ഉടുമ്പായി ഞാൻ പാർക്കുന്നു

ഉടുമ്പായി ഞാൻ പാർക്കുന്നു

അജയ് പി. മങ്ങാട്ട്           
                                                                                                                            
കവിതയുടെ തികവിനെ സംബന്ധിച്ച അലട്ടൽ എസ്.ജോസഫിനെ പിന്തുടരുന്നു. വാർന്നുവീഴുന്നതാണോ കവിത? ഓരോ വരിയും വടിവൊത്ത് പിന്നാലെയുള്ള വരിയെ ഉറപ്പാക്കിയാണോ വരവ്? പാമ്പ് പഴയ പടം പൊഴിക്കുന്നു. കവിതയും അതേപോലെ പഴയതെല്ലാം ഉപേക്ഷിച്ചു മുന്നോട്ടുപോകുന്നുണ്ടോ? ഈ ചോദ്യങ്ങളത്രയും കവിതയെ നിർവചിക്കാനുള്ള കവിയുടെ ശ്രമം  മാത്രമായി ഞാൻ കാണുന്നില്ല.കാവ്യാനുശീല പ്രശ്നമായിട്ടല്ല, കാവ്യബോധ പ്രക്രിയയുടെ ആധികളായാണ് ജോസഫ് ഈ ചോദ്യങ്ങൾ കൊണ്ടുനടക്കുന്നത്.  തന്റെ കവിതയുടെ ജനിതകഘടന സംബന്ധിച്ച് വായനക്കാരന് വ്യക്തമായ ചിത്രം നൽകണമെന്നും കവി ആഗ്രഹിക്കുന്നു. ‘ശരിക്കുള്ള ശിൽപികൾ ആശാരി, കൊല്ലൻ,തട്ടാൻ, മേസ്തിരി എന്നിവരൊക്കെയാണെന്നു തോന്നാറുണ്ട്. കുശവന്റെ കലം ഗ്യാലറിയിൽ വച്ചാൽ രസമായിരിക്കും’എന്ന വരികളില്‍ അതുണ്ട്.
എഴുത്തിലേക്കു വരുമ്പോൾ കാവ്യത്തിന് ഈടു കുറയുന്നുവെന്ന വിചാരം കാവ്യപ്രകൃതം സംബന്ധിച്ച വിചാരങ്ങളിലേക്കു പോകാതെ വയ്യ.
          ‘അയി, മഹിതമഞ്ജിതമേ, നീയെനിക്കേകിയോ–
           രതിമധുരമാകുമിക്കാവ്യപ്രചോദനം.
           ഒരു ചപലതൂലികാഗ്രത്തിൽ നിർത്തീടുവാൻ
          കരുതി– മമ സാഹസം നീ പൊറുക്കേണമേ.’
എന്ന ചങ്ങമ്പുഴയുടെ ക്ഷമാപണത്തിൽ അതുണ്ട്. എന്നാൽ, ജോസഫിനു കാവ്യപ്രചോദനം അമൂർത്തമായ ഒന്നല്ല. ഭാഷയുടെ അകത്തേക്കും പുറത്തേക്കും അത് സഞ്ചരിക്കുന്നു.  മനുഷ്യനായും കവിയായും താനുണ്ടായിവന്ന ഭൂമിയിലെ ഇടവും അവിടുത്തെ മനുഷ്യരും നിർമിക്കുന്ന സാംസ്കാരികചേതന കവിതയിലുണ്ട്.  കവിത സർവാധികാരിയാണെന്ന മൗഢ്യവും കവിക്കില്ല. കവിത തിരഞ്ഞ്  ഒറ്റയടിപ്പാതയിൽ കവി കൂട്ടത്തോടൊപ്പമാണു പോയത്.  കുട്ടിക്കാലം മുതൽ എല്ലായിടത്തും ഭൂമിയും മനുഷ്യരും ജീവപ്രാണികളും നിറഞ്ഞിരുന്നതായി കണ്ടു. ഒരു ദിവസം ഇതൊന്നുമില്ലാത്ത ഒരിടത്തിരുന്നു
കവിത വിചാരിക്കുമ്പോഴാണ് ‘കവിതയ്ക്കിന്നരമില്ല’എന്ന് അറിയുന്നത്:
          ‘ഒതുക്കവും പുതുക്കവും കുറഞ്ഞുവോ?
           ഒരു കൂക്കിനൊരു കൂക്കോ
          ഒരു നോക്കിനൊരു നോക്കോ ഇല്ലാതായ്.
          വഴിപോക്കരാരുമില്ല
          ദൂരെദൂരെപ്പോലുമില്ല’
കവിത പകർന്നു തന്നിരുന്ന ഇടങ്ങൾ ഇപ്പോൾ അടുത്തില്ല. കവിത മുളപൊട്ടുന്ന ചുറ്റുപാടുകളുടെ ഈർപ്പവും ഇല്ലാതായി. അത് എന്തെല്ലാമായിരുന്നുവെന്ന് ചോദിച്ചാൽ: ഇല്ലിക്കൂട്ടത്തിലെ ഇരുട്ട്, കുറ്റിക്കാട്ടിലെ തണുപ്പ്, പാറയുടെ വിള്ളലിലെ നീർച്ചാൽ, പടർന്ന കുരുമുളകിന്റെ എരിവ്.. . പണ്ട് ഒരു അമേരിക്കൻ കവി പറഞ്ഞത് , ഒരാൾ തന്റെ 20 വയസ് വരെയുള്ള ഓർമകൾ സൂക്ഷിച്ചാൽ മതി, ജീവിതം മുഴുവൻ കവിതയെഴുതാൻ അതു മതിയാകും എന്നാണ്.  അത്രയ്ക്കു പ്രബലമാണ് 20 വരെയുള്ള സ്മരണകൾ. അവിടെയാണു കവിത ഒളിജീവിതം വാഗ്ദാനം ചെയ്യുന്നത്. കവിത ഇഷ്ടപ്പെടുന്നവരും കവിതയെഴുതുന്നവരും അവിടേക്കു പോകുന്നു. സ്മരണയിലോ സങ്കൽപത്തിലോ ബാക്കിയാകുന്ന ദേശങ്ങൾ.
തടാകം എന്ന കവിത വായിക്കുക:
          ‘അങ്ങുദൂരെ കാട്ടിൽ ഒരു തടാകം
          അതിരാവിലെ അതിന്നടി തെളിഞ്ഞുകാണാം
          മീനുകളെ കാണാം
          വെയിലാകുമ്പോൾ അടിയിൽനിന്ന് പായൽ പൊങ്ങിവന്ന് തടാകം മൂടും
          ചെടികളും പൂക്കളും കാണാം
          ഇരുണ്ടിരുന്നു പരിസരം
          ഒരു ഉണക്കമരം അവിടുണ്ടായിരുന്നു
          ഒരു മരംകൊത്തി അതിൽ വരാറുണ്ട്
          അത് മരത്തിൽ കൊത്തി ഒച്ചയുണ്ടാക്കി
          അതുകേട്ടു തടാകത്തിലെ വെള്ളം അൽപം അനങ്ങിയോ?
          മറ്റ് കിളികളും ചെറിയ മരങ്ങളും അവിടെ ഉണ്ടായിരുന്നു
          ഞാനൊരിക്കലും അവിടെ പോയിട്ടില്ല
          എന്റെ സ്വപ്നത്തിൽ, സങ്കൽപത്തിൽ മാത്രം ആ തടാകം ജീവിച്ചു
          എന്നും ഞാനത് കാണുന്നു’
അനുഭവം യഥാർഥമാണോ എന്നു ചോദിച്ചാൽ അനുഭവിക്കുന്നതെല്ലാം നാം ഇരിക്കുന്ന സ്ഥലത്തല്ലെന്നാണുത്തരം.  കവിതയിലേക്ക് ഒരാൾ ചെല്ലുമ്പോഴും ഇതാണ് സംഭവിക്കുന്നത്. എന്നും കാണുന്ന ഒരു താടകം, അത് അടുത്തല്ല. അവിടെ പോയിട്ടില്ല. പക്ഷേ അത് നമ്മുടെ ഉള്ളിലുണ്ട് എന്നും. അല്ലെങ്കിൽ ഒളിച്ചിരിക്കാനുള്ള  ഇല്ലിക്കൂട്ടമോ തോട്ടിൻകരയോ  കവിതയിലാണുള്ളത്.അച്ഛനൊപ്പം ചൂണ്ടയിടാൻ പോയതിനെക്കുറിച്ച് റെയ്മണ്ട് കാർവറുടെ ഒരു കവിതയുണ്ട്.  അച്ഛന്റെ കൂട്ടുകാരൻ കാർവറെ പ്രശംസിക്കുന്നു. ഭാവിയിൽ നീയും  മകനോടൊപ്പം ഇവിടെ ചൂണ്ടയിടാൻ വരുമെന്നു പറയുന്നു. അച്ഛൻ ഒന്നും മിണ്ടുന്നില്ല; ചൂണ്ടയ്ക്ക് അനക്കമുണ്ടോ എന്ന്  വെള്ളം നോക്കിയിരുന്നതല്ലാതെ.
ഭൂതകാലപ്രദേശങ്ങളിലെ പറമ്പും തോടും കുന്നും കഴിഞ്ഞാൽ ജോസഫിന്റെ ഭൂപ്രദേശത്തിലുള്ളത് മേസ്‌തിരിയായ അച്ഛനാണ്. ചൂണ്ടയിടാൻ ചേട്ടനൊപ്പം പോകുന്നു. കുട്ട നെയ്ത്തുകാരനായ അമ്മയുടെ ആങ്ങള വരുന്നതുകാണുന്നു.  ‘അപ്പനെയുള്ളിലെടുത്തു ഞാൻ പോകുകയാണേ’ എന്ന് ജോസഫ് പാടുന്നുണ്ട്. ഇങ്ങനെ അപ്പനെ ഉള്ളിൽ എടുക്കുന്നത്, മേസ്തിരി കല്ലുകൾ പെറുക്കിവച്ച് ഒരു വീടുണ്ടാക്കുന്നതുപോലെ, വാക്കുകൾ പെറുക്കിവച്ച് കവിതയുണ്ടാക്കുന്ന വിദ്യ പണിക്കുറ്റമില്ലാതെ ചെയ്യാനാണ്. മണ്ണിൽ വീടുനിർമിക്കുന്നതിൽനിന്ന് ഭാഷയിൽ വീടു നിർമിക്കുന്നതിലേക്കുള്ള മാറ്റം സ്വച്ഛമല്ലെന്നും കാണാം:
          ‘നിങ്ങൾ അടിമകളായ് കഴിഞ്ഞോരു കാലം
          വെയിലും മഴയുമേറ്റുകഴിഞ്ഞോരുകാലം
          അക്കാലം പോയ്‌മറഞ്ഞെന്നാലും പോയ്‌മറഞ്ഞില്ല.
          ഇക്കാലം മാറിയെന്നാലും മാറിയതുമില്ല.’
ആ ഭൂതകാലം കാവ്യപ്രകൃതിയുടെ ഭാഗം തന്നെയാണ്. അത് ഇരുണ്ടുതന്നെ കിടക്കും.ആ ഇരുട്ടിലൂടെ വേണം കവിക്ക് ഇന്ന് തന്റെ കൂട്ടുകാരിയുമായി നടക്കാൻ പോകാൻ. അവൾ വെളുത്തിട്ടാണ്. അവൾ ചോദിക്കുന്നു, കറുത്ത പൂച്ചയെ രാത്രി എങ്ങനെ തിരിച്ചറിയും? ങ്യാവൂ എന്ന ശബ്ദം കൊണ്ട്, അയാൾ പറഞ്ഞു. നേരം ഇരുട്ടിയപ്പോൾ കറുത്തവൻ മാഞ്ഞുപോയി. ‘പകൽ കറുപ്പുനിറം എന്നിലെ മറ്റെല്ലാം മായ്ക്കുന്നു. രാത്രിയിലെ കറുപ്പ് എന്നെത്തന്നെ മായ്ക്കുന്നു’.കവിത പോരെന്ന് മനസിലാകുക അത് ഒരു കുശവന്റെയോ മേസ്തിരിയുടെയോ പണിയുമായി തട്ടിച്ചുനോക്കുമ്പോഴാണ്. പക്ഷികളുടെ ലാളിത്യവും പരതിനടക്കലുമായി തട്ടിച്ചുനോക്കുമ്പോഴും കവിതയിൽ അതെല്ലാം കുറയുന്നതായി കവിക്ക് അനുഭവമുണ്ട്. നിങ്ങൾ  ഭൂമിയിലൂടെ നടക്കുമ്പോൾ, മണ്ണിനോടു ചേർന്ന് എവിടെയെങ്കിലും  ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ, വെള്ളത്തിൽ നീർക്കാംകുഴിയിടുമ്പോൾ, മീനുകൾക്കൊപ്പം പാർക്കുമ്പോൾ, കാറ്റിലിരുന്ന് ആലോചിക്കുമ്പോൾ, വെയിലേറ്റു മയങ്ങുമ്പോൾ–അപ്പോൾ മാത്രം സംഭവിക്കുന്ന ആനന്ദമാണു കവിതയിലും ലഭിക്കുക.  ഇത് ജോസഫിന്റെ കവിതകളിൽ ഞാൻ നിരന്തരം അനുഭവിച്ചുപോരുന്നു.  ഒരുപക്ഷേ, വാക്കുകൾ കൊണ്ട് പാറയുടെ അകത്തൂടെ, ഭൂമിയുടെ ചെരിവിലൂടെ, വെള്ളത്തിന്റെ അടിയിലൂടെ പോകുന്നതിന്റെ വിസ്മയം എന്നെ പഠിപ്പിച്ചത് ഈ കവിതകളാണ്.
‘നിശബ്ദമായ പാറക്കെട്ടുകൾക്കുള്ളിൽ, ഒരു ഉടുമ്പായി ഞാൻ പാർക്കുന്നുണ്ട്’.
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ് മുറികൾക്ക്  അരഭിത്തികളായിരുന്നു.അവിടെയിരുന്നാൽ പുറംലോകം കാണാം. പുറത്തെ കൽത്തിട്ടയിൽ പടർപ്പുകൾക്കിടയിൽനിന്ന് ഇടയ്ക്കിടെ ഒരു ഉടുമ്പ് വരുമായിരുന്നു. അത് പാറയിൽ അള്ളി അനക്കമറ്റിരിക്കും വളരെ നേരം. ക്ലാസിലിരുന്നു കുട്ടികളെല്ലാം അതിനെ, അതിന്റെ അനക്കമില്ലായ്മയെ ഉറ്റുനോക്കിയിരിക്കും. കുറേക്കഴിയുമ്പോൾ ടീച്ചറും അതിനെ നോക്കാൻതുടങ്ങും. ഉടുമ്പ് ഇടയ്ക്ക് മെല്ലെ തല ഒന്നനക്കും. അപ്പോൾ എല്ലാവരുടെയും ഹൃദയമിടിപ്പുകൾ ഒരുമിച്ചുയരും.  അതേ നോട്ടം, അതേ മിടിപ്പുകൾ, അതേ ജിജ്ഞാസ വർഷങ്ങൾക്കുശേഷം ഞാൻ കണ്ടത്  ജോസഫിന്റെ കവിതകളിലാണ്.പാഠപുസ്തകത്തിലെ കവിത ആസ്വദിച്ചവർ കുറവാണ്. കവിത എങ്ങനെ കുട്ടികൾക്കു പകർന്നുകൊടുക്കുമെന്ന കാര്യത്തിൽ അധ്യാപകർക്കും നിശ്ചയം പോര. അങ്ങനെയാണ് കവിത അധ്യാപകനും വിദ്യാർഥിക്കും പീഡയായത്. കവിത വായിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിനു പകരം കവിതയുടെ അർത്ഥം പഠിപ്പിക്കുകയാണു പല അധ്യാപകരും ചെയ്തുപോരുന്നത്.  എന്നാൽ
കവിത ആരുടെയും അടുത്തേക്ക് എളുപ്പം ചെല്ലുന്നില്ല.  സിനിമയോ പാട്ടോ പോലെ വഴങ്ങുന്നില്ല കവിത.  എന്താണു കവിത? ചലിക്കുന്നതെല്ലാം കവിതയാണെന്നു ചിലിയൻ കവി നികനോർ പാർറ. പ്രപഞ്ചത്തിലെ പ്രാണലക്ഷണങ്ങളെല്ലാം ചലനമാണ്. നദിയും കുന്നും കല്ലും മഴയുമെല്ലാം വിനിമയം ചെയ്യുന്നുണ്ട്. വിനിമയം തന്നെയാണു ചലനം. ഇതിനാൽ ലോകത്തിന് ആധാരമായ അസ്തിത്വമെല്ലാം കവിതയാണെന്നു പാർറ പറയുന്നു.  ജോസഫിന്റെ ഒരൊറ്റ ഉമ്മയാൽ എന്ന കവിത വായിച്ചപ്പോൾ എനിക്ക് പാർറ  ‘എന്താണു കവിത’യിൽ എഴുതിയ ചിലതെല്ലാം ഓർമവന്നു.
പ്രേമം കൊണ്ടുവരുന്നതും  മനുഷ്യർക്കിടയിൽ മമത ഉണ്ടാക്കുന്നതും ശാന്തി പകരുന്നതുമായ  ഭൂമിയുടെ വിനിമയം ജോസഫിന്റെ എഴുത്തിൽ വരാറുണ്ട്. മനസിന്റെ പലതരം വ്യാധികൾക്കും കെട്ടുപാടുകൾക്കുമുള്ള ഔഷധമാണു കവിത. മറ്റാരുമറിയാതെ രഹസ്യമായി പ്രേമിക്കുന്നതിനെപ്പറ്റി ജോസഫ് എഴുതുന്നു. മറ്റുള്ളവരുടെ മറവികളിലും അശ്രദ്ധകളിലുമാണു രഹസ്യപ്രേമം ജീവിക്കുക.
          ‘ഒളിവിലെ പ്രേമം ഏതൊരു നാടകത്തെയും വെല്ലും
          ഏതൊരു കവിതയിലുമില്ല അത്രയും കവിത,
          ഇളം വെറ്റിലയിലും ഇളപ്പം
          കാട്ടുകല്ലിന്റെ കടുപ്പം
          മധുരക്കള്ളിലും മധുരം’
ഇളംവെറ്റില, കാട്ടുകല്ല്, മധുരക്കളള് തുടങ്ങിയ പ്രകൃതിവസ്തുക്കൾ ഇളപ്പം, കടുപ്പം, മധുരം തുടങ്ങിയ മനുഷ്യാവസ്ഥകളോടു നേരിട്ടു വിനിമയം ചെയ്യുന്നു. ഏതൊരു കവിതയിലുമില്ല അത്രയും കവിത എന്ന് ആ പ്രേമത്തെപ്പറ്റി പറയുമ്പോൾ ഏറ്റവും സത്യസന്ധവും ഉയർന്നപടിയിലുള്ളതുമായ മനുഷ്യാനുഭവമാണെന്നാണു ധ്വനി. ഏതൊരു കവിതയിലുമില്ല അത്രയും കവിത എന്നത് ഒത്തിരിയൊത്തിരി കവിതകളുടെ വിവരണമാണ്. വലിയ പ്രേമത്തെ വലിയ കവിതയുടെ തലത്തിൽ എടുത്തുവയ്ക്കുന്നു കവി.  കാവ്യതലത്തിലേക്കു പ്രേമഭാവം ഉയരുമ്പോഴാണു അത് അത്രയേറെ വശ്യമാകുന്നത്. കവിതയുടെ ഉപമയാണു പ്രേമം. കവിതയിലും സ്നേഹത്തിലും മാത്രം സംഭവിക്കുന്ന ചില പ്രവൃത്തികളുണ്ട്. സുഖവും സങ്കടവും പുതിയ പൊരുൾ തേടുന്നതാണ് അതിലൊന്ന്. കാവ്യപ്രേമത്തിൽ നടക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് നോക്കുക:
‘ചതുപ്പിൽവീണുകിടക്കുന്ന ഉണക്കമരത്തെ നോക്കിനിന്നുപോകും. മഴകൊണ്ടല്പം നടന്നാൽ പനി വരുകയില്ല.
നട്ടുച്ച  മഞ്ഞകൊണ്ടു വരച്ച ചിത്രമാകും’.

ഇതൊന്നും സാധാരണ നിലയിൽ സംഭവിക്കാറില്ല. പലരും ഈ തലത്തിലേക്ക് എത്തുകയുമില്ല. ആ നിലയിലേക്ക് ഉയരുന്നവരോ,  ഭൂമിയെ നോക്കുമ്പോൾ, മനുഷ്യരെ നോക്കുമ്പോൾ, സാധാരണനിലയിൽ കണ്ണിൽപ്പെടാത്തതും നാഗരികതയുടെ അകത്തിരുന്നാൽ എത്താനാവാത്തതുമായ ഇടങ്ങളിലാണു കവിതയുടെ അനക്കം. കവിതയുടെ ഒട്ടലുകൾ. എന്നാൽ ഒരാൾ പ്രേമത്തിൽ നടക്കുമ്പോൾ, അതിന്റെ ചെരിവിലൂടെ കയറുമ്പോൾ, കവിതയുടെ അരമറിയുന്നു.
          ‘ഗ്രാമത്തിലൂടെ അലയവേ അവൾ കൈ ചൂണ്ടി
          ദേ ആ മരത്തിൽ  ഒരു കാക്കക്കൂട് കണ്ടോ?
          അതിനുതാഴെ നമ്മള്‍ക്കൊരു വീടുണ്ടായിരുന്നുവെങ്കിൽ
          അരി അടുപ്പത്തിട്ടിട്ട് നമ്മളാ കുന്നിൽ പോയിവന്നേനെ,
          വാച്ചിലിൽ കിളർന്ന പാവലിനു പന്തലിട്ടേനെ
          പകലിൽ ഒരു കാട്ടുമുയൽ വഴി തെറ്റിവന്നേനെ
          വീട്ടാകാശത്തു കാക്കക്കുഞ്ഞ് പറക്കാൻ പഠിച്ചേനെ
          ഇരവിൽ കേൾക്കും ഒച്ച തേടി ഉയിരിൻ തുമ്പത്തുപോയേനെ
          മരണം വന്നു നമ്മളെ ഓടിച്ചുവിട്ടേനേ


സത്യത്തിൽ ഇതൊന്നും ഗ്രാമീണ ജീവിതത്തിൽ അസാധാരണമല്ല. ഗ്രാമീണർ അതെടുത്ത് കവിതയിൽ വയ്ക്കാറില്ലെന്നു മാത്രം. എന്നാൽ നാഗരികജീവിതത്തിലേക്കു വരുമ്പോൾ, ഗ്രാമത്തിൽ നമ്മുടെ ജീവിതത്തിലെ ആദ്യ ഇരുപതു വർഷം പരതുമ്പോൾ, ഈ ഓർമകളുടെ ഭൂപ്രദേശം കവിത കൊണ്ടുവരും.  കവിതയിലൂടെ നോക്കുമ്പോഴാണ് ഇപ്പറഞ്ഞ ഗ്രാമ്യദൃശ്യങ്ങൾ സൗഭാഗ്യങ്ങളാകുന്നത്. ഇപ്പറഞ്ഞ അനുഭവങ്ങൾ ഉണ്ടായാൽ നാം വേറൊരു ജീവിതത്തിലേക്ക്, നിറവിലേക്കു പോയേനെ എന്നാണു കവിതയുടെ വാഗ്ദാനം.  ജീവിതത്തെ നാം വാക്കുകളിൽ എഴുതുമ്പോൾ അതു ക്ലാസ്‌മുറിയിൽ അഴിക്കാനാവാത്ത സമസ്യയായിത്തീരുമെന്നും നികനോർ പാർറ എഴുതിയിരുന്നു. നമ്മെ ഒരുമിപ്പിക്കുന്നത്രയും കവിതയാണെന്നു പാർറ സൂചിപ്പിച്ചതാണ്
‘ഇത്ര പൊരുത്തമില്ലായ്മകൾക്കിടയില്‍
പൊരുത്തപ്പെട്ടവർ ഏറെയില്ലെന്നു ജോസഫ് എഴുതിയതിലുള്ളതും. പൊരുത്തമില്ലായ്മ എവിടെയും കാണാം. രണ്ടുപേർക്കിടയിൽ ഏറ്റവും ഉളളത് അതാകും. അതിനിടയിൽ രണ്ടുപേരുടെ പൊരുത്തമാണു സ്നേഹം. ആ പൊരുത്തത്തിന് ആഴമേറുമ്പോഴാണ് അത് പ്രകൃതിയിലേക്ക്, സത്യത്തിലേക്ക്, കവിതയിലേക്ക് അടുക്കുക. ഇത് അധികമാർക്കും അറിയില്ല. എന്നാൽ  എസ്. ജോസഫിന്റെ കവിത വായിക്കുമ്പോൾ ഈ അജ്ഞതയുടെ തിരശ്ശീല നീങ്ങുന്നതായി കാണാം.  ‘വളഞ്ഞുപുളഞ്ഞൊരു കൊന്നത്തെങ്ങുനില്ക്കു ന്നത് വല്ലാത്ത ഭംഗി തന്നെ, എവിടെ മറഞ്ഞു അതിന്റെ വൈരൂപ്യം ?’ എന്ന ജോസഫിന്റെ ചോദ്യം ഓർമിക്കുക. കവിതയും പ്രേമവും വൈരൂപ്യത്തെ രൂപാന്തരം ചെയ്യുന്നതാണത്.ഞാൻ എസ് ജോസഫിന്റെ കവിതയിൽ കണ്ടതിൽ കുറച്ചുകാര്യങ്ങൾ മാത്രമേ ഇവിടെ എടുത്തു വച്ചിട്ടുള്ളു. ഒരു കവിതയും അതിന്റെ ജൈവസമൃദ്ധിയിൽ ലേഖനം ചെയ്യാനാവില്ല.  ഓരോ ഋതുവിലും കവിത പുതുക്കപ്പെടുന്നു. ‘പുല്ലുകൊണ്ടു പുരമേയുന്ന വിദ്യ പുല്ലിൽത്തന്നെയുണ്ട്. അത് വായിക്കുവാൻ മറ്റുള്ളവർക്കാകുമോ?’എന്നാണു ചോദ്യം. ആദ്യം പരതി നടക്കണം,  പലതും കണ്ടുകിട്ടില്ല. നമുക്കു കിട്ടാത്തത് മറ്റാർക്കെങ്കിലും കിട്ടുകയും ചെയ്യും.

(ശുഭം)