ഒലാവ് എച്ച്. ഹോഗിന്റെ ഡയറിക്കുറിപ്പുകൾ

പരിഭാഷ - വി. രവികുമാർ                    

                                                                                                 
രൂപം
നിങ്ങൾക്കവർ വീഞ്ഞ് വച്ചുനീട്ടിയാൽ വാങ്ങി അല്പം രുചിക്കുക. ഗ്ലാസ്സിന്റെ രൂപം, അത് ഉരുണ്ടതാണോ ആറു വശമുള്ളതാണോ എന്നതൊന്നും കാര്യമുള്ളതല്ല. അതേ സമയം മനോഹരമായ ഒരു ഗ്ലാസ്സ് സുഖാനുഭൂതിയുടെ അളവ് കൂട്ടുകയും ചെയ്യും.
(1948)

എമിലി ഡിക്കിൻസൺ
മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ എത്ര പെട്ടെന്നാണ്‌ അതിസാധാരണമായിപ്പോവുക. എമിലി ഡിക്കിൻസൺ തനിക്കു വേണ്ടി എഴുതി, അതിൽ വിജയിക്കുകയും ചെയ്തു. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു കിട്ടുന്ന പൊള്ളയായ സന്തോഷം അവർക്കാവശ്യമുണ്ടായിരുന്നില്ല. തന്റെ സമകാലീനർക്കു വേണ്ടിയാണ്‌ അവർ എഴുതിയിരുന്നതെങ്കിൽ അവരുടെ കൃതികൾ ഈ മട്ടാവുമായിരുന്നില്ല. മഹിമയേറിയ എമിലി! കവികളിൽ മഹതി!
(1948)


നിങ്ങളുടെ കീശകൾ കാലിയാക്കുക, അതിലുള്ളത് എല്ലാവരുമായി പങ്കു വയ്ക്കുക- നിരൂപകൻ പറയുന്നു. ഇല്ല, എല്ലാം അതിനുള്ളതല്ല. ഏതു മനുഷ്യജീവിക്കും സ്വന്തമായ രഹസ്യമുണ്ട്, നിഗൂഢതയുണ്ട്, ആ നിഗൂഢത അയാൾക്ക് തന്റെ ശവക്കുഴിയിലേക്കു കൊണ്ടുപോകാനുള്ളതുമാണ്‌. എഴുത്തുകാരനും മനുഷ്യനാണ്‌; അതിനാൽ അയാൾ സകലതും പങ്കു വയ്ക്കാനും പാടില്ല. കലയുടെ അൾത്താരയിൽ നിങ്ങൾക്കു പലതും നിവേദിക്കാം, എന്നാൽ ഒന്നൊഴിയാതെ എല്ലാം എന്നില്ല. നിങ്ങൾ തുറക്കരുതാത്ത ഒരു വാതിലുണ്ട്.
(1951)

ആഭിചാരം
കവിയാകണം എന്നാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾ ആഭിചാരം ശീലിക്കണം; എന്നു പറഞ്ഞാൽ, വാക്കുകളെ അവയുടെ യുക്തിപരമായ അർത്ഥം മാത്രം കണക്കാക്കാതെ അവയുടെ ശബ്ദവും നിഗൂഢതയും  കൊണ്ടു കൂടി പ്രയോഗിക്കാൻ നിങ്ങൾ പഠിക്കണം. ദുർമ്മന്ത്രവാദം, എന്നു നിങ്ങൾ പറഞ്ഞേക്കാം; അങ്ങനെയാണെന്നു വരാം, പക്ഷേ അത് വലിയൊരു കലയാണ്‌. നിങ്ങൾ അതിൽ വൈദഗ്ധ്യം നേടണം.
(1951)

