കല്ല്‌ ആരുടേതുമല്ല

റസ്സൽ എഡ്സൺ |
മൊഴിമാറ്റം: സച്ചു തോമസ്
                                                                                                      

ഒരാൾ ഒരു കല്ലിനെ പതിയിരുന്നാക്രമിച്ചു. കീഴടക്കി. തടവുകാരനാക്കി. അതിനെ ഒരിരുട്ടുമുറിയിലിട്ട് ബാക്കിയുള്ള തന്റെ ജീവിതം മുഴുവൻ അതിനു കാവൽനിന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അയാളുടെ അമ്മ ചോദിച്ചു.

കാരണം അത് കീഴടക്കപ്പെട്ടതാണെന്നും, അതിനെ അടിമയാക്കിയതാണെന്നും അയാൾ പറഞ്ഞു.

നോക്ക്, കല്ല്‌ ഉറങ്ങുകയാണ്, അമ്മ പറഞ്ഞു, താനൊരു തോട്ടത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ എന്ന് അതിനറിയില്ല. അനശ്വരതയും കല്ലും അമ്മയും മകളുമാണ്; പ്രായമേറുന്നത് നിനക്കാണ്. കല്ല്‌ ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്.

പക്ഷെ, അമ്മേ, ഞാൻ പിടിച്ചതാണ് അതിനെ; കീഴടക്കലിൽ അതെന്റേതായി കഴിഞ്ഞു.

കല്ല്‌ ആരുടേതുമല്ല, അതിന്റെ സ്വന്തം പോലുമല്ല, അമ്മ പറഞ്ഞു. ഇവിടെ കീഴടക്കപ്പെട്ടത് നീയാണ്; തടവുകാരനെയും ആലോചിച്ചിരിക്കുന്നത് നീയാണ്, അതായത് നീ തന്നെയാണ് ഇവിടെ തടവിലാക്കപ്പെട്ടിട്ടുള്ളത്, കാരണം നിനക്ക് പുറത്തേക്കിറങ്ങാൻ ഭയമുള്ളതുകൊണ്ട്.

അതെയതെ, എനിക്ക് ഭയമാണ്, കാരണം നിങ്ങളെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലല്ലോ, അയാൾ പറഞ്ഞു.

അത് ശരിയാണ്, അമ്മ പറഞ്ഞു, കല്ല്‌ നിന്നോട് എങ്ങനെയാണോ അതുപോലെയാണ് നീയെപ്പോഴും എന്നോട് പെരുമാറിയിട്ടുള്ളത്.

A Stone Is Nobody's

A man ambushed a stone. Caught it. Made it a prisoner. Put it in a dark room and stood guard over it for the rest of his life.

His mother asked why.

He said, because it's held captive, because it is captured.

Look, the stone is asleep, she said, it does not know whether it's in a garden or not. Eternity and the stone are mother and daughter; it is you who are getting old. The stone is only sleeping.

But I caught it, mother, it is mine by conquest, he said.

A stone is nobody's, not even its own. It is you who are conquered; you are minding the prisoner, which is yourself, because you are afraid to go out, she said.

Yes yes, I am afraid, because you have never loved me, he said.

Which is true, because you have always been to me as the stone is to you, she said.

റസ്സൽ എഡ്സൺ

അമേരിക്കൻ കവി. 1935-ൽ കണക്റ്റികട്ടിൽ ജനിച്ചു. കവിത, കഥ, നോവൽ, നാടകം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ. 2014-ലായിരുന്നു മരണം.

© റസ്സൽ എഡ്സൺ 
പരിഭാഷ © സച്ചു തോമസ്