കദിയാ

അഭിലാഷ് മേലേതിൽ

പെരുന്നാൾ രാത്രിയിരുളിൽ ഞാൻ
പള്ളിയിൽ നിന്നു പോകുന്നു

മന്ത്രിച്ചുവരണ്ട ചുണ്ടുകളുടെ
നിശബ്ദയാചനകൾ കാറ്റിൽ,
അത്തറുകളുടെ നനുത്ത ഇരതേടൽ
ഇടവഴികളിൽ, തുറസ്സുകളിൽ

ഇരുളിൽ ഉറങ്ങിയുമുണർന്നും
പലജീവികളുടെ ഞരക്കങ്ങൾ
കരച്ചിലുകൾ

ഇടവഴികളിലങ്ങിങ്ങ് മിന്നുന്നു
നിന്റെ മുടിയിഴയിലെ തരിവെട്ടങ്ങൾ
എന്‍റെ നിശ്വാസങ്ങളിലുലയുന്നു
വള്ളിപ്പടർപ്പുകൾ, നിന്റെ ഉടൽ-
ച്ചെരിവുകളിലെ സൂചിപ്പുല്ലുകൾ

രഹസ്യമെന്ത്, ഓരോ രാത്രിതന്നെയും
നിന്‍റെ കറുപ്പിൽ നിന്നേയുയിർക്കുന്നു
അവ പാതിയിൽ പിരിയുന്നു.
ഒരു പാതിയിൽ,
പാടങ്ങൾക്കുകുറുകെ ഓലികൾ,
ഒടിമറയുന്ന തിടുക്കങ്ങൾ
മറുപാതി നിശബ്ദം, നിലാവിൻ
മെഴുവീണ സ്വപ്നസഞ്ചാരങ്ങൾ

നീയായിരിക്കണമത്
ഉടലുമുയിരും വിയർത്തുദാഹിച്ച്,
വ്രതവറവിലിരുളിലുഴലുമ്പോൾ
ഇടവഴിപ്പെരുവഴിയറ്റത്ത്
ഇരുൾപ്പനകളുടെ മറയത്ത്
നേർത്ത നഖപ്പാടുപോലെ
നീറിയൽപ്പം ചിരിച്ചുദിപ്പവൾ.എഴുത്തനുഭവം

എഴുതിയ കാലം

2015 റംസാൻ കാലത്ത്. ഓരോ റംസാനിലും ഈ കഥാപാത്രത്തെ വച്ച് ഓരോ പ്രേമകവിത എഴുതുക എന്ന ചിന്തയിൽ. കറുത്ത, മുഖത്തിന് കുറുകെ വെട്ടുകൊണ്ട പാടുള്ള ഒരുത്തിയോട് ഒരുവന് പ്രേമം തോന്നുന്നത്, അവനത് രഹസ്യമായി പ്രകടിപ്പിയ്ക്കുന്നത്, അതെല്ലാം ഒരു കവിതയിലൂടെ സംവേദനം ചെയ്യുന്നത് വെല്ലുവിളിയായിത്തോന്നി. മുസ്ലിം പശ്ചാത്തലത്തിനോടുള്ള ഒരു നിതാന്ത കൗതുകവും അതിലുണ്ടായിരുന്നു.

കദിയാ, നീയെന്നെക്കടന്നുപോകുമ്പോൾ     
ഞാൻ സുതാര്യനാകുന്നു, എന്റെ മിടിക്കുന്ന
ഹൃദയം എനിക്കുതന്നെ കാണാകുന്നു.

എന്ന വരികൾ 2012-ൽ എഴുതിയില്ലായിരുന്നെകിൽ ഈ സീരീസ് ഉണ്ടാകില്ലായിരുന്നു. ഈ കവിത തന്നെ പകുതി എഴുതി ഉപേക്ഷിച്ചതായിരുന്നു, പിന്നീടെടുത്തു പൂർത്തീകരിച്ചതാണ്.

മാറ്റിയെഴുത്ത്

മാറ്റിയെഴുത്ത് സംബന്ധിച്ച കണക്കു വയ്ക്കാറില്ല, പലതവണ. പറഞ്ഞല്ലോ, പിന്നീടെപ്പോഴോ എടുത്തു മുഴുവനാക്കിയതാണ്.  ഫസ്റ്റ് ഡ്രാഫ്റ്റ് പബ്ലിഷ് ചെയ്തിട്ടുള്ളത് ഒരേ ഒരു കവിതയാണ് ഇതുവരെ - "ഞാൻ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു" എന്നത്. ഇരുപതു മിനിറ്റിൽ താഴെയാണ് ആ കവിത എടുത്തത്, 2009-ൽ. ഇപ്പോഴാണെങ്കിൽ മാസങ്ങൾ എടുക്കുമെന്നും തോന്നുന്നു.

പ്രചോദനം

കവിത വായിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക നിലയിൽ നിന്ന് കവിതയുണ്ടാക്കാൻ കഴിയുമെന്ന് തോന്നാറുണ്ടെങ്കിലും അതിനപ്പുറം ഒരു കവിതയിലും എന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല.

കവിത ഇപ്പോഴത്തെ രൂപമാർജിച്ചത്


ഒരു സമയത്തു ഭാഷ പുതുക്കണം എന്ന് തോന്നിയതോടെ ഒഴുക്ക് നിന്നു. വായന കൂടിയപ്പോൾ എഴുത്തും. ഇപ്പോൾ ലളിതപദങ്ങൾ ഉപയോഗിക്കണം എന്നാണ് ചിന്ത. അതാതുകാലത്തെ ആലോചനയുടെ ഭാഗമായാണ് അതാതു എഴുത്തുകൾ ഉണ്ടാകുന്നത് എന്നേയുള്ളു. എഴുത്തിൽ എന്നാൽ നിർബന്ധബുദ്ധിയൊന്നുമില്ല. വൃത്തവും മറ്റും അറിയില്ല, താല്പര്യവുമില്ല.   

എഴുതുമ്പോൾ ഏതെങ്കിലും തരത്തിലുള്ള വായനക്കാരനെ മുന്നിൽ കണ്ടിരുന്നോ? 

അതെന്റെ ചിന്തയേ അല്ല. ആരു വായിയ്ക്കുന്നു എന്നത് നോക്കാറില്ല. ആളുകളുടെ പ്രശംസയിൽ ഒരു താൽപര്യവുമില്ല, വിമർശനം ലഭിക്കാൻ മാത്രം എഴുതിയിട്ടില്ല എന്ന് വിചാരിക്കുന്നു. 

നിങ്ങളുടെ മറ്റു കവിതകളിൽ നിന്നും ഈ കവിതയുടെ വേറിടൽ

ഭാഷ മാറിവരുമ്പോഴുള്ള കവിതയാണ്. ഇപ്പോൾ അവിടെയുമല്ല നിൽക്കുന്നത് എന്നത് എനിക്കറിയാം - പുറത്തു കാണിക്കുന്നില്ലെങ്കിലും എഴുത്തു നടക്കുന്നുണ്ട്.

പോൾ വലേരി പറഞ്ഞത് ഇങ്ങനെ: "A poem is never finished, only abandoned.". ഈ കവിത പൂർണ്ണമോ ഉപേക്ഷിക്കപ്പെട്ടതോ?


അന്നത്തെ സാഹചര്യത്തിൽ ഇത് പൂർണ്ണമാണ്. ഇപ്പോഴാണെങ്കിൽ ദൈർഘ്യം കുറഞ്ഞേനെ, ഘടന മാറിയേനെ. കൂടുതൽ സെൻഷ്വൽ ആയേനെ. പക്ഷെ ഇനിയതിൽ പണിയെടുക്കുമെന്ന് തോന്നുന്നില്ല. എഴുത്തേ മാറിപ്പോയി, ഇനിയതിൽ പണിയെടുക്കുന്നതിൽ കാര്യമില്ല.
ജനുവരി, 2018