കവി തന്റെ വായനക്കാരിലല്ല, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; അയാളുടെ കണ്ണുകൾ നമുക്കറിയരുതാത്ത ഒരു ലക്ഷ്യത്തിലായിരിക്കണം. എന്റെ നേർക്കു വരികയാണയാൾ എന്നെനിക്കു തോന്നിയാലും അയാൾ അയാളുടെ വഴിക്കാണു പോകേണ്ടത്. ഇതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് കവി തന്റെ വാക്കുകൾ എന്തു ഫലമാണ്‌ ജനിപ്പിക്കാൻ പോകുന്നത് എന്നതിൽ ശ്രദ്ധിക്കാൻ പാടില്ല എന്നാണ്‌; അയാൾ തന്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധയൂന്നുക, കളിയിൽ മുഴുകിയ കുട്ടിയെപ്പോലെ.
(1951)

കവിത കളിയുമാണ്‌
സുന്ദരമായതെന്തെങ്കിലും സൃഷ്ടിക്കുക എന്നത്, അതിനി ഒരു ചെറിയ ചെപ്പോ കടഞ്ഞെടുത്ത ഒരു കിളിയോ ആകട്ടെ, സുന്ദരമായ ഒരു കാര്യമാണ്‌. മനോഹരമായ ഒരു കവിത എഴുതുക എന്നതും മനോഹരമായ ഒരു സംഗതിയാണ്‌, അത് വ്യക്തിപരമാകണമെന്നുമില്ല. നിങ്ങൾക്കു പുറത്തു നിന്നുകൊണ്ട് നിങ്ങൾക്കതെഴുതാം, വിഷയം മനുഷ്യൻ ആകണമെന്നേയുള്ളു. നിങ്ങൾക്ക് കണ്ണു കാണില്ലെന്നതോ നിങ്ങൾക്കു മുടന്തുണ്ടെന്നതോ നിങ്ങളുടെ കവിതയുടെ കാര്യത്തിൽ പ്രസക്തമല്ല. വായനക്കാരനെ ആനന്ദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള  ഒരു കലാസൃഷ്ടിക്കൊരുങ്ങുമ്പോൾ നിങ്ങൾ വ്യക്തിപരതയെ അതിജീവിക്കണം, നിങ്ങളുടെ സ്വകാര്യദുഃഖങ്ങൾ നിങ്ങളിൽത്തന്നെ വയ്ക്കണം.
(1951)

ഒരു ചൈനീസ് കഥ
മരത്തിൽ കൊത്തുപണി ചെയ്യുന്ന ഒരാളെക്കുറിച്ച്  മൂവായിരം കൊല്ലം പഴക്കമുള്ള ഒരു ചൈനീസ് കഥയുണ്ട്:
ഈ കൊത്തുപണിക്കാരൻ മനോഹരമായ ഒരു ദാരുശില്പമുണ്ടാക്കി; അതു കണ്ടവരെല്ലാം വിസ്മയിച്ചുപോയി. അയാളുടെ യജമാനനായ ഹ്സീ രാജാവ് ചോദിച്ചു: “എന്താ തന്റെ രഹസ്യം?” അയാൾ പറഞ്ഞു: “ഞാൻ വെറുമൊരു കൈവേലക്കാരനാണങ്ങുന്നേ; ഒരു രഹസ്യവും എനിക്കില്ല. പിന്നെ, ഇങ്ങനെയൊരു കാര്യം നടന്നു: അങ്ങ് ചെയ്യാൻ ആജ്ഞാപിച്ച ഈ ശില്പത്തെക്കുറിച്ചു മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ ഞാൻ വളരെ ഗർവ്വിഷ്ഠനായിരുന്നു; ആ അഹന്ത മറികടക്കാൻ ഞാൻ രണ്ടു ദിവസം അദ്ധ്വാനിച്ചു. അങ്ങനെ മനസ്സ് വൃത്തിയായെന്നു കരുതുമ്പോഴാണ്‌ മറ്റൊരു കൊത്തുപണിക്കാരനോട് എനിക്കസൂയയാണെന്നു ഞാൻ കണ്ടെത്തുന്നത്. ആ അസൂയ ഇല്ലാതാക്കാൻ രണ്ടു ദിവസം ഞാൻ ശ്രമപ്പെട്ടു. പ്രശസ്തിക്കു വേണ്ടി ഞാൻ ദാഹിക്കുന്നുണ്ടെന്ന് പിന്നീടു ഞാൻ അറിഞ്ഞു; ആ തരം ചിന്തകൾ ഇല്ലാതാക്കാൻ പിന്നെയും രണ്ടു ദിവസമെടുത്തു. എനിക്കു കിട്ടാൻ പോകുന്ന നേട്ടത്തെയും വിജയത്തെയും കുറിച്ചായി പിന്നെ എന്റെ ചിന്ത; നാലു ദിവസം ശ്രമിച്ചിട്ടാണ്‌ മനസ്സിൽ നിന്ന് അതു പോയിക്കിട്ടിയത്. അങ്ങനെ ഒടുവിൽ പറഞ്ഞിരിക്കുന്ന ജോലിയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന സകലതും അപ്രത്യക്ഷമായി. പിന്നെ ഞാൻ കാട്ടിൽ പോയി; എനിക്കാവശ്യമുള്ള മരം എന്റെ കണ്മുന്നിൽ വന്നു. ഞാനത് വെട്ടിവീഴ്ത്തി പണി തുടങ്ങുകയും ചെയ്തു. അങ്ങ് കണ്മുന്നിൽ കാണുന്ന ഈ സൃഷ്ടി, ദേവകൾ ചെയ്തതെന്ന് അങ്ങു വിചാരിക്കുന്ന ഈ ശില്പം, അങ്ങനെ ഉണ്ടായതാണ്‌.“
(1951)


പൊന്മുട്ടയിടുന്ന താറാവ് എന്നും ഓരോ പൊന്മുട്ടയിടുന്ന താറാവിനെക്കുറിച്ച് ഈസോപ്പ് ഭാര്യയോടു പറഞ്ഞു. എന്നാൽ ഭാര്യയുടെ ചിന്ത പോയത് താറാവിനെ കൊന്നാൽ പൊന്മുട്ടയെല്ലാം ഒരുമിച്ചു കിട്ടുമല്ലോ എന്നായിരുന്നു. അതവർ നടപ്പാക്കുകയും ചെയ്തു. പക്ഷേ ഈ താറാവിന്റെ വയറും മറ്റു താറാവുകളുടേതു പോലെ തന്നെയായിരുന്നു. പല കവികളുടെ കാര്യവും ഇതു തന്നെ. ഇടയ്ക്കൊരു കവിതയെഴുതുന്നതുകൊണ്ടു തൃപ്തിപ്പെടാതെ തങ്ങളെ ഒരുമിച്ചു തുറന്നുകാണിക്കാൻ അവർ ശ്രമിക്കുന്നു. എന്നു പറഞ്ഞാൽ, തങ്ങളുടെ ഉള്ളിൽ എന്താണെന്നറിയാൻ അവർ തങ്ങളെത്തന്നെ കശാപ്പു ചെയ്യുന്നു.
(1951)

നല്ല കവിതകൾ
ഒരു നല്ല കവിത കടലാസ്സിൽ പ്രകാശം പരത്തിനില്ക്കും. നിങ്ങൾ പുസ്തകം വായിച്ചടച്ച് അലമാരയിൽ വച്ചിട്ടേറെ നേരം കഴിഞ്ഞും ഏകാന്തമായ അന്ധകാരത്തിൽ അതിന്റെ തിളക്കം കാണാം.

വാൻ ഗോഗ്
അടുത്ത കാലത്ത് കലയെക്കുറിച്ച് കുറേയധികം ഞാൻ വായിച്ചു; എന്നാൽ വാൻ ഗോഗ് അനുജൻ തിയോക്കെഴുതിയ കത്തുകൾ പോലെ മറ്റൊന്നും എന്നെ പിടിച്ചുലച്ചിട്ടില്ല. ഈ മനുഷ്യന്റെ എളിമയും പ്രചോദനവും തന്നിൽ ആഴത്തിലിറങ്ങിയ വിശ്വാസത്തിൽ നിന്നുണ്ടായതായിരുന്നു; വെറുതേയല്ല, അയാളുടെ വായന ബൈബിൾ ആയത്. കലയിൽ വാൻ ഗോഗിനെക്കാൾ വിവരമുള്ളവർ വേറെയുമുണ്ടായിരുന്നു, എന്നാൽ യഥാർത്ഥമായതിൽ, സാരമായതിൽ മനസ്സർപ്പിക്കുക എന്നതായിരുന്നു അയാളുടെ രഹസ്യം; മരണം വരെയും അതിൽ നിന്നയാൾ വ്യതിചലിച്ചതുമില്ല. അയാളുടെ ആർജ്ജവത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്നാണു നമുക്കു ബോദ്ധ്യമാവുക.
(1952)

വെർമീർ
ഞാൻ എന്നെങ്കിലും മറ്റൊരു രാജ്യം സന്ദർശിക്കുകയാണെങ്കിൽ അത് ഹോളണ്ട് ആയിരിക്കുമെന്നു തോന്നുന്നു. വെർമീറിനെ കാണാൻ. ഇറ്റലിയിലേയും ഫ്രാൻസിലേയും പ്രഭുവർഗ്ഗത്തിനു വേണ്ടി വരയ്ക്കപ്പെട്ട പൊള്ളയായ ചിത്രകലയിൽ നിന്നു വളരെ വ്യത്യസ്തമാണത്. വെർമീർ ഒരു യഥാർത്ഥ കലാകാരനാണ്‌.
(1952)

വായന അധികമായാൽ
അമിതവായന ആത്മാവിനെ ശ്വാസം മുട്ടിക്കും. അമിതമായ വളപ്രയോഗം വിളകളുടെ വേരുകളെ ശ്വാസം മുട്ടിക്കുമെന്നപോലെ തന്നെ.
(1956)

ഒരു പുതിയ പേജ്
ഒരു പുതിയ പേജ്. തുറന്നതും സ്വതന്ത്രവും, നിങ്ങൾക്കതിൽ ഓടിച്ചാടി നടക്കാം. കുട്ടിയായിരിക്കുമ്പോൾ കാട്ടിനുള്ളിൽ പായലു പിടിച്ച ഒരു വെളിയിടം കണ്ടെത്തുന്ന പോലെയാണത്; പതുപതുത്ത ആ പായൽവിരിപ്പിൽ നിങ്ങൾക്കു തലകുത്തി മറിയാം, കിടന്നുരുളാം.
(1956)

രണ്ടു തരം കവികൾ
ചീത്തക്കവി വല പൊട്ടിച്ചുകളയുന്നതേയുള്ളു; നല്ല കവി വല മുഴുവനാക്കി ഇരയെ കാത്തിരിക്കുന്നു.
(1956)

വിദേശകവിത
ഒരന്യഭാഷയിലെ കവിത വായിക്കുന്നത് എപ്പോഴും ആനന്ദപ്രദമാണ്‌. അന്യവും വൈദേശികവുമായത് എപ്പോഴും നമ്മെ വശീകരിക്കും. ഒരന്യഭാഷ സ്വന്തം ഭാഷ പോലെ ഒരിക്കലും നമുക്കു വ്യക്തമായിരിക്കില്ല, അത്ര ഉപയോഗിച്ചുപഴകിയതുമാവില്ല. സകലതും, ഏറ്റവും സാധാരണമായ കാര്യം പോലും നമുക്കു പുതുമയായി തോന്നും.
(1956)

മൂന്നു തരം കവിതകൾ
മൂന്നു തരം കവിതകളുണ്ട്:
1. ഈ വശത്തെ കവിതകൾ, സാധാരണ കണ്ണുകൾ കൊണ്ടു കാണുന്നത്.
2. അതിരിലെ കവിതകൾ, മറുവശത്തു നിന്നുള്ള വെളിച്ചം അരിച്ചിറങ്ങി മറ്റു ചിലതായി നമുക്കനുഭവപ്പെടുന്നത്.
3. മറുവശത്തെ കവിതകൾ. എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ വളരെ അപൂർവ്വമായത്.
(1957)

പട്ടുനൂൽവല

കവി തന്റെ പട്ടുനൂൽവല നെയ്യുന്നു,
സുന്ദരവും മോഹകവുമായ
സ്വപ്നപുഷ്പങ്ങൾ നെയ്യുന്നു,
വായനക്കാരനെ ആകർഷിച്ചു വരുത്തുന്നു-
എന്നിട്ടയാള്‍
തന്റെ വല കാത്തുകൊണ്ട്

ഒളിച്ചിരിക്കുന്നു,
ഇര പിടിക്കാനായി

(1957)

എന്റെ കവിതകൾ
എന്റെ കവിതകൾ സാധാരണമാണ്‌. നിറം കെട്ടത്, ഭാരം കൂടിയത്. അതായത് വില്യം ബ്ളേക്ക് പറയുന്ന തരം “കാവ്യപ്രതിഭ”യൊന്നും അതിലില്ലെന്ന്. അദ്ദേഹത്തിന്റെ കവിതകൾ ജീവനും വെളിച്ചവും നിറഞ്ഞതായിരുന്നു, അനായാസമായിരുന്നു. ഞാനിപ്പോഴും അസ്തിവാരത്തിനു കല്ലു നിരത്തുന്നതേയുള്ളു, അടിയിൽ നിന്നു മുകളിലേക്കു കെട്ടിവരുന്നതേയുള്ളു. മുകളിൽ വരാൻ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ.
(1957)

ഇളംകാറ്റു വീശുന്ന ഒരു വേനൽപ്പകൽ പോലെ, നിഴലടച്ച ഒരു കാടു പോലെ, സൗമ്യനിശ്വാസമുതിർക്കുന്ന കടൽ പോലെയുള്ള കവിതകളുണ്ട്. അതേ സമയം ശരല്ക്കാലവെളിച്ചത്തിൽ പുല്ക്കൊടി പോലെ വിലോലമായതും  ഒരു പർവ്വതം പോലെ ഇരുണ്ടതും അടഞ്ഞതും നിശ്ശബ്ദവുമായ കവിതകളുമുണ്ട്. എനിക്കു കൂടുതലിഷ്ടം രണ്ടാമതു പറഞ്ഞതാണ്‌.
(1959)

ക്ലാസ്സിക്
ഒരു ക്ലാസ്സിക് കൃതി ദുഷ്‌പ്രാപ്യമല്ല. ഒന്നാന്തരം വീഞ്ഞു പോലെയാണത്, മൂത്തതും തെളിഞ്ഞതും.
(1960)

കുറച്ചു മാത്രം എഴുതുന്നയാളിന്റെ പെൻസിൽ മുന കൂർത്തതായിരിക്കും.

ഒരു നല്ല കവിയുടെ വാക്കുകളും വരികളും താളവും നിശ്ചയിക്കുന്നത് വ്യാകരണത്തിന്റെയോ കാവ്യശാസ്ത്രത്തിന്റെയോ നിയമങ്ങളായിരിക്കില്ല, അയാളുടെ ഹൃദയസ്പന്ദനമായിരിക്കും.
(1960)


റില്ക്കെ
റില്ക്കേയിൽ എല്ലാം പഴയതാണ്‌, പഴയ മണ്ണ്‌, പഴയ സന്ന്യാസാശ്രമങ്ങളും പള്ളികളും, പഴയ മുന്തിരിത്തോപ്പുകളും പനിനീർപ്പൂന്തോപ്പുകളും, പഴയ ഉദ്യാനങ്ങളും കോട്ടകളും; ജര പിടിച്ചതും ജീർണ്ണിച്ചതുമാണെല്ലാം. അദ്ദേഹത്തിന്റെ ജഡിലമായ ചിന്തയുടെ വഴികളിലൂടെ പോകാനുള്ള സമയവും ക്ഷമയും നിങ്ങൾക്കുണ്ടെങ്കിൽ ആയിക്കോളൂ.
(1960)

ഒരു കവിതയെഴുതാതെ
ദിവസം തുടങ്ങാനോ?
പ്രാർത്ഥിക്കാത്തവനാണെന്നതിനാൽ
അതെങ്കിലും ഞാൻ ചെയ്യണം.

എഴുതാൻ ഒരു വിഷയത്തെക്കുറിച്ചു
ഞാൻ ആലോചിച്ചു;
ഒരു വസന്തകാലപ്രഭാതത്തിൽ
എന്റെ വീടിനു പുറത്തിരിക്കുന്ന
ഒരു മുയലിനെ എനിക്കോർമ്മ വന്നു.

ഞാനിതു പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്:
നിങ്ങൾ വല്ലാതെ വേദനിച്ചിരിക്കുമ്പോഴാണ്‌
ഒട്ടും ശ്രമപ്പെടാതെ ഗാനങ്ങളൊഴുകുക.

അമ്പ് എന്തു കാണുന്നു?
ഉന്നം.

മുഷ്ടി സ്പോഞ്ചു പോലെ
ശോകം നിങ്ങളുടെ ഹൃദയത്തെ പിഴിയുന്നു.
എത്ര ഉന്മേഷം നല്കുന്നതും
അനായാസവുമായിരുന്നു
അതെന്നോർത്തുനോക്കുക!

(1972)

പ്രണയകവിതകളുടെ സമാഹാരം
നോർവീജിയൻ ബുക്ക് ക്ലബ്ബിൽ നിന്ന് ഒരു കത്ത്. തങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്ന ഒരു സമാഹാരം എഡിറ്റ് ചെയ്യാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള കവിതകൾ! പ്രണയം! തീർച്ചയായും ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുണ്ട്, ചിലതു വായിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ അതിന്റെ ജ്വരം അറിഞ്ഞിട്ടുമുണ്ട്. എന്നാൽ അതിന്റെ ആഴങ്ങളിലുള്ള രഹസ്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കവകാശപ്പെടാൻ കഴിയില്ല. അങ്ങനെയൊരു സമാഹാരത്തിന്റെ എഡിറ്റർ അത് അറിഞ്ഞിരിക്കുകയും വേണം. അതിനാൽ ആ ക്ഷണം ഞാൻ നിരസിച്ചു.
(1972)

ചൈനീസ് കവിത
ചൈനീസ് കവിതയുടെ രഹസ്യം: ചൈനക്കാർ കവിത സൃഷ്ടിക്കുന്നത് തങ്ങളുടെ മനസ്സിൽ നിന്നല്ല. ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങളെക്കുറിച്ചാണ്‌ അവർ കവിതയെഴുതിയത്. വാങ്ങ്-വെയ്യുടെ കവിതകളുടെ തലക്കെട്ടുകൾ തന്നെ നോക്കൂ!
(1975)

ഒരു കവിത രൂപമെടുക്കുന്നു
ഉണക്കപ്പുല്ലിൽ കത്തിപ്പിടിക്കുന്ന ചെറുനാളം പോലെ ആദ്യമൊക്കെ നിസ്സഹായമായും അണഞ്ഞും കത്തിയും പിന്നെപ്പിന്നെ ബലം കയറിയും ചീറിയും വളർന്നും സകലതും വിഴുങ്ങിയും ഒരു ചണ്ഡവാതമായിപ്പാഞ്ഞും ഒരു ബലമായി, മുന്നിൽ വരുന്നതെന്തിനേയും വിഴുങ്ങുന്നൊരു ശക്തിയായി…
(1976)


താളമെന്ന പുഴ
താളം ഒരു പുഴയാണ്‌.
നിങ്ങൾക്കതിൽ തോണിയിറക്കി ഒഴുക്കിനൊത്തൊഴുകാം, അത് നിങ്ങളെ കൊണ്ടുപൊയ്ക്കോളും.
ഓരോ പുതിയ താളവും വേറിട്ടൊരു പുഴയാണ്‌. അതിനൊത്ത തോണി നിങ്ങൾക്കു വേണം.
വ്യവസ്ഥാപിതവൃത്തങ്ങളിൽ നിങ്ങൾ സുരക്ഷിതനാനെന്നു പറയുന്നത് അതുകൊണ്ടാണ്‌.
താളമുണ്ടായിരിക്കുന്നിടത്തോളം വൃത്തമുക്തമായി കവിതയെഴുതുന്നതിൽ തെറ്റില്ല.
താളമില്ലാതെ കവിതയെഴുതുന്നത് നീരു വറ്റിയ പുഴയിൽ തോണിയിറക്കുന്ന പോലെയാണ്‌.
(1976)

എന്തുകൊണ്ട്?
എന്തുകൊണ്ടാണ്‌ ലീ ബോയ്ക്കു കിട്ടിയ പ്രശസ്തി ബോ-ജൂയിക്കു കിട്ടാതെ പോയത്? എന്തുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ കവിതകൾ അധികമാരും വിവർത്തനം ചെയ്യാത്തത്? അതിനു കാരണം മദ്യത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അതിഭൗതികവിഷയങ്ങളെക്കുറിച്ചും കാര്യമായിട്ടൊന്നും അദ്ദേഹം എഴുതിയിട്ടില്ല എന്നതാണെന്നു ഞാൻ കരുതുന്നു. യൂറോപ്പിൽ നമ്മൾ ദീർഘകാലമായി വിശ്വസിക്കുന്നത് വലിയ കവിയായി പരിഗണിക്കപ്പെടാൻ അങ്ങനെ എഴുതണമെന്നാണല്ലോ. അനീതികളെക്കുറിച്ചും നിത്യജീവിതസന്ദർഭങ്ങളെക്കുറിച്ചും എഴുതുന്നതുകൊണ്ടു കാര്യമില്ല.
(1982)

നിങ്ങൾ നടക്കണം
ഇരുന്നെഴുതിയാൽ കവിത വരില്ല. അത് പണ്ടേ അറിവുള്ളതാണ്‌. എഴുതുമ്പോൾ ബ്യോൺസൺ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. മലകയറ്റം ആശയങ്ങൾ കിട്ടാൻ നല്ലൊരു വഴിയായി ഒലാവ് വിന്യെ പറയുന്നുണ്ട്. നടന്നുകൊണ്ടാണ്‌ മാൻഡെല്ഷ്ടം മനസ്സിൽ കവിത രൂപപ്പെടുത്തിയിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീക്ക് ദാർശനികൾ നടന്നുകൊണ്ടാണ്‌ ചിന്തിച്ചിരുന്നതെന്ന് നമുക്കറിയാം. “എത്ര ചെരുപ്പുകൾ തേഞ്ഞുപോയിട്ടാണ്‌ ദാന്തേ ഡിവൈൻ കോമഡി എഴുതിയത്?” മാൻഡെല്ഷ്ടം ചോദിക്കുന്നു.


ഒലാവ് എച്ച്. ഹോഗ്  (1908-1994): നോർവീജിയൻ കവിയും വിവർത്തകനും. ഒലാവ് എച്ച്. ഹോഗ് പതിനഞ്ചാം വയസ്സു മുതൽ അവസാനവർഷങ്ങൾ വരെ ഡയറി എഴുതിയിരുന്നു. മരണശേഷം പ്രസിദ്ധീകരിക്കുമ്പോൾ അത് അയ്യായിരം പേജ് ഉണ്ടായിരുന്നു.