽ വേറെ വേറെ തലങ്ങളിൽ ഉണ്ടാവുന്നു. അപ്പോൾ നമ്മുടെ അനുഭവ/അനുഭൂതി ലോകം തന്നെ മറ്റൊന്നായിത്തീരുന്നു. ആയിടങ്ങളിൽ നിന്നുകൂടി കവിതകൾ ഉണ്ടാവുന്നുണ്ടോ?

കുറവാണ് എന്നുതന്നെ പറയാം.
എഴുത്തുകാരനായ കരുണാകരൻ താങ്കളുടെ കവിതയെപറ്റി അഭിപ്രായപ്പെട്ടത് ഇങ്ങനെ: [പ്രതീഷിന്റെ] കവിതയ്ക്ക് പ്രത്യേകിച്ച് റോളുകൾ ഒന്നുമില്ല, കവിത എന്നല്ലാതെ, അപ്പോഴും അത് 'ശുദ്ധകല' എന്ന് അതിനെ അവശേഷിപ്പിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നില്ല.
എനിക്കറിയേണ്ടത്, എഴുതുന്നത് അസ്സൽ കവിതയായിരിക്കണമെന്ന വാശി നിങ്ങളിൽ എത്രത്തോളമുണ്ടെന്നാണ്

അസ്സൽ എന്നതിനെപ്പറ്റി എനിക്കൊരു കൃത്യമായ രൂപമില്ല. എന്നാൽ കവിതയായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്‌. വായിക്കുമ്പോഴും അതെ. എഴുതുമ്പോഴൊക്കെയും എന്തെങ്കിലും പ്രത്യേകവിഷയത്തോടുള്ള പ്രതികരണം ആവാതെയും, സമകാലികകവിതയുടെ പൊതുസ്വഭാവങ്ങളിൽ നിന്നും അകന്നു നിൽക്കാനും ശ്രമിക്കുന്നു. എന്റേതിൽ നിന്നും വിഭിന്നമായ കവിതകളാണു ഞാൻ കൂടുതലും വായിക്കാനിഷ്ടപ്പെടുക.

വാക്കുകൾ ഉപേക്ഷിക്കുവാൻ നിരന്തരം ശ്രമിക്കുന്ന ഒരാളാണ് താനെന്നും, മൗനത്തിലേക്കുള്ള ക്ഷണം മാത്രമാണെന്റെ എഴുത്തുകളെന്നും പ്രതീഷ് പറയുന്നത് കേട്ടിട്ടുണ്ട്. ഭാഷാതീതമായ ഇടങ്ങളിലേക്കാണ് തന്റെ കവിതകൾ പോകുന്നതെന്നു ഇപ്പോൾ പറയുന്നു. എഴുതാതെതന്നെ കവിയായിരിക്കുന്ന അവസ്ഥ, ആർ രാമചന്ദ്രനിലൊക്കെ ഉണ്ടായിരുന്ന പോലെ, അത്തരമൊരു അവസ്ഥയിലേക്കാണോ പോക്ക്?

കവിത, മൊഴിയിലോ വരയിലോ സ്വരത്തിലോ ഒക്കെ പ്രകടിപ്പിക്കുന്ന ഒന്നായും ജീവിതത്തിൽ അകെയുള്ള ആന്തരികതയായും എനിക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. ഇവ രണ്ടിനുമിടയിൽ നിൽക്കുന്നതിന്റെ ഒരു സംഘർഷമണെന്റേത്‌. എന്നെ, എന്റെയിടങ്ങളെ പ്രകടിപ്പിക്കുക എന്ന പ്രാഥമികാവശ്യത്തിനു പിന്നാലെയാണു ഞാൻ പോവുന്നത്‌. മനുഷ്യനെന്ന നിലയിൽ വിനിമയങ്ങൾ ഇല്ലാതെയായാൽ ജിവിതമെന്തായിത്തീരുമെന്നു ഞാൻ പേടിക്കുന്നു. അതുകൊണ്ടാവാം ഞാൻ കവിത എഴുതുന്ന പണിയിൽ മുഴുകുന്നത്‌. ഒരേനേരം ഇതു രണ്ടിനുമിടയിൽ നിൽക്കണമെന്നാശിക്കുന്നുണ്ടിപ്പോൾ.

ഏപ്രിൽ 2